Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തിൽ ഒമ്പത് മാർക്ക് കൊടുക്കാൻ കഴിയില്ലെങ്കിലും പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം; വൻ പ്രതീക്ഷകളുമായി എത്തിയ പൃഥ്വീരാജ് ചിത്രം '9' ശരാശരിയിൽ ഒതുങ്ങുന്നു; ഹൊറർ, സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കുഴഞ്ഞത് ചിത്രത്തിന്റെ അസാധാരണമായ പ്രമേയത്തിന് തിരിച്ചടി; എങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റിൽ സംവിധായകന് കൈയടിക്കാം; പ്രിയപ്പെട്ട പൃഥ്വീരാജ്... ഒരേ പാറ്റേണിലുള്ള സിനിമകൾക്ക് എന്നാണ് താങ്കൾ അവധി കൊടുക്കുക?

പത്തിൽ ഒമ്പത് മാർക്ക് കൊടുക്കാൻ കഴിയില്ലെങ്കിലും പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം; വൻ പ്രതീക്ഷകളുമായി എത്തിയ പൃഥ്വീരാജ് ചിത്രം '9' ശരാശരിയിൽ ഒതുങ്ങുന്നു; ഹൊറർ, സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കുഴഞ്ഞത് ചിത്രത്തിന്റെ അസാധാരണമായ പ്രമേയത്തിന് തിരിച്ചടി; എങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റിൽ സംവിധായകന് കൈയടിക്കാം; പ്രിയപ്പെട്ട പൃഥ്വീരാജ്... ഒരേ പാറ്റേണിലുള്ള സിനിമകൾക്ക് എന്നാണ് താങ്കൾ അവധി കൊടുക്കുക?

എം മാധവദാസ്

വിചിത്രമായ കഥകളാണ് യുവ സൂപ്പർതാരം പൃഥ്വീരാജിന്റെ ഡേറ്റ് കിട്ടാൻ ഏറ്റവും അടിസ്ഥാനമായി വേണ്ടതെന്ന് മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോൾ ഒരു പഴഞ്ചൊല്ലുപോലെ ആയിക്കഴിഞ്ഞു. ഉദാഹരണമായി ഒരു സാധാരണ പ്രേമ കഥ ഏശാത്തിടത്ത്, അത് നിയാണ്ടർത്താൽ മനുഷ്യനും ക്രോമാഗ്നർ മനുഷ്യനും തമ്മിൽ ആമസോൺ തടത്തിലെ ഏറ്റുമുട്ടൽ എന്നാക്കി അതിൽ ഈ പ്രേമകഥ കയറ്റിപ്പറഞ്ഞാൽ ഈ നടൻ വീഴുമത്രേ!

പൃഥ്വീരാജിന്റെ സ്വന്തം പ്രൊഡക്ഷനിൽ മലയാളത്തിൽ നിന്ന് ഒരു സയൻസ് ഫിക്ഷൻ മോഡൽ ഒരു ചിത്രം വരുന്നു എന്നുകേട്ടപ്പോൾ, ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ജയസൂര്യടെ കഥാപാത്രം പറയുന്നപോലുള്ള, ചിത്രമാണെന്നാണ് കരുതിയത്. പറക്കും തളിക തോട്ടക്കാട്ടുകര എന്ന ഗ്രാമത്തിലേക്ക് വരുന്നു. പക്ഷേ 9 തുടക്കം ഞെട്ടിച്ചു.

ഒരു സുപ്രഭാതത്തിൽ ലോകത്തിൽ വൈദ്യുതി ഇല്ലാതായാൽ, മൊബൈലും ഇന്റർനെറ്റും വാട്സാപ്പും ഒന്നും പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ അടക്കം സ്റ്റാർട്ട് ചെയ്യാൻ പോലും കഴിയാതിരുന്നാൽ..... ശരിക്കും ഒരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷനുള്ള എല്ലാ ചേരുവയുമായിട്ടാണ്, നമ്മുടെ പ്രിയതാരം പ്രഥ്വീരാജിന്റെ പുതിയ ചിത്രമായ '9' തുടങ്ങുന്നത്. 'ഈ ലോകത്തിനുമപ്പുറം' എന്ന ടാഗും സൂപ്പർ പെർഫക്ഷനുള്ള ട്രയിലറും ടീസറും ഉയർത്തിയ വമ്പൻ പ്രതീക്ഷകൾ സാധൂകരിക്കുന്ന രീതിയിലാണ്, പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജെനീസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 9ന്റെ ആദ്യത്തെ ഇരുപതുമിനുട്ട്.

അസാധാരണമാംവിധം വലിപ്പമുള്ള ഒരു ഉൽക്ക ഭൂമിയെ തൊട്ടുകൊണ്ട് കടന്നുപോവുന്ന ദിവസത്തിലേക്ക് എത്തുകയാണ് ലോകം. അതിന്റെ കാന്തികവലയത്തിൽപെട്ട് ഭൂമിയിലെ എല്ലാ വൈദ്യുത കാന്തിക ഉപകരണങ്ങളും നിശ്ചലമാവും. ഉൽക്ക കടന്നുപോവാൻ 9 ദിവസം സമയമെടുക്കും. ഈ ദിനങ്ങൾ ലോകം കഴിച്ചുകൂട്ടേണ്ടത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മനുഷ്യനെപ്പോലെ ആയിരിക്കണം. അതായത് വൈദ്യുതിയില്ല, കാറില്ല, ബസ്സില്ല, നെറ്റില്ല അങ്ങനെ. ഈ വിചിത്രമായ ഒമ്പത് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.

ലോകാവസാനമാണെന്ന് വ്യാപകമായ പ്രചാരണം ഉണ്ടാകുന്നതും ലോകമെമ്പാടും ഇതേചൊല്ലി ഭീതി ഉയരുന്നതുമൊക്കെ കൃത്യമായി കാണിക്കാൻ ചിത്രത്തിനായിട്ടുണ്ട്. അപ്പോഴൊക്കെ ഇതൊരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷൻ മൂവിയുടെ അത ഫീലിങ്ങ് നൽകുന്നുണ്ട്. ഈ ഭീതിജനകമായ അന്തരീക്ഷത്തിൽ ജീവിക്കുമ്പോഴും ഉൽക്കയെ ഒരു അവസരമായും പ്രചഞ്ചസത്യങ്ങൾ അനാവരണം ചെയ്യാനുള്ള അപൂർവ അവസരവുമായി കാണുകയാണ് ശാസ്ത്രജ്ഞനായ ആൽബർട്ട് (ചിത്രത്തിൽ പ്രൃഥ്വീരാജ്).

വാർത്താവിനിമയ ബന്ധം ഇല്ലാത്തതിനാൽ മനുഷ്യൻ മനുഷ്യനോട് മുഖാമുഖം സംസാരിക്കാൻ വിധിക്കപ്പെട്ട ദിനങ്ങൾ. ടെക്നോളജിയുടെ അതിപ്രസരത്തിൽ മനുഷ്യൻ വിട്ടുപോയ ചില കാര്യങ്ങളിലേക്കുള്ള മടക്കം. ആൽബർട്ട് അതിനെ അങ്ങനെയാണ് കാണുന്നത്. ആ തലത്തിലൊക്കെ നോക്കുമ്പോൾ ഒന്നാന്തരം ഒരു സിനിമയുടെ രൂപത്തിലാണ് ചിത്രം ഇതൾ വിരിയുന്നത്. ആൽബർട്ടിന്റെ കുടുംബകഥയും, ഉൽക്കാഭീതിയും ഒരർഥത്തിൽ സമാന്തരമായി, പക്ഷേ പരസ്പരം ബന്ധിതമായി കടന്നുപോവുകയാണ്. വികൃതിയേറെയുള്ളവനും അന്തർമുഖനുമായ മകനാണ് അയാളുടെ ഏറ്റവും വലിയ പ്രശ്നം. ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥകൂടിയാണ് ഈ ചിത്രം.

ഈ വിചിത്രമായ 9 ദിവസങ്ങളിൽ ആൽബർട്ടിന് ഈ ചുവന്ന ഉൽക്കയെ ഹിമാലയ ഗ്രാമങ്ങളിൽനിന്ന് വീക്ഷിക്കാനും പഠനം നടത്താനുമുള്ള അപുർവ അവസരം വീണുകിട്ടുകയാണ്. മകനും സഹപ്രവർത്തകർക്കുമൊക്കെ ഒപ്പം ഉൽക്കാ പഠനത്തിനായി ഹിമാലയൻ ഗ്രാമത്തിലെത്തുന്ന അയാളെ കാത്തിരിക്കുന്നത് അതി വിചിത്രമായ അനുഭവങ്ങളാണ്. ഉൽക്കയുടെ ചുവപ്പുരാശി ദുശ്ശകുനമാണെന്ന് കണ്ട്് പ്രാർത്ഥനകളിൽ മുഴുകിക്കഴിയുന്ന ഗ്രാമീണരുടെ നാട്ടിൽ, വൈദ്യുതിയും ഫോണുമൊന്നുമില്ലാതെ അയാളും മകനും കഴിച്ചുകൂട്ടുന്ന ഒമ്പത് ദിവസങ്ങൾ. അതാണ് ഈ ചിത്രം.

പക്ഷേ ആദ്യത്തെ അരമണിക്കൂറിൽ കണ്ട ഹോളിവുഡ്ഡ് സിനിമ, ഹിമാലയത്തിൽ എത്തിയതോടെ തനി ഇന്ത്യൻ കഥയായി. ഇതാണ് നമ്മുടെ എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടെയും പ്രധാന പരിമിതി. ഈ വിഷയം എഴുതി മടുത്തു. ഒരു മികച്ച വൺലൈൻ കിട്ടിയാൽ അവർക്ക് അത് ഡെവലപ്പ് ചെയ്യാൻ കഴിയുന്നില്ല. ഹോളിവുഡ്ഡ് സിനിമകളിലും ഇപ്പോൾ തമിഴിലുമൊക്കെയുള്ളപോലെ സ്റ്റോറി ടേസ്റ്റർമാരുടെയും, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർമാരുടെയും ഒരു നിര മലയാളത്തിലും ഉയരേണ്ടിയിരിക്കുന്നു. പിന്നീടങ്ങോട്ട് ചിത്രം ഒരു ഹൊറർ പാറ്റേണിലാണ് പോവുന്നത്.

അതുകൊണ്ടുതന്നെ ആദ്യപകുതിയോട് അടുപ്പിച്ചും രണ്ടാം പകുതിയുടെ തുടക്കത്തിലുമൊക്കെ ഇതൊരു സാധാരണ ചിത്രമായിപ്പോവുകയാണ്. പക്ഷേ ക്ലൈമാക്സിലെ ഒന്നാന്തരം ട്വിസ്റ്റുകൊണ്ട് സംവിധായകൻ ചിത്രത്തെ തിരിച്ചു പിടിക്കുന്നുണ്ട്. പതിവ് ഹൊറർ മൂവിയെന്ന സെറ്റപ്പ് പാടേ തകർത്തിടുന്ന ആ ക്ലൈമാക്സിലെ ഭാവനക്ക് എഴുത്തുകാരൻ കൂടിയായ ജെനൂസ് അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇംഗ്ലീഷ് സിനിമ സ്ട്രേഞ്ചർ തിങ്സിന്റെ മലയാളം റീമേക്ക് ആണ് ഈ ചിത്രമെന്ന് കേട്ടിരുന്നെങ്കിലും ചിത്രം കാണുന്നവർക്ക് അത് അങ്ങനെയല്ലെന്ന് ബോധ്യമാവും.

പക്ഷേ പലപ്പോഴും താൻ പറയേണ്ട ആശയം എന്താണെന്ന കൃത്യമായ ഫോക്കസ് സംവിധായകന് ഇല്ലാതായിപ്പോയി. ഹൊറർ, സൈക്കളോജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കുഴഞ്ഞത്, മാമുക്കോയ പറയാറുള്ളതുപോലെ 'അലാക്കിന്റെ അവിലുംകഞ്ഞി'യായിപ്പോയി. ഇത്തരം സിനിമകളിൽ പുലർത്തേണ്ട പ്രമേയപരമായ സത്യസന്ധത കൊണ്ടുവരാനും സംവിധായകന് കഴിഞ്ഞിട്ടില്ല. ഫ്ളാഷ്ബാക്കിലെ കഥ മറ്റൊരു ആംഗിളിൽ കാണിക്കുമ്പോഴുള്ള യുക്തിപരമായ പ്രശ്നങ്ങൾ ചിത്രത്തിൽ ഒരുപാടുണ്ട്. മനോജ് നൈറ്റ് ശ്യാമളൻ എഴുതിയ വിഖ്യാതമായ 'സിക്ത് സെൻസ്' നോക്കുക.

ക്ലൈമാക്‌സിൽ പ്രേക്ഷകന് കിട്ടിയ നടുക്കത്തെ, മുമ്പ് കണ്ട ഓരോ സീനും എടുത്ത് ക്രോസ് വിസ്താരം നടത്തിയാലും ലോജിക്കലായ മാറ്റം കണ്ടെത്താൻ കഴിയില്ല. അതിന് അസാധാരണമായ പ്രതിഭവേണം. റോഡ് ക്രോസ് ചെയ്യുന്നതിനമുമ്പ് പുള്ളിയുള്ള ഷർട്ടും, ക്രോസ് ചെയ്തതിനുശേഷം പുള്ളിയില്ലാത്ത ഷർട്ടുമൊക്കെയായി വേഷവിതാനത്തിൽപോലും ശ്രദ്ധിക്കാൻ കഴിയാത്ത അത്ര പ്രതിഭാദാരിദ്ര്യമുള്ള മലയാള സിനിമക്കാർക്ക് പറ്റിയ പണിയല്ല ഇതൊന്നും. (ഏത് ചിത്രം ഇറങ്ങിയാലും അതിലെ നൂറ്റാന്ന് തെറ്റുകൾ എന്നൊക്കെ പറഞ്ഞ് പിള്ളേർ യൂട്യൂബിൽ ഇതുപോലുള്ള വീഡിയോ ഇടുന്നതുകാണാം. അപ്പോൾ വ്യക്തികളുടെ വീക്ഷണ കോണനുസരിച്ച് മാറുന്ന സങ്കീർണ്ണമായ കഥകൾ ചെയ്താലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?)

ഒരേ പാറ്റേണിലുള്ള സിനിമകളാണ് കഴിഞ്ഞ കുറേക്കാലമായി പ്രഥ്വീരാജ് ഇറക്കിക്കൊണ്ടിരിക്കുന്നത്. എസ്ര, ആദം ജോൺ, ടിയാൻ, കൂടെ, രണം എന്നീ ചിത്രങ്ങളുടെയൊക്കെ മേക്കിങ്ങ് പാറ്റേൺ എതാണ്ട് ഒരുപോലെയാണ്. എസ്രക്ക് ആദം ജോണിലുണ്ടായ കുട്ടിയെന്ന് പറയിപ്പിക്ക രീതിയിലുള്ള ചില സാദൃശ്യങ്ങൾ കഥയിൽപോലും പ്രകടം. ഭാര്യ മരിച്ച കുഞ്ഞിന്റെ പിതാവ് എന്ന ടൈപ്പ് ഇവിടെയും ആവർത്തിക്കുന്നു. പൃഥ്വീരാജിനെപ്പോലൊരു അസാധാരണമായ റേഞ്ചുള്ള നടനെ വെല്ലുവിളിക്കത്തക്ക കഥാപാത്രമൊന്നുമല്ല ഈ പടത്തിലേത്. എന്നാൽ ക്ലൈമാക്സിലെ ചില രംഗങ്ങളിൽ പൃഥ്വി തകർക്കുന്നുണ്ട്. നിയന്ത്രിതാഭിനയത്തിലൂടെ. പൃഥ്വീരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ പൃഥ്വീരാജ് പ്രൊഡക്ഷൻസ് സോണി പിക്ചർ റിലീസിങ് ഇന്റർനാഷണലുമായി കൈകോർത്താണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. ഒരു പ്രത്യേക മോഡലിൽ കണ്ണുരുട്ടുക എന്നല്ലാതെ കാര്യമായി നടിക്കാനൊന്നും വാമിഖയുടെ കഥാപാത്രത്തിന് സ്‌കോപ്പില്ല.

റെഡ് ജെമിനി 5 കെയിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്. ഈ ക്യാമറാവർക്ക് മനോഹരമാണെങ്കിലും പലപ്പോഴും അത് ആദംജോൺ എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ഷാൻ റഹ്മാന്റെ പാട്ടുകൾക്കുമുണ്ട് ഈ ആവർത്തന സ്വഭാവം.

പക്ഷേ ജെനീസിന്റെ ആദ്യപടമായ ദുൽഖർ സൽമാൻ നായകനായ '100 ഡെയ്സ് ഓഫ് ലൗവി'നെയാക്കെ വെച്ചുനോക്കുമ്പോൾ ഇത് സ്വർഗ്ഗമാണെന്ന് പറയാം. പത്തിൽ ഒമ്പത് മാർക്കൊന്നുമില്ലെങ്കിലും, കണ്ടിരിക്കാം, കുഴപ്പമില്ല എന്ന വാക്കുകൾ നിർലോഭമായി ഉപയോഗിച്ച് പാസ് മാർക്കിന് അർഹമാണ് ഈ പടം. കാശുമുടക്കി ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് പൂർണമായും പണം പോകുന്ന ചിത്രമല്ല ഇത്. സാഹസികതയിലും സയൻസ് ഫിക്ഷനിലും സൈക്കോളജിയിലുമൊക്കെ താൽപ്പര്യമുള്ളവർക്ക് ഒന്ന് പരീക്ഷിച്ചുനോക്കാൻ കഴിയുന്ന ചിത്രം തന്നെയാണിത്.

വാൽക്കഷ്ണം: സയൻസ് ഫിക്ഷൻ എന്ന് പേരിട്ട് സിനിമയെടുത്ത് കട്ട അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും പ്രോൽസാഹിപ്പിക്കുകയെന്നത് ലോകവ്യാപകമായി തന്നെ നിലനിൽക്കുന്ന ഒരു കലാപരിപാടിയാണ്. അതിന് വളരെ വേഗത്തിൽ വളം വെക്കുകയാണ് ഇന്ത്യൻ സിനിമകളും. യെന്തിരൻ 2.0 ഉയർത്തിയത് മൊബൈൽ റേഡിയേഷനെ കുറിച്ചുള്ള വ്യാജ കഥകളായിരുന്നു. ഈ വർഷം ഏറ്റവും പേരെടുത്ത ജോസഫ് എന്ന ചിത്രം അവയവദാനത്തെകുറ്റിച്ച് എത്ര മ്ലേഛമായ ആരോപണമാണ് ഉയർത്തിയതെന്ന് നോക്കുക. സയൻസിന്റെ പക്ഷത്ത് നിൽക്കുന്നുവെന്ന് തോന്നിപ്പിച്ചുകൊണ്ട് വിശ്വാസ സാഹിത്യത്തിന് വേരുണ്ടാക്കിക്കൊടുക്കുന്ന നിരവധി രംഗങ്ങൾ ഈ പടത്തിലും കാണാം. ഉൽക്കയിൽനിന്ന് വീഴുന്ന കഷ്ണം ബാഗിൽ സൂക്ഷിക്കുന്നപോലുള്ള ചീള് 'കോമഡികൾ' വേറെയും. സിനിമയല്ലേ... കഥയല്ലേ... അതിൽ ചോദ്യമില്ല എന്നൊക്കെ പറയാം. പക്ഷേ ഇത് വ്യാപകമായി സാധാരണക്കാരനെ വഴിതെറ്റിക്കുന്നത് കാണാതിരുന്നുകൂടാ. കാരണം ഏറ്റവും സ്വാധീനമുള്ള ഒരു പൊളിറ്റിക്കൽ മീഡിയം കൂടിയാണ് സിനിമയെന്ന്, വലിയ വായിൽ നിലപാടുകൾ പറയുന്ന പൃഥ്വീരാജെങ്കിലും മറന്നുപോകാൻ പാടില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP