Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല ഭരിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ല; ഹൈക്കോടതി നിശ്ചയിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ നടപ്പിലാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ; 90റിലെ ശുപാർശ അടങ്ങിയ ഫയൽ തേടി സെക്രട്ടറിയേറ്റിൽ നെട്ടോട്ടം; തന്ത്രിയെ കുടിയിറക്കാൻ രംഗത്തിറങ്ങിയ സർക്കാരിനെ കുടിയിറക്കാൻ പൂഴിക്കടകനുമായി കൊട്ടാരം; കോടതി കനിഞ്ഞാൽ ശബരിമല അടങ്ങിയ ഏഴു ക്ഷേത്രങ്ങൾ സ്വന്തമാകും

ശബരിമല ഭരിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ല; ഹൈക്കോടതി നിശ്ചയിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ നടപ്പിലാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ; 90റിലെ ശുപാർശ അടങ്ങിയ ഫയൽ തേടി സെക്രട്ടറിയേറ്റിൽ നെട്ടോട്ടം; തന്ത്രിയെ കുടിയിറക്കാൻ രംഗത്തിറങ്ങിയ സർക്കാരിനെ കുടിയിറക്കാൻ പൂഴിക്കടകനുമായി കൊട്ടാരം; കോടതി കനിഞ്ഞാൽ ശബരിമല അടങ്ങിയ ഏഴു ക്ഷേത്രങ്ങൾ സ്വന്തമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്നുള്ള നിയമ പോരാട്ടം പുതുവഴിയിലേക്ക്. ശബരിമല ക്ഷേത്രത്തിനു മേൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ള അധികാരം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പന്തളം കൊട്ടാരത്തിന്റെ ഹർജി ഇന്നു സുപ്രീം കോടതിയിൽ എത്തുമെന്നാണ് സൂചന. എൻ എസ് എസിന്റെ പിന്തുണയോടെയാണ് നീക്കം. യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ ദേവസ്വം ബോർഡ് നീക്കം ശക്തമാക്കിയിരുന്നു. തന്ത്രിയെ പുറത്താക്കാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിനെ തന്നെ പുറത്താക്കാനുള്ള നിയമ പോരാട്ടത്തിന് കൊട്ടാരം നേതൃത്വം നൽകുന്നത്.

28 വർഷം മുമ്പുള്ള റിപ്പോർട്ടിന്റെ പകർപ്പും കേസിന്റെ വിശദാംശങ്ങളുമടങ്ങിയ ഫയൽ സെക്രട്ടറിയേറ്റിലും ഇല്ല. റെക്കോഡ് സെക്ഷനിലേക്കു മാറ്റിയിരിക്കാമെന്ന നിഗമനത്തിൽ അവിടെ ഇന്നലെ വൈകുന്നേരംവരെയും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇത്രയും പഴക്കമുള്ള കേസ് അവസാനിച്ചിരിക്കാമെന്ന ചിന്തയിൽ ഫയൽ ഒഴിവാക്കിയിരിക്കാമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കേസിൽ സർക്കാർ പ്രതിരോധത്തിലുമാണ്. ഹർജി സുപ്രീംകോടതിയിൽ എത്തിയ ശേഷം ആ ഫയൽ വാങ്ങി അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ഈ ഘട്ടത്തിൽ വിലയിരുത്തുന്നത്.

ശബരിമലയടക്കം സംസ്ഥാനത്തെ ഏഴു പ്രമുഖ ക്ഷേത്രങ്ങളുടെ ഭരണത്തിനു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് 1990-ൽ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശിപാർശ നൽകിയിരുന്നു. ഇത് നടപ്പാക്കണമെന്നാണ് ആവശ്യം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളിൽ തീരുമാനമെടുക്കാൻ താഴമൺ തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമുള്ള അധികാരം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചോദ്യംചെയ്യുന്ന സാഹചര്യത്തിലാണു കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കം. 50 വയസിൽ താഴെയുള്ള രണ്ടു സ്ത്രീകൾ ദർശനം നടത്തിയതിന്റെ പേരിൽ ക്ഷേത്രത്തിൽ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രി കണ്ഠര് രാജീവരോടു ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് 12 വർഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്തത്. ദേവസ്വം ബോർഡിനെ തന്നെ ശബരിമല ക്ഷേത്ര ഭരണത്തിൽ നിന്ന് പുറത്താക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

2007-ൽ സമർപ്പിച്ച ഹർജിയാണു പ്രത്യേക അപേക്ഷ നൽകി ഇന്നു കോടതിയുടെ മുന്നിലെത്തിക്കുന്നത്. പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗം രേവതി തിരുനാൾ രാമവർമ രാജായാണു ഹർജിക്കാരൻ. ഹൈക്കോടതി സ്വീകരിച്ച റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. ശബരിമലയിൽ യുവതീപ്രവേശനത്തിനു വഴിയൊരുക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം വകുപ്പ് സെക്രട്ടറി, തന്ത്രി എന്നിവരാണ് എതിർകക്ഷികൾ.

1999-ൽ മകരജ്യോതി ദിനത്തിലുണ്ടായ വൈദ്യുതി അപകടം അന്വേഷിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോൻ കമ്മിഷനും ശബരിമലയുടെ ഭരണം ദേവസ്വം ബോർഡിൽനിന്നു മാറ്റണമെന്നു നിർദ്ദേശിച്ചിരുന്നു. കെ.പി. ശങ്കരൻ നായർ കമ്മിഷൻ(1987), ജസ്റ്റിസ് കെ.എസ്. പരിപൂർണൻ കമ്മിഷൻ (2007) റിപ്പോർട്ടുകളിലും രാഷ്ട്രീയ ഭരണത്തിൽ നിന്നു ക്ഷേത്രങ്ങളെ മുക്തമാക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.

വരുമാനം നോക്കി ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും വൻ വരുമാനം ഉണ്ടായിട്ടും അതു ക്ഷേത്രങ്ങളുടെ ഉന്നതിക്കു വേണ്ടിയോ ഹൈന്ദവ സംസ്‌കാരത്തിന്റെ നന്മയ്‌ക്കോ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടികൾ സംഘപരിവാർ ചർച്ചയാക്കിയിരുന്നു. ദേവസ്വങ്ങളുടെ ഭരണച്ചുമതല ദേവസ്വം ബോർഡിനാണുള്ളത്. സർക്കാരിനു കീഴിലാണെങ്കിലും അതിനു സ്വതന്ത്ര പ്രവർത്തനച്ചുമതലയുണ്ട്. ദേവസ്വങ്ങളുടേയും വിശ്വാസികളുടേയും താത്പര്യ സംരക്ഷണവും ക്ഷേത്രങ്ങളുടെ ഉന്നമനവും അതിൽപ്പെടും. ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്നുതന്നെ വരുന്ന കോടികൾ എവിടെപ്പോകുന്നു എന്ന ചോദ്യവും വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതെല്ലാം എൻ എസ് എസും ചർച്ചയാക്കി. പണം വാങ്ങുക എന്നതിനപ്പുറം ദേവസ്വം ബോർഡിനോ സർക്കാരിനോ ദേവസ്വങ്ങളോടോ വിശ്വാസികളോടോ ഒരു ബാധ്യതയുമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്കെന്നും വിമർശനം ഉയർന്നിരുന്നു. ഇത് പുതു തലത്തിലെത്തിക്കാനാണ് പന്തളം കൊട്ടാരം പുതിയ ഹർജി നൽകുന്നത്.

ദേവസ്വം ബോർഡിന്റെ ചില്ലിക്കാശ് പോലും സർക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതിന് മറ്റൊരാൾക്കും അവകാശം ഇല്ല എന്നതാണ് യാഥാർഥ്യം. എല്ലാവരും ഇത് ഉൾക്കൊള്ളണം. 1949ലെ കവനെന്റിൽ തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വി പി മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യമാണ് അതിൽ കൈകാര്യം ചെയ്തത്. ഒന്ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാകുന്ന കാര്യം. രണ്ടാമത് തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലും കൊച്ചിയിലേത്, കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരാനുമുള്ള തീരുമാനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കുമ്പോൾ അൻപത് ലക്ഷം രൂപ സർക്കാർ നൽകണമെന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. പന്തളം രാജ കുടുംബം ഇതിൽ കക്ഷിയായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിരുവിതാംകൂറിന് പന്തളം രാജ്യവും രാജ്യാധികാരവും നേരത്തെ തന്നെ അടിയറ വച്ചിരുന്നു. കടക്കെണിയിൽ പെട്ടതാണ് ഇതിനു കാരണം അതിന്റെ ഭാഗമായി പന്തളം രാജ്യവും അവിടുത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരത്തിൽ പരിശോധിച്ചാൽ ഈ അധികാരങ്ങളൊക്കെ പണ്ടുമുതലെ ഇല്ലാതായതായി കാണാനാകുമെന്നും പിണറായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്യാനാണ് പന്തളം കൊട്ടാരം പുതിയ ഹർജിയുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP