Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈക്കോയ്ക്ക് നഷ്ടം 431 കോടിയെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 210 കോടി; കുടിശ്ശിക വർധിച്ചതിനാൽ വിതരണക്കാരും സാധനങ്ങൾ നൽകാതായതോടെ മാവേലി സ്‌റ്റേറുകളടക്കമുള്ള വിതരണ കേന്ദ്രങ്ങൾ കാലി; പ്രളയ കിറ്റ് വിതരണം ചെയ്ത വകയിൽ മാത്രം ലഭിക്കാനുള്ളത് 105 കോടി !

കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈക്കോയ്ക്ക് നഷ്ടം 431 കോടിയെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 210 കോടി; കുടിശ്ശിക വർധിച്ചതിനാൽ വിതരണക്കാരും സാധനങ്ങൾ നൽകാതായതോടെ മാവേലി സ്‌റ്റേറുകളടക്കമുള്ള വിതരണ കേന്ദ്രങ്ങൾ കാലി; പ്രളയ കിറ്റ് വിതരണം ചെയ്ത വകയിൽ മാത്രം ലഭിക്കാനുള്ളത് 105 കോടി !

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാർ വിതരണ സ്ഥാപനമായ സ്‌പ്ലൈക്കോ മാസങ്ങളായി കടന്നു പോകുന്നത് വൻ പ്രതിസന്ധിയിലൂടെ. കൈയയച്ച് സബ്‌സിഡി നൽകി എപ്പോൾ വേണമെങ്കിലും പൂട്ടാമെന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സപ്ലൈക്കോയ്ക്ക് പറയാനുള്ളത് കോടികളുടെ കടത്തിന്റെ കണക്കാണ്. 13 ഇനം സാധനങ്ങൾക്ക് അഞ്ചു വർഷത്തേക്കിന് വില കൂട്ടില്ലെന്ന് ഇടതുമുന്നണി നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സ്‌പ്ലൈക്കോയ്ക്ക് കെണിയായത്.

കഴിഞ്ഞ സാമ്പത്തിക വർഷം 431 കോടിയുടെ നഷ്ടമാണ് സപ്ലൈക്കോയ്ക്കുണ്ടായതെങ്കിൽ നടപ്പു സാമ്പത്തിക വർഷം നവംബർ വപെ മാത്രം 210 കോടിയുടെ നഷ്ടമാണുണ്ടായത്. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക കൂടി വർധിച്ചതോടെ മാവേലി സ്‌റ്റേറുകളിലടക്കം മാസങ്ങളായി സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയിലാണ്. 200 കോടി രൂപയാണ് വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്. നാലുമാസമായി വിതരണക്കാർ ടെൻഡറിലും പങ്കെടുക്കുന്നില്ല. സാമ്പത്തികപ്രതിസന്ധിയുള്ള സ്ഥാപനത്തിന് ഇനി കടം കൊടുക്കാനാകില്ലെന്ന നിലപാടിലാണവർ.

സബ്സിഡി പണം കൂടാതെ സർക്കാർ നിർദേശപ്രകാരം പ്രളയബാധിത പ്രദേശത്ത് മൂന്നുമാസം ഭക്ഷണക്കിറ്റ് വിതരണം ചെയ്ത വകയിൽ 105 കോടി രൂപ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. 500 രൂപയുടെ ഭക്ഷ്യസാധനങ്ങൾ തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാലുമാസം വിതരണം ചെയ്തതിന് 62 കോടിയും ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങളെത്തിച്ചതിന് 43 കോടിയും. അവസാന മാസങ്ങളിൽ പണം കൊടുക്കാത്തതിനാൽ കരാറുകാർ സാധനങ്ങൾ നൽകിയില്ല. തുടർന്ന്, കിറ്റിൽ സാധനങ്ങൾ ലഭിച്ചില്ലെന്ന പരാതിയുമുയർന്നു.

എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലേറുമ്പോൾ വെളിച്ചെണ്ണയ്ക്ക് വില കുറവായിരുന്നു. കാർഡ് ഒന്നിന് ഒരുകിലോ വെളിച്ചെണ്ണ 90 രൂപ നിരക്കിൽ നൽകി. ഇപ്പോൾ വെളിച്ചെണ്ണ പൊതുവിപണിയിൽ 200 രൂപയ്ക്ക് മുകളിലായി. 90 രൂപയാണ് ഇപ്പോഴും സപ്ലൈകോയിൽ വില. ഇതിന് സപ്ലൈകോയ്ക്ക് 100 കോടി ചെലവുവരുന്നുണ്ട്. ജയ അരിയുടെ കാര്യം നോക്കിയാൽ കിലോയ്ക്ക് 25 രൂപ നിരക്കിൽ അഞ്ചു കിലോ അരിയാണ് മുൻസർക്കാർ നൽകിയത്. പൊതുവിപണിയിൽ അരിവില 50 രൂപയ്ക്കടുത്ത് എത്തിയപ്പോഴും 25 രൂപ നിരക്കിൽ 10 കിലോ അരി നൽകി. പഞ്ചസാരയുടെ വിലയും 22 രൂപയിൽ നിലനിർത്തി. പഞ്ചസാരയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രം സബ്സിഡി ഇനത്തിൽ നഷ്ടം 200 കോടി രൂപ.

സബ്സിഡി ഇനങ്ങൾ വിതരണം ചെയ്തതുവഴി 2017-18ൽ 431 കോടിയാണ് കോർപ്പറേഷന് നഷ്ടം. സർക്കാർ 200 കോടി സബ്സിഡി വിഹിതമായി നൽകി. 4000 കോടിയുടെ വിറ്റുവരവിൽ 1200 കോടി സബ്സിഡി സാധനങ്ങൾ വിറ്റതുവഴിയാണ് ലഭിച്ചത്. ഈ വർഷം നവംബർവരെ 210 കോടി സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ നഷ്ടമായി. ഈ സാമ്പത്തിക വർഷം 200 കോടി സബ്സിഡി സഹായമായി ബജറ്റിൽ വകയിരുത്തിയതിൽ 100 കോടി നൽകി. 25 കോടി പിന്നീട് അനുവദിച്ചെങ്കിലും ലഭിച്ചില്ല. ശേഷിക്കുന്ന പണം എന്നുലഭിക്കുമെന്ന് കോർപ്പറേഷനും ധാരണയില്ല.

സപ്ലൈക്കോ ഇപ്പോൾ നേരിടുന്ന സാമ്പത്തിക ക്ലേശങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും വിപണി ഇടപെടലിന് മുൻ സർക്കാർ 70 കോടി രൂപയാണ് വിലയിരുത്തിയതെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറയുന്നു. എൽ.ഡി.എഫ്. സർക്കാർ കഴിഞ്ഞ മൂന്നു വർഷമായി 200 കോടി നൽകുന്നു. അത് തികയാതെ വന്നാൽ കൂടുതൽ പണം കണ്ടെത്തും. ചെലവുകുറച്ച് വരുമാനം കൂട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP