Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ കൊച്ചി മെട്രോ പോലെ സിമ്പിൾ അല്ല എമിറേറ്റിലെ യാത്ര; വൃത്തിയും പെരുമാറ്റവും നിരീക്ഷിക്കാൻ ഡ്രൈവറില്ലാ മെട്രോയിൽ സദാ നിരീക്ഷണ ക്യാമറ; അഞ്ച് മിനിറ്റ് കഴിയുമ്പോൾ അടുത്ത വണ്ടി വരുമെന്നതിനാൽ കുത്തിനിറച്ചു പോകാനും അനുമതിയില്ല; നിയമങ്ങൾ തെറ്റിച്ചാൽ പിഴ 100 മുതൽ 2000 ദിർഹം വരെ; ദുബായ് മെട്രോയിൽ കയറുമ്പോൾ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മുടെ കൊച്ചി മെട്രോ പോലെ സിമ്പിൾ അല്ല എമിറേറ്റിലെ യാത്ര; വൃത്തിയും പെരുമാറ്റവും നിരീക്ഷിക്കാൻ ഡ്രൈവറില്ലാ മെട്രോയിൽ സദാ നിരീക്ഷണ ക്യാമറ; അഞ്ച് മിനിറ്റ് കഴിയുമ്പോൾ അടുത്ത വണ്ടി വരുമെന്നതിനാൽ കുത്തിനിറച്ചു പോകാനും അനുമതിയില്ല; നിയമങ്ങൾ തെറ്റിച്ചാൽ പിഴ 100 മുതൽ 2000 ദിർഹം വരെ; ദുബായ് മെട്രോയിൽ കയറുമ്പോൾ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കുക

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നമ്മുടെ നാട്ടിലെ ഗതാഗത സംവിധാനം പലയിടത്തും ഇപ്പോഴും അശാസ്ത്രീയവും വർഷങ്ങൾപലത് പിന്നിലുമായ അവസ്ഥയിൽ നിൽക്കുമ്പോൾ മഹാ നഗരമായ ദുബായ് ഗതാഗത മേഖലയെ ബഹുദൂരം മുന്നിലെത്തിച്ചത് അന്നാട്ടിലെ മെഗാ മെട്രോയാണ്. മെട്രോയിൽ കയറുമ്പോൾ യാത്രക്കാർക്കു ശ്രദ്ധിക്കാൻ പത്തുകാര്യങ്ങൾ. തിരക്കിനിടയിലെ അശ്രദ്ധകൾ യാത്ര മുടക്കുമെന്നു മാത്രമല്ല, കീശ കാലിയാക്കുകയും ചെയ്യും. വൃത്തിയിലും പെരുമാറ്റത്തിലുമടക്കം മാന്യതപാലിച്ചാൽ മാത്രമെ മെട്രോയിൽ കയറാൻ സാധിക്കുകയുള്ളു. ഇനി പിടി വീണാൽ നല്ല പിഴയും ഒടുക്കേണ്ടി വരും. ചട്ടങ്ങൾ ലംഘിച്ചാൽ 100 മുതൽ 2000 ദിർഹം വരെയാണു പിഴ.

വനിതാ കംപാർട്‌മെന്റിൽ പുരുഷന്മാർ കയറുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മറ്റു കാർഡുകൾ ഉപയോഗിച്ച് ഗോൾഡ് ക്ലാസിൽ യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. പരിശോധനാ ഉദ്യോഗസ്ഥർ വരുമ്പോൾ കാർഡുകൾ കാണിക്കണം. കാർഡ് കാണിച്ചില്ലെങ്കിൽ 100 ദിർഹമാണു പിഴ. ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ഭക്ഷണം കഴിക്കാനോ പാനീയങ്ങൾ കുടിക്കാനോ പാടില്ല. സാൻഡ്വിച്ചോ മറ്റോ കയ്യിലുണ്ടെങ്കിൽ ഗേറ്റ് കടക്കുംമുൻപോ യാത്ര പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമോ കഴിക്കുക. ച്യുയിംഗവും അനുവദിക്കില്ല. നിയമം ലംഘിച്ചാൽ പിഴ 100 ദിർഹം. വെള്ളം കുടിക്കുന്നതിനും മറ്റും ഇടയ്ക്ക് ചില ഇളവുകൾ അനുവദിച്ചിരുന്നെങ്കിലും പലരും സീറ്റുകളും മറ്റും വൃത്തികേടാക്കിയതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ട്രെയിനിൽ ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ യാത്രക്കാർ കയ്യേറുന്നത് നിയമവിരുദ്ധമാണ്. തിരക്കുള്ള സമയങ്ങളിൽ ഇതുപലപ്പോഴും തർക്കങ്ങൾക്ക് ഇടയാകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ ഒഴിച്ചിടുക. സുഗമയാത്രയ്ക്ക് ഇതാവശ്യമാണ്. നിയമം ലംഘിച്ചാൽ 100 ദിർഹം പിഴ ചുമത്തും.യാത്രയ്ക്കിടയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ദേഹത്തു തട്ടുകയോ ചവിട്ടുകയോ ചെയ്യുക, ഇതരയാത്രക്കാർക്ക് തടസമുണ്ടാക്കുംവിധം സാധനങ്ങൾ വയ്ക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്. ട്രെയിനുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധ പുലർത്തണം. ഓരോ 5 മിനിറ്റ് കൂടുമ്പോഴും ട്രെയിൻ ഉള്ളതിനാൽ തിരക്കു കൂട്ടേണ്ടതില്ല. നിയമലംഘകർക്ക് 100 ദിർഹമാണു പിഴ.

സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം ഇരിക്കുക. നിലത്തും എസ്‌കലേറ്ററുകളുടെ വശങ്ങളിലും ഇരിക്കരുത്. ട്രെയിനുകളുടെ 2 കംപാർട്‌മെന്റുകൾക്ക് ഇടയിലുള്ള ഭാഗത്ത് വഴിമുടക്കാതിരിക്കാനും ശ്രദ്ധിക്കുക. ചട്ടം ലംഘിച്ചാൽ പിഴ 100 ദിർഹം.യാത്രയ്ക്കുള്ള നോൽകാർഡുകൾ കൈമാറ്റം ചെയ്യരുത്. ഒരാളുടെ പേരിലുള്ള ബ്ലൂ കാർഡ് വേറൊരാൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 200 ദിർഹം പിഴ ചുമത്തും.ട്രെയിനുകളിലും സ്റ്റേഷനുകളിലും കച്ചവടം നടത്തരുത്. ഏതെങ്കിലും ഉൽപന്നത്തിന്റെ വിൽപന പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുന്നതും നിയമലംഘനമാണ്. അനാരോഗ്യകരമായ ഇത്തരം പ്രവണതകളിൽ നിന്നു യാത്രക്കാർ വിട്ടുനിൽക്കണം. പിഴ 200 ദിർഹം.

മെട്രോ സ്റ്റേഷനുകളിലെ വിശ്രമകേന്ദ്രങ്ങളിൽ ഉറങ്ങുന്നത് അനുവദനീയമല്ല. അടുത്തിരിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും വിധം യാത്ര ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 300 ദിർഹം പിഴ.സ്റ്റേഷനുകളിലെയോ ട്രെയിനുകളിലെയോ ഏതെങ്കിലും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തിയാൽ 500 ദിർഹമാണു പിഴ. ട്രെയിനുകളിലെ ഉപകരണങ്ങൾ കേടുവരുത്തുന്നത് ട്രെയിനുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു തിരിച്ചറിയണം

യാത്രയ്ക്കിടെ ട്രെയിനിലെ ഇന്റർകോമിലും മറ്റും അറിയാതെയാണെങ്കിലും അമർത്തുന്നത് ശിക്ഷാർഹമാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സംവിധാനങ്ങളാണിത്. തിരക്കുള്ള സമയങ്ങളിൽ യാത്രചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പിഴ 2000 ദിർഹം.ട്രെയിനുകളുടെ പൂർണസുരക്ഷ ഉറപ്പാക്കുന്ന േകന്ദ്രീകൃത നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളാണ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ (ഒസിസി) ഉള്ളത്. ട്രെയിനുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കൂറ്റൻ സ്‌ക്രീനിനു പുറമേ റെഡ് ലൈൻ, ഗ്രീൻ ലൈൻ ട്രെയിനുകൾക്കായി പ്രത്യേകം സ്‌ക്രീനുകളുണ്ട്. ഡ്രൈവറില്ലാ മെട്രോയുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി ദിവസവും 24 മണിക്കൂറും ജാഗരൂകരായി ജീവനക്കാരുണ്ടാകും. സിസി ടിവി ക്യാമറകൾ, ട്രാക്കുകൾ, സ്റ്റേഷനുകളിലെ വിവിധ ഓഫിസുകൾ, വെളിച്ച-അഗ്‌നിശമന സംവിധാനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നു.

ഓരോ സ്റ്റേഷനിലെയും താപനില പോലും അറിയാനാകും. ഒസിസിയിലെ കൂറ്റൻ സ്‌ക്രീൻ വിഷ്വൽ കൺട്രോൾ പാനൽ (വിസിപി) എന്നാണറിയപ്പെടുന്നത്. ഒരു ഭിത്തി മുഴുവൻ സ്‌ക്രീനാണ്. ഇതിന്റെ ഒരുഭാഗം റെഡ്ലൈനിനും മറ്റേ ഭാഗം ഗ്രീൻലൈനിനും ഉള്ളതാണ്. ഓരോ ട്രെയിന്റെയും നമ്പർ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്നറിയാനാകും. റാഷിദിയ ഒസിസി വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന കൺട്രോളർമാരുടെ ആസ്ഥാനമാണ്. ട്രെയിൻ കൺട്രോളർമാർ, സെക്യൂരിറ്റി കൺട്രോളർമാർ, ഇൻഫർമേഷൻ കൺട്രോളർമാർ, എൻജിനീയറിങ് കൺട്രോളർമാർ എന്നിവരാണിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP