Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേമപെൻഷൻ 100 വീതം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയേക്കും; പ്രളയാനന്തര പുനർനിർമ്മാണങ്ങൾക്ക് മാറ്റി വയ്ക്കുക 5000 കോടി രൂപ; പ്രളയ സെസിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്താനും ഇടയില്ല; വാറ്റ് കുടിശിക പരിച്ചെടുക്കൽ ഊർജ്ജിതമാക്കി ധനക്കമ്മി കുറയ്ക്കാൻ ശ്രമിക്കും; സാമ്പത്തിക വളർച്ചാനിരക്ക് ഉയരുന്നത് പ്രതീക്ഷ; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമപദ്ധതികളുമെത്തും; പത്താം ബജറ്റ് അവതരണത്തിന് തോമസ് ഐസക് ഇന്ന് നിയമസഭയിലെത്തുമ്പോൾ പ്രതീക്ഷിക്കുന്നത് ജനപ്രിയ ബജറ്റ്

ക്ഷേമപെൻഷൻ 100 വീതം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയേക്കും; പ്രളയാനന്തര പുനർനിർമ്മാണങ്ങൾക്ക് മാറ്റി വയ്ക്കുക 5000 കോടി രൂപ; പ്രളയ സെസിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്താനും ഇടയില്ല; വാറ്റ് കുടിശിക പരിച്ചെടുക്കൽ ഊർജ്ജിതമാക്കി ധനക്കമ്മി കുറയ്ക്കാൻ ശ്രമിക്കും; സാമ്പത്തിക വളർച്ചാനിരക്ക് ഉയരുന്നത് പ്രതീക്ഷ; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമപദ്ധതികളുമെത്തും; പത്താം ബജറ്റ് അവതരണത്തിന് തോമസ് ഐസക് ഇന്ന് നിയമസഭയിലെത്തുമ്പോൾ പ്രതീക്ഷിക്കുന്നത് ജനപ്രിയ ബജറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ ക്ഷേമപദ്ധതികളുമായി സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9നു ധനമന്ത്രി ടി.എം.തോമസ് ഐസക് തന്റെ പത്താം ബജറ്റ് അവതരിപ്പിക്കും. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപ മാറ്റി വച്ചേക്കും. ജിഎസ്ടി നടപ്പാക്കിയതിനാൽ ബജറ്റിൽ നികുതി വർധിപ്പിക്കാനോ കുറയ്ക്കാനോ കഴിയില്ല. എന്നാൽ 1% പ്രളയ സെസ് ഏർപ്പെടുത്താൻ സർക്കാരിന് അധികാരം കിട്ടിയതിനാൽ ഇത്തവണത്തെ ബജറ്റ് ഏറെ നിർണ്ണായകമാണ്. ഏതൊക്കെ ഉൽപന്നങ്ങൾക്കു മേൽ സെസ് ചുമത്തുമെന്നത് ബജറ്റിലൂടെ വ്യക്തമാകും.

നവകേരള നിർമ്മാണത്തിന് ഊന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും പ്രളയ സെസ് ചുമത്തുക. ജിഎസ്ടി നിലവിൽ വന്നതോടെ നികുതിയിൽ വലിയ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടായേക്കും. പഴയ വാറ്റ് കുടിശ്ശികകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. കഴിഞ്ഞ തവണ വർദ്ധിപ്പിക്കാതിരുന്ന ക്ഷേമ പെൻഷൻ ഇത്തവണ വർദ്ധിപ്പിച്ചേക്കും. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും നിർദ്ദേശങ്ങളുണ്ടാകും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. തന്റെ പത്താമത്തെ ബജറ്റാണ് തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്.

201718 വർഷത്തിൽ കേരളം 7.18 ശതമാനം വളർച്ച കൈവരിച്ചതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകനം പുറത്തു വന്നിരുന്നു. മുൻവർഷം 6.22 ശതമാനമായിരുന്നു വളർച്ച. 2017-18ൽ രാജ്യത്തിനുണ്ടായ 6.68 ശതമാനത്തെക്കാൾ കൂടുതലാണ് കേരളത്തിന്റെ വളർച്ചനിരക്ക്. നോട്ടുനിരോധനം ഉണ്ടായില്ലെങ്കിൽ വളർച്ച ഇതിലും മെച്ചപ്പെടുമായിരുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞവർഷത്തെ പ്രളയം തുടർന്നുള്ള സാമ്പത്തിക വളർച്ചയെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ഇതെല്ലാം ബജറ്റിലും പ്രതിഫലിക്കാറുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം റവന്യൂ, ധനക്കമ്മികൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ഥിതി അഭികാമ്യമല്ല. ചെലവുകൾ കുറച്ചതുകൊണ്ടാണ് കമ്മി കുറയ്ക്കാൻ കഴിഞ്ഞത്. എന്നാൽ, പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ ചെലവുകൾ കുറയ്ക്കാതെ കമ്മി എങ്ങനെ കുറയ്ക്കാനാവും എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതാണ് ബജറ്റിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ഓരോ വർഷവും ക്ഷേമ പെൻഷൻ 100 രൂപ വീതം വർധിപ്പിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ ബജറ്റിൽ പാലിച്ചിരുന്നില്ല. ഇതുകൂടി കണക്കിലെടുത്ത് ഇത്തവണ ക്ഷേമ പെൻഷനിൽ 100 രൂപയുടെ വർധന വരുത്തുകം. മദ്യം, ഇന്ധനം, സ്റ്റാംപ് ഡ്യൂട്ടി എന്നിവയിൽ വർധന ഉണ്ടാകില്ലെങ്കിലും ഇന്ധന വിലക്കയറ്റമുണ്ടായ കാലത്തു സംസ്ഥാനം കുറച്ച ഒരു രൂപ നികുതി പുനഃസ്ഥാപിച്ചേക്കും. ഒന്നരക്കോടി വരെ വാർഷിക വിറ്റുവരവുള്ള അനുമാന നികുതി നൽകുന്ന വ്യാപാരികളെ ജിഎസ്ടിക്കു മേലുള്ള പ്രളയസെസിൽ നിന്ന് ഒഴിവാക്കുമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തു വ്യാപാരം തുടരുന്നവരിൽ നിന്നും അവസാനിപ്പിച്ചവരിൽ നിന്നും മൂല്യവർധിത നികുതി (വാറ്റ്) കുടിശികയായി പിരിഞ്ഞുകിട്ടാനുള്ള 6500 കോടിയോളം രൂപ പിരിച്ചെടുക്കാൻ പുതിയ മാപ്പാക്കൽ പദ്ധതിയും ബജറ്റിലുണ്ടാകും. 2010-11 സാമ്പത്തിക വർഷം വരെയുള്ള കുടിശികയ്ക്കാണു മുൻപ് മാപ്പാക്കൽ പ്രഖ്യാപിച്ചതെങ്കിൽ കഴിഞ്ഞ ജൂൺ 17 വരെയുള്ള കുടിശികയ്ക്കു മുഴുവൻ മാപ്പാക്കൽ നടപ്പാക്കും. ലോട്ടറി വരുമാനവും ജനങ്ങളിൽ നിന്നുള്ള കുറഞ്ഞ പ്രീമിയം തുകയും ഉപയോഗിച്ചു സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ നിത്യോപയോഗ സാധനങ്ങൾക്കു മേൽ പ്രളയ സെസ് ചുമത്തില്ലെന്നാണു സൂചന. പകരം, ആഡംബര ഉൽപന്നങ്ങളുടെ ഗണത്തിൽപ്പെടുന്ന കാർ, ടിവി, റഫ്രിജറേറ്റർ, എയർ കണ്ടിഷനർ, സിമന്റ്, സിഗരറ്റ് തുടങ്ങിയവയ്ക്കു മേൽ സെസ് വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP