Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനാലിൽ വെള്ളം തിരിക്കാനായി പതിവ് പോലെ പതിനൊന്നരയോടെ വീട്ടിൽ നിന്നിറങ്ങി; കല്യാണവീട്ടിൽ പോവേണ്ടിയിരുന്നതിനാൽ സ്വർണമാലയും ഇരു കൈയിലും ഓരോ വളകളും ധരിച്ചത് 63കാരിക്ക് വിനയായി; മൊബൈൽ ഫോണിൽ പ്രതികൾ വിളറി പിടിച്ച് സംസാരിച്ചത് സംശയമായി; ആഭരണം വിൽക്കാനിറങ്ങിയപ്പോൾ പിടി വീണു; കുഴൽമന്ദത്ത് ഓമനയെ കൊന്ന് ചാക്കിലാക്കിയത് സ്വർണ്ണാഭരണം മോഷ്ടിക്കാൻ; അമ്മയുടെ കൂട്ടുകാരിയെ കൊന്ന യുവാക്കളെ തിരിച്ചറിഞ്ഞത് പൊലീസും നാട്ടുകാരും ഒരുമിച്ചപ്പോൾ

കനാലിൽ വെള്ളം തിരിക്കാനായി പതിവ് പോലെ പതിനൊന്നരയോടെ വീട്ടിൽ നിന്നിറങ്ങി; കല്യാണവീട്ടിൽ പോവേണ്ടിയിരുന്നതിനാൽ സ്വർണമാലയും ഇരു കൈയിലും ഓരോ വളകളും ധരിച്ചത് 63കാരിക്ക് വിനയായി; മൊബൈൽ ഫോണിൽ പ്രതികൾ വിളറി പിടിച്ച് സംസാരിച്ചത് സംശയമായി; ആഭരണം വിൽക്കാനിറങ്ങിയപ്പോൾ പിടി വീണു; കുഴൽമന്ദത്ത് ഓമനയെ കൊന്ന് ചാക്കിലാക്കിയത് സ്വർണ്ണാഭരണം മോഷ്ടിക്കാൻ; അമ്മയുടെ കൂട്ടുകാരിയെ കൊന്ന യുവാക്കളെ തിരിച്ചറിഞ്ഞത് പൊലീസും നാട്ടുകാരും ഒരുമിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കുഴൽമന്ദത്തിനു സമീപം ചുങ്കമന്ദത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ മോഷണമാകാമെന്ന നിഗമനത്തിൽ പൊലീസ്. ചുങ്കമന്ദം മാത്തൂരിലെ കുടതൊടിവീട്ടിൽ ഓമന (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രതികളിലൊരാളിന്റെ വീടിന്റെ കട്ടിലിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണാഭരണം മോഷ്ടിക്കാനായാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

ഷൈജുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ നിന്നാണ് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൈയിൽ നിന്ന് ഓമനയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഷൈജുവിന്റെ ബന്ധുവും അയൽവാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് (27) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെക്കൂടി പൊലീസ് തിരയുന്നതായി അറിയുന്നു. ഇതിൽ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്ക് സമീപത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിന് കൈമാറുന്നതിനുമുമ്പ് നാട്ടുകാരുമായുണ്ടായ പിടിവലിക്കിടെ ഇയാൾക്ക് പരിക്കേറ്റിരുന്നു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മാത്തൂരിനടുത്ത് കൂമൻകാട്ടിലാണ് സംഭവം. ശനിയാഴ്ച മുതൽ ഓമനയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ പോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെ വച്ചു യുവാക്കൾ ചേർന്നു കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം മൃതദേഹം സമീപത്തെ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ സ്വർണാഭരണം വിൽക്കാൻ ചെന്നപ്പോൾ ജൂവലറി ജീവനക്കാർക്ക് തോന്നിയ സംശയമാണ് പ്രതികളിലേക്ക് എത്തിച്ചത്. തുടർന്നു ഇവരുടെ വീട്ടിൽ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. യുവാക്കൾ നിരന്തരം ലഹരിമരുന്നും മദ്യവും ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഓമനയുടെ ഭർത്താവ് പരേതനായ സഹദേവൻ, മകൾ- അജിത.

നാട്ടിൽ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന സഹദേവന്റെ ഭാര്യയാണ് ഓമന. ഓമനയെ കാണാതായതോടെ നാട്ടുകാർ അന്വേഷണത്തിന് ഇറങ്ങിയപ്പോൾ കൂട്ടത്തിൽ അറസ്റ്റിലായ മുഖ്യപ്രതികളും ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ മുതൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ ഓമന ഉപയോഗിക്കുന്ന കുട അറസ്റ്റിലായ പ്രതി ഷൈജുവിന്റെ വീടിനു മുന്നിൽ നിന്നു കണ്ടെത്തിയിരുന്നു, ഇതിനിടെയാണ് ജ്യൂലറിയിൽ നിന്ന് ചില സൂചന എത്തിയത്. ഇതോടെ ഈ പ്രദേശത്തെ ആളൊഴിഞ്ഞ വീട് പരിശോധിച്ചു. ആദ്യം ഒന്നും കിട്ടിയില്ല, പിന്നീട് വിശദ പരിശോധന നടത്തിയപ്പോൾ കട്ടിലിനടിയിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കാലിൽ തടഞ്ഞു. ഇതോടെ മുഖ്യപ്രതികളായ ഷൈജുവിനെയും വിജീഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആലത്തൂർ ഡിവൈഎസ്‌പി പി.എ. കൃഷ്ണദാസ്, കുഴൽമന്ദം ഇൻസ്‌പെക്ടർ എ.എം. സിദിഖ്, എസ്‌ഐ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തിൽ മുൻവൈരാഗ്യം ഉണ്ടോയെന്നും പരിശോധിക്കുന്നു. മൃതദേഹം ഒളിപ്പിച്ച വീടും പരിസരവും പൊലീസ് വടംകെട്ടി തിരിച്ചു. ശാസ്ത്രീയ പരിശോധനയും നടത്തി. മൃതദേഹം കണ്ടെത്തിയ വീടിനു പിന്നിലുള്ള സെപ്റ്റിക് ടാങ്കിന്റെ മുകളിലുള്ള മണ്ണും മറ്റും നീക്കിയിട്ടുണ്ട്. ഇതു മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളാനാണെന്നു സംശയിക്കുന്നു.

പ്രതികളുടെ വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയാണ് ഓമനയുടെ ഉടമസ്ഥതയിലുള്ള നെൽപാടം. രാവിലെയും വൈകിട്ടും ഇവർ പാടത്തെത്തും. പ്രതികൾക്കു കൃത്യമായി ഇതറിയാം. കൊല്ലപ്പെട്ട ഓമന കുറച്ചു നാളായി വീട്ടിൽ ഒറ്റയ്ക്കാണ്. മക്കൾ ജോലിക്കും മറ്റുമായി മാറിത്താമസിച്ചതോടെയാണിത്. വീടിന് ഒരു കിലോമീറ്ററോളം ദൂരത്ത് കൂമൻകാട് ഭാഗത്താണ് രണ്ടേക്കറോളം വരുന്ന ഇവരുടെ നെൽക്കൃഷി. കനാലിൽ വെള്ളം തിരിക്കാനായി എന്നും രാവിലെ പതിനൊന്നരയോടെ വീട്ടിൽ നിന്നിറങ്ങും. ശനിയാഴ്ച സമീപത്തെ കല്യാണവീട്ടിലും പോവേണ്ടിയിരുന്നതിനാൽ സ്വർണമാലയും ഇരു കൈയിലും ഓരോ വളകളും ധരിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. പാടത്തെത്തി കൃഷി നോക്കിയ ശേഷം തിരിച്ച് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നരയോടെ പ്രതികളിലൊരാളായ വിജേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിരുന്നതായി സാക്ഷി മൊഴിയുണ്ട്. ഇതിനു ശേഷം ഈ വീട്ടിൽ നിന്നിറങ്ങിയ ഇവർ കല്യാണ വീട്ടിൽ എത്തിയിരുന്നില്ല. മൃതദേഹം കണ്ടെത്തിയ വീട്ടിൽ പ്രതികളിലൊരാളായ ഷൈജുവിനൊപ്പം അമ്മയും താമസിച്ചിരുന്നു. ഇവർ ശനിയാഴ്ച ബന്ധുവിന്റെ കല്യാണവീട്ടിൽ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.

സമാന്യം തിരക്കുള്ള ചുങ്കമന്ദം- തേനൂർ റോഡരികിലെ വീട്ടിൽ സമീപവാസികൾ ആരുമറിയാതെ കൊലപാതകം നടന്ന രീതി പൊലീസിനെയും അമ്പരിപ്പിച്ചിട്ടുണ്ട്. സമീപവാസികളും സംഭവ സ്ഥലത്തു നിന്ന് ബഹളം കേട്ടതായി പറയുന്നില്ല. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതികളിലൊരാളായ ഷൈജു കൈവശം സൂക്ഷിച്ചിരുന്ന മൊബൈൽ കേസിലെ പ്രധാന തെളിവായി. കാണാതായ ശേഷം ശനിയാഴ്ച വൈകീട്ടു മുതൽ ഓമനയെ ബന്ധുക്കൾ നിരന്തരം മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെ രാത്രി ഏഴരയോടെ ആരോ ഫോണെടുത്തങ്കിലും സംസാരിച്ചില്ല. പിന്നീട് രാത്രി 8.30-ഓടെ ഓമനയുടെ മരുമകൻ ചന്ദ്രൻ വിളിച്ചപ്പോൾ ഒരാൾ ഫോണെടുത്ത് താൻ കല്യാണവീട്ടിലാണെന്ന് പറഞ്ഞ് ചീത്ത വിളിച്ചതായി ചന്ദ്രൻ പറഞ്ഞു. ഓമനയ്ക്ക് ആപത്ത് സംഭവിച്ചതായി ഇതോടെ ബന്ധുക്കൾ ഉറപ്പിച്ചു. ഞായറാഴ്ച രാവിലെ തിരച്ചിൽ നടക്കുന്നതിനിടെ പ്രതികളിൽ രണ്ടുപേർ ഓമനയുടെ വീടിനുമുമ്പിലൂടെ പോയതായും ആളെക്കിട്ടിയോ എന്ന് അന്വേഷിച്ചിരുന്നതായും മരുമകൻ ചന്ദ്രൻ പറഞ്ഞു.

പ്രതികളായ ഷൈജുവും ഗിരീഷും ചുങ്കമന്ദത്തെ തുണിക്കടയിലെത്തി വസ്ത്രം വാങ്ങി പകരം സ്വർണവള കൊടുക്കാൻ ശ്രമം നടത്തിയ വിവരമറിഞ്ഞതോടെ നാട്ടുകാർ തന്നെ രംഗത്തിറങ്ങി യുവാക്കളെ തേടുകയായിരുന്നു. പ്രതികളിലൊരാൾ ശനിയാഴ്ച വൈകീട്ട് വളയുമായി മറ്റൊരു വ്യാപാരിയെയും സമീപിച്ചിരുന്നു. അലമാര വാങ്ങാനും ശ്രമം നടത്തി. കാര്യമായ ജോലിയൊന്നുമില്ലാതിരുന്ന യുവാക്കൾ കുടുങ്ങിയത് ഈ ഇടപാടുകൾ കാരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP