Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ വെട്ടി മഹാരാഷ്ട്ര അസംബ്‌ളിയിൽ അധികാരം പിടിക്കാൻ ഉദ്ധവിനും ശിവസേനയ്ക്കും മോഹം; മോദിയെ അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ക്ഷണിച്ചുവരുത്തി ഉദ്ധവ് ചർച്ച നടത്തി; ബിജെപി ബന്ധം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന ഉപേക്ഷിച്ചേക്കുമെന്ന് സൂചനകൾ

ബിജെപിയെ വെട്ടി മഹാരാഷ്ട്ര അസംബ്‌ളിയിൽ അധികാരം പിടിക്കാൻ ഉദ്ധവിനും ശിവസേനയ്ക്കും മോഹം; മോദിയെ അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ക്ഷണിച്ചുവരുത്തി ഉദ്ധവ് ചർച്ച നടത്തി; ബിജെപി ബന്ധം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന ഉപേക്ഷിച്ചേക്കുമെന്ന് സൂചനകൾ

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിയെ അധികാരത്തിലെത്തിക്കാൻ പിന്നണിയിൽ പ്രവർത്തിച്ച തിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ ഇക്കുറി മഹാരാഷ്ട്രയിൽ ശിവസേനയ്ക്കു വേണ്ടി കളത്തിലിറങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിന് പിന്നാലെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ശിവസേനയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചുമതല പ്രശാന്തിന് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ബിജെപിയ്‌ക്കൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിന്നിരുന്ന പ്രശാന്ത് പിന്നീട് ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റു പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന സൂചനകളും വന്നിരുന്നു. എ്ന്നാൽ ബിജെപിക്ക് ഒപ്പം നിലകൊണ്ടിരുന്ന ശിവസേനയ്ക്ക് വേണ്ടി പ്രശാന്ത് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. അതിനാൽ, ഇക്കുറി മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പമാകുമോ ശിവസേന മത്സരിക്കുക എന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.

ബിജെപിക്ക് എതിരെ ശക്തമായ നിലപാടുകളുമായി ഇടയ്ക്കിടെ ശിവസേനാ നേതാക്കൾ രംഗത്തുവന്നിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന കാര്യത്തിലുൾപ്പെടെ ഇരുപാർട്ടികളും രണ്ടുതട്ടിലാണ്. എന്നാലും ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുകൂട്ടരും വീണ്ടും കൈകോർക്കുമെന്ന സൂചനകളാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. പക്ഷേ, ബിജെപിയോട് പിണങ്ങിപ്പിരിഞ്ഞ പ്രശാന്ത് ശിവസേനയ്ക്കു വേണ്ടി കളത്തിലിറങ്ങുമ്പോൾ ബിജെപി സഖ്യത്തിന്റെ കാര്യത്തിൽ ശിവസേന പുനർചിന്തനം നടത്തുമോ എന്ന ചോദ്യവും ഉയരുന്നു.

ശിവസേനാ തലവൻ ഉദ്ധവ് താക്കറെ, പാർട്ടിയുടെ എംപിമാർ തുടങ്ങിയവരുമായി കിഷോർ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതോടെയാണ് പ്രശാന്ത് ഇക്കുറി ശിവസേനയുടെ തിരഞ്ഞെടുപ്പ് പദ്ധതികളുടെ ആസൂത്രണത്തിന് ഉണ്ടാവുമെന്ന വിഷയം ചർച്ചയാകുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയുമായി സഖ്യം വേണമോയെന്ന കാര്യം യോഗത്തിൽ ചർച്ചയായില്ലെന്നാണ് സൂചന.

2014 പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രയോഗിച്ച തന്ത്രങ്ങൾക്കു സമാനമായി എല്ലാ സഹകരണങ്ങളും പ്രശാന്ത് കിഷോർ തങ്ങൾക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശിവസേന എംപി ഇന്നത്തെ ചർച്ചയ്ക്ക് പിന്നാലെ ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മഹാരാഷ്ട്രയെ ബാധിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തന്ത്രങ്ങളുൾപ്പെടെ പ്രശാന്ത് ആവിഷ്‌കരിക്കും.

മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രിയെന്നതാണ് ഉദ്ധവ് താക്കറെയുടെ ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ തുടങ്ങിയാൽ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് ശിവസേന കണക്കുകൂട്ടുന്നത്. അതേസമയം ശിവസേന ജനതാദൾ യുണൈറ്റഡുമായി കൂട്ടുകൂടി മുന്നണിയുണ്ടാക്കില്ലെന്നും ശിവസേന എംപി വ്യക്തമാക്കിയിട്ടുണ്ട്.

എൻഡിഎയുടെ ഭാഗമാണ് ജെഡിയു. അതിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് പ്രശാന്ത് കിഷോർ ഇപ്പോൾ. ശിവസേന-ബിജെപി സഖ്യ വിഷയത്തിലും ജെഡിയു- ശിവസേന ബന്ധത്തിലും താൻ ഇടപെടില്ലെന്നും താൻ പ്രൊഫഷന്റെ ഭാഗമായാണ് ശിവസേനയെ സഹായിക്കുന്നതെന്നുമാണ് പ്രശാന്തിന്റെ നിലപാട്. മഹാരാഷ്ട്രയിലെ ശിവസേനയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആസൂത്രണം ചെയ്യുക മാത്രമായിരിക്കും അദ്ദേഹത്തിന്റെ ജോലിയെന്നും ശിവസേന നേതാക്കൾ പറയുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP