Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യയുടെ അനന്തവിഹായസിൽ വിദേശരാജ്യത്ത് പറക്കുമ്പോഴും ഇൽമ അഫ്രോസ് സ്വപ്‌നം കണ്ടത് ഇന്ത്യൻ സിവിൽ സർവീസ് എന്ന മോഹം; അച്ഛനെ നഷ്ടപ്പെട്ട ബാല്യം മുതൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് വളർന്ന ഈ മിടുക്കി ഐപിഎസ് കുപ്പായമണിയുന്നതിനൊപ്പം ഇപ്പോൾ സ്വപ്‌നം കാണുന്നത് വിദ്യാസമ്പന്നമായി മാറുന്ന തന്റെ ഗ്രാമത്തെ; ബാല്യം മുതൽ തന്നെ തേടിയെത്തിയ പ്രതിസന്ധികളിൽ തളരാതിരുന്ന പെൺകരുത്തിന് 'സല്യൂട്ട്'

വിദ്യയുടെ അനന്തവിഹായസിൽ വിദേശരാജ്യത്ത് പറക്കുമ്പോഴും ഇൽമ അഫ്രോസ് സ്വപ്‌നം കണ്ടത് ഇന്ത്യൻ സിവിൽ സർവീസ് എന്ന മോഹം; അച്ഛനെ നഷ്ടപ്പെട്ട ബാല്യം മുതൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് വളർന്ന ഈ മിടുക്കി ഐപിഎസ് കുപ്പായമണിയുന്നതിനൊപ്പം ഇപ്പോൾ സ്വപ്‌നം കാണുന്നത് വിദ്യാസമ്പന്നമായി മാറുന്ന തന്റെ ഗ്രാമത്തെ; ബാല്യം മുതൽ തന്നെ തേടിയെത്തിയ പ്രതിസന്ധികളിൽ തളരാതിരുന്ന പെൺകരുത്തിന് 'സല്യൂട്ട്'

മറുനാടൻ ഡെസ്‌ക്‌

മൊറാദാബാദ് (യുപി): ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വീഴാതിരുന്ന പെൺകരുത്ത്. ഇൽമ അഫ്രോസ് എന്ന പെൺകുട്ടി ഇന്ത്യൻ പൊലീസ് സർവീസിലേക്ക് ചുവട് വയ്ച്ചത് കുരുന്നു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും ആരംഭിച്ച പോരാട്ടത്തിൽ നിന്നുമാണ്. 14ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ അനുജനും അമ്മയ്ക്കുമൊപ്പം എന്ത് ചെയ്യുമെന്ന് കരുതി നിന്ന കാലഘട്ടം മുതൽ ഇന്ത്യൻ സിവിൽ സർവീസ് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിൽ വരെ എത്തി നിൽക്കുന്ന അനുഭവത്തെ നിറകണ്ണുകളോടെ പറയുകയാണ് ഇൽമ.

ഉത്തർ പ്രദേശിലെ മൊറാദാബാദിലുള്ള പിന്നോക്ക ഗ്രാമമായ കുണ്ടർക്കിയിൽ ജനിച്ചു വളർന്ന ഇൽമയ്ക്ക് വിദ്യാഭ്യാസം എന്നതായിരുന്നു ജീവൻ. ജീവിതത്തിലെ പ്രാരാബ്ദങ്ങൾക്ക് മുൻപിൽ പതറാതെ ആ അമ്മ ഇൽമയേയും ഇളയ മകനേയും വളർത്തി. മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകണമെന്ന് മാത്രമായിരുന്നു  അമ്മയുടെ ചിന്ത. എന്നാൽ മനസിൽ പോലും പ്രതീക്ഷിക്കാതിരുന്ന അനന്തവിഹായസിലേക്ക് ഇൽമ പറന്നുയർന്നത് നാം അറിഞ്ഞിരിക്കേണ്ട കഥയാണ്. ഫീനിക്‌സ് പക്ഷിയുടെ അതിജീവനത്തിന്റെ കഥ.

ഗ്രാമത്തിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇൽമ നേരെ പോയത് ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കായിരുന്നു. ഫിലോസഫി എടുത്ത് പഠിച്ച ഇൽമ തന്റെ മൂന്ന് വർഷം നീളുന്ന സെന്റ് സ്റ്റീഫൻസ് ജീവിതത്തെ പറ്റി പറയുമ്പോൾ വാചാലയാവുകയാണ്. ക്യാമ്പസിൽ പഠനത്തിന്റെയും പ്രധാന വിഷയങ്ങളുടേയും കാര്യങ്ങൾ ചർച്ചയായി മാറിയ ആ കാലഘട്ടമാണ് തന്നെ അടിമുടി മാറ്റി മറിച്ചതെന്ന് ഇൽമ പറയുന്നു. ഫിലോസഫി പഠിക്കുന്നവർക്ക് സ്വന്തമായി ഗൗരവമേറിയ കാര്യങ്ങൾ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കുമെന്നും ഈ കാലഘട്ടം തന്നെ അതിന് പ്രാപ്തയാക്കിയെന്നും ഇൽമ പറയുന്നു.

പഠനത്തിൽ മികവ് തെളിയിച്ചപ്പോൾ ഇൽമയ്ക്ക് ലഭിച്ച സ്‌കോളർഷിപ്പ് ജീവിതത്തിന്റെ അടുത്ത വഴിത്തിരിവായി മാറി. ഓക്‌സ്‌ഫോർഡിൽ പഠനത്തിനായി വഴി തെളിയിച്ച വിദേശ സ്‌കോളർഷിപ്പാണ് ഇൽമയെ ഇംഗ്ലണ്ടിന്റെ മണ്ണിലെത്തിച്ചത്. യുകെയിലെ പ്രശസ്തമായ വോൾഫ്‌സൻ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന ഇൽമയ്ക്ക് ലോകമെമ്പാടുമുള്ള പ്രധാന വിഷയങ്ങളെ പറ്റി ഗവേഷണം നടത്താനും പ്രഗത്ഭരായ വ്യക്തികളുമായി സംവദിക്കാനും അവസരം ലഭിച്ചതോടെ അറിവിന്റെയും അവസരങ്ങളുടേയും പുത്തൻ ജാലകമാണ് ഈ പ്രതിഭയുടെ മുൻപിൽ തുറന്നത്.

മാസ്റ്റേഴ്‌സ് പഠനത്തിന് ശേഷം  ന്യൂയോർക്കിലെ മാൻഹാറ്റണിലുള്ള ഒരു വോളണ്ടറി സർവീസ് പ്രോഗ്രാമിലും പങ്കെടുക്കാൻ സാധിച്ചതും ഇൽമയ്ക്ക് വിശാലമായ ആകാശം തന്നെ സമ്മാനിച്ചു. എന്നാൽ തന്നെ വളർത്തിയ ഇന്ത്യൻ മണ്ണും അമ്മയുടെ വിയർപ്പിറ്റ് വീഴുന്ന മുഖവും ഇൽമയെ ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുയരണമെന്ന ചിന്തയിലേക്ക് നയിച്ചു. സിവിൽ സർവീസ് എന്ന മോഹം മനസിലുദിച്ചപ്പോൾ മുതൽ അവളുടെയുള്ളിലെ കനൽ വീണ്ടും ആഞ്ഞു ജ്വലിച്ചു. 'വിദേശ സ്വപ്‌നങ്ങൾക്ക്' വിടപറഞ്ഞ് സ്വന്തനാടിന്റെ തുടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ സിവിൽ സർവീസ് എന്ന കടമ്പ കടക്കണമെന്ന നിശ്ചയ ദാർഢ്യം ഇൽമയെ എത്തിച്ചത് 2017 ലെ സിവിൽ സർവീസ് പരീക്ഷയിലെ 217ാം റാങ്കിലാണ്. അങ്ങനെ ഐപിഎസ് എന്ന ലക്ഷ്യത്തിലേക്ക് ഇൽമ പ്രയാണം ആരംഭിച്ചു.

ഹിമാചൽപ്രദേശ് കേഡറിലാണ് ഇൽമയ്ക്ക് ആദ്യം ജോലി ചെയ്യാനവസരം ലഭിച്ചത്. ആദ്യം ഒന്നര വർഷത്തെ പരിശീലനം. 16 മാസം നീളുന്ന പരിശീലനം പൂർത്തിയാകാൻ ഇനി ഏതാനും നാൾ മാത്രമാണ് ബാക്കി. അതോടെ പിറന്ന മണ്ണിനായി പ്രവർത്തിക്കണമെന്ന ആഗ്രഹം ഈ പെൺ കരുത്ത് മികവുറ്റ രീതിയിൽ തന്നെ നടത്തും. ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ് എന്ന സംഘടനയും ഈ ഐപിഎസുകാരി സ്ഥാപിച്ചതാണ് മറ്റൊരു പ്രധാന കാര്യം.

ഭാവിയിൽ മികച്ച പൗരന്മാരായി വളരാൻ കുണ്ടർകി എന്ന ഗ്രാമത്തിലെ കുട്ടികൾക്കും കഴിയണമെന്നാണ് ഇൽമയുടെ ആഗ്രഹം. 'കഠിനാധ്വാനത്തിന്റെ വില അമ്മ പഠിപ്പിച്ചു. അനിയൻ എനിക്കുള്ള സ്ത്രീധനത്തിന് പണം സമ്പാദിച്ചില്ല. പകരം അതെന്റെ വിദ്യാഭ്യാസത്തിനുപയോഗിച്ചു'- ഇൽമയുടെ വാക്കുകൾ ലോകത്തെ ഓരോ പെൺകുട്ടിക്കും എന്നും പ്രചോദനമാണ്. വിജയം മാത്രം സ്വപ്‌നം കണ്ട് രാജ്യത്തിന്റെ കൺമണിയായി മാറിയ ഇൽമയ്ക്ക് ആശംസകൾ....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP