Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഷ്യാലിറ്റി ഡോക്ടർ അവധി എടുക്കുമ്പോൾ എടപ്പാൾ ആശുപത്രിയിൽ പകരം നിയമിച്ചത് വ്യാജനെ! ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും നിയമിച്ച ആർഎംഒയ്ക്ക് മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ; സംശയം തോന്നി രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച രോഗികൾ തിരിച്ചറിഞ്ഞത് ഡോക്ടർക്ക് ചികിൽസിക്കാൻ അറിയില്ലെന്ന സത്യം; എംബിബിഎസ് ബിരുദമില്ലെന്ന് മറുനാടനോട് തുറന്ന് സമ്മതിച്ച് ഡോക്ടർ തോമസും; സ്വകാര്യ ആശുപത്രി കാഷ്വാലിറ്റികളിൽ രോഗികളുടെ ജീവൻ പന്താടപ്പെടുകയാണോ?

കാഷ്യാലിറ്റി ഡോക്ടർ അവധി എടുക്കുമ്പോൾ എടപ്പാൾ ആശുപത്രിയിൽ പകരം നിയമിച്ചത് വ്യാജനെ! ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും നിയമിച്ച ആർഎംഒയ്ക്ക് മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ; സംശയം തോന്നി രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച രോഗികൾ തിരിച്ചറിഞ്ഞത് ഡോക്ടർക്ക് ചികിൽസിക്കാൻ അറിയില്ലെന്ന സത്യം; എംബിബിഎസ് ബിരുദമില്ലെന്ന് മറുനാടനോട് തുറന്ന് സമ്മതിച്ച് ഡോക്ടർ തോമസും; സ്വകാര്യ ആശുപത്രി കാഷ്വാലിറ്റികളിൽ രോഗികളുടെ ജീവൻ പന്താടപ്പെടുകയാണോ?

എം മനോജ് കുമാർ

മലപ്പുറം: അരാജകത്വത്തിന്റെയും അനാസ്ഥകളുടെയും പിടിയിലാണോ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ. അവയവമാറ്റങ്ങളുമായും ചികിത്സാ പിഴവുമായും ബന്ധപ്പെട്ടു കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ നേർക്ക് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കെ തന്നെയാണ് വ്യാജ ഡോക്ടർമാരെ ഇവർ ആശുപത്രി കാഷ്വാലിറ്റികളിൽ നിയമിക്കുന്നതായും ആരോപണം ഉയർന്നിരിക്കുന്നത്. മലപ്പുറത്തും പരിസരത്തും വ്യാജഡോക്ടർ വിലസുന്നതായാണ് വന്നിരിക്കുന്ന പരാതി. എടപ്പാൾ ഹോസ്പിറ്റൽ അടക്കമുള്ള നിരവധി പ്രമുഖ ആശുപത്രികളിലെ കാഷ്വാലിറ്റിയിലാണ് വ്യാജ ഡോക്ടർ ആയ തോമസ് വിലസുന്നത്.

ഈ ഡോക്ടർ തോമസ് എടപ്പാൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ജോലിചെയ്തിട്ടുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ കൂടി മറുനാടനോട് സമ്മതിക്കുമ്പോൾ സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമാകുന്നുവെന്നു സൂചനകൾ കൂടിയാകുന്നു. . ഈ ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ടെന്നു എടപ്പാൾ ആശുപത്രി വൃത്തങ്ങൾ സമ്മതിക്കുമ്പോൾ അവരുടെ രജിസ്റ്റർ നമ്പർ തങ്ങൾ ഇതുവരെ ചെക്ക് ചെയ്തില്ലെന്നും ഇവർ തന്നെ പറയുന്നു. . വീഴ്ച സംഭവിച്ചതായുള്ള ആശുപത്രി അധികൃതരുടെ കുറ്റസമ്മതം തന്നെയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. താൻ വ്യാജൻ തന്നെയാണെന്ന് വ്യാജ ഡോക്ടർ കൂടിയായ തോമസ് കൂടി സമ്മതിക്കുമ്പോൾ കേരളത്തിലെ ആശപത്രികളിൽ നടമാടുന്ന അവസ്ഥകളുടെ പ്രതിഫലനം വ്യക്തമാകുന്നു.

എടപ്പാൾ ആശുപത്രി പോലുള്ള മലപ്പുറത്തെ പ്രമുഖ ആശുപത്രികളിൽ അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ അവസ്ഥ എന്തായി മാറുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കുറ്റസമ്മതം. 2012 മുതൽ ഈ വ്യാജൻ ആശുപത്രി കാഷ്വാലിറ്റികളിൽ വിലസുന്നുണ്ടെന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ചവിവരങ്ങൾ പ്രകാരം വെളിവാകുന്നത്. മലപ്പുറത്തെ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഈ ഡോക്ടർ ജോലി ചെയ്യുമ്പോൾ എഴുതി കൊടുത്ത രജിസ്റ്റർ നമ്പർ ചിലർ ചെക്ക് ചെയ്തപ്പോഴാണ് ഇയാൾ വ്യാജമാണെന്നു അറിയുന്നത്. ഇതേ ആശുപത്രിയിൽ പറഞ്ഞത് ഇയാൾ റഷ്യയിൽ പഠിച്ചു എന്നാണ്. ഇയാളുടെ സംസാരത്തിൽ ഒരു ഡോക്ടറുടെ പോയിട്ട് സാധാരണ പൗരന്റെ നിലവാരം കൂടിയില്ല. അതിനാലാണ് ഇയാൾക്കെതിരെ അന്വേഷണം ചിലർ നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇയാൾ നൂറു ശതമാനം വ്യാജമാണെന്നു തെളിയുന്നത്.

ഇപ്പോഴും ഈ ഡോക്ടർ പിടിക്കപ്പെടാതെ സുരക്ഷിതനായി വിലസുന്നു എന്ന് പറയുന്നിടത്ത് സ്ഥിതിഗതികൾക്ക് ഭയാനക രൂപം കൂടി വരുന്നു. അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ ജീവനാണ് ഇത്തരം വ്യാജേന്മാരുടെ പിടിയിൽപ്പെട്ടു ഹോമിക്കപ്പെടുന്നത്. എടപ്പാൾ ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടർ ലീവ് എടുക്കുന്ന അവസരങ്ങളിലാണ് പകരം ഈ വ്യാജൻ നിയമിക്കപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം കാഷ്വാലിറ്റി ജോലി ചെയ്ത് പറഞ്ഞ പണവും വാങ്ങി വ്യാജൻ പെട്ടെന്ന് സ്ഥലം വിടും. പിന്നീട് ഒരു വിവരവും കാണില്ല. വീണ്ടും ഡോക്ടർ ലീവ് എടുക്കുമ്പോൾ പകരം എത്തും. പണം വാങ്ങി മുങ്ങും. ഇങ്ങിനെ വ്യാജൻ ലക്ഷങ്ങൾ സമ്പാദിച്ചതായാണ് അറിവ്.

എടപ്പാൾ വിട്ട് മറ്റ് ആശുപത്രികളിൽ പോകുമ്പോൾ എടപ്പാൾ ആശുപത്രി കാഷ്വാലിറ്റിയിൽ ജോലി ചെയ്ത കാര്യം പറയും. മറ്റു ആശുപത്രികളിൽ പോകുമ്പോൾ ഇതുപോലുള്ള പ്രമുഖ ആശുപത്രികളുടെ പേര് പറയും. ആർഎംഒയുടെ നമ്പർ കൈമാറും. ഒപ്പം റഷ്യയിൽ നിന്ന് എംബിബിഎസ് പഠിച്ചതായുള്ള വിവരങ്ങളും പറയും. വാക്കുകളിൽ വിശ്വാസ്യത, നിലവിൽ ജോലി ചെയ്ത ആശുപത്രികളിലെ ആർഎംഒ മാരുടെ നമ്പർ, ജോലി വിവരങ്ങൾ എല്ലാം പറയും. മേമ്പൊടിക്ക് റഷ്യ കൂടിയാകുമ്പോൾ എല്ലാം സുരക്ഷിതം. ജോലി ചെയ്ത പണം വാങ്ങി ഇയാൾ മുങ്ങുന്നു. സോഷ്യൽ മീഡിയയിൽ വരെ ഇയാളുടെ സാന്നിധ്യമില്ല. വളരെ സുരക്ഷിതമായാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പ് പുറത്തറിയുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നില്ല.

സുരക്ഷിതമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയപ്പോൾ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നു പറയുമ്പോൾ ഇയാൾ കണ്ടെത്തിയ തട്ടിപ്പിന്റെ വഴി എത്രമാത്രം സുരക്ഷിതമാണെന്നതിന്റെ തെളിവാകുന്നു. എടപ്പാൾ ആശുപത്രി എച്ച്ആർ അധികൃതർ പറഞ്ഞത് തങ്ങൾ അറിയാതെയാണ് ഈ നിയമനം എന്നാണ്. അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിന് മാത്രമേ അറിയാവൂ എന്നാണ്. അഡ്‌മിൻ വിഭാഗം പറഞ്ഞത് തങ്ങൾക്ക് ഈ കാര്യത്തിൽ ഉത്തരവാദിത്തമില്ലാ എന്നാണ്. ഉത്തരവാദിത്തം ആർഎംഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആർഎംഒ ലീവിൽ പോകുമ്പോൾ പകരം ആളെ അവർ നിയമിക്കും. ഇങ്ങിനെ നിയമിക്കുന്ന ഡോക്ടറുടെ തുക ആർഎംഒ നൽകുമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്. അതുകൊണ്ട് ഈ കാര്യത്തിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ല. പക്ഷെ ഇങ്ങിനെ വ്യാജൻ വരുമ്പോൾ അത് തിരിച്ചറിയാൻ ഞങ്ങൾക്ക് സംവിധാനമില്ല. ഇങ്ങിനെ ഒരു പരാതി തങ്ങൾക്ക് മുന്നിൽ ആദ്യമാണെന്നും ഇത്തരം ഡോക്ടർമാർ നിയമിക്കപ്പെടുമ്പോൾ അവരുടെ രജിസ്‌റ്റ്രേഷൻ നമ്പർ കൂടി പരിശോധിക്കുമെന്നും എടപ്പാൾ ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.

വ്യാജൻ എന്ന് വ്യക്തമായ ഡോക്ടർ തോമസ് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ: എന്റെ പേര് ഡോക്ടർ സോണി തോമസ് എന്നാണ്. എനിക്ക് ഡോക്റ്റർ രജിസ്ട്രേഷൻ ഉണ്ട്. ആരാണ് വ്യാജമാണ് എന്ന് പറഞ്ഞത്? ഏത് മെഡിക്കൽ ശാഖയിലാണ് ബിരുദം എന്ന് ചോദിച്ചപ്പോൾ അത് മുതൽ ഡോക്ടർ ഉരുളാൻ തുടങ്ങി. ബിരുദം ഹോമിയോപ്പതിയിലാണ് എന്ന് പറഞ്ഞു. എൻഎസ്എസ് ഹോമിയോപ്പതി ആശുപത്രിയിൽ ഡിപ്ലോമ എടുത്തത് എന്ന് പറഞ്ഞു. ഹോമിയോപ്പതി ബിരുദമുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് വെറും ഡിപ്ലോമയായി ചുരുങ്ങി. ഹോമിയോപ്പതി ബിരുദം എടുത്തിട്ടില്ലെന്നും പറഞ്ഞു. അതിനാൽ ഹോമിയോപ്പതിയും പ്രാക്ടീസ് ചെയ്യുന്നില്ലാ എന്നും പറഞ്ഞു.

റഷ്യയിൽ പോയി പഠിച്ച് എംബിബിഎസ് ബിരുദം ഉണ്ടെന്നു പറഞ്ഞു. മോസ്‌കോ മെഡിക്കൽ അക്കാദമിയിൽ വച്ചാണ് പഠനം എന്നും പറഞ്ഞു. പക്ഷെ എംബിബിഎസ് പഠനം പൂർത്തിയാക്കിട്ടില്ലെന്നും പറഞ്ഞു. 1999 ലായിരുന്നു അത്. അപ്പോൾ ഡോക്ടർക്ക് എംബിബിഎസ് ബിരുദവും ഇല്ലെന്നു ഒടുവിൽ വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP