Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാശി തീർക്കാൻ കേസുമായി വക്കീൽഫീസിനത്തിൽ മാത്രം പൊടിച്ചത് 20 ലക്ഷം രൂപ; ഗവർണറാക്കുമെന്നും ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കുമെന്നും ശ്രുതി പരന്നപ്പോൾ പക ആളിക്കത്തി; നമ്പി നാരായണനെ തള്ളി പറഞ്ഞപ്പോൾ സംഘപരിവാർ കൈവിട്ടിട്ടും വേട്ട അവസാനിപ്പിക്കാതെ പിണറായി സർക്കാർ; ടി.പി.സെൻകുമാറിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും; ഇന്റലിജൻസ് ഡിജിപി ആയിരിക്കെ പൊലീസുകാർക്ക് എതിരായ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്‌ത്തിയെന്ന് കണ്ടുപിടുത്തം

വാശി തീർക്കാൻ കേസുമായി വക്കീൽഫീസിനത്തിൽ മാത്രം പൊടിച്ചത് 20 ലക്ഷം രൂപ; ഗവർണറാക്കുമെന്നും ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കുമെന്നും ശ്രുതി പരന്നപ്പോൾ പക ആളിക്കത്തി; നമ്പി നാരായണനെ തള്ളി പറഞ്ഞപ്പോൾ സംഘപരിവാർ കൈവിട്ടിട്ടും വേട്ട അവസാനിപ്പിക്കാതെ പിണറായി സർക്കാർ; ടി.പി.സെൻകുമാറിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും; ഇന്റലിജൻസ് ഡിജിപി ആയിരിക്കെ പൊലീസുകാർക്ക് എതിരായ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്‌ത്തിയെന്ന് കണ്ടുപിടുത്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി.സെൻകുമാറിനെ മത്സരിച്ച് തോൽപ്പിക്കുകയാണ് പിണറായി സർക്കാരിന്റെ ഇപ്പോഴത്തെ മുഖ്യപരിപാടി. കേസുകളെടുത്ത് അദ്ദേഹത്തെ വശംകെടുത്തുന്നതിലാണ് ഇപ്പോൾ കമ്പം. ഒരുതരം വേട്ടയാടൽ. ഏറ്റവും ഒടുവിൽ സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇന്റലിജൻസ് ഡി.ജി.പി ആയിരിക്കെ പൊലീസുകാർക്കെതിരായ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്‌ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് അന്നത്തെ ഇന്റലിജൻസ് ഡി.ജി.പി സെൻകുമാറിന് റിപ്പോർട്ട് നൽകിയത്. നമ്പി നാരായണന് പത്മഭൂഷൺ കിട്ടിയപ്പോൾ പുരസ്‌കാര ലബ്ധിക്ക് അദ്ദേഹത്തിന് എന്താണ് യോഗ്യത എന്നാരാഞ്ഞ് രംഗത്തെത്തിയതോടെ സംഘപരിവാർ സെൻകുമാറിനെ കൈവിട്ടു. സംഘപരിവാർ പാളയത്തിൽ നിന്ന് പുറത്തായെങ്കിലും, സെൻകുമാറിനെ വിടാതെ പിന്തുടരാൻ തന്നെയാണ് സർക്കാർ നീക്കം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഒരു വ്യക്തിയെ അധിക്ഷേപിച്ചും അവഹേളിച്ചും സംസാരിച്ചതിനെതിരെ കേസ് എടുക്കാൻ കഴിയുമോ എന്ന നിയമോപദേശവും പൊലീസ് തേടിയിരുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിലാണ് നിയമോപദേശം തേടിയത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ഓഡിയോ - വീഡിയോ ക്ലിപ്പുകൾ സഹിതമാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥികൾക്ക് നൽകുക, പൊലീസ് ഡ്രൈവറുടെ മണൽ മാഫിയ ബന്ധം, മൂന്ന് ബലാത്സംഗ കേസുകൾ പണം വാങ്ങി ഒതുക്കി എന്നിവയായിരുന്നു പൊലീസുകാർക്കെതിരായ ആരോപണം. ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അറിവോടെ ആയിരുന്നു പൊലീസുകാരുടെ നിയമലംഘനങ്ങളെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഇന്റലിജൻസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സെൻകുമാർ തുടർ നടപടി സ്വീകരിക്കാതെ റിപ്പോർട്ട് പൂഴ്‌ത്തിയെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തൃശൂർ റേഞ്ച് ഐ.ജിയോട് പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഐ.ജിയുടെ മേൽനോട്ടത്തിലാകും അന്വേഷണം .അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പൊലീസുകാർക്കെതിരെ റിപ്പോർട്ടു നൽകിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നു .

കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിയമനം നൽകണമെന്ന ടി.പി. സെൻകുമാറിന്റെ അപേക്ഷക്ക് വിലങ്ങുതടി ആയത് നമ്പിനാരായൻ നൽകിയ കേസായിരുന്നു. സെൻകുമാർ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചുള്ള പരാതി അദ്ദേഹത്തെ കുരുക്കാൻ ഇടതു സർക്കാർ ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നു കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. സെൻകുമാറിനെ നിയമിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം പരിമിതമാണെന്നും അറിയിച്ചിരുന്നു

തുടർച്ചയായി തന്നെ വേട്ടയാടുന്ന പിണറായി സർക്കാറിന്റെ നടപടിക്കെതിരെ സെൻകുമാർ നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. നമ്പി നാരായണനെ ഉപദ്രവിച്ച കേസിൽ തനിക്ക് പങ്കുണ്ടെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത് തെറ്റാണെന്നും ഈ കേസിൽ തനിക്കൊരു ബന്ധവുമില്ലെന്ന് തെളിയിക്കാനാണ് സെൻകുമാറിന്റെ നീക്കം. ഈ സംഭവത്തിൽ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സെൻകുമാറിന്റെ വാദം.

ചാരക്കേസിൽ നമ്പി നാരായണനെ ഉപദ്രവിച്ചതിൽ സെൻകുമാറിനും പങ്കെന്ന് കാണിച്ച് സത്യവാങ് മൂലം നൽകിയതിനെയാണ് എതിർക്കുന്നത്. തനിക്കെതിരായ ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോൾ സർക്കാർ കാട്ടിക്കൂട്ടുന്ന പാപ്പരത്തമാണ് നടപടിയെന്ന് സെൻകുമാർ പറയുന്നത്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സർക്കാർ നടപടികൾക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോളാണ് നമ്പി നാരായണനെതിരായ കേസിൽ സെൻകുമാറും തെറ്റായ ഇടപെടൽ നടത്തിയെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്നാണ് സെൻകുമാർ നിലപാട്.

സർക്കാർ ആവശ്യപ്രകാരം കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുൻപ് തന്നെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഫയലുകൾ മടക്കി നൽകിയിരുന്നു. താൻ കുറ്റക്കാരനെങ്കിൽ ഇ.കെ. നായനാർ സർക്കാർ ഒന്നാംപ്രതിയാകും. എന്നാൽ നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നിൽ തന്നെയും കുറ്റക്കാരനാക്കാനാണ് സർക്കാർ ശ്രമമെന്നാണ് സെൻകുമാറിന്റെ ആരോപണം. തനിക്കെതിരെയെടുത്ത എല്ലാ കേസുകളും കോടതി തള്ളിക്കളഞ്ഞതിനാൽ അടുത്ത പ്രതികാരനടപടിയാണിതെന്നും ആരോപിക്കുന്നു.

തന്റെ ഫോൺ ചോർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും സെൻകുമാറിനോട് അടുത്ത വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഇതിനു മുൻപ് 2016 മുതലാണ് സെൻകുമാറിന്റെ ഫോൺ ചോർത്താൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടന്നിരുന്നത്. പിന്നീട് ഈ ശ്രമം അവസാനിച്ചിരുന്നു. സെൻകുമാർ ഗവർണർ ആകും എന്ന വാർത്ത വന്ന ഇടക്കാലത്ത് വന്ന ശേഷമാണ് ഫോൺ ചോർത്തൽ നടപടികൾ വീണ്ടും ആരംഭിച്ചത്.


സെൻകുമാറിനെതിരെ നാലോളം വ്യാജ കേസുകൾ ആണ് ഇടത് സർക്കാർ ചാർജ് ചെയ്തിരുന്നത്. ഇതെല്ലാം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തിയ പോരാട്ടങ്ങൾ വഴി സെൻകുമാർ പരാജയപ്പെടുത്തിയിരുന്നു. കേരളാ അഡ്‌മിനിസ്ട്രെറ്റിവ് ട്രൈബ്യുണൽ അംഗമായുള്ള സെൻകുമാറിന്റെ നിയമനം തടയുക എന്നതാണ്. ഈ കേസുകൾ വഴി സർക്കാർ ലക്ഷ്യമിട്ടത് എന്ന് ആരോപണം വന്നിരുന്നു. സെൻകുമാറിനെ കേസുകളിൽ കുടുക്കിയശേഷം ആ സ്ഥാനത്ത് സർക്കാർ മുൻ എഡിജിപി രാജേഷ് ദിവാനെ നിയമിക്കുകയും ചെയ്തിരുന്നു.

സെൻകുമാർ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതിയെ സമീപിച്ചു. വൻതുക മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷൽ ലീവ് പെറ്റിഷൻ ഫയലിൽ സ്വീകരിക്കാൻ തന്നെ കോടതി തയ്യാറായില്ല. സർക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തിൽ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസിൽ പക്ഷെ ഒരുവർഷം തികയുംമുൻപെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലൻസ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാർണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.

ഇതൊന്നും പോരാതെയാണ് ഹൈക്കോടതി തള്ളിയ മറ്റൊരു കേസിൽ സർക്കാർ തന്നെ സുപ്രീം കോടതി വരെ പോയി പരാജയം എറ്റുവാങ്ങിയത്. നേരത്തെ സെൻകുമാറിനെതിരെ കേസ് നടത്തിയ വകയിൽ അഭിഭാഷകർക്ക് നൽകാനുള്ള തുക മാത്രം 20 ലക്ഷം രൂപയിലേറെ കണക്കാക്കിയിരുന്നു.ഇങ്ങനെ ഖജനാവ് ചോർത്തിയുള്ള കേസ് നടത്തിപ്പിനിടെയാണ് സെൻകുമാറിനെ കുടുക്കാൻ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP