Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹീരാ ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖിനെതിരെ മൂവ്വായിരം പേജുള്ള കുറ്റപത്രം; അന്വേഷണം നടത്തിയത് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിഭാഗം; കേരള കേസുകളിൽ വീണ്ടും വിവരങ്ങൾ ശേഖരിച്ച് ലോക്കൽ പൊലീസ്; ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നടന്ന തട്ടിപ്പിന് പണം നൽകിയ നാണക്കേടിൽ പരാതി നൽകാതെ നിരവധി പേർ; കേസുമായി ഇറങ്ങിയാൽ പണം കിട്ടില്ലെന്ന ഭീഷണിയുമായി നൗഹീറയുടെ കൊച്ചിയിലെ പിഎ മോളി തോമസിന്റെ വിളികൾ

ഹീരാ ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖിനെതിരെ മൂവ്വായിരം പേജുള്ള കുറ്റപത്രം; അന്വേഷണം നടത്തിയത് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിഭാഗം; കേരള കേസുകളിൽ വീണ്ടും വിവരങ്ങൾ ശേഖരിച്ച് ലോക്കൽ പൊലീസ്; ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നടന്ന തട്ടിപ്പിന് പണം നൽകിയ നാണക്കേടിൽ പരാതി നൽകാതെ നിരവധി പേർ; കേസുമായി ഇറങ്ങിയാൽ പണം കിട്ടില്ലെന്ന ഭീഷണിയുമായി നൗഹീറയുടെ കൊച്ചിയിലെ പിഎ മോളി തോമസിന്റെ വിളികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വലയിൽ കുടങ്ങിയ മലയാളികൾ പലരും നാണക്കേട് കാരണം പരാതിപ്പെടാതെ മൗനം പാലിക്കുന്നു. ബന്ധുക്കളും മറ്റും പരിഹസിക്കുമെന്നത് ഭയന്നാണ് പലരുടെയും മൗനം.

ഇതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പലിശരഹിത ബിസിനസ്സിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കമ്പനി സി ഇ ഒ ഹൈദരാബാദ് സ്വദേശിനി നൗഹീറ ഷെയ്ഖിനെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാനായി രൂപീകരിച്ച വിഭാഗം മുവ്വായിരം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. മുംബൈ നഗരത്തിൽ നിന്നുമാത്രം 250 ഓളം ആളുകളിൽ നിന്ന് കിട്ടിയ 18 കോടി രൂപയുടെ തട്ടിപ്പ് പരാതിയിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തയ്യാറാക്കിയ കുറ്റപത്രമാണിത്.

ഇന്ത്യൻ പീനൽകോഡ്, മഹാരാഷ്ട്ര പ്രൊട്ടക്ഷൻ ഓഫ് ഇൻട്രസ്റ്റ് ഡെപ്പോസിറ്റേഴ്സ് നിയമം, തട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തുന്നതിനെതിരെയുള്ള പ്രൈസ് ചിട്ട്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം (നിരോധന) നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണർ വിനയ് കുമാർ ചൗധരിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കുറച്ചു നാളുകളായി ഇവർക്കെതിരെയുള്ള കേസുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 17 നാണ് നൗഹീറ ഷെയ്ഖിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന ശേഷം ഹീരാ ഗ്രൂപ്പിന്റെ രാജ്യത്തൊട്ടാകെയുള്ള നൂറ്റി അറുപതോളം ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് അനധികൃതമായ പണമിടപാടിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് നൗഹീറ ഷെയ്ഖ് ഉള്ളത്.

കേരളത്തിലും വലിയ തോതിൽ തട്ടിപ്പ് കമ്പനി നടത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ പ്രവർത്തനം. ഇവിടെ കമ്പനി നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയിലാണ്. ഒരു അന്തർ സംസ്ഥാന തട്ടിപ്പായതിനാൽ ക്രൈം ബ്രാഞ്ചോ,സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏതെങ്കിലും ഏജൻസികളേയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ലോക്കൽ പൊലീസ് റിപ്പോർട്ട്,കമ്മീഷണർ മുഖാന്തിരം തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. കോഴിക്കോട്ടെ കേസിൽ നൗഹീറ ഷെയ്ഖ് മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്.

ഇവർക്ക് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള അലംഭാവം കൊണ്ടാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഹീരാ ഗ്രൂപ്പ് തട്ടിപ്പിനെതിരെ നിയമ നടപടികൾ ഊർജ്ജിതമാക്കുമെന്നും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ കണ്ട് നിയമജ്ഞരുടെ ഭാഗത്തു നിന്നുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുവാൻ ആവശ്യപ്പടാനും കോഴിക്കോട് ചേർന്ന തട്ടിപ്പിനിരയായവരുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേസിൽ ലോക്കൽ പൊലീസ് വീണ്ടും ഇരകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ്.

സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നിർദ്ദേശപ്രകാരമാണ് പരാതിയുമായെത്തുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ തട്ടിപ്പിന് ഇരയായവർ കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് പൊലീസ് വീണ്ടും നടപടി സ്വീകരിക്കുന്നത്.

കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ഹീരക്കെതിരെ സംസ്ഥാനത്ത് പരാതിയുള്ളത്. ഇവിടെ കേസിൽ 17 പേരെയാണ് കക്ഷി ചേർത്തിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ നൗഷാദ് എന്നയാളാണ് എഴുപത് ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് കമ്പനിക്കെതിരെ രംഗത്ത് വന്നത്. ഈ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഈ പരാതിയിൽ കേസെടുത്തതുകൊണ്ടാണ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കുമ്പോൾ കമ്പനി സിഇഒ നൗഹീറ ഷെയ്ഖ് എൺപത് ലക്ഷം രൂപ കെട്ടിവെയ്ക്കേണ്ടിവന്നത്.

നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് കാരണം പലരും പുറത്തുപറയാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നിക്ഷേപകരുടെ സംഗമത്തിൽ 200 ലധികം ആളുകളെ വിളിച്ചിരുന്നെങ്കിലും നൂറിൽ താഴെ ആളുകൾ മാത്രമാണ് എത്തിയിരുന്നത്. കേസിന് പോയാൽ പണം തിരിച്ചുതരില്ലെന്ന കമ്പനി അധികൃതരുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. നൗഹീറ ശൈഖിന്റെ പി എ ആയ കൊച്ചിയിലെ മോളി തോമസാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇടപാടുകാർ വ്യക്തമാക്കുന്നു. മദ്രസാ അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പാലക്കാട്, കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കൂടുതലും തട്ടിപ്പിന് ഇരയായിട്ടുള്ളത്. രണ്ട് ലക്ഷം മുതൽ എൺപത് ലക്ഷം രൂപ വരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.

ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ വലയിൽ അഞ്ഞൂറോളം മലയാളികൾ കുടുങ്ങിയിട്ടുള്ളതായി പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.
ഹീര ഗോൾഡ്, ഹീര ടെക്സ്റ്റയിൽസ്, ഹീര ഡെവലപ്പേഴ്സ്, ഹീര ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഹീര ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് എട്ട് വർഷം മുമ്പാണ് കമ്പനി ആരംഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ദുബായ്, മക്ക, ജിദ്ദ, കുവൈത്ത് എന്നിവടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്.

പലിശ രഹിത ലോകത്തേക്ക് എന്ന മുദ്രാവാക്യവുമായാണ് കമ്പനി ഇസ്ലാം മത വിശ്വാസികളെ ആകർഷിച്ച് നിക്ഷേപത്തിന് പ്രേരിപ്പിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് നാലായിരത്തി അഞ്ഞൂറ് രൂപ വരെയായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നു മാസം കൂടുമ്പോൾ ലാഭവിഹിതം വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. നൗഹീറ തന്നെ നേരിട്ടെത്തിയാണ് കോഴിക്കോട് നിന്നും നിക്ഷേപം സമാഹരിച്ചത്. തുടക്കത്തിൽ ലാഭവിഹിതം ലഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു.

ഇതോടെയാണ് ആളുകൾ പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഇടിയങ്ങരയിലുള്ള കമ്പനി ഓഫീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. നൗഹീറ ഷെയ്ഖിന് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ട്. ഓൾ ഇന്ത്യാ മഹിളാ എംപവർമെന്റ് പാർട്ടി. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ ബിജെപിക്ക് വേണ്ടി മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ സ്ഥാനാർത്ഥികളെ നിർത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു. 2010 ലാണ് ഹൈദരാബാദ് ആസ്ഥാനമായി ഹിരാ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ നൗഹീറ കമ്പനി ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP