Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'താൻ തോൽവിയിൽ തളർന്നു പോവില്ല..!തുടങ്ങിയത് തന്നെ തോൽവിയിൽ നിന്ന്; പടം ഓടാത്തതല്ല, ചിന്തകൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നതാണ് യഥാർഥ തോൽവി; ഗംഭീര സിനിമയിൽ ഏത് കഥാപാത്രം ചെയ്താലും അത് നന്നാവുമെന്നത് സിനിമയുടെ സത്യമാണെന്നും ഫഹദ് ഫാസിൽ

'താൻ തോൽവിയിൽ തളർന്നു പോവില്ല..!തുടങ്ങിയത് തന്നെ തോൽവിയിൽ നിന്ന്; പടം ഓടാത്തതല്ല, ചിന്തകൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നതാണ് യഥാർഥ തോൽവി; ഗംഭീര സിനിമയിൽ ഏത് കഥാപാത്രം ചെയ്താലും അത് നന്നാവുമെന്നത് സിനിമയുടെ സത്യമാണെന്നും ഫഹദ് ഫാസിൽ

മറുനാടൻ ഡെസ്‌ക്‌

ആദ്യ സിനിമയിൽ തന്നെ വലിയ പരാജയം ഏറ്റുവാങ്ങിയ നടനാണ് ഫഹദ് ഫാസിൽ. അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത 'കയ്യെത്തും ദൂരത്ത്' എന്ന ചിത്രം നേരിട്ട പരാജയത്തിനും വിമർശനത്തിനും ശേഷം ഏഴ് വർഷങ്ങൾക്കിപ്പുറമാണ് സിനിമയിൽ ഫഹദ് തിരിച്ചു വരവ് നടത്തിയത്. ആ തിരിച്ചു വരവിൽ മലയാള സിനിമയുടെ തല വരതന്നെ മാറ്റിയെഴുതാൻ കെൽപ്പുള്ള നടനായാണ് ഫഹദ് രംഗ പ്രവേശനം ചെയ്തത്.

തന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് വിമർശകരുടെ വാ അടപ്പിച്ച ഫഹദ് മലയാള സിനിമയിലെ ഇന്നത്തെ മികച്ച അഭിനേതാവ് എന്ന വിശേഷണമാണ് ഓരോ ചിത്രം കഴിയുമ്പോഴും നേടുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'കുമ്പളങ്ങി നൈറ്റ്'സിലെ ഷമി എന്ന കഥാപാത്രവും. വേറിട്ട ശൈയിലും വലിയ നിരീക്ഷണവും മറ്റ് നടന്മാരിൽ നിന്ന് ഈ പ്രതിഭയെ ഒരുപടി മുന്നിൽ നിർത്തുന്നു.

താൻ തോൽവിയിൽ തളർന്നു പോകുന്ന വ്യക്തിയല്ലന്നാണ് ഫഹദ് പറയുന്നത്. തോൽവിയിൽ നിന്ന് തുടങ്ങിയ ആളാണ് താൻ, ഒരുപാട് തവണ തോറ്റിട്ടുണ്ട് പക്ഷേ അങ്ങനെ തളർന്നിട്ടില്ല. പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിന്റെ ഗെറ്റുഗദർ വീഡിയോയിൽ സംവിധായകനായ ദിലീഷ് പോത്തന്റെ 'തോൽക്കുമ്പോൾ പെട്ടെന്ന് തളർന്നു പോകുന്നയാളാണോ' എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി.

തോൽവിയിലാണ് തുടങ്ങുന്നത്. ഒരു പാട് തോറ്റിട്ടിട്ടുണ്ട് പക്ഷേ തളർന്നിട്ടില്ല. പടം ഓടിയില്ലെങ്കിൽ ആ പടത്തിനുണ്ടായ സാമ്പത്തിക നഷ്ടമല്ല. മറിച്ച് നമ്മൾ തെറ്റായിരുന്നല്ലോ എന്നാണ് എന്റെ ചിന്ത. കഴിഞ്ഞ ആറ് മാസമോ അതിലപ്പുറമോ നാം കൊണ്ടു നടന്ന ചിന്ത അല്ലെങ്കിൽ തീരുമാനമാണ് തെറ്റായി പോയത്. തൊഴിലുണ്ടാകുന്ന കാലത്തോളം പണമുണ്ടാക്കാം, പക്ഷേ നമ്മുടെ ചിന്ത തെറ്റായി എന്ന് തോന്നുന്നതാണ് യഥാർഥ തോൽവി.

നിർമ്മാതാവായതുകൊണ്ടല്ല വ്യത്യസ്തമായ കഥാപാത്രമായിട്ടു കൂടി ചിത്രത്തിൽ അഭിനയിച്ചത്. കഥാപാത്രത്തെക്കുറിച്ച് അവർ തന്ന വിവരണം തൃപ്തിപ്പെടുത്തുന്നതായിരുന്നു. അത് ഗംഭീര സിനിമയാകുമെന്നുറപ്പുണ്ടായിരുന്നു. ഗംഭീരമായ സിനിമയിൽ ഏത് കഥാപാത്രം ചെയ്താലും അത് നന്നാവുമെന്നത് സിനിമയുടെ സത്യമാണെന്നും ഫഹദ് പറഞ്ഞു.

വില്ലനായിട്ടഭിനയിക്കാൻ ചെല്ലുമ്പോൾ വില്ലൻ പറയുന്ന ഏതെങ്കിലും ഒരു കാര്യത്തിൽ വിശ്വസിച്ചാൽ മാത്രമേ അത് ചെയ്യാൻ കഴിയു. പോസിറ്റീവോ നെഗറ്റീവോ ആയിക്കോട്ടെ കഥാപാത്രം പറയുന്ന നിലപാടിൽ ഉറച്ചു നിന്നാൽ മാത്രമേ അത് ചെയ്യാൻ നമുക്ക് കഴിയു. തന്റെ കരിയറിൽ ഈ ചിത്രം ചെയ്യേണ്ടത് ഇപ്പോഴാണെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ട് കൂടിയാണ് ചിത്രം ഏറ്റെടുത്തതെന്നും ഫഹദ് കൂട്ടിച്ചേർത്തു.

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ മധു സി നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ , നസ്രിയ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം തിയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP