Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ അക്കൗണ്ട് തുറക്കണമെങ്കിൽ ഏക വഴി കുമ്മനമെന്ന് തിരിച്ചറിഞ്ഞ് ബിജെപി നേതൃത്വം; ആർഎസ്എസ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടു; ഇനി തീരുമാനം എടുക്കേണ്ടത് അമിത് ഷാ; ശശി തരൂരിന് കടുത്ത വെല്ലുവിളികൾ ഉയർത്താൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് എത്തിയേക്കും; പരിഗണിക്കുന്നത് കുമ്മനവും സുരേഷ് ഗോപിയും മാത്രം

കേരളത്തിൽ അക്കൗണ്ട് തുറക്കണമെങ്കിൽ ഏക വഴി കുമ്മനമെന്ന് തിരിച്ചറിഞ്ഞ് ബിജെപി നേതൃത്വം; ആർഎസ്എസ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടു; ഇനി തീരുമാനം എടുക്കേണ്ടത് അമിത് ഷാ; ശശി തരൂരിന് കടുത്ത വെല്ലുവിളികൾ ഉയർത്താൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് എത്തിയേക്കും; പരിഗണിക്കുന്നത് കുമ്മനവും സുരേഷ് ഗോപിയും മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് കേരള ഘടകം. ആർഎസ്എസ് സംസ്ഥാന നേതൃത്വും കുമ്മനമാകണം സ്ഥാനാർത്ഥിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത്. കുമ്മനവും സുരേഷ് ഗോപിയുമാണ് തിരുവനന്തപുരത്തെ പട്ടികയിലെ പ്രധാന പേരുകാർ. കെ സുരേന്ദ്രന്റെ പേരും ചർച്ചകളിലുണ്ട്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുമ്മനം എത്തുമെന്ന് തന്നെയാണ് ബിജെപിക്കാരുടെ പ്രതീക്ഷ. ശബരിമലയിലെ സംഭവവികാസങ്ങളുടെ പേരിൽ കുമ്മനത്തിന് തിരുവനന്തപുരത്ത് വലിയ വിജയസാധ്യതയാണെന്നാണ് വിലയിരുത്തൽ.

മിസോറാം ഗവർണ്ണറായ കുമ്മനം എന്ത് നിലപാട് എടുക്കുമെന്ന് ആർക്കും വ്യക്തതയില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായി മാറിയതാണ് കുമ്മനം. ശബരിമല സമര നായകനായി അറിയപ്പെടുന്ന കുമ്മനം കേരളത്തിൽ നിന്ന് മാറി നിൽക്കുന്നത് വിശ്വാസികളുടെ സമരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തിരിച്ചു വരണമെന്ന് പന്തളം രാജകുടുംബം പോലും ആവശ്യപ്പെട്ടു. എൻ എസ് എസും കുമ്മനം മടങ്ങി വരണമെന്ന അഭിപ്രായത്തിൽ എത്തിക്കഴിഞ്ഞു. വിശ്വാസികൾക്കൊപ്പം നിന്ന് സമരം നയിക്കാൻ പറ്റുന്ന വ്യക്തിയാണ് കുമ്മനം എന്നാണ് എൻ എസ് എസ് നിലപാട്. ഇതെല്ലാം പരിഗണിച്ചാണ് ബിജെപി നേതൃത്വം കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിക്കുന്നത്. ഗവർണർ എന്നനിലയിൽ മുമ്പു നിശ്ചയിച്ചിരുന്ന ഔദ്യോഗികചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുമ്മനം രാജശേഖരൻ വ്യാഴാഴ്ച വൈകീട്ട് കേരളത്തിലെത്തുന്നുണ്ട്. കുമ്മനത്തോട് നേരിട്ടും ബിജെപി-പരിവാറുകാർ ആവശ്യം ഉന്നയിക്കും.

സംഘടനാചുമതലയുള്ള ബിജെപി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാംലാലും ആർഎസ്എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചർച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ബിജെപി. സംസ്ഥാനനേതൃത്വവും കുമ്മനത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം രാംലാലിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ബിജെപി. സംസ്ഥാന കോർ സമിതി യോഗവും ചേർന്നിരുന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആർഎസ്എസ്. കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. അവരും കുമ്മനത്തിന് അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. പ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്ത് കുമ്മനത്തിന് അപ്പുറം ഒരു സ്ഥാനാർത്ഥിയില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. കുമ്മനം അല്ലെങ്കിൽ സുരേഷ് ഗോപി തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആർഎസ്എസ്. ആഗ്രഹിക്കുന്നത്. മോഹൻലാൽ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആർഎസ്എസ്. നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് കുമ്മനത്തിലേക്ക് ചർച്ചയെത്തിയത്.

അവിവാഹിതനായ കുമ്മനം രാജശേഖരൻ സാത്വികനായ രാഷ്ട്രീയപ്രവർത്തകനായാണ് അറിയപ്പെടുന്നത്. ഇപ്പോൾ മിസോറാമിന്റെ ഗവർണറായി അദ്ദേഹം ചുമതലയേറ്റെടുക്കുമ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം തന്നെയെന്ന് വിലയിരുത്തി. കുമ്മനം മിസോറാമിൽ പോയ ശേഷമാണ് ബിജെപിയും അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയത്. കുമ്മനം പോയതു മുതൽ തിരിച്ചു വരണമെന്ന അഭിപ്രായമാണ് അണികൾ പങ്കുവച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോടെ ഈ ആവശ്യത്തിന്റെ ശക്തി കൂടി. തിരുവനന്തപുരത്ത് കുമ്മനമാണ് മികച്ച സ്ഥാനാർത്ഥിയെന്ന് പല വിധത്തിൽ ചർച്ചകളെത്തി. ഇതിനെ ശമിപ്പിക്കാനാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ നീക്കം നടത്തിയതും. ഇതും നടന്നില്ല. ഇതോടെ കുമ്മനം എന്ന ഒറ്റപേരിലേക്ക് ചർച്ചകളെത്തുകയായിരുന്നു.

കുമ്മനം സജീവരാഷ്ട്രീയത്തിൽ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാർ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തിൽ കുമ്മനത്തെ മടക്കിക്കൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വത്തിനുമേൽ സമ്മർദ്ദവും ഏറുകയാണ്.
പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്‌നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തൽ. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂർ രാജഗോപാലിനെ മറികടന്നത്. കുമ്മനത്തിന് ഈ മേഖലകളിൽ എല്ലാം നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.

1974ൽ കോട്ടയം ദീപികയിലാണ് അദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിന്നീട് കേരളത്തിലെ ഒട്ടേറെ മാധ്യമങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. രാഷ്ട്രവാർത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി തുടങ്ങിയ പത്രങ്ങളിൽ അദ്ദേഹം സബ് എഡിറ്ററായിരുന്നു. മാധ്യമപ്രവർത്തനത്തിന് താൽക്കാലികമായ വിരാമമിട്ടുകൊണ്ടാണ് 1976ൽ കുമ്മനം രാജശേഖരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായി സ്ഥാനമേറ്റത്. ജോലിയിൽ പ്രവേശിച്ചുകൊണ്ട് സംഘപ്രവർത്തനം തുടർന്ന കുമ്മനം പിന്നീട് 1987ൽ ജോലിരാജിവച്ച് മുഴുവൻ സമയ പൊതുപ്രവർത്തകനായി മാറുകയായിരുന്നു. ബാലസദനങ്ങളുടെ മേൽനോട്ടത്തിലൂടെയും വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവർത്തനങ്ങളിലൂടെയും കേരളത്തിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി ഉയർന്നു. നിലയ്ക്കൽ പ്രക്ഷോഭത്തിലും ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും നേതൃത്വം വഹിച്ചു.

ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്റെയും സെക്രട്ടറിയായി. 2011ൽ ജന്മഭൂമി ദിനപത്രത്തിന്റെ ചെയർമാനായ കുമ്മനം രാജശേഖരൻ 2015ൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി. പിന്നീട് ഗവർണ്ണറും. ഗവർണർമാർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. കേരളം പോലും. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ മടങ്ങിവരവ് അസാധ്യകാര്യമൊന്നുമല്ല. 2014 ൽ കേരള ഗവർണറായിരുന്ന നിഖിൽ കുമാർ രാജിവെച്ച് ലോക്‌സഭാ തിഞ്ഞെടുപ്പിൽ ഔറംഗബാദിൽ മൽസരിച്ചിരുന്നു. അതുപോലെ കുമ്മനം രാജശേഖരനും മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP