Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

48 ദിവസത്തെ വിശ്വാസ സംരക്ഷണ സമരം പൂർണവിജയമായില്ലെന്ന് തുറന്നുസമ്മതം; ഓരോഘട്ടത്തിലും ജനപിന്തുണ ഏറിവന്നുവെന്നും അവകാശവാദം; പോരാട്ടം തുടരുമെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം നാളെ അവസാനിപ്പിക്കുമെന്ന് പി.എസ്.ശ്രീധരൻ പിള്ള; പി.കെ.കൃഷ്ണദാസ് നിരാഹാരം അവസാനിപ്പിക്കുന്നത് രാവിലെ പത്തരയോടെ; ശബരിമല വിഷയത്തിൽ പാർട്ടിയുടെ പിന്മാറ്റം സമരം അപ്രസക്തമായെന്ന തിരിച്ചറിവിൽ

48 ദിവസത്തെ വിശ്വാസ സംരക്ഷണ സമരം പൂർണവിജയമായില്ലെന്ന് തുറന്നുസമ്മതം; ഓരോഘട്ടത്തിലും ജനപിന്തുണ ഏറിവന്നുവെന്നും അവകാശവാദം; പോരാട്ടം തുടരുമെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം നാളെ അവസാനിപ്പിക്കുമെന്ന് പി.എസ്.ശ്രീധരൻ പിള്ള; പി.കെ.കൃഷ്ണദാസ് നിരാഹാരം അവസാനിപ്പിക്കുന്നത് രാവിലെ പത്തരയോടെ; ശബരിമല വിഷയത്തിൽ പാർട്ടിയുടെ പിന്മാറ്റം സമരം അപ്രസക്തമായെന്ന തിരിച്ചറിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അപ്രസക്തമായെന്ന തിരിച്ചറിവിൽ ബിജെപി നാളെ അവസാനിപ്പിക്കും. നിരാഹാര സമരം നാളെ രാവിലെ പത്തരയോടെ അവസാനിപ്പിക്കാനും ബിജെപി തീരുമാനിച്ചു. 49-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. നിലവിൽ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

സമരത്തിൽ പാർട്ടി നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി പുകയുകയാണ്. സമരത്തിനിറങ്ങിയ ബിജെപി നേതാക്കളെ പിന്തള്ളി പരിവാർ സംഘടനയായ ശബരിമല കർമസമിതി എത്തിയതോടെ ആദ്യമേ തന്നെ കെ.സുരേന്ദ്രനടക്കമുള്ള നേതാക്കൾ അമർഷത്തിലായിരുന്നു. ശബരിമലയിൽ നിന്ന് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയത് തന്നെ ആത്മഹത്യാപരമാണന്ന നിലപാടായിരുന്നു സുരേന്ദ്രൻ പക്ഷത്തിന്. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനുള്ള നിർദ്ദേശം ആർഎസ്എസിൽ നിന്ന് വന്നതുകൊണ്ട് ബിജെപി നേതാക്കൾക്ക് അവഗണിക്കാനും കഴിഞ്ഞില്ല.

സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സമരം തുടങ്ങിയത്. 48 ദിവസമായി നടന്ന സമരം പരാജയമായിരുന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. നിരാഹാര സമരത്തിൽ ആദ്യഘട്ടത്തിൽ മുൻനിര നേതാക്കൾ പങ്കെടുത്തെങ്കിലും പിന്നീട് കഴമ്പില്ലെന്ന് കണ്ട് പതിയെ പിൻവലിയുകയായിരുന്നു. സമരം അനിശ്ചിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാര്യമില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും അഭിപ്രായം. ഈ മാസം പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം അസുഖബാധിതനായതിനാൽ വരാൻ ഇടയില്ല. ഈ സാഹചര്യത്തിൽ നാളെ ചേരുന്ന ബിജെപി നേതൃയോഗത്തിൽ തീരുമാനം എടുക്കേണ്ടി വരും.

ശബരിമല വിഷയത്തിൽ നടത്തുന്ന പോരാട്ടങ്ങൾ ബിജെപി തുടരുമെന്ന് സമരപ്പന്തലിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂർണ്ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നു. പോരാട്ടം തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയിൽ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോൾ തന്നെ വിവാദമായിരുന്നു. എ എൻ രാധാകൃഷ്ണൻ, സി കെ പത്മനാഭൻ. ശോഭ സുരേന്ദ്രൻ തുടങ്ങി ഇപ്പോൾ പി കെ കൃഷ്ണദാസിൽ നിരാഹാര സമരം എത്തിനിൽക്കുകയാണ്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിർത്തിയാലും ശബരിമല പ്രശ്‌നം സജീവമാക്കി നിലനിർത്താൻ പ്രചാരണ പരിപാടികൾക്കും ബിജെപി രൂപം നൽകും. നാളെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.

സുപ്രീംകോടതി ഈ മാസം 22 ന് പുനഃ പരിശോധനാ ഹർജികൾ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാൽ കേസ് പരിഗണിക്കുന്നത് നീളും. ഈ സാഹചര്യത്തിൽ കോടതി വിധി വരും വരെ ശബരിമല കർമസമിതി നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് പിന്തുണ നൽകി തുടരാനാണ് പാർട്ടി തീരുമാനം. ജില്ലാടിസ്ഥാനത്തിൽ സമരപരിപാടികൾ ആവിഷ്‌കരിക്കാനും ആലോചനയുണ്ട്. സമരരീതികളെ ചൊല്ലി ബിജെപി നേതാക്കളും ആർഎസ്എസും തമ്മിൽ നിൽക്കുന്ന ഭിന്നതകളാണ് മുന്നോട്ടുപോക്കിന് പ്രധാന തടസ്സം.

പ്രധാന ആവശ്യങ്ങളിലൊന്നായ നിരോധനാജ്ഞ പൊലീസ് പിൻവലിച്ചത് സമരത്തിന്റെ വിജയം ആണെന്ന് പ്രഖ്യാപിച്ചാവും സമരം പിൻവലിക്കുക. 22 ന് കേസ് പരിഗണിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം തുടരാനായിരുന്നു കഴിഞ്ഞ ബിജെപി കോർ കമ്മറ്റി തീരുമാനിച്ചത്.എന്നാൽ ഇനിയെന്ന് കേസ് പരിഗണിക്കും എന്ന് സുപ്രീംകോടതി വ്യക്തമാക്കാത്ത പശ്ചാത്തലത്തിൽ ഇനിയും നിരാഹാരം തുടരുന്നത് അപ്രായോഗികമാണെന്നാണ് ബിജെപിയിലെ പ്രബല വിഭാഗത്തിന്റെ വാദം. കേസുകളിൽ പ്രതികളായ പലരും ജയിലിൽ കിടക്കുമ്പോൾ അവരെ തിരിഞ്ഞ് നോക്കാൻ പോലും ആരുമില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്റെ എതിർചേരി നടത്തുന്ന പ്രചരണം. ഇതിന് തടയിടാൻ കൂടിയാണ് സർക്കാർ പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് കൊല്ലത്ത് ബിജെപി റാലി നടത്തിയത്. എന്നാൽ, എൻഡിഎ മഹാസംഗമത്തിനും പ്രതീക്ഷിച്ചത്ര ആവേശം ഉണർത്താൻ കഴിഞ്ഞില്ല.

ശബരിമല കർമ്മസമിതിക്കൊപ്പം പ്രതിഷേധത്തിൽ സന്നിധാനത്ത് ബിജെപി പങ്കെടുക്കേണ്ടതില്ലെന്ന് ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നിരാഹാരം സമരം നടത്താൻ ബിജെപി തീരുമാനിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡിസംബർ മൂന്നു മുതൽ ബിജെപി നിരാഹാര സമരം തുടങ്ങിയത്.ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന എഎൻ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. എന്നാൽ സർക്കാർ വേണ്ട ശ്രദ്ധ തരുന്നില്ലെന്നു മനസ്സിലാക്കിയതോടു കൂടി രാധാകൃഷ്ണൻ സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ നിരാഹാരത്തിനിരുന്നെങ്കിലും ആർക്കും വിവാദങ്ങൾ കാരണം സമരം പൂർത്തിയാക്കാൻ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP