Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിലും കോളേജിലും പഠനത്തിൽ മിടുമിടുക്കി; എൻട്രൻസ് ജയിച്ച് ബീഫാമിന് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; വിവാഹം കഴിഞ്ഞതോടെ വീട്ടമ്മയായി ജീവിതം; ചെറുവയ്ക്കൽ വാർഡിൽ ആളില്ലാതെ വന്നതോടെ കോൺഗ്രസുകാരിയെ സിഎംപി സ്ഥാനാർത്ഥിയാക്കി; മോദിയെ വിമർശിച്ചാൽ മൂക്കുചെത്തി കളയുമോ? സഖാവ് പിണറായിയേും ഞങ്ങൾ വിമർശിക്കും അതിൽ ചൊറിഞ്ഞിട്ട് കാര്യമില്ലെന്ന 'തീപ്പൊരി' പ്രസംഗം താരമാക്കിയത് എഫ് ബി അക്കൗണ്ട് പോലുമില്ലാത്ത അക്കുളം കൗൺസിലർ വിആർ സിനിയെ

സ്‌കൂളിലും കോളേജിലും പഠനത്തിൽ മിടുമിടുക്കി; എൻട്രൻസ് ജയിച്ച് ബീഫാമിന് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; വിവാഹം കഴിഞ്ഞതോടെ വീട്ടമ്മയായി ജീവിതം; ചെറുവയ്ക്കൽ വാർഡിൽ ആളില്ലാതെ വന്നതോടെ കോൺഗ്രസുകാരിയെ സിഎംപി സ്ഥാനാർത്ഥിയാക്കി; മോദിയെ വിമർശിച്ചാൽ മൂക്കുചെത്തി കളയുമോ? സഖാവ് പിണറായിയേും ഞങ്ങൾ വിമർശിക്കും അതിൽ ചൊറിഞ്ഞിട്ട് കാര്യമില്ലെന്ന 'തീപ്പൊരി' പ്രസംഗം താരമാക്കിയത് എഫ് ബി അക്കൗണ്ട് പോലുമില്ലാത്ത അക്കുളം കൗൺസിലർ വിആർ സിനിയെ

എം മനോജ് കുമാർ

തിരുവനന്തപുരം: വി.ആർ.സിനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം. തിരുവനന്തപുരം കോർപ്പറേഷനിലെ ആക്കുളം വാർഡ് കൗൺസിലർ ആയ സിനിയുടെ കാര്യം തന്നെയാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പൊതുചടങ്ങിൽ ജനപ്രതിനിധികൾക്ക് നേരിട്ട കടുത്ത അവഗണന ഉയർത്തിക്കാട്ടി കോർപറേഷൻ കൗൺസിൽ യോഗത്തിൽ സിനി നടത്തിയ ഒരൊറ്റ പ്രസംഗം കാര്യങ്ങൾ കീഴ്‌മേൽ മറിച്ചിരിക്കുന്നു. നരേന്ദ്ര മോദിയെന്ന് മിണ്ടിക്കൂടേ, മോദിയെ വിമർശിച്ചാൽ മൂക്കു ചെത്തിക്കളയുമോ ? മോദിയെ മാത്രമല്ല സഖാവു പിണറായി വിജയനെയും ഞങ്ങൾ വിമർശിക്കും. കാര്യം പറയുമ്പോൾ ചൊറിഞ്ഞിട്ടു കാര്യമില്ല. ഒരു സ്ത്രീ പറയുന്നതു കേൾക്കാനുള്ള സഹിഷ്ണുത കാണിക്കാതെ ബഹളം വയ്ക്കാൻ നിങ്ങൾക്ക് നാണമില്ലേ? കോർപറേഷൻ കൗൺസിൽ യോഗത്തിൽ തന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി കൗൺസിലർമാരെ നോക്കി പൊട്ടിത്തെറിച്ച സിനിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ പ്രസംഗം വൈറൽ ആയതോടെ സ്ഥിതി മാറി. അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ സിനിക്ക് ലഭിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള അഭിനന്ദ പ്രവാഹം തന്നെ. .

ഒരു ജനപ്രതിനിധിയാകണം എന്ന് സിനി ആഗ്രഹിച്ചതല്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തനം ഇഷ്ടമായിരുന്നു. ഒരു കോൺഗ്രസുകാരിയായിരുന്നു. കുടുംബം കോൺഗ്രസ് പശ്ചാത്തലമുള്ളതുമാണെന്ന് സിനി പറയുന്നു. ഇതിനു മുൻപ് നടന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ചെറുവയ്ക്കൽ വാർഡ് സിഎംപിക്കാണ് ലഭിച്ചത്. ഒരു കോൺഗ്രസുകാരിയായ എന്നോട് സിഎംപി നേതാവായ സി.പി.ജോൺ ചെറുവയ്ക്കൽ വാർഡിൽ മത്സരിക്കാമോ എന്ന് ചോദിച്ചു. എംവിആർ ജീവിച്ചിരിപ്പുള്ള സമയം കൂടിയായിരുന്നു അത്. അങ്ങിനെ മത്സരിക്കാൻ വേണ്ടി ഞാൻ സിഎംപി മെമ്പർഷിപ്പ് എടുത്ത് സിഎംപിക്കാരിയായി. സിഎംപി യുഡിഎഫ് പക്ഷത്ത് ആയതിനാൽ പാർട്ടി മാറി എന്ന ഒരു ഫീൽ വന്നതുമില്ല. ചെറുവയ്ക്കൽ വാർഡിൽ നിന്ന് കഴിഞ്ഞ തവണ ജയിച്ചു. ഒരു ചെറിയ കാര്യം ജനങ്ങൾക്ക് ചെയ്തുകൊടുത്താൽ അവർ ഈ കാര്യം പരിഗണിക്കും. അല്ലാ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയല്ല. എന്റെ അനുഭവം അങ്ങിനെയാണ്. ബീഫാമിനു പഠിച്ചു കഴിഞ്ഞു മെഡിക്കൽ രംഗത്ത് തുടർന്നിരുന്നെങ്കിൽ വളരെ കുറച്ച് ആളുകളുമായി ഇടപഴകി ജീവിതം മുന്നോട്ടു കൊണ്ട് പോവേണ്ടി വന്നേനെ. പക്ഷെ കൗൺസിലർ ആയുള്ള പ്രവർത്തനത്തിൽ വ്യത്യാസമുണ്ട്. വളരെ വിപുലമായ പ്രവർത്തന മേഖലയാണ്. ഭരണതലത്തിന്റെ ഏറ്റവും ഉയർന്ന ആളുകളുമായാണ് ഇടപെടുന്നത്. ജനങ്ങൾക്ക് ഒട്ടുവളരെ കാര്യങ്ങൾ ചെയ്തു നൽകാൻ കഴിഞ്ഞിട്ടുണ്ട്.

ഇക്കുറി വനിതാസംവരണ വാർഡ് ആയത് തൊട്ടടുത്തുള്ള ആക്കുളം വാർഡ് ആണ്. അങ്ങിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആക്കുളം വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ചു. കോൺഗ്രസുകാരിയാണെങ്കിലും ഞാൻ ഇപ്പോൾ സിഎംപിക്കാരിയാണ്. കഴിഞ്ഞ രണ്ടു തവണയും സിഎംപി സ്ഥാനാർത്ഥിയായിട്ടായിരുന്നു ജയം. ഇപ്പോൾ കൗൺസിലർ എന്ന നിലയിൽ എട്ടു വർഷങ്ങൾ പൊതുരംഗത്ത് പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോൾ അത് ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിലായിരുന്നു സ്‌കൂൾ പഠനം. കോളേജ് പഠനം തിരുവനന്തപുരം വിമൻസ് കോളേജിലും. പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബി ഫാമിന് പഠിച്ചു. കോഴ്‌സ് കഴിഞ്ഞു. പക്ഷെ പൊതുരംഗത്തേക്ക് ഇറങ്ങാനാണ് ആഗ്രഹിച്ചത്, വാർഡ് കൗൺസിലർ ആയതോടെ പൊതുരംഗത്ത് മുഴുകയും ചെയ്തു. ഇപ്പോൾ പോങ്ങുമൂട് മെഡിക്കൽ ഷോപ് നടത്തുന്നു. എസ്എൻഡിപി നേതാവ് ചേന്തി അനിൽ ആണ് സിനിയുടെ ഭർത്താവ്. മകൾ അനു ശ്രീനാരായണ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എംബിബിഎഎസിനു പഠിക്കുന്നു,

1996 ഫെബ്രുവരി 22 നായിരുന്നു വിവാഹം. പത്രാധിപർ സുകുമാരൻ സ്മാരക എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ആണ് ഭർത്താവായ അനിൽ. ഭർത്താവിന്റെ മൂത്ത സഹോദരൻ ചേന്തിയിൽ സുകുമാരൻ ഉള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനാണ്. അമ്മയുടെ സഹോദരന്മാർ സജീവ കോൺഗ്രസ് നേതാക്കളായിരുന്നു. വെഞ്ഞാറമൂട് ഭാഗത്തുള്ള കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരായിരുന്നു. അതിൽ ഒരു സഹോദരൻ മരിച്ചുപോയി. രാജേന്ദ്രൻ നായരാണ് മരിച്ചു പോയത്. സുമേഷ് ബാബു എന്ന സഹോദരൻ കോൺഗ്രസ് നേതാവായി തന്നെ തുടരുന്നുണ്ട്. കോർപ്പറേഷനിലെ പ്രസംഗത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയവും സിഎംപി അംഗമായ സിനിയെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്നു ശശി തരൂർ എംപി, വി എസ്.ശിവകുമാർ എംഎൽഎ, മേയർ വി.കെ.പ്രശാന്ത് എന്നിവരെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോർപറേഷനിൽ നടന്ന പ്രമേയാവതരണത്തിനിടെ സിനി നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലെ തിലകക്കുറിപോലുള്ള പ്രസംഗമായി പിന്നീട് മാറിയത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ ഡയസിൽ സ്ഥലം എംപി ശശി തരൂർ, എംഎൽഎ വി എസ്,ശിവകുമാർ, മേയർ വി.കെ.പ്രശാന്ത് എന്നിവരെ ക്ഷണിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇവർക്കെല്ലാം പകരം ഡയസിൽ തിളങ്ങിയത് ബിജെപി നേതാക്കളാണ്. ഇതാണ് മറ്റു കൗൺസിലർമാരെപ്പോലെ സിനിയേയും ചൊടിപ്പിച്ചത്. ഇത് മനസ്സിലിട്ടു നടത്തിയ പ്രസംഗത്തിൽ ഒഴുകി വന്ന വാക്കുകൾ ആണ് ഇപ്പോൾ സിനിക്ക് താരത്തിളക്കം നൽകിയിരിക്കുന്നത്. കോൺഗ്രസ് ഹൈക്കമാണ്ടും വിഷയം ശ്രദ്ധിച്ചിട്ടുണ്ട്.

ജനപ്രതിനിധികൾക്ക് ഒരു സ്വീകാര്യതയില്ലേ? ജനപ്രതിനിധികൾ അലങ്കരിക്കേണ്ട വേദിയിൽ അവർക്ക് അർഹതയുള്ള സ്ഥാനം നൽകാതെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പരിപാടി സമാപിച്ചത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. ഈ പ്രതിഷേധമാണ് എന്റെ വാക്കുകളിൽ പ്രതിഫലിച്ചത്-സിനി മറുനാടൻ മലയാളിയോട് പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വിമർശനമാണ് ഞാൻ നടത്തിയത്. ഞങ്ങൾക്ക് പറയാനുള്ള വേദി ആയിരുന്നു അത്. യുഡിഎഫ് കൗൺസിൽ നേതാവായ പേട്ട കൗൺസിലർ ഡി.അനിൽകുമാർ ആണ് കോർപ്പറേഷൻ കൗൺസിലിൽ യുഡിഎഫ് പ്രമേയ അവതരണം നടത്തിയത്. 35 ബിജെപി അംഗങ്ങളായും 21 യുഡിഎഫ് അംഗങ്ങളും , 44 ഇടതുമുന്നണി അംഗങ്ങളും അടങ്ങുന്നതാണ് കോർപറേഷൻ കൗൺസിൽ.

ശശി തരൂർ, വി എസ്.ശിവകുമാർ, മേയർ വി.കെ.പ്രശാന്ത് എന്നിവരെ ഡയസിലേക്ക് വിളിക്കാത്ത നടപടി ശക്തമായ പ്രതിഷേധം തന്നെയാണ് കൗൺസിൽ യോഗത്തിൽ ഉയർത്തിയത്. .യുഡിഎഫ്-ഇടതുമുന്നണി പ്രമേയങ്ങൾക്ക് കൗൺസിലിൽ വൻ പിന്തുണ ലഭിച്ചു. ,ജനുവരി 23 നായിരുന്നു പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ്, ഇടതുമുന്നണി പിന്തുണയുള്ള പ്രമേയമായിരുന്നു അത്. ബിജെപി പ്രമേയത്തെ ശക്തമായി എതിർത്തു. പക്ഷെ പറയാനുള്ള കാര്യം ഞങ്ങൾ പറഞ്ഞു. എനിക്ക് ഫെയ്സ് ബുക്ക് അകൗണ്ട് ഇല്ലാത്തതിനാൽ ആ പ്രസംഗത്തിന്റെ പൾസ് അറിയാൻ കഴിയുന്നില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിയുന്നു. അത്രയധികം ആളുകൾ ആണ് പ്രസംഗത്തിന്റെ പേരിൽ എന്നെ വിളിക്കുന്നത്. സത്യസന്ധമായാണ് ഞാൻ പറഞ്ഞത്. സുതാര്യമായാണ് പൊതുകാര്യങ്ങളിൽ ഞാൻ ഇടപെടാറുള്ളത്. അതിന്റെ പിന്തുണ എനിക്ക് എപ്പോഴും ലഭിക്കാറുണ്ട്. ഇപ്പോൾ ലഭിച്ചതും ആ രീതിയിലുള്ള പിന്തുണ തന്നെയാണ്-സിനി പറയുന്നു.

മോദിയായാലും രാഹുൽ ഗാന്ധി ആയാലും അവരുടെ നയപരിപാടികൾ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശനം വരും.പാർട്ടി നോക്കാതെ തന്നെ വിമർശനം വരും. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ വിമർശനം ശക്തമായി തന്നെ പ്രതിഫലിക്കും. രാഹുൽ ഗാന്ധിയെ വിമർശിക്കണം, നരേന്ദ്ര മോദിയെ വിമർശിക്കണം, പിണറായി വിജയനെ വിമർശിക്കണം എന്ന് ഞാൻ വിചാരിച്ചിട്ട് കാര്യമില്ല. ജനങ്ങൾ എന്ത് പറയുന്നു എന്നതാണ് പ്രശ്‌നം. ജനങ്ങളുടെ വികാരം ഏറ്റെടുത്തുകൊണ്ടാണ് കോർപറേഷൻ കൗൺസിലിൽ അന്നത്തെ പ്രസംഗം നടത്തിയത്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP