Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നു: പത്തു വർഷത്തിനകം കൊല്ലപ്പെട്ടത് 996പേർ ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 168പേർ; ആക്രമണം വർധിക്കാൻ കാരണം കാടുകയ്യേറി ജനവാസ കേന്ദ്രങ്ങളാക്കുന്നത്: ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നതും വ്യാപകമായി

കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നു: പത്തു വർഷത്തിനകം കൊല്ലപ്പെട്ടത് 996പേർ ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 168പേർ; ആക്രമണം വർധിക്കാൻ കാരണം കാടുകയ്യേറി ജനവാസ കേന്ദ്രങ്ങളാക്കുന്നത്: ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നതും വ്യാപകമായി

കെ വി നിരഞ്ജൻ

കോഴിക്കോട്: വനം കയ്യേറ്റം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം വ്യാപകമാകുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യൻ അതിക്രമിച്ച് കയറുന്നതോടെ വന്യമൃഗങ്ങളുടെ അക്രണമവും കൂടുന്നു. കാടിറങ്ങുന്ന വന്യമൃഗങ്ങൾ വ്യാപകമായ കൃഷി നാശമാണ് വരുത്തന്നത്. കേരളത്തിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിലും വലിയ വർധനവുണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

പത്തു വർഷത്തിനകം വന്യമൃഗങ്ങളുടെ അക്രമത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തിരട്ടി വർധിച്ചു. ആക്രണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം മുപ്പത് മടങ്ങാണ് വർധിച്ചത്.2008 ൽ 32 പേർക്ക് പരിക്കേൽക്കുകയും 13 പേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ പത്ത് വർഷം പിന്നിട്ട് 2018 ൽ എത്തിയപ്പോഴുള്ള കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. 2018 ൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 168 പേർ കൊല്ലപ്പെടുകയും 953 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങൾ കടന്നുവരുന്നത് വ്യാപകമാകുകയും ആക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നതുമായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വനം വകുപ്പിന്റെ തന്നെ കണക്കുകൾ പ്രകാരം 2008-09 വർഷത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2009-10 വർഷത്തിൽ ഇത് 20 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2010-11 വർഷത്തിൽ 69 പേർക്കാണ് ജീവൻ നഷ്ടമായത്. 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2011-12 വർഷത്തെ കണക്ക് വനം വകുപ്പിന്റെ കയ്യിൽ ഇല്ല. 2012-13 വർഷത്തിൽ 169 പേർ കൊല്ലപ്പെട്ടപ്പോൾ 366 പേർക്കാണ് പരിക്കേറ്റത്. 2013-14 വർഷത്തിൽ 159 മരണവും 360 പേർക്ക് പരിക്കും സംഭവിച്ചു. 2014-15 ൽ ഇത് യഥാക്രമം 149 ഉം 516 മാണ്. 2015-16 ൽ യഥാക്രമം 104 ഉം 409 ഉം. 2016-17 വർഷത്തിൽ 145 പേരാണ് കൊല്ലപ്പെട്ടത്. 798 പേർക്ക് പരിക്കേറ്റു. 2017-18 വർഷത്തിൽ 168 പേർ കൊല്ലപ്പെട്ടപ്പോൾ 953 പേർക്ക് പരിക്കേറ്റു. കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത വർഷത്തിനിടയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 996 പേരാണ്.

3585 പേർക്ക് വന്യമൃഗങ്ങളുടെ ആക്രണത്തിൽ പരിക്കേറ്റു. 38994 കർഷകർക്കാണ് വന്യമൃഗങ്ങളാൽ കൃഷി നാശമുണ്ടായത്. വയനാട് ജില്ലയിലാണ് വ്യാപകമായി മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത്. 22843 കർഷകരുടെ കാർഷിക വിളകളാണ് കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് മൃഗങ്ങൾ നശിപ്പിച്ചത്. സൗത്ത് വയനാട് ഫോറസ്റ്റി ഡിവിഷനിൽ 12,004 പേർക്കും നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ 10,839 പേർക്കും കൃഷി നാശമുണ്ടായതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കാൻ സർക്കാർ നിയമസഭയിൽ ചർച്ചകൾ നടത്തി നിയമനിർമ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ വർഷവും ലക്ഷക്കണക്കിന് കർഷകരുടെ കോടിക്കണക്കിന് വിലവരുന്ന കൃഷികൾ വന്യമൃഗാക്രണത്തിൽ നശിക്കുന്നുണ്ട്. 1972 ലെ വനം വന്യജീവി സംരക്ഷണം നിയമം കാലാനുസൃതമായി ഭേദഗതി വരുത്തുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന് എൻ സി പി കിസാൻസഭ സംസ്ഥാന പ്രസിഡന്റ് പി എം ജോസഫ് മാസ്റ്റർ വ്യക്തമാക്കി.

കാടു കയ്യേറുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ഇന്ന് വ്യാപകമായിരിക്കുകയാണ്. കാടിൽ ഭക്ഷണ ലഭ്യത കുറയുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ മൃഗങ്ങൾ പലപ്പോഴും നാട്ടിലേക്ക് ഇറങ്ങുന്നു. കാടും നാടും തമ്മിലുള്ള അതിർവരുമ്പുകൾ മാഞ്ഞു തുടങ്ങിയ സാഹചര്യവുമുണ്ട്. ഇതാണ് പ്രധാനപ്പെട്ട പ്രശ്നം. ഇതേ സമയം വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കർഷകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേട്ടയാടുകയാണ് എന്നാണ് മലയോര മേഖലകളിലെ കർഷകരുടെ ആരോപണം.

കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങലെ തുരത്തി ഓടിക്കാൻ പോലും കർഷകർക്ക് കഴിയുന്നില്ല. എവിടെയെങ്കിലും എങ്ങിനെയെങ്കിലും ഒരു വന്യമൃഗം ചത്താൽ അതിന്റെ ഉത്തരവാദിത്തം പാവപപെട്ട കർഷകന്റെ തലയിൽ കെട്ടിവെച്ച് കള്ളക്കേസെടുത്ത് ജയിലിലടച്ച് പീഡിപ്പിക്കുക പതിവായിരിക്കുന്നു. മുമ്പ് കൃഷി സംരക്ഷണത്തിനും സ്വയംരക്ഷയ്ക്കുമായി സർക്കാർ ലൈസൻസ് തോക്ക് നൽകിയിരിക്കുന്നു.

എന്നാലിപ്പോൾ തോക്കുകളുടെ ലൈസൻസ് റദ്ദാക്കി പിടിച്ചെടുക്കുകയാണെന്നും കർഷകർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ വനം വകുപ്പ് നിഷേധിക്കുന്നുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്നവർക്കെതിരെ നടപടിയെടുക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തുന്ന നടപടികളാണ് പലരും സ്വീകരിക്കുന്നത്. ഇത്തരക്കാരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP