Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല; കടങ്ങൾ ഒഴിവാക്കുന്നതിന് പകരം പണം കൈമാറുന്നതാണ് കൂടുതൽ ഫലപ്രദമാകുക; ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ് മെച്ചപ്പെട്ട മാർഗം; രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള എഴുതി തള്ളലുകൾക്കെതിരെ ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്

കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല; കടങ്ങൾ ഒഴിവാക്കുന്നതിന് പകരം പണം കൈമാറുന്നതാണ് കൂടുതൽ ഫലപ്രദമാകുക; ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ് മെച്ചപ്പെട്ട മാർഗം; രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള എഴുതി തള്ളലുകൾക്കെതിരെ ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള വായ്‌പ്പാ എഴുതി തള്ളലുകൾക്കെതിരെ ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. കടങ്ങൾ എഴുതിത്ത്തള്ളുന്നതു കൊണ്ടുമാത്രം കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ ഗീത പറഞ്ഞത്.

കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് കർഷകരുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ല. കടങ്ങൾ ഒഴിവാക്കുന്നതിന് പകരം പണം കൈമാറുന്നതാണ് കൂടുതൽ ഫലപ്രദമാകുക. ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ് മെച്ചപ്പെട്ട മാർഗം. എന്നാൽ സബ്സിഡി പോലുള്ള രീതികൾ കൂടുതൽ ഫലപ്രദമാകില്ലെന്നും അവർ പറഞ്ഞു.

സർക്കാർ കർഷകരുമായി അടുത്ത ബന്ധം പുലർത്തണം. ഉൽപാദനം വർധിപ്പിക്കുന്നതിനായി മികച്ച സാങ്കേതിക സൗകര്യങ്ങളും നല്ലയിനം വിത്തുകളും കൃഷികാർക്ക് നൽകണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. രാജ്യത്ത് ചരക്കു-സേവന നികുതി കൃത്യമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. നേരിട്ടല്ലാത്ത നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറവാണ്. ഇത് വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ബാധിക്കുമെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.

കർഷക സംഘടനകൾ അവരുടെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിച്ചതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി നിരവധി സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്ത്തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥ്. അരനൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി ഉദാരവൽക്കരണത്തിൽ നിന്നു രാജ്യങ്ങൾ പിന്തിരിയുന്നതിന്റെ സൂചനകൾ പ്രകടമായിക്കൊണ്ടിരിക്കെ, രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ഉപദേഷ്ടാവ് സ്ഥാനത്ത് ഒരു വനിത. ചരിത്രത്തിലാദ്യമായി ഐഎംഎഫിനെ നയിക്കാൻ എത്തുന്നതാകട്ടെ മലയാളിയായ കണ്ണൂർ സ്വദേശി ഗീത ഗോപിനാഥ്.

കേരളത്തിൽ ഇടതുസർക്കാർ അധികാരമേറ്റെടുക്കുകയും പിണറായി വിജയൻ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെയാണ് മലയാളികൾ ഗീതയെക്കുറിച്ച് കേൾക്കുന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനമായിരുന്നു ഗീതയ്ക്ക്. ഇപ്പോഴിതാ ലോകമെങ്ങുമുള്ള മുഴുവൻ മലയാളികളുടെയും അഭിമാനമുയർത്തിക്കൊണ്ട് ഉന്നതപദവിയിൽ ഗീത എത്തിയിരിക്കുന്നു.

പ്രധാനപ്പെട്ട നയസമീപനങ്ങളിലും നയം മാറ്റങ്ങളിലും ഐഎംഎഫിന് ശരിയായ ദിശ കാണിച്ചുകൊടുത്ത് നയം രൂപീകരിക്കുന്നതാകും ഗീതയുടെ ചുമതല -ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ്. ലോകത്തെ വ്യാപാരം നിയന്ത്രിക്കുന്ന കുത്തകമ്പനികൾ പോലും ലാഭത്തിൽ ഇടിവു നേരിട്ടുകൊണ്ടിരിക്കുന്ന നിർണായകമായ ലോകസാഹചര്യത്തിലാണ് വെല്ലുവിളികളേറെയുള്ള പുതിയ പദവി ഗീതയെ തേടിയെത്തിയിരിക്കുന്നത്. പുതിയ ചുമതലയിൽ കഴിഞ്ഞയാഴ്ച തന്നെ ഗീത ജോലി തുടങ്ങുകയും ചെയ്തുകഴിഞ്ഞു. അമേരിക്കയിലെ ഹർവാർഡ് സർവകലാശാല പ്രഫസറാണ് 47 വയസ്സുകാരിയായ ഗീത.

അക്കാദമിക് രംഗത്ത് കൈവരിച്ച ഒന്നാംതരം ട്രാക്ക് റെക്കോർഡാണ് ഗീതയ്ക്ക് തുണയായത്. ഒപ്പം രാജ്യാന്തര വിഷയങ്ങളിലുള്ള പ്രാവീണ്യവും അനുഭവസമ്പത്തും. ഐഎംഎഫിന്റെ 11-ാം ചീഫ് ഇക്കണോമിസ്റ്റ് പദയിലെത്തുന്ന ഗീത നിയമനത്തെ തനിക്കു ലഭിച്ച വിലമതിക്കാനാവാത്ത നേട്ടമായി വിശേഷിപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ ലോകത്തിനു ബൗദ്ധിക നേതൃത്വം കൊടുക്കുകയാണ് ഐഎംഎഫിൽ നിക്ഷിപ്തമായ കടമ. ഉദാരവൽക്കരണത്തിന്റെ പിന്മടക്കത്തിനൊപ്പം ഡോളറിന്റെ കയറ്റിറക്കങ്ങളും ലോകത്തിനു മുന്നിൽ ഉയർത്തുന്നതു വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ മുമ്പൊരിക്കലുമില്ലത്ത രീതിയിൽ പ്രതിസന്ധികളെ നേരിടുമ്പോൾ ഐഎംഎഫിന്റെ പങ്കും വർധിക്കുകയാണ്; ഒപ്പം ലോകത്തിന്റെ നേതൃനിരയിലെ മലയാളി സ്വാധീനവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP