Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി

ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ പുനപരിശോധനാ ഹർജികളിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. എല്ലാവരും പ്രതീക്ഷയിലാണ്. വാദം കേട്ട ഭരണഘടനാ ബഞ്ചിന്റെ മനസ്സിനെ പിടിച്ചുലയ്ക്കാനായെന്ന വിലയിരുത്തലിലാണ് എല്ലാവരും. ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരെ വിധി വരുമെന്ന് തന്നെയാണ് വിശ്വാസികൾ പറയുന്നത്. എന്നാൽ സ്ത്രീ പക്ഷ വാദികൾ ഏറെ പ്രതീക്ഷയിലാണ്. ഇതിന് കാരണം ദേവസ്വം ബോർഡിന്റേയും സർക്കാരിന്റേയും നിലപാടുകളാണ്. ഭരണഘടനയാണ് വലുതെന്നും യുവതികളെ ശബരിമലയിൽ കയറ്റണമെന്നും ദേവസ്വം ബോർഡ് തന്നെ വാദിക്കുമ്പോൾ മറിച്ചൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. 

വിധിയെ ഏറ്റവും സ്വാധീനിക്കുക ചീഫ് ജസ്റ്റിസിന്റെ നിലപാട് തന്നെയാകും. ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരുടെ വിധി വിശ്വാസികൾ അനുകൂമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടും യുവതി പ്രവേശനത്തെ അനുകൂലിച്ചാണ് മുമ്പ് വിധിയെഴുതിയത്.

ജഡ്ജിമാരുടെ ഓരോ ചലനവും സൂക്ഷമായി നിരീക്ഷിച്ചാൽ അവർ പരിഗണിക്കുന്ന പല കേസ്സുകളുടെയും അന്തിമ ഫലം എന്താണ് എന്ന് മുൻകൂട്ടി പറയാൻ സാധിക്കും എന്ന് കോടതിയിൽ മുതിർന്ന അഭിഭാഷകർ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് ചിലപ്പോഴൊക്കെ ശരി ആണെന്ന് തോന്നിയിട്ടും ഉണ്ടെന്ന് മാധ്യമ പ്രവർത്തകനായ ബാലഗോപാലിന്റെ വിലയിരുത്തലിനെ സുപ്രീംകോടതിയുടെ തീരുമാനവുമായി ചേർത്തുവച്ചുള്ള വിലയിരുത്തൽ സജീവമാണ്. ചീഫ് ജസ്റ്റീസിന്റെ മൗനത്തിൽ എല്ലാമുണ്ട്. എന്നാൽ ആവർത്തന വിരസതയോടെ യുവതി പ്രവേശനത്തിനായി വാദങ്ങൾ ഉയർത്തിയപ്പോൾ പതിവില്ലാത്ത ഗൗരവും രോഷവും താക്കീതും നൽകി. വാദം കേൾക്കൽ മൂന്ന് മണിക്ക് മുമ്പ് തീർത്തേ മതിയാകൂവെന്ന ചീഫ് ജസ്റ്റീസിന്റെ നിലപാടും എല്ലാം വേഗത്തിലാക്കി. എഴുതി വാങ്ങുന്ന കാര്യങ്ങൾ കൂടി പരിശോധിച്ച് വിധിയെത്തുമ്പോൾ അതിൽ നിർണ്ണായകമാവുക ചീഫ് ജസ്റ്റീസിന്റെ മനസ്സ് തന്നെയാകും.

'മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവും മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടലിനുള്ള പരിധികളും കണക്കിലെടുക്കണമെന്ന എൻ എസ് എസ് അഭിഭാഷകൻ കെ.പരാശരൻ വാദമുയർത്തിയപ്പോൾ 'പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവം അംഗീകരിക്കുന്നവരാണു ശബരിമലയിൽ പോകുന്നത്. സ്ത്രീകളെ ഒഴിവാക്കുന്ന ആചാരമെന്ന വിലയിരുത്തൽ തെറ്റ്.' എന്നായിരുന്നു തന്ത്രിക്ക് വേണ്ടി വാദിച്ച വി.ഗിരി ഉയർത്തിയത്. 'പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവം വിശദമായി പരിഗണിച്ചത് അഞ്ചംഗ ബെഞ്ചിലെ രണ്ടു പേർ മാത്രം. ഭരണഘടനാപരമായ ധാർമികതയെന്നത് ബാഹ്യ അളവുകോലാണ്; ശബരിമല അയ്യപ്പനിൽ വിശ്വസിക്കുന്നവരുടെ ധാർമികതയാണ് പരിഗണിക്കേണ്ടത്.' എന്ന പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയുള്ള അഭിഷേക് സിങ്വിയുടെ വാദം.

ഇതെല്ലാം ഭരണഘടനാ ബഞ്ച് കേട്ടിരിക്കുകയാണ്. ആരും ഒന്നും പ്രതികരിച്ചില്ല. മനസ്സ് വിശദീകരിക്കാൻ ഒന്നും പറയാനും ശ്രമിച്ചില്ല. ഇത് മനപ്പൂർവ്വമാണെന്ന വിലയിരുത്തലുമുണ്ട്. വാക്കുകളിലൂടെ സൂചനകൾ പുറത്തു വരരുതെന്ന ബോധപൂർവ്വമായ തീരുമാനം ഭരണഘടനാ ബഞ്ചിലെ ഓരോ അംഗവും എടുത്തിരുന്നു. തങ്ങളുടെ വാക്കുകളെ വ്യാഖ്യാനങ്ങൾക്ക് ഇട നൽകാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമാണ് എല്ലാവരും നടപ്പിൽ വരുത്തിയത്.

'വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നത് വിധി പുനഃപരിശോധിക്കാൻ മതിയായ കാരണമല്ല. ഏതു ക്ഷേത്രത്തിലും സവിശേഷതകളുണ്ടാകും. ഓരോ ക്ഷേത്രത്തെയും പ്രത്യേകമായി പരിഗണിച്ച്, അവിടെ ദർശനത്തിനു പോകുന്നവരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ല. ശബരിമലയിലേത് ഹിന്ദു മതത്തിന്റെ മൊത്തത്തിലുള്ള ആചാരമല്ല. ശബരിമല എല്ലാ ഹിന്ദുക്കൾക്കും പ്രവേശനമുള്ള ക്ഷേത്രമാണ്.' - എന്ന സർക്കാരിന് വേണ്ടിയുള്ള ജയ്ദീപ് ഗുപ്തയുടെ വാദങ്ങളേയും ഗൗരവത്തോടെയാണ് കോടതി കേട്ടത്. 'സമൂഹം കാലത്തിനൊത്തു മാറണം. ക്ഷേത്രാചാരങ്ങൾ ഭരണഘടനാ ധാർമികതയ്ക്കു വിരുദ്ധമാകരുത്. ആർത്തവം ജീവശാസ്ത്രപരമാണ്. അതില്ലാതെ മനുഷ്യവംശത്തെ സങ്കൽപിക്കാനാവില്ല.' എന്ന ദേവസ്വം ബോർഡിന്റെ രാകേഷ് ദ്വിവേദിയുടെ വാദം കോടതിയെ പോലും ഞെട്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദേവസ്വം ബോർഡിന്റെ ഈ മലക്കം മറിച്ചിൽ കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. 'ലിംഗനീതിയാണു കോടതി പരിശോധിച്ച് തീർപ്പാക്കിയ വിഷയം. വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗയും വധഭീഷണിയും സാമൂഹിക ഒറ്റപ്പെടുത്തലും നേരിടുന്നു.' എന്ന ഇന്ദിര ജയ്‌സിങ് വാദം അവതരിപ്പിച്ചതും കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പ്രശ്‌നം. ഭരണഘടന വിലപ്പെട്ടതാണ്. എന്നാൽ യുക്തിക്ക് അപ്പുറമുള്ള വിശ്വാസ പ്രശ്‌നങ്ങളിൽ ഇത് എങ്ങനെ ബാധകമാകുമെന്നതാണ് ഉയരുന്ന ചോദ്യം. യുക്തിക്കും അതിന് അപ്പുറത്തുള്ള വിഷയങ്ങളിലുമെല്ലാം കോടതിക്ക് പ്രധാനം ഭരണഘടനയും തുല്യനീതിയുമാണെന്ന വാദം അംഗീകരിക്കപ്പെട്ടാൽ വിശ്വാസികളുടെ പ്രതീക്ഷ അസ്ഥാനത്താകും.

ചീഫ് ജസ്റ്റിസിന്റെ ഇടത് വശത്ത് ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര. ചീഫ് ജസ്റ്റിസിന്റെ വലത് വശത്ത് ഇരുന്ന ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് എന്നിവരും. മൂന്ന് മണിക്കൂർ ഇരുപത് മിനുട്ട് വാദത്തിന് ഇടയിൽ ഒരിക്കൽ പോലും ഭരണഘടന ബെഞ്ചിലെ മൂന്ന് അംഗങ്ങൾ കേസിന്റെ വസ്തുതകളെ കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ, ചോദ്യങ്ങൾ ഉന്നയിക്കുകയോ ഉണ്ടായില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് അതിൽ ഒന്ന്. മുൻ നിശ്ചയിച്ച സമയത്തിന് ഉള്ളിൽ തന്നെ വാദം പൂർത്തിയാക്കാൻ അദ്ദേഹം ഇടയ്ക്ക് ചൂടായി. ജസ്റ്റിസ് ചന്ദ്രചൂഡ് കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ വേണ്ടെന്ന് വച്ചു. കേസിന്റെ വാദം കേൾക്കലിന് ഇടയിൽ ജസ്റ്റിസ് നരിമാന് അദ്ദേഹത്തിന്റെ സ്റ്റാഫിൽ പെട്ട ഒരു ഉദ്യോഗസ്ഥൻ ഒരു ചിറ്റ് കൈമാറി. ഈ ഘട്ടത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് കൈയിൽ ഉണ്ടായിരുന്ന പുസ്തകം മടക്കി. ജസ്റ്റിസ് ഖാൻവിൽക്കറും ഒന്നും പറഞ്ഞില്ല. ഇടയ്ക്ക് ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസ് ഇന്ദു മൽഹോത്രയോടും സംസാരിച്ചു. ഇതൊക്കെയാണ് സംഭവിച്ചത്. ഇതിൽ ചീഫ് ജസ്റ്റിസ് ഗോഗോയ് രാവിലെ ഏറിയ സമയവും വലത് ഭാഗത്തേക്ക് ചരിഞ്ഞാണ് ഇരുന്നത്. കൂടുതൽ സമയവും ജസ്റ്റിസ് നരിമാനോട് സംസാരിക്കുന്നതും കാണാം ആയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ വാദം ആരംഭിച്ചപ്പോൾ ആ ചരിവ് ഇടത്തോട് ആയി. സംസാരം കൂടുതലും പിന്നീട് ജസ്റ്റിസ് ഖാൻവിൽക്കറിനോട്. മാധ്യമ പ്രവർത്തകനായ ബാലഗോപാൽ ഇങ്ങനെയാണ് കോടതി മുറിയിലെ നാടകീയതയെ വിലയിരുത്തുന്നത്. ഇത് അവിടെയുണ്ടായിരുന്ന എല്ലാവരും സമ്മതിക്കുന്നുമുണ്ട്. വലത് നിന്ന് ഇടത്തേക്ക് ജസ്റ്റീസിന്റെ മനസ്സ് മാറുമോ എന്നതാണ് ആർക്കും പറയാനാകാത്തത്. അതിന് വിധി വരും വരെ കാത്തിരിക്കേണ്ടി വരും.

ജസ്റ്റിസ് റോഹിങ്ടൻ നരിമാനും ജസ്റ്റിസ് ഇന്ദു മൽഹോത്രയും ആയിരുന്നു ഇന്ന് അൽപ്പമെങ്കിലും സംസാരിച്ചത്. എൻ എസ് എസ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ പരാശരൻ വാദിക്കുമ്പോൾ ജസ്റ്റിസ് നരിമാൻ ചോദിച്ച ചോദ്യത്തിൽ നിന്ന് പലതും ഉണ്ടായിരുന്നു. സ്ത്രീകൾ ആക്രമണകാരികളല്ലെന്നും യുദ്ധത്തിനു പോകാറില്ലെന്നും ബിന്ദുവിനും കനകദുർഗയ്ക്കുമായെത്തിയ ഇന്ദിര ജയ്‌സിങ് വാദിച്ചപ്പോഴാണ് ചില ഇടപെടൽ ഉണ്ടായത്. ചരിത്രം അതല്ലെന്നും റസിയ സുൽത്താനയുടെ ശവകുടീരം ഏറെ ദൂരത്തല്ലെന്നും ജസ്റ്റിസ് റോഹിന്റൻ നരിമാൻ. ഉടനെ പരാമർശം പിൻവലിച്ച് ഇന്ദിര ജയ്‌സിങ്. ഇതൊഴിച്ചാൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഗൗരവം പങ്കുവയ്ക്കാൻ കോടതിമുറിയിൽ എല്ലാവരും നിർബന്ധിതരായി. ആദ്യം വാദമുന്നയിക്കാൻ മാത്യു നെടുമ്പാറ ശ്രമിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഇടപെട്ടു. മാത്യു ഇരിക്കണമെന്നും ആദ്യം പറയുന്നത് അഭ്യർത്ഥനയായാണെന്നും താക്കീതെന്ന മട്ടിൽ പറഞ്ഞു. പിന്നീടും പല തവണ മാത്യു നെടുമ്പാറയ്ക്ക് അച്ചടക്കവാക്കുകൾ കേൾക്കേണ്ടിവന്നു. മുതിർന്ന അഭിഭാഷകരുൾപ്പെടെ ആർക്കും ദീർഘമായ വാദത്തിന് ചീഫ് ജസ്റ്റിസ് അവസരം നൽകിയില്ല. കെ.പരാശരനോടു പോലും വാദം മതിയാക്കാൻ നിർദ്ദേശിച്ചു. പ്രധാന അഭിഭാഷകർ വാദിച്ചുകഴിഞ്ഞപ്പോൾ, വാദമുന്നയിക്കാൻ മറ്റു പല അഭിഭാഷകരും ഒരേസമയം ശ്രമിച്ചത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചു. ഇപ്പോൾതന്നെ നടപടികൾ അവസാനിപ്പിക്കുമെന്നു മുന്നറിയിപ്പു നൽകി.

വിധിയെ ചോദ്യം ചെയ്ത പലരും ഏറെ പ്രശ്‌നമുന്നയിച്ചത് ജസ്റ്റിസ് റോഹിന്റൻ നരിമാന്റെ നിലപാടുകളെക്കുറിച്ചാണ്. പലപ്പോഴും നിലപാട് വിശദീകരിക്കാനെന്നോണം അദ്ദേഹം ഇടപെട്ടു. പല തവണ ചീഫ് ജസ്റ്റിസുമായി രഹസ്യചർച്ചയും നടത്തി. ഇന്ദിര ജയ്‌സിങ്ങിനെ ചരിത്രമോർമിപ്പിക്കാൻ ജസ്റ്റിസ് നരിമാൻ ശ്രമിച്ചപ്പോഴും ചീഫ് ജസ്റ്റിസ് ഇടപെട്ടു; മറ്റു വാദങ്ങളുണ്ടെങ്കിൽ ഉന്നയിക്കാൻ നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ മറ്റ് ജഡ്ജിമാർക്കാർക്കും നിലപാട് വിശദീകരണത്തിൽ പരിധി വിട്ട് പോകാൻ കഴിഞ്ഞതുമില്ല. ശബരിമല യുവതീപ്രവേശ കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര നൽകിയ വിധിയിൽ പിഴവാരോപിച്ച് ഇന്ദിര ജയ്‌സിങ് നടത്തിയ വാദവും ശ്രദ്ധേയമായി. ശബരിമല അയ്യപ്പ ഭക്തർ പ്രത്യേക മതവിഭാഗമാണെന്ന നിലപാട് സ്ഥാപിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ആശ്രയിച്ചത് 1982 ൽ അരബിന്ദോ സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ഒ.ചിന്നപ്പ റെഡ്ഡി നൽകിയ വിയോജന വിധിയായിരുന്നുവെന്ന് ഇന്ദിര ജയ്‌സിങ് വാദിച്ചു. അരബിന്ദോ സൊസൈറ്റി കേസിൽ 1982 നവംബർ 8നു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നൽകിയ വിധിയാണ് ഇന്ദിര ജയ്‌സിങ് പരാമർശിച്ചത്.

എ.വി. വർഷയും ഗീനാകുമാരിയും നൽകിയ കോടതിയലക്ഷ്യ ഹർജി ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അവരുടെ അഭിഭാഷകനായ പി.വി. ദിനേശിനെ വാദമുന്നയിക്കാൻ കോടതി അനുവദിച്ചു. പത്ത് വയസ്സുള്ള പെൺകുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തെറ്റിക്കുമെന്ന് പറയുന്നത് ശരിയല്ല. പത്ത് വയസ്സുള്ളവർ കുട്ടികളാണ്, സ്ത്രീകളല്ല. ശബരിമല വിധിയെഴുതിയ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകൾ വളച്ചൊടിച്ച് ചിലർ പ്രസംഗിച്ചതും ദിനേശ് ചൂണ്ടിക്കാട്ടി. ബിജെപി. നേതാവിന്റെ പ്രസംഗത്തിന്റെ പരിഭാഷ കോടതിയിൽ വായിച്ചപ്പോൾ ജഡ്ജിമാർ അസ്വസ്ഥതയോടെ വിലക്കി. ജനാധിപത്യ മഹിളാ അസോസിയേഷന് വേണ്ടി പി.വി. സുരേന്ദ്രനാഥും വിവിധ കക്ഷികൾക്ക് വേണ്ടി കെ. പരാശരൻ, മാത്യൂസ് നെടുമ്പാറ, ഗോപാൽ ശങ്കരനാരായണൻ തുടങ്ങിയവരും വാദമുന്നയിച്ചു. ശബരിമല വിഷയം രാജ്യശ്രദ്ധയാകർഷിച്ചതിനാൽ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബുധനാഴ്ച രാവിലെ പത്തരയ്ക്ക്, നടപടികൾ തുടങ്ങുന്നതിന് മുമ്പുതന്നെ ചീഫ് ജസ്റ്റിസിന്റെ കോടതിമുറി നിറഞ്ഞുകവിഞ്ഞിരുന്നു.

പുനഃപരിശോധനാ ഹർജികളും റിട്ടുകളുമുൾപ്പെടെ 65-ഓളം അപേക്ഷകൾ പരിഗണിക്കുന്നതിനാൽ അത്രയധികം അഭിഭാഷകരും കക്ഷികളും കോടതിയിലെത്തി. വാദിക്കാൻ അവസരം കിട്ടാത്തവർക്ക് വാദമുഖങ്ങൾ എഴുതി നൽകാൻ ഏഴു ദിവസത്തെ സമയം കോടതി നൽകിയിട്ടുണ്ട്. എൻഎസ്എസ്, തന്ത്രി എന്നിവർ നൽകിയതടക്കം 56 പുനപരിശോധനാ ഹർജികളാണ് വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ചത്. കോടതി ആദ്യം പരിഗണിച്ചത് എൻ എസ് എസ് നൽകിയ ഹർജിയാണ്.അതിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരനാണ് ആദ്യം വാദം ആരംഭിച്ചത്. യുവതീ പ്രവേശന വിധിയിൽ പിഴവുണ്ടെന്നാണ് എൻ എസ് എസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ശബരിമലയിലേത് ലിംഗവിവേചനവുമായി കൂട്ടിക്കെട്ടാൻ കഴിയില്ലെന്നാണ് അദ്ദേഹം വാദിച്ചത്..1955 ലെ കോടതി വിധിയും പരാശരൻ ചൂണ്ടിക്കാട്ടി.ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആചാരങ്ങൾ റദ്ദാക്കിയതിൽ വിശ്വാസികൾ അസ്വസ്ഥരാണെന്ന് ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ഹാജരായ ശേഖർ നാഫ്‌ടെ അറിയിച്ചു.നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളാണ് വിധിയോടെ നഷ്ടമാകുന്നതെന്നും ശേഖർ നാഫ്‌ടെ വാദിച്ചു. ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ശേഷം ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയുടെ വാദത്തോടെയാണ് വീണ്ടും കോടതി നടപടികൾ ആരംഭിച്ചത്.

തുല്യാവകാശം എന്നത് എല്ലാവർക്കും ബാധകമാണെന്നും,ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങൾ അംഗീകരിക്കണമെന്നുമാണ് രാകേഷ് ദ്വിവേദിയുടെ വാദം.ദേവസ്വം ബോർഡ് മുൻപ് യുവതീ പ്രവേശനത്തെ എതിർത്തിരുന്നതല്ലേ ' യെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു.എന്നാൽ തങ്ങളുടെ ഇപ്പോഴത്തെ നിലപാട് വിധിയെ അനുകൂലിക്കുന്നതാണെന്ന് ബോർഡ് മറുപടി നൽകി. ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തെളിവാണെന്നും,നാലു റിട്ട് പെറ്റീഷനുകളും,പുനപരിശോധനാ ഹർജികളും തള്ളണമെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വാദിക്കാൻ അവസരം ലഭിക്കാത്തവർക്ക് വാദമുഖങ്ങൾ എഴുതി നൽകാൻ സമയം അനുവദിച്ച കോടതി കേസ് വിധി പറയാൻ മാറ്റി വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP