Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

13 ദിവസം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ജൂലിയന്റെ ജീവൻ രക്ഷിക്കാനായില്ല; 250 അടി താഴ്ചയിലേക്ക് വീണ രണ്ടു വയസുകാരനെ പുറത്തെത്തിച്ചത് മരിച്ച നിലയിൽ; പ്രാർത്ഥനകൾ വിഫലമായ വേദനയിൽ കരഞ്ഞ് തളർന്ന് സ്പെയിൻ

13 ദിവസം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ജൂലിയന്റെ ജീവൻ രക്ഷിക്കാനായില്ല; 250 അടി താഴ്ചയിലേക്ക് വീണ രണ്ടു വയസുകാരനെ പുറത്തെത്തിച്ചത് മരിച്ച നിലയിൽ; പ്രാർത്ഥനകൾ വിഫലമായ വേദനയിൽ കരഞ്ഞ് തളർന്ന് സ്പെയിൻ

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: സ്പെയിനിൽ ടോട്ടാലനിൽ ദിവസങ്ങളായി ആഴമുള്ള കുഴൽ കിണറിൽ പെട്ട് കിടക്കുകയായിരുന്ന രണ്ട് വയസുകാരൻ ജൂലിയൻ റോസല്ലോയെ ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. 250 അടി ആഴമുള്ള കുഴൽ കിണറിൽ വീണ ജൂലിയനെ രക്ഷിക്കുന്നതിനായി കഴിഞ്ഞ 13 ദിവസങ്ങളായി നടത്തി വരുന്ന ശ്രമങ്ങൾക്ക് ഈ കുരുന്നു ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രാർത്ഥനകളെ വിഫലമാക്കി കുട്ടിയുടെ മൃതദേഹമാണ് പുറത്തെത്തിച്ചത്. ഇതിന്റെ വേദനയിൽ സ്പെയിൻ കരഞ്ഞ് തളർന്നിരിക്കുകയാണ്.

ഇന്നലെ പുറത്തെടുത്ത ജൂലിയന്റെ മൃതദേഹത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ജനുവരി 26ന് പുലർച്ചെ 1.25നായിരുന്നു കുട്ടിയുടെ മൃതദേഹം പുറത്തെത്തിക്കാൻ സാധിച്ചത്. ജൂലിയന്റെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കളും കുടുംബക്കാരും മാതാപിതാക്കളുടെ സുഹൃത്തുക്കളും ഒത്തു ചേർന്നിരുന്നു. കുട്ടിയെ പുറത്തെത്തിക്കുന്നതിനായി എമർജൻസി സർവീസുകൾ രാപ്പകൽ പ്രവർത്തിച്ചെങ്കിലും ഫലമില്ലാതെ പോവുകയായിരുന്നു. ജനുവരി 13നായിരുന്നു കുട്ടി കിണറിൽ വീണത്. മാതാപിതാക്കൾ ലഞ്ച് തയ്യാറാക്കുന്നതിനിടയിലായിരുന്നു കളിക്കുകയായിരുന്ന കുട്ടിക്ക് അപകടം പറ്റിയത്. മലാഗയ്ക്ക് സമീപമാണ് അപകടം നടന്ന സതേൺ ടൗണായ ടോട്ടാലൻ നിലകൊള്ളുന്നത്.

കുട്ടിയുടെ മൃതദേഹം ഫ്യൂണറൽ ഹോമിലേക്ക് എടുക്കുന്നതിന്റെ മുമ്പ് ആദരാഞ്ജലി അർപ്പിക്കാൻ നൂറ് കണക്കിന് പേരായിരുന്നു ഒഴുകിയെത്തിയിരുന്നത്. 29 വയസുകാരായ കുട്ടിയുടെ മാതാപിതാക്കളായ ജോസും വിക്കി റോസെല്ലോയും തങ്ങളുടെ മകന്റെ ഫുട്ബോളും പിടിച്ചായിരുന്നു ഈ അവസരത്തിൽ വിതുമ്പിക്കൊണ്ട് നിലകൊണ്ടിരുന്നത്. ഇന്നലെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം ഫലത്തെക്കുറിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഈ ഫലം ഇൻവെസ്റ്റിഗേഷൻ കോടതിയിലേക്ക് വിടുകയേയുള്ളൂ. പോസ്റ്റ്മോർട്ടത്തിന് ശേഷം ജൂലിയന്റെ മൃതദേഹം ഒരു ശവമഞ്ചത്തിൽ കയറ്റി മലാഗയിലെ എൽ പാലോയിലെ ഫ്യൂണറൽ ചാപലിലേക്ക് കൊണ്ടു പോയിരുന്നു.

മരിച്ച മകന്റെ മൃതദേഹം കൈകളിലെടുത്ത് വിതുമ്പുന്ന ജോസിനെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കാൻ പാടുപെടുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കിണറിൽ നിന്നും പുറത്തെത്തിക്കാൻ പാടുപെടുന്ന ഫൂട്ടേജ് സിവിൽ ഗാർഡ് പുറത്ത് വിട്ടിരുന്നു. ഇതിൽ സ്പെഷ്യലിസ്റ്റ് മൈൻ വർക്കർമാർ പരിഭ്രമിച്ച് പ്രവർത്തിക്കുന്നത് കാണാം. ജൂലിയന്റെ രക്ഷക്ക് വേണ്ടി ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഏവർക്കും നന്ദി പറയുന്നുവെന്ന് സിവിൽ ഗാർഡിന്റെ ട്വിറ്റർ പേജിൽ കുറിച്ചിരിക്കുന്നു. എന്നാൽ കുട്ടിയെ ജീവനോട് രക്ഷിക്കാൻ സാധിക്കാത്തതിലുള്ള ക്ഷമാപണവും സിവിൽ ഗാർഡ് പുറപ്പെടുവിച്ചിരുന്നു. കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കാനാവുമെന്നായിരുന്നു മാതാപിതാക്കളടക്കമുള്ള ഏവരും ഇത്രയും ദിവസവും പ്രതീക്ഷിച്ചിരുന്നത്.

വളരെ ആഴത്തിലേക്ക് വീണ് പോയതിനാൽ രക്ഷാപ്രവർത്തനം വളരെ സങ്കീർണമായിരുന്നു. കിണറിലെ ഒരു പാളിക്കടിയിലേക്ക് പെട്ട് പോയതിനാൽ മൃതദേഹം എളുപ്പത്തിൽ പുറത്തെത്തിക്കാനും സാധിച്ചിരുന്നില്ല. തുടർന്ന് കിണറിന് സമാന്തരമായി 60 മീറ്റര് ആഴത്തിൽ മറ്റൊരു കുഴി കുഴിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്. തിങ്കളാഴ്ചയായിരുന്നു കുഴിയുടെ പണി പൂർത്തിയായത്. 360 അടി താഴ്ചയും ഒമ്പത് ഇഞ്ച് വ്യാസമുള്ള കുഴിയിലാണ് രണ്ടുവയസുകാരൻ വീണത്. കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തകർ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ കുട്ടി എവിടെയാണെന്നറിയാൻ ക്യാമറകൾ ഘടിപ്പിച്ച മൈക്രോ റോബോട്ടുകളെ കുഴിയിലേക്ക് ഇറക്കിയെങ്കിലും 260 അടി വരെ മാത്രമാണ് റോബോട്ടുകളെ എത്തിക്കാനായത്. തുടർന്ന് അപകടമുണ്ടായ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയും തുരങ്കവും നിർമ്മിക്കുകയായിരുന്നു.

കുട്ടി കുഴിയിലേക്ക് പതിച്ചപ്പോൾ പാറക്കല്ലുകളും മണ്ണുമടിഞ്ഞതാണ് കുട്ടി എവിടെയാണെന്ന് കണ്ടെത്തുന്നതിൽ വെല്ലുവിളിയായത്. ഇതിനിടെ സ്പെയിനിലെ മാധ്യമങ്ങളിലെല്ലാം ഈ മാരത്തോൺ രക്ഷാപ്രവർത്തനം പ്രധാനവാർത്തയായി. ഓരോ നിമിഷങ്ങളിലും ടി.വി. ചാനലുകൾ ഇതുസംബന്ധിച്ച വാർത്തകൾ ബ്രേക്ക് ചെയ്തു. തത്സമയ സംപ്രേഷണങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും വിവരങ്ങളറിയാൻ ജനങ്ങളെല്ലാം കണ്ണും കാതും കൂർപ്പിച്ചിരുന്നു. ഒരു രാജ്യം മുഴുവൻ അവനുവേണ്ടി പ്രാർത്ഥിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും അവസാനംകുറിച്ചാണ് ജൂലേന്റെ മൃതദേഹം കണ്ടെടുത്തെന്ന വാർത്ത പുറത്തുവന്നത്.

മകൻ അപകടത്തിൽപ്പെട്ടത് മുതൽ മൃതദേഹം കണ്ടെടുക്കുന്നതുവരെ ജൂലേന്റെ മാതാപിതാക്കൾ കുഴൽക്കിണറിന് സമീപത്തുണ്ടായിരുന്നു. ഒടുവിൽ മകന്റെ ചലനമറ്റ ശരീരം പുറത്തെടുക്കുമ്പോൾ പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ നൊമ്പരമായി. ജൂലേന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. സ്പെയിൻ രാജകുടുംബവും സംഭവത്തിൽ അനുശോചനമറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP