Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോ പറയേണ്ട ഇടത്ത് നോ പറയും; വിരട്ടലിനും വിലപേശലിനും എപ്പോഴും സ്‌റ്റോപ്പ് മെമോ നൽകും; ഒന്നും നേർവഴിക്ക് നടക്കുന്നില്ലെന്ന് സങ്കടപ്പെടുന്ന പാവങ്ങളെ കരയെണ്ടാട്ടോ എന്നാശ്വസിപ്പിക്കും; ശ്രീറാമിനെ പോലും തെറിപ്പിച്ചവരാണ് ഞങ്ങളെന്ന് രാഷ്ട്രീയക്കാർ ഭീഷണി മുഴക്കിയാലും പോയി പണി നോക്കാൻ പറയും; ടി.വി.അനുപമയും ചൈത്ര തെരേസ ജോണും രേണു രാജും: ഡ്രീം ജോബ് കിട്ടിയപ്പോൾ ചങ്കൂറ്റമുള്ള ഈ മൂന്നുമലയാളി പെൺകുട്ടികളും പറയുന്നു: നട്ടെല്ല് വളയ്ക്കാൻ ഇല്ല ഞങ്ങൾ

നോ പറയേണ്ട ഇടത്ത് നോ പറയും; വിരട്ടലിനും വിലപേശലിനും എപ്പോഴും സ്‌റ്റോപ്പ് മെമോ നൽകും; ഒന്നും നേർവഴിക്ക് നടക്കുന്നില്ലെന്ന് സങ്കടപ്പെടുന്ന പാവങ്ങളെ കരയെണ്ടാട്ടോ എന്നാശ്വസിപ്പിക്കും; ശ്രീറാമിനെ പോലും തെറിപ്പിച്ചവരാണ് ഞങ്ങളെന്ന് രാഷ്ട്രീയക്കാർ ഭീഷണി മുഴക്കിയാലും പോയി പണി നോക്കാൻ പറയും; ടി.വി.അനുപമയും ചൈത്ര തെരേസ ജോണും രേണു രാജും: ഡ്രീം ജോബ് കിട്ടിയപ്പോൾ ചങ്കൂറ്റമുള്ള ഈ മൂന്നുമലയാളി പെൺകുട്ടികളും പറയുന്നു: നട്ടെല്ല് വളയ്ക്കാൻ ഇല്ല ഞങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുവാക്കളുടെ ഡ്രീം ജോബാണ് സിവിൽ സർവീസ്. യുപിഎസി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ എഴുതുന്നവരുടെ എണ്ണം 10 ലക്ഷമൊക്കെ കവിഞ്ഞിരിക്കുന്നു. സോഷ്യൽ സ്റ്റാറ്റ്‌സ്, 100 ശതമാനം തൊഴിൽ സുരക്ഷ, സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള അവസരം അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് യുവാക്കളെ ഈ സർവീസിലേക്ക് ആകർഷിക്കുന്നത്. സർക്കാർ നയങ്ങൾ നടപ്പാക്കാനും, ഡ്യൂട്ടിക്കപ്പുറം കാര്യങ്ങളെ കണ്ടറിഞ്ഞ് നാട്ടുകാരെ സേവിക്കാനുമൊക്കെ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഇഷ്ടമുള്ളവരാണ് ഇതിലേക്ക് കടന്നുവരുന്നത്. എന്നാൽ, പൂമെത്തയൊന്നുമല്ല സിവിൽ സർവീസ്. ഉദ്യോഗസ്ഥരെ പരമപുച്ഛത്തോടെ കാണുന്നവരും ബുദ്ധിയില്ലാത്തവരായി വിലയിരുത്തുന്നവരുമായ രാഷ്ട്രീയക്കാരുടെ എണ്ണം ഏറെയുള്ളപ്പോൾ വിശേഷിച്ചും. ഏതായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ കാവലാളുകളായി എത്തിയ ചില യുവ ഐഎഎസ് ഉദ്യോഗസ്ഥരാണ് പുത്തൻ പ്രതീക്ഷ. യഥാർഥ നവോത്ഥാനത്തിന്റെ പതാകവാഹകർ. കഴിഞ്ഞ വർഷത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ തൃശൂർ കളക്ടർ ടി.വി.അനുപമ ഉണ്ടായിരുന്നു.

നട്ടെല്ല് വളയ്ക്കാതെ രാഷ്ട്രീയക്കാരോട് നേർക്ക് നേർ നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെയൊക്കെ നമ്മൾ സിനിമയിൽ കണ്ട് കൈയടിച്ചിരുന്നു മുമ്പ്. ഇപ്പോൾ അവരെ നമുക്ക് ജീവിതത്തിലും കാണാമെന്നായിരിക്കുന്നു. ദേവികുളം സബ്കളക്ടർ രേണുരാജ് വി.ആർ. പ്രേംകുമാറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയുമൊക്കെ പിൻഗാമിയാണ്. നട്ടെല്ലുള്ള, നാടിനും നാട്ടാർക്കും നല്ലത് വരണമെന്നും അഴിമതിക്കും അനീതിക്കും കൂട്ടുനിൽക്കില്ലെന്നും ശപഥമെടുത്ത ജാടയില്ലാത്ത ഉദ്യോഗസ്ഥരാണ് ഇവരൊക്കെ. വളയം തെറ്റിച്ച് ചാടുന്നവരെയൊക്കെ മൂലയ്ക്കിരുത്തുന്നതാണ് രാഷ്ട്രീയക്കാരുടെ പതിവ് പരിപാടി. നാട്ടാരുടെ മുഴുവൻ കണ്ണിലുണ്ണിയായ ശ്രീറാം വെങ്കിട്ടരാമനെ വരെ തെറിപ്പിച്ചു. എന്നിരുന്നാലും ശ്രീരാമിന് വലിയ ക്ഷീണമൊന്നും സംഭവിച്ചില്ല. എസ്.രാജേന്ദ്രൻ എംഎൽഎ.യുമായി ഉടക്കിയ രേണു രാജനെയും നാളെ ഒരുപക്ഷേ മൂന്നാറിൽ നിന്ന് തുരത്തിയേക്കാം. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് മുമ്പിൽ വളയുമെന്നും സ്ഥിരമായി പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഇതിന് അപവാദമായി നിൽക്കുന്ന മൂന്നു ധീരവനിതകളാണ് ഇപ്പോള്ൾ കേരളത്തിലെ ഐഎഎസ് ഐപിഎസ് കേഡറിലുള്ളത്. ടി.വി.അനുപമ, ചൈത്ര തെരേസ ജോൺ, രേണു രാജ്

തോമസ് ചാണ്ടിയെ ഇറക്കി വിട്ട ടി.വി.അനുപമ

തലശ്ശേരി സബ്കളക്ടർ ആയിരിക്കുമ്പോൾ മുതൽ തൃശൂർ ജില്ലാ കളക്ടർ ആയതുവരെ സർവീസ് കാലത്ത് നിരവധി തവണ ശക്തമായ നിലപാടുകളിലൂടെ ജനങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് അനുപമ എന്ന യുവ ഐഎഎസുകാരി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്ന നിലയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങിയാണ് അനുപമ ശ്രദ്ധേയയായത്.

നിറപറയുൾപ്പെടെ വമ്പൻ കമ്പനികളെല്ലാം ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്നാൽ എന്താണെന്ന് ശരിക്കും മനസ്സിലാക്കി. കറി പൗഡറുകളിലെയും പൊടികളിലേയും മായത്തിനെതിരെയും തമിഴ്‌നാട്ടിൽ നിന്ന് കയറ്റിവരുന്ന പച്ചക്കറികളിലെ കീടനാശിനിക്ക് എതിരെയും മത്സ്യങ്ങൾ ചീയാതിരിക്കാൻ അമോണിയ ചേർക്കുന്നതിന് എതിരെയുമെല്ലാം നിയമം അനുശാസിക്കുന്ന നടപടികൾ കൈക്കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ആഞ്ഞടിച്ചതോടെ ഇക്കാര്യത്തിൽ കേരളം ശരിക്കും ബോധവൽക്കരിക്കപ്പെടുകയും കൂടി ആയിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടറായി പോസ്റ്റിങ് കിട്ടിയപ്പോഴാണ് മന്ത്രിയുടെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ഉയരുന്നതും. ഇക്കാര്യം അന്വേഷിക്കേണ്ട ചുമതല സർക്കാർ അനുപമയെ ഏൽപ്പിച്ചപ്പോഴും നാട്ടുകാർ കാത്തിരുന്ന ചോദ്യം മറ്റൊന്നായിരുന്നു.ചാണ്ടിയുടെ പണത്തിനും സ്വാധീനത്തിനും മുന്നിൽ അനുപമ മുട്ടുമടക്കുമോ എന്ന്. ഒടുവിൽ ചാണ്ടിയുടെ കായൽ കയ്യേറ്റ കാര്യത്തിൽ തെളിവുകൾ സഹിതം ആലപ്പുഴ കളക്ടർ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചപ്പോൾ അത് സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിന്റെ കൂടി വിജയമായി മാറി. സർക്കാരിന്റെ ഭാഗമായ അനുപമ നൽകിയ റിപ്പോർട്ടിന് എതിരെ മന്ത്രിയായ ചാണ്ടിതന്നെ കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തിൽ കോടതിയും ഇന്നലെ ശക്തമായി മന്ത്രിയേയും സർക്കാരിനേയും വിമർശിക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ഇതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.

മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരി. ഒരു നിയോഗം പോലെയാണ് ഐഎഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. വിജിലൻസിൽ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോൾ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാൻ വലുതായാൽ അച്ഛൻ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നൽകിയില്ല. മകൾ സിവിൽ സർവീസ് നേടുന്നതിനു മുൻപ് അദ്ദേഹം മരിച്ചു.

മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ പതിമൂന്നാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്‌സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.

തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്. തൃശൂരുകാരുടെ പൊന്നോമനയാണ് ഇപ്പോൾ അനുപമ.

പാർട്ടി ഓഫീസിൽ വരെ കയറി കസറിയ ചൈത്ര തെരേസ ജോൺ

പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയെന്ന് വാർത്ത പുറത്തുവന്നപ്പോൾ എല്ലാവരും ഉന്നയിച്ചത് ഈ ചോദ്യമായിരുന്നു: ഇത് നടന്നത് തന്നെ? സിപിഎം ഭരിക്കുമ്പോൾ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനിൽക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസിൽ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാൻ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാർ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരിൽ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബർ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു.

ആരോടും കോംപ്രമൈസ് ചെയ്യുന്ന പ്രകൃതക്കാരില്ല തെരേസ. കോട്ടത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കവേ മനോരമക്കാരനെയും വിറപ്പിച്ചിരുന്നു അവർ. മദ്യപിച്ചു വാഹനം ഓടിച്ച മലയാള മനോരമയുടെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിന്റെ പേരിൽ ചൈത്രയുടെ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി എ.ആർ ക്യാംപിലേയ്ക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെയല്ല, തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു ചൈത്ര ജില്ലാ പൊലീസ് മേധാവിയോടു പൊട്ടിത്തെറിച്ചിരുന്നു.

മദ്യപിച്ചു പിടിക്കപ്പെട്ടപ്പോൾ മലയാള മനോരമയുടെ ജീവനക്കാരനാണെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ തന്റെ തിരിച്ചറിയൽ കാർഡ് എഎസ്‌പിയെ കാണിക്കുയും ചെയ്തു. എന്നാൽ, ഇയാൾക്കെതിരെ കേസെടുക്കണമെന്ന നിർദ്ദേശം ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കു എഎസ്‌പി നൽകുകയായിരുന്നു. കേസെടുത്ത ശേഷമാണ് ചൈത്ര പിന്മാറിയത്. മനോരമ ജീവനക്കാരനാണെന്നു പറഞ്ഞിട്ടും സംഭവത്തിൽ കേസെടുത്ത ചൈത്രയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് മലയാള മനോരമയിൽ നിന്നു ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. ഇതോടെ എസ്‌പി രക്ഷിക്കാൻ രംഗത്തെത്തുകയും ഇങ്ങനെ സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു.

കേരള കാഡർ ഉദ്യോഗസ്ഥയയായ ചൈത്ര തെരേസ ജോണിന് വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്റെ തുടക്കം. പിന്നെ, തലശേരി എ.എസ്‌പിയായി. ദീർഘകാലം തലശേരിയിൽ ജോലി ചെയ്തപ്പോഴും കണ്ണൂരിലെ സിപിഎമ്മുമായി ഉടക്കേണ്ടി വന്നിട്ടില്ല. ക്രമസമാധാന ചുമതലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയാണ്. പുതിയ തലമുറയിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ നല്ല പ്രകടനം കാഴ്ചവച്ച യുവഉദ്യോഗസ്ഥ. 1983 ഐ.ആർ.എസ് ബാച്ചുകാരനായ ഡോ.ജോൺ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോൺ. കോഴിക്കോട് ജില്ലയിലെ ഈസ്റ്റ്ഹില്ലാണ് സ്വദേശം. കസ്റ്റംസിലും ഡി.ആർ.ഐയിലും ദീർഘകാലം പ്രവർത്തിച്ച ജോൺ ജോസഫ് ഒരുകാലത്ത് സ്വർണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു.

മൂന്നാറിൽ വീണ്ടും ഒരുചുണക്കുട്ടി

തൃശ്ശൂരിൽ സബ് കലക്ടറായിരിക്കവേ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ എത്തി പൂട്ടിച്ച ചരിത്രമാണ് രേണുവിന് ഉള്ളത്. പാറമട ലോബിയുടെ പ്രവർത്തനങ്ങൾക്കെതിരെ മുഖം നോക്കാതെ അവർ നടപടി കൈക്കൊണ്ടു. ശ്രീരാം വെങ്കിട്ടരാമനും പിന്നീടു വന്ന വി ആർ പ്രേംകുമാറും ഉഴുതുമറിച്ച മണ്ണിലേക്കാണ് രേണുവും എത്തിയത്. ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള ദേവികുളത്തേക്ക് സബ്കളക്ടറായി എത്തിയപ്പോൾ രേണു ഉറപ്പിച്ചത് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നാണ്. ആ പാതയിലാണ് അവർ ഇതുവരെ പ്രസംഗിച്ചതും.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 14 സബ്കളക്ടർമാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടൽ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. വിആർ പ്രേംകുമാറിന്റെ നടപടികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ അദ്ദേഹത്തെ ശബരിമലയിലെ സ്പെഷ്യൽ ഓഫീസറാക്കി മാറ്റിയ ശേഷമാണ് ഡോ. രേണുരാജിനെ ഇവിടെ നിയമിച്ചത്. ദേവികുളത്തേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇതോടെ അധികം നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് ഇവർ പ്രതീക്ഷിച്ചത്. എന്നാൽ, കാര്യങ്ങൾ മറിച്ചായി അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്തു രേണു രാജ്.

കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാൻസിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി. തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് എത്തിയത്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു ദേവികുളത്ത് എത്തിയത്. ഇവിടെയും മികച്ച പ്രവർത്തനം നടത്താൻ സാധിച്ചു.

ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭർത്താവ് നൽകിയ പിന്തുണയും കൂടി ചേർന്നപ്പോൾ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP