Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് നിർണായക വോട്ടിങ്ങുകളിൽ തെരേസ മെയ്‌ക്ക് അപ്രതീക്ഷിത വിജയം; ബ്രെക്‌സിറ്റ് നീട്ടാനുള്ള ടോറി വിമതരുടെ നീക്കവും നോ ഡീൽ ബ്രെക്‌സിറ്റും പൊളിഞ്ഞു; പ്രതീക്ഷ കൈവിട്ടതോടെ ചർച്ചയ്‌ക്കൊരുങ്ങി ജെറമി കോർബിനും; ബ്രെക്‌സിറ്റ് വിഷയത്തിൽ നിർണായക വഴിത്തിരിവ്

നാല് നിർണായക വോട്ടിങ്ങുകളിൽ തെരേസ മെയ്‌ക്ക് അപ്രതീക്ഷിത വിജയം; ബ്രെക്‌സിറ്റ് നീട്ടാനുള്ള ടോറി വിമതരുടെ നീക്കവും നോ ഡീൽ ബ്രെക്‌സിറ്റും പൊളിഞ്ഞു; പ്രതീക്ഷ കൈവിട്ടതോടെ ചർച്ചയ്‌ക്കൊരുങ്ങി ജെറമി കോർബിനും; ബ്രെക്‌സിറ്റ് വിഷയത്തിൽ നിർണായക വഴിത്തിരിവ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വഴിമുട്ടിനിന്ന ബ്രെക്‌സിറ്റ് ചർച്ചകൾക്ക് ഊർജം പകർന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് അപ്രതീക്ഷിത വിജയം. രണ്ടാഴ്ചമുമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടയിടത്ത് തെരേസ മെയ്‌ നാലുവട്ടമാണ് വോട്ടിങ്ങിൽ വിജയിച്ചത്. ബ്രെക്‌സിറ്റ് നീട്ടിവെക്കാനുള്ള റിമെയ്‌നർ പക്ഷക്കാരുടെ നീക്കത്തെയും വിമതർ കൊണ്ടുവന്ന ഭേദഗതികളെയും അതിജീവിക്കാൻ തെരേസ മെയ്‌ക്ക സാധിച്ചു. വേണ്ടിവന്നാൽ നോ ഡീൽ ബ്രെക്‌സിറ്റുമായി മുന്നോട്ടുപോകാനും പാർലമെന്റ് തെരേസയ്ക്ക് അനുമതി നൽകി. ബ്രെക്‌സിറ്റ് വിഷയത്തിൽ നിർണായക കുതിപ്പ് എ്ന്നാണ് ഈ വിജയങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

നാല് നിർണായക വോട്ടെടുപ്പുകളിലാണ് തെരേസ മെയ്‌ വിജയിച്ചത്. മാർച്ച് 29-ന് നടപ്പാക്കേണ്ട ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്ന ആവശ്യമാണ് പാർലമെന്റ് ആദ്യം പരിഗണിച്ചത്. ടോറി വിമതരും മറ്റ് കക്ഷികളിൽപ്പെട്ടവരുമായി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന റിമെയ്‌നർ പക്ഷക്കാരായിരുന്നു ഈ പ്രമേയവുമായി വന്നത്. 298-നെതിരേ 321 വോട്ടുകൾക്ക് ഈ വോട്ടെടുപ്പിൽ തെരേസ മെയ്‌ വിജയിച്ചു. മാർച്ച് 29-ന് തന്നെ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അനുവാദവും ഇതിലൂടെ തെരേസയ്ക്ക് ലഭിച്ചു.

നോ ഡീൽ ബ്രെക്‌സിറ്റ് ഒഴിവാക്കുകയും മാർച്ച് 29-നപ്പുറത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിക്കൊണ്ടുപോവുകയുമെന്ന നിർദേശമാണ് ജെറമി കോർബിൻ അവതരിപ്പിച്ചത്. ഈ നീക്കത്തെ 296 വോട്ടുകൾക്കെതിരെ 327 വോട്ടുകൾക്കാണ് പാർലമെന്റ് പരാജയപ്പെടുത്തിയത്. സ്‌കോട്ട്‌ലൻഡിനെ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കാൻ അനുവദിക്കണമെന്നതായിരുന്നു സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ ആവശ്യം. അത് 39-നെതിരേ 327 വോട്ടുകൾക്ക് തള്ളി. ബ്രെക്‌സിറ്റ് നയത്തിൽ ഭേദഗതിയാവശ്യപ്പെട്ട് കൺസർവേറ്റീവ് എംപി ഡൊമിനിക് ഗ്രീവ് കൊണ്ടുവന്ന പ്രമേയം 301-നെതിരേ 321 വോട്ടുകൾക്കും പരാജയപ്പെട്ടു.

പാർലമെന്റിൽ നിർണായക വിജയം കൈവരിക്കാനായത് തെരേസ മെയ്‌ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. യൂറോപ്യൻ യൂണിയൻ നേതൃത്വവുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനും ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ഇളവുകൾ ആവശ്യപ്പെടാനും ഇതോടെ പ്രധാനമന്ത്രിക്ക് സാധിക്കും. ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്ന തരത്തിലുള്ള ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ താൻ കൂടുതൽ ആവേശത്തോടെ നടത്തുമെന്ന് വോട്ടെടുപ്പുകൾക്ക് ശേഷം തെരേസ മെയ്‌ പറഞ്ഞു.

വോട്ടെടുപ്പിൽ തെരേസ വിജയിച്ചതോടെ, എതിരാളികളുടെ നിലപാടുകളിലും അയവ് വന്നിട്ടുണ്ട്. ചർച്ചകൾക്കില്ലെന്ന് പറഞ്ഞ് മാറിനിന്നിരുന്ന ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ തെരേസയുമായി സംസാരിക്കാമെന്ന നിലപാടിലേക്കെത്തി. വോട്ടെടുപ്പിനുശേഷം തെരേസ തന്നെ കോർബിനെ ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിലെ വോട്ടെടുപ്പ് ബ്രെക്‌സിറ്റ് കരാറിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് എന്നത് കരാറിന്റെ ഭാഗമാണെന്നും അതിൽ പുനർവിചിന്തനത്തിന്റെ ആവശ്യമില്ലെന്നും യൂറോപ്യൻ യൂണിയൻ കൗൺസിൽ തലവൻ ഡൊണാൾഡ് ടസ്‌ക് പറഞ്ഞു.

പാർലമെന്റിൽ കൈവരിച്ച വിജയങ്ങളുടെ അടിസ്ഥാനത്തിൽ തെരേസ മെയ്‌ അടുത്തയാഴ്ച ബ്രസൽസിൽ ചർച്ചകൾക്കായി പോകുമെന്നാണ് സൂചന. യൂറോപ്യൻ യൂണിയൻ നേതൃത്വത്തെക്കാണാൻ തെരേസ മെയ്‌ പോകുന്ന തീയതികൾ നിശ്ചയിച്ചിട്ടില്ലെങ്കിലും ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിൽ ഇളവുകൾ തേടുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു കരാറിലെത്താനായില്ലെങ്കിൽ, തെരേസ ഫെബ്രുവരി 13-ന് വീണ്ടും എംപിമാരുമായി ചർച്ച നടത്തും. വീണ്ടും കരാർ പാർലമെന്റിൽ വോട്ടിങ്ങിനായി എത്തും. അതനുസരിച്ചാവും ബ്രെക്‌സിറ്റിന്റെ ഭാവി കാര്യങ്ങൾ നിശ്ചയിക്കുക.

മാർച്ച് 29-ന് രാത്രി 11 മണിയോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപെടും എന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയക്രമം. കരാറിലെത്തിയാലും ഇല്ലെങ്കിലും ഈ തീയതിയിൽ ഇനി മാറ്റമുണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ, തെരേസ മെയ്‌ അടുത്തയാഴ്ച യൂറോപ്യൻ നേതൃത്വവുമായി നടത്തുന്ന ചർച്ച കൂടുതൽ നിർണായകമായി മാറും. നോർത്തേൺ അയർലൻഡിനും അയർലൻഡിനുമിടയിലെ അതിർത്തി തർക്കം പരിഹരിക്കാതെ കരാറിലെത്തുന്നത് ബ്രെക്‌സിറ്റ് എത്രത്തോളം വിജയകരമാകുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP