Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് 51 ൽ തുടങ്ങി അവസാനിച്ചത് 52 ൽ; കോൺഗ്രസ് അധികാരമേറ്റത് 489 സീറ്റുകളിൽ 364 ഉം നേടി; 16 സീറ്റുകളോടെ സിപിഐ മുഖ്യപ്രതിപക്ഷ പാർട്ടിയായപ്പോൾ പ്രതിപക്ഷ നേതാവായത് എ.കെ.ഗോപാലൻ; ബിജെപി രൂപം കൊണ്ടില്ലെങ്കിലും ഒട്ടേറെ ഹിന്ദുപാർട്ടികൾ മൂന്നും നാലും സീറ്റുകൾ വീതം നേടി: ആദ്യ ലോക്‌സഭയുടെ ചരിത്രം വായിക്കുമ്പോൾ

ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് 51 ൽ തുടങ്ങി അവസാനിച്ചത് 52 ൽ; കോൺഗ്രസ് അധികാരമേറ്റത് 489 സീറ്റുകളിൽ 364 ഉം നേടി; 16 സീറ്റുകളോടെ സിപിഐ മുഖ്യപ്രതിപക്ഷ പാർട്ടിയായപ്പോൾ പ്രതിപക്ഷ നേതാവായത് എ.കെ.ഗോപാലൻ; ബിജെപി രൂപം കൊണ്ടില്ലെങ്കിലും ഒട്ടേറെ ഹിന്ദുപാർട്ടികൾ മൂന്നും നാലും സീറ്റുകൾ വീതം നേടി: ആദ്യ ലോക്‌സഭയുടെ ചരിത്രം വായിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ മുഖമുദ്രയായി പറയാറുള്ളത് അല്ലെങ്കിൽ പ്രവചിക്കാവുന്ന ഒരുകാര്യം അവയുടെ അപ്രവചനീയതാണ്. ത്രിപുര നിയമസഭ തിരഞ്ഞെടുപ്പും ഗോരഖ്പൂർ ഉപതിരഞ്ഞെടുപ്പും മറക്കാറായില്ലല്ലോ. വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കഥ കൂടി ഒന്നുതിരിഞ്ഞുനോക്കാം. ഇന്ന് ജനസംഖ്യ കൂടി. വോട്ടർമാരുടെ എണ്ണം ഏറിയിരിക്കുന്നു. 18 നും 20 നും ഇടയിൽ പ്രായമുള്ള 2.6 കോടി യുവവോട്ടർമാർ തിരഞ്ഞെടുപ്പ് വിധിയെഴുതുന്നവരിൽ നിർണായകമാവുകയും ചെയ്യുന്നു. എന്നാൽ, ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആകെ 17.3 കോടി പേർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ യോഗ്യതയുണ്ടായിരുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ്

1952 മുതൽ 57 വരെയായിരുന്നു ആദ്യ ലോക്‌സഭയുടെ കാലാവധി. 489 സീറ്റുകളിലേക്കായിരുന്നു മത്സരം. ഇന്ത്യ സ്വതന്ത്രയായ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നതാകട്ടെ 1951-52 കാലത്ത്. കൃത്യമായി പറഞ്ഞാൽ, 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ. 1949 നവംബർ 26 ന് അംഗീകരിച്ച ഭരണഘടന അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. മിക്ക സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒപ്പം നടന്നു.ഭരണഘടനാ നിർമ്മാണ സമിതി ഇടക്കാല പാർലമെന്റായി തുടർന്നു. ജവഹർലാൽ നെഹ്‌റു നയിച്ച ഇടക്കാല മന്ത്രിസഭയിൽ വിവിധ പാർട്ടികളിലും, സമുദായങ്ങളിൽ നിന്നുമുള്ള 15 അംഗങ്ങളുണ്ടായിരുന്നു. ഇടക്കാല മന്ത്രിസഭയിലെ നിരവധി അംഗങ്ങൾ രാജി വച്ച് സ്വന്തം പാർട്ടികളുണ്ടാക്കി തിരഞ്ഞെടുപ്പ് ഗോദായിലിറങ്ങി.

26 സംസ്ഥാനങ്ങളിലായി 489 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മാറ്റുരച്ചത് 1849 സ്ഥാനാർത്ഥികൾ. വോട്ടർമാരുടെ എണ്ണം വച്ച് നോക്കിയാൽ അക്കാലത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു. പോളിങ് ശതമാനം 45.7 ശതമാനം. അന്ന് കോൺഗ്രസ് ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലം. തിരഞ്ഞെടുപ്പിൽ, പാർട്ടി തൂത്തുവാരി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 364 സീറ്റും മൊത്തെ വോട്ടിന്റെ 45 ശതമാനവും നേടി തിളക്കമാർന്ന വിജയം. രണ്ടാമത്തെ വലിയ പാർട്ടിയേക്കാൾ നാലിരട്ടി അധികം വോട്ടുകൾ. മറ്റു രണ്ടുപാർട്ടികൾക്ക് മാത്രമാണ് ഇരട്ടയക്ക സീറ്റുകൾ കിട്ടിയത്. സിപിഐക്ക് 16 സീറ്റ്. സോഷ്യലിസ്റ്റ് പാർട്ടിക്ക് 12 സീറ്റ്. ബിജെപിയുടെ പൂർവ രൂപമായ ഭാരതീയ ജനസംഘിന് മൂന്നുസീറ്റ് മാത്രമാണ് ആ തിരഞ്ഞെടുപ്പിൽ കിട്ടിയത്. 36 സീറ്റ് നേടി സ്വതന്ത്രർ കോൺഗ്രസിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.

സോഷ്യലിസ്റ്റ് പാർട്ടി 11 ഉം കിസാൻ മസ്ദൂർ പ്രജാപാർട്ടി പത്തും സീറ്റുകൾ നേടി. രണ്ടു സീറ്റുകൾ അംബേദ്ക്കറുടെ പാർട്ടി ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ നേടി. ദ്വയാംഗ മണ്ഡലങ്ങളായിരുന്നു ആദ്യ തിരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. രണ്ട് മണ്ഡലങ്ങൾക്ക് ഒരു പ്രതിനിധി എന്നതാണ് ദ്വയാംഗ മണ്ഡലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1961ൽ ഇന്ത്യയിൽ നിയമം മൂലം ദ്വയാംഗ മണ്ഡലം എന്ന രീതി നിർത്തലാക്കി.

ജവഹർലാൽ നെഹ്‌റു രാജ്യത്ത് ജനാധിപത്യപരമായി തിരഞ്ഞെടുത്ത ആദ്യപ്രധാനമന്ത്രിയായി. ജി വി മാവ്‌ലങ്കാറായിരുന്നു ആദ്യ ലോക്‌സഭയുടെ സ്പീക്കർ. ഏറ്റവും കൂടുതൽ സിറ്റിംഗുകൾ നടത്തിയ സഭ എന്ന പ്രത്യേകതയും ആദ്യ ലോക്‌സഭയ്ക്കാണ്. 1952 ഏപ്രിൽ 17നായിരുന്നു ആദ്യസമ്മേളനം. 1957 ഏപ്രിൽ നാലിന് കാലാവധി അവസാനിച്ചു.

ആദ്യ പ്രതിപക്ഷ നേതാവ് എകെജി

ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് എ.കെ.ഗോപാലൻ ജയിച്ചുകയറിയത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് പോന്ന എതിരാളിയായിരുന്നു പ്രതിപക്ഷ നേതാവായ എകെജി. നെഹ്റുവിന്റെ ആദ്യബജറ്റിനെ ജനങ്ങളോടുള്ള വെല്ലുവിളിയെന്നു വിശേഷിപ്പിച്ച എ.കെ.ജി, ഒരു ഘട്ടത്തിൽ തനിക്കെതിരെ മത്സരിക്കാൻ നെഹ്റുവിനെ വെല്ലുവിളിക്കുക പോലും ചെയ്തു.

ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിലും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും. ആദ്യ പൊതു ബജറ്റിലെ ജനവിരുദ്ധതയെ തുറന്നുകാണിച്ച് എ.കെ.ജി നെഹ്റുവിനെതിരെ ആഞ്ഞടിച്ചു. ജനങ്ങളെ വെല്ലുവിളിക്കുകയാണ് നെഹ്റു എന്നു പറഞ്ഞ എ.കെ.ജി ഒരു ഘട്ടത്തിൽ നെഹ്റുവിനെ വെല്ലുവിളിക്കുക പോലും ചെയ്തു.

കാസർകോഡ് എകെജിക്കെതിരായ പ്രചാരണത്തിന് നെഹ്‌റുവെത്തിയതും ചരിത്രം. എന്നാൽ, ഓരോ തവണയും എ.കെ.ജിക്ക് ഭൂരിപക്ഷം വർധിച്ചതേയുള്ളൂ. ചരിത്രപുസ്തകങ്ങളിൽ ആദ്യ പ്രതിപക്ഷ നേതാവെന്ന സ്ഥാനം എകെജിക്ക് നൽകിയിട്ടില്ലെന്ന പേരിൽ ഇടക്കാലത്ത് വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. 16 സീറ്റുകൾ നേടിയ സിപിഐ ആയിരുന്നു മുഖ്യപ്രതിപക്ഷ പാർട്ടി. പത്തുശതമാനം സീറ്റുകൾ ലഭിക്കാത്തതുകൊണ്ട് പ്രതിപക്ഷ നേതാവ് പദവി സിപിഐക്ക് ലഭിച്ചില്ല എന്നതാണ് തർക്കത്തിന് കാരണം. ഏതായാലും എകെജിയുടെ ആദ്യലോക്‌സഭയിൽ വഹിച്ച നേതൃശേഷിയെ ആർക്കും ചോദ്യം ചെയ്യാവുന്നതല്ല

വെല്ലുവിളികൾ മറികടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏകാംഗ തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. സുകുമാർ സെൻ ആയിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. 21 വയസിന് മേൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉണ്ടായിരുന്നു. 1988 ൽ 61 ാം ഭരണഘടനാ ഭേദഗതിയിലൂടെ വോട്ടവകാശത്തിനുള്ള പ്രായം 18 ആക്കി കുറച്ചു എന്നതും ഓർക്കാം. ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജനസംഖ്യയുടെ 85 ശതമാനത്തിനും വായിക്കാനോ എഴുതാനോ കഴിയുമായിരുന്നില്ല. ഇത് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കമ്മീഷന് വലിയ വെല്ലുവിളിയായി. ഓരോ സ്ഥാനാർത്ഥിക്കും വ്യത്യസ്ത നിറമുള്ള ബാലറ്റ് പെട്ടി ഏർപെടുത്തി. അതിൽ ഓരോ സ്ഥാനാർത്ഥിയുടെയും പേരും ചിഹ്നവും കുറിച്ചു.

കാലാവസ്ഥയ്ക്ക് പുറമേ എല്ലായിടത്തും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും കമ്മീഷന് വെല്ലുവിളിയായി. 68 ഘട്ടങ്ങളായിരുന്നു തിരഞ്ഞെടുപ്പ്. 196,084 പോളിങ് ബൂത്തുകളിൽ 27,527 ബൂത്തുകൾ സ്ത്രീകൾക്കായി മാറ്റി വച്ചു. ഹിമാചൽ പ്രദേശും, ജമ്മു-കശ്മീരും ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ 1952 ഫെബ്രുവരി-മാർച്ചിൽ വോട്ടെടുപ്പ് നടന്നു. 1967 വരെ കശ്മീരിൽ ലോക്‌സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നില്ല.

മാറ്റുരച്ച രാഷ്ട്രീയ പാർട്ടികൾ

489 സീറ്റുകളിലേക്ക് കോൺഗ്രസ് അടക്കം 53 പാർട്ടികളും 533 സ്വതന്ത്രരും മത്സരിച്ചു. നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയിൽ ഉണ്ടായിരുന്ന രണ്ടുസഹപ്രവർത്തകർ പ്രത്യേക രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കി. ശ്യാമപ്രസാദ് മുഖർജി 1951 ഒക്ടോബറിൽ ജനസംഘം രൂപീകരിച്ചപ്പോൾ ആദ്യ നിയമന്ത്രിയായിരുന്ന ഡോ.ബി.ആർ. അംബേദ്കർ ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ഫെഡറേഷൻ പുനഃസംഘടിപ്പിച്ചു. ഈ പാർട്ടിയുടെ പേര് പിന്നീട് റിപ്പബ്ലിക്കൻ പാർട്ടി എന്നാക്കി മാറ്റി. ആചാര്യ കൃപലാനിയുടെ കിസാൻ മസ്ദൂർ പ്രജാ പരിഷദ്, റാംമനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും സോഷ്യലിസ്റ്റ് പാർട്ടിയും സിപിഐയുമാണ് വേറിട്ട ശബ്ദവുമായി കളം പിടിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എന്ന പാർട്ടിയല്ലാതെ മറ്റൊന്നും ജനങ്ങൾക്ക് മുന്നിലുണ്ടായിരുന്നില്ല എന്ന് ഫലങ്ങൾ തെളിയിച്ചു.

ബോംബെ നോർത്ത് സെൻട്രലിൽ നിന്നുള്ള അംബേദ്കറുടെ തോൽവി ഏവരെയും ഞെട്ടിച്ചു. പിന്നീട് രാജ്യസഭാംഗമായാണ് അംബേദ്കർ പാർലമെന്റിൽ എത്തിയത്. ഫൈസാബാദിൽ ആചാര്യ കൃപലാനിയുടെ തോൽവിയും അപ്രതീക്ഷിതമായി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യവോട്ടർക്ക് നൂറുകവിഞ്ഞു

ഹിമാചൽ പ്രദേശിലെ കൽപ കിന്നോർ സ്വദേശിയാണ് വിരമിച്ച സ്‌കൂൾ അദ്ധ്യാപകനായ ശ്യാം സരൺ നേഗി. 1951 ലെ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടർ.
1917 ജൂലായ് ഒന്നിനാണ് നേഗിയുടെ ജനനം. നേഗിക്ക് ഇപ്പോൾ നൂറുവയസ് കഴിഞ്ഞു. ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയിൽ ആദ്യം തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ വോട്ടിന്റെ ദിവസം ഇപ്പോഴും നല്ല ഓർമയുണ്ടെന്ന് ശ്യാം സരൺ നേഗി പറയുന്നു. ഇതുവരെ നടന്ന 16 ലോക്സഭാ തിരഞ്ഞെടുപ്പിലും 12 നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പറയുന്നു. 2010ൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നവീൻ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ൽ ഹിമാചൽ പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേഗിയെ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത്‌
ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകൾ എന്നറിയപ്പെടുന്ന ഗോത്രവർക്കാർക്കും അങ്ങനെ സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാർലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കൽപ. കോൺഗ്രസ് സ്ഥാനാർത്ഥികളായ രാജ്കുമാരി അമൃത്കൗർ, ഗോപി റാം എന്നിവരാണ് ആദ്യതെരഞ്ഞെടുപ്പിൽ വിജയിച്ചത്.

മഞ്ഞും മഴയും വോട്ട് ചെയ്യുന്നതിനു ഒരു തടസ്സമായി വന്നിട്ടില്ലെന്നു പ്രായം തളർത്തിയ ശരീരവും ഊന്നു വടിയുമായി എത്തിയ നെഗി പറയുന്നു. ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്. പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്. ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിട്ടുള്ളത്

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല.സംസ്ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത് പാർട്ടിയിലാണ് വിശ്വസിക്കുന്നതെന്ന് നേഗി വെളിപ്പെടുത്തിയിട്ടില്ല.നോട്ട സംവിധാനത്താട് അദ്ദേഹത്തിനു താൽപര്യമില്ല. 'സ്ഥാനാർത്ഥികളിൽ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനിൽക്കുന്നി'ല്ലെന്നാണ് കരുതുന്നതെന്ന് നേഗി പറയുന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് കരുത്തും വിശ്വാസവും പകരുന്നു നേഗിയുടെ ഈ കഥ. വോട്ടവകാശം വിനിയോഗിക്കാൻ മടിക്കുന്നവർക്കും ഓർക്കാം ഈ 100 വയസുകാരനെ.

ഈ വാർത്തയ്‌ക്കൊപ്പം നൽകിയ യു ട്യൂബ് ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബ് ചെയ്താൽ തുടർന്നുവരുന്ന ഓരോ വീഡിയോ റിപ്പോർട്ടും നിങ്ങളിലേക്ക് അപ്പപ്പോൾ എത്തും. ഇതിനായി ബെൽ ബട്ടൻ അമർത്തിയാൽ മതി.

മറുനാടൻ മലയാളി തിരഞ്ഞെടുപ്പ് വാർത്താ ചാനലായ 'ഇന്ത്യ 2019' സന്ദർശിക്കാൻ ഇവിടെ ക്‌ളിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP