Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയന്റെ കൂടെ ഒറ്റയോഗത്തിൽ ഇരുന്നേയുള്ളൂ; സിപി സുഗതൻ ആളാകെ മാറി; സംഘപരിവാർ സവർണ്ണ രാഷ്ട്രീയത്തിനെതിരെ പട പൊരുതാൻ ഇനി ഹിന്ദു പാർലമെന്റ് നേതാവും! സംഘപരിവാറിന് തീവ്രത കുറവായതുകൊണ്ട് കൂടുതൽ വർഗ്ഗീയതയ്ക്കായി പ്രസ്ഥാനമുണ്ടാക്കിയ നേതാവിനെ പിണറായി വിജയൻ മാനസാന്തരപ്പെടുത്തിയത് ഇങ്ങനെ

പിണറായി വിജയന്റെ കൂടെ ഒറ്റയോഗത്തിൽ ഇരുന്നേയുള്ളൂ; സിപി സുഗതൻ ആളാകെ മാറി; സംഘപരിവാർ സവർണ്ണ രാഷ്ട്രീയത്തിനെതിരെ പട പൊരുതാൻ ഇനി ഹിന്ദു പാർലമെന്റ് നേതാവും! സംഘപരിവാറിന് തീവ്രത കുറവായതുകൊണ്ട് കൂടുതൽ വർഗ്ഗീയതയ്ക്കായി പ്രസ്ഥാനമുണ്ടാക്കിയ നേതാവിനെ പിണറായി വിജയൻ മാനസാന്തരപ്പെടുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വലതു നിന്നും ഇടതു മാറി വീണ്ടും വലത്തേക്ക്... ഒടുവിൽ വീണ്ടും ഇടതിൽ നിലയുറപ്പിക്കുകയാണ് സിപി സുഗതൻ. ആർ എസ് എസിന് വീര്യം പോരെന്ന് പ്രഖ്യാപിച്ച് ഹിന്ദു പാർലമെന്റിലൂടെ പുത്തൻ നവോത്ഥാനം ലക്ഷ്യമിട്ട ഏജീസ് ഓഫീസിലെ മുൻ ജീവനക്കാരൻ. തീവ്ര ഹൈന്ദവ ആശയങ്ങൾക്ക് വേണ്ടി പടപൊരുതാൻ ഉദ്യോഗം രാജിവച്ച് കോട്ടയത്ത് എത്തിയ നേതാവ്. ആർ എസ് എസിനോട് അടുപ്പമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവ പ്രവർത്തകനിൽ നിന്ന് പുതിയ തലത്തിലെത്തുകയാണ് ഇപ്പോൾ സിപി സുഗതൻ. എല്ലാം മാറ്റിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഒറ്റ വേദിയിൽ ഇരുന്ന അനുഭവമാണ്. വനിതാ മതിലിന്റെ സംഘാടനത്തോടെ സുഗൻ ആളാകെ മാറി. ഇതാണ് ഹിന്ദു പാർലമെന്റിന്റെ പുതിയ വിശദീകരണം വ്യക്തമാക്കുന്നത്.

സംഘപരിവാർ, ബിജെപി.നേതൃത്വം മുന്നോട്ടുവെയ്ക്കുന്ന സവർണ അജൻഡ കേരളത്തിലെ ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്ന് ഹിന്ദു പാർലമെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കുന്നു. സംഘപരിവാർ ശക്തികൾ, ഭൂരിപക്ഷം ഹിന്ദുക്കളുടെയും രാഷ്ട്രീയ കാഴ്ചപ്പാട്, വിശ്വാസം എന്നിവയുടെ വക്താക്കൾ ചമയുന്നു. ഇതിനെ പ്രതിരോധിക്കാൻ സംഘപരിവാറിതര വിശാല ഹിന്ദു സമുദായസംഘടനകളുടെ ഐക്യമാണ് ഹിന്ദു പാർലമെന്റ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.സുഗതൻ കഴിഞ്ഞ ദിവസം വിശദീകരിച്ചു. അതായത് സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയത്തിനെതിരെ പട പൊരുതാൻ ഇനി ഹിന്ദു പാർലമെന്റ് നേതാവും കേരളത്തിൽ ഉണ്ടാകുമെന്നതാണ് വസ്തുത. പണ്ട് സുഗതൻ പറഞ്ഞതെല്ലാം അതുകൊണ്ട് തന്നെ ഇനി ഏവർക്കും മറക്കാം.

കേരളത്തിലെ ഹിന്ദുസമൂഹത്തിന് മുന്നിൽ സംഘപരിവാർ- ബിജെപി നേതൃത്വം മുന്നോട്ടു വെയ്ക്കുന്ന സവർണ അജണ്ടകളെ ഹിന്ദു പാർലമെന്റ് ശക്തിയായി പ്രതിരോധിക്കുമെന്ന് സി പി സുഗതൻ പറയുന്നു. മതേതരമായും പുരോഗമനപരമായും ചിന്തിക്കുന്ന ഹിന്ദുക്കൾ കൂട്ടായ്മ സൃഷ്ടിച്ച് രാഷ്ട്രീയഭേദമന്യേ വരുമ്പോൾ നേതൃത്വം ഏറ്റെടുക്കാൻ സംഘപരിവാർ ശ്രമിക്കും. നേതൃത്വം സാധ്യമായില്ലെങ്കിൽ പിന്നെ അവരെ നശിപ്പിക്കാനും നാനാവിധത്തിൽ അവഹേളിക്കലുമാണ് പതിവ്. ഹിന്ദുക്കളുടെ മൊത്തക്കച്ചവടം തങ്ങൾക്കാണെന്നാണ് സംഘപരിവാർ വിചാരം. ഈ ധാരണ തിരുത്തിക്കാനും എതിർത്തു തോൽപ്പിക്കാനും ഹിന്ദു പാർലമെന്റ് മുന്നിലുണ്ടാവും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും അവരെ തുരത്തും. ഹിന്ദുത്വ സർടിഫിക്കറ്റ് നൽകാനുള്ള ചുമതല ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല. വടക്കേ ഇന്ത്യയിൽ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ വോട്ട് പിടിക്കേണ്ടത്. അതിനു പകരം കേരളത്തിൽ വിശ്വാസികളെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് നീക്കം.

കേരളത്തിൽ വെറും ഏഴ് ശതമാനം ഹിന്ദുക്കളുടെ മാത്രം പിന്തുണയേ സംഘപരിവാറിനുള്ളൂ. സംഘപരിവാർ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും വിശ്വാസ- അവിശ്വാസങ്ങളെയും സംഘപരിവാർ നിരന്തരം അപഹസിക്കുകയും അവരെയെല്ലാം ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുകയുമാണ്. സംഘപരിവാർ വിരുദ്ധരെ രണ്ടാം ക്ലാസ് ഹിന്ദുക്കളായും മുദ്രകുത്തുന്നു.സംഘപരിവാറിതര സ്വതന്ത്ര വിശാലഹിന്ദു സമുദായ സംഘടനകളുടെ ഐക്യമാണ് ഹിന്ദു പാർലമെന്റ്. ബഹു ഭൂരിപക്ഷം ഹിന്ദു സമുദായ സംഘടനകളും ഇതിലെ അംഗങ്ങളാണ്. യോജിക്കാവുന്ന മേഖലകളിൽ കൂട്ടായ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണിത്. കൂട്ടായ തീരുമാനപ്രകാരമാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായും വനിതാ മതിലുമായും സഹകരിക്കാൻ ഹിന്ദു പാർലമെന്റ് തീരുമാനിച്ചത്. തുടർന്നാണ് ഹിന്ദു പാർലമെന്റ് ജനറൽസെക്രട്ടറിയായ തന്നെ സമിതിയുടെ ജോയിന്റ് കൺവീനറായി തെരഞ്ഞെടുത്തത്. ഇതിനുശേഷം തനിക്കും ഹിന്ദു പാർലമെന്റിനുമെതിരെ സംഘപരിവാർ വ്യാജവാർത്ത ചമയ്ക്കുകയും വ്യക്തിഹത്യ നടത്തുകയുമാണ്. വ്യാജ വാർത്തയ്ക്ക് ജന്മഭൂമി പത്രത്തിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും സുഗതൻ പറഞ്ഞു. അങ്ങനെ നവോത്ഥാന നായകനായി മാറുകയാണ് സുഗതൻ.

സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള പ്രധാന ചുമതല മുഖ്യമന്ത്രി സുഗതനേയാണ് ഏൽപ്പിച്ചത്. ഇതോടെയാണ് മാറ്റങ്ങളുടെ തുടക്കം. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്നും ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മനുഷ്യച്ചങ്ങല പോലെയൊരു വനിതാമതിൽ പിണറായി പ്രഖ്യാപിച്ചത്. തൊട്ടടുത്തിരുന്ന് എല്ലാം കേട്ട സുഗതനും അന്ന് മുതൽ നിലപാട് മാറ്റുകയായിരുന്നു. കടുത്ത സ്ത്രീവിരുദ്ധതയും വർഗീയ നിലപാടുകളുമുള്ള സി.പി.സുഗതൻ എങ്ങനെയാണ് സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാനുള്ള വനിതാമതിലിന്റെ സംഘാടകനാകുന്നത് എന്ന ചോദ്യം അന്ന് മുതൽ സജീവമായിരുന്നു. അഖില-ഹാദിയ വിവാദം കത്തി നിന്ന സമയത്ത് സി.പി.സുഗതൻ സ്വീകരിച്ച നിലപാട് കുപ്രസിദ്ദമാണ്. അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെയെന്നും മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നുമാണ് സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

2017 ഒക്ടോബർ 10 ന് സി പി സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ: അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ് . ജന്മം നൽകി സ്‌നേഹിച്ചു വളർത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയിൽ ആക്കി, നാടിനും നാട്ടാർക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മിൽ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകൾ തന്റെ സംസ്‌കാരത്തോടും, മാതൃപിതുർത്തതോടും ശത്രുപക്ഷത്തു ചേർന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. .യുദ്ധത്തിൽ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലിൽ പോകാൻ ധർമ ശാസ്ത്രങ്ങൾ അനുമതി നല്കുന്നുണ്ട്.-ഇങ്ങനെയായിരുന്നു കുറിപ്പ്. ഈ നേതാവാണ് നവോത്ഥാനത്തിന് വേണ്ടി ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ഇഷടമുള്ള മതം സ്വീകരിച്ചതിന്റെ പേരിലാണ് അഖില എന്ന ഹാദിയയെ വലിച്ചുകീറി സി.പി.സുഗതൻ കൊലവിളി പോസ്റ്റിട്ടത്.

ശബരിമല വിഷയത്തിൽ ഡിസംബർ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിൽ രഹസ്യ അജണ്ടയുടെ ഭാഗമായാണ് വനിതാമതിലിന്റെ ജോയിന്റ് കൺവീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിർത്ത സുഗതൻ ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചിരുന്നു. ഇനി താൻ നവോത്ഥാന പക്ഷത്താണെന്ന് പറഞ്ഞ് സുഗതൻ അതിനെ പ്രതിരോധിച്ചു. എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ അതിനെ വിമർശിക്കുകയും ചെയ്തു. സർക്കാരിനൊപ്പം എൻഎസ്എസിനെയും ശബരിമല തന്ത്രിയെയുമാണ് സുഗുതൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവർ. അതുപോലെ യുവതികൾ കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല- സുഗതൻ ചോദിച്ചിരുന്നു.

'സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തർ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!'-ഇതായിരുന്നു സുഗതന്റെ നിലപാട്. എന്നാൽ വീണ്ടും മലക്കം മറിഞ്ഞ് നവോത്ഥാനം പറയുകയാണ് സുഗതൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP