Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രഅവഗണന എന്ന കേവലവാദം വെറും മിഥ്യയോ അതോ ആരോപണം മാത്രമോ? റയിൽവേയിൽ എങ്കിലും കേരളത്തിന് വാരിക്കോരി തന്നില്ലേ കേന്ദ്രം? തരൂരും രാജേഷും അല്ലാതെ വിദ്യാഭ്യാസ വിഷയങ്ങൾ ഏത് എംപിമാരാണ് പാർലമെന്റിൽ ഉന്നയിച്ചത്; തൊഴിൽ രഹിതർക്കായി കേന്ദ്രപദ്ധതികൾ വരാത്തത് എന്തേ?

കേന്ദ്രഅവഗണന എന്ന കേവലവാദം വെറും മിഥ്യയോ അതോ ആരോപണം മാത്രമോ? റയിൽവേയിൽ എങ്കിലും കേരളത്തിന് വാരിക്കോരി തന്നില്ലേ കേന്ദ്രം? തരൂരും രാജേഷും അല്ലാതെ വിദ്യാഭ്യാസ വിഷയങ്ങൾ ഏത് എംപിമാരാണ് പാർലമെന്റിൽ ഉന്നയിച്ചത്; തൊഴിൽ രഹിതർക്കായി കേന്ദ്രപദ്ധതികൾ വരാത്തത് എന്തേ?

രമേശ് മാത്യു

കേന്ദ്രം കേരളത്തിന് ഒന്നും നൽകുന്നില്ല, കേന്ദ്രം നമ്മളെ അവഗണിക്കുന്നു' എന്നുപറയുന്നത് പ്രതിപക്ഷത്തിരിക്കുന്നവർ ആരായാലും എപ്പോഴും പറഞ്ഞു നടക്കുന്ന സ്ഥിതിവിശേഷം നമ്മൾ കാലാകാലങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ അതേസമയം തന്നെ അങ്ങനെ പറയുന്ന നേതാക്കളും അവരുടെ പാർട്ടികളും ഒക്കെ ഇതേ കാലയളവിലെ എംപി ആയിരുന്ന തങ്ങളുടെ 'വൻ നേട്ടങ്ങൾ' എന്ന് പറഞ്ഞു ഭയങ്കര പബ്ലിസിറ്റി കൊടുക്കുന്ന വിചിത്രമായ കാഴ്‌ച്ച വർഷങ്ങളായി കേരളം കൊണ്ടിരിക്കുന്നു. ഇതൊരു അവഗണിച്ചെങ്കിൽ എങ്ങനെ അങ്ങനെ പറയുന്ന എം പിമാർക്ക് അവ വിരോധാഭാസമല്ലേ. ഇവ രണ്ടും കൂടി എങ്ങനെ ശരിയാകും. അവഗണന ഏറ്റെടുത്തെങ്കിൽ ഇവർ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന ഇത്രയേറെ' കാര്യങ്ങൾ' ഒക്കെ എങ്ങനെ ചെയ്യാൻ' കഴിഞ്ഞു.

വെയ്റ്റിങ് ഷെഡ് പണിതത് മുതൽ, പോക്കറ്റ് റോഡുകൾ ടാർ ചെയ്തതും ചില സ്‌കൂളുകളിൽ ഒക്കെ മൂത്രപ്പുരകൾ പണിതത് വരെ ഈ വക ഭവൻ നേട്ടങ്ങളുടെ' പട്ടികയിൽ പെടുത്തിയിട്ടുള്ള കുറെയേറെ നേതാക്കൾ എങ്കിലും കേരളത്തിൽ ഇന്നുമുണ്ട്. ദേശീയ' രാഷ്ട്രീയം കളിച്ചു നടന്നു സ്വന്തം മണ്ഡലം നോക്കാത്ത എംപിമാർ ചിലരെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ട്. അവരുടെ ഒക്കെ നിയോജക മണ്ഡലങ്ങളിൽ എന്താണ് വികസനം എന്ന പേരിൽ നടന്നിട്ടുള്ളതെന്നു അവർ ഒക്കെ തുറന്നു പറഞ്ഞാൽ നല്ലതു. മുപ്പതിലേറെ വർഷം മുൻപ് പണിതുടങ്ങിയ കൊല്ലം ബൈപ്പാസ് തീർത്തെടുത്ത് കഴിഞ്ഞ അഞ്ചു വർഷത്തെ കാലയളയിൽ മുൻഗണന നൽകി തീർത്തത് അവിടുത്തെ എംപിയുടെ നേട്ടം തന്നെ ആണ്. എന്നാൽ ദേശീയപാതയിൽ തന്നെ അതിലും മുൻപ് പണി തുടങ്ങിയ ബൈപ്പാസ് ഇന്നും അനാഥമായി കിടക്കുന്ന കാഴ്‌ച്ച ആലപ്പുഴയിൽ കാണാൻ കഴിയും.

ആലപ്പുഴ നഗരത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന ഹൗസ് ബോട്ട് ടൂറിസത്തിന്റെ കവാടമായ പുന്നമടയിൽ എത്തണമെങ്കിൽ ഇപ്പോഴും കുപ്പിയുടെ വാ' പോലുള്ള വഴിലയിൽ കൂടിയേ സഞ്ചാരിക്കാൻ കഴിയൂ. ഇതൊക്കെ ഒരു നേട്ടം' ആണോ എന്ന് കേന്ദ്രത്തിലും കേരളത്തിലും ഒക്കെ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിമാർ ആലോചിക്കേണ്ടതുണ്ട്.

റയിൽവേയിൽ വന്നുകൊണ്ടിരിക്കുന്ന വികാസങ്ങൾ എല്ലാം തങ്ങളുടെ സ്വന്തം നേട്ടങ്ങൾ' ആയി കാണുന്ന ലോക്‌സഭ മെമ്പർമാരും നമ്മുടെ നാട്ടിൽ കുറവല്ല. ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ കേവലം പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുമ്പോൾ അതിനു സ്വീകരണം നൽകിയും വിളംബര ജാഥ നടത്തുന്ന എം പീ മാരെയും ഈ കാലയളവിൽ നമ്മൾ കണ്ടു. അടുത്തകാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടി ആ റൂട്ടിൽ തന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് നീട്ടിയപ്പോൾ മാസങ്ങൾ കഴിഞ്ഞപ്പോൾ് അതിന്റെ അവകാശവാദവും ഉന്നയിച്ചു ഒരു മെമ്പർ പ്രസ്താവന ഇറക്കുന്ന വിചിത്രമായ കാഴ്ചയും കേരളം കാണുകയുണ്ടായി.

മറ്റൊരാൾ മധ്യതിരുവതാംകൂറിൽ തന്റെ മണ്ഡലത്തിലേക്ക് പണ്ട് റെയിൽവേ ശുപാർശ ചെയ്ത എന്നാൽ ഇപ്പോഴും കടലാസിൽ  മാത്രം നിലനിൽക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന്റെ പേരിൽ ആണ് വോട്ട് ചോദിക്കുന്നതും ചോദിക്കാൻ പോകുന്നതും. വയസ്സ് എൺപതു അടുത്തിട്ടും ആ സ്റ്റേഷന്റെ പടവും കാട്ടി തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങാൻ വെപ്രാളം കൂട്ടുന്ന ചില മുൻ എം പിമാരെയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

റെയിൽവേ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ നടന്നത് പോലെയുള്ള വർക്കുകൾ നടന്ന ഒരു കാലഘട്ടം ഇത്രയേറെ വര്ഷത്തിനിടയിൽ കേരളത്തിൽ നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. മുൻപ് ഒ രാജഗോപാൽ റെയിൽവേ സഹമന്ത്രി ആയിരുന്ന സമയത്തും കുറെയൊക്കെ കാര്യങ്ങൾ നടന്നിരുന്നു എന്നുള്ളത് മറക്കുന്നില്ല. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പാത ഇരട്ടിപ്പിക്കൽ (കോട്ടയം വഴിയും ആലപ്പുഴ വഴിയും) തുടങ്ങി വച്ചതു രാജഗോപാൽ തന്നെ ആയിരുന്നു.

ഭൂമി ഏറ്റെടുക്കൽ വളരെ ബുദ്ധിമുട്ടു നിറഞ്ഞ പ്രക്രിയ ആയിട്ടുകൂടി കുറെ അധികം വർക്കുകൾ പാത ഇരട്ടിപ്പിക്കുന്നതിനും സ്റ്റേഷനുകളുടെ വികസനത്തിനായി കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്നു എന്നുള്ളത് സത്യമാണ്. മുൻപ് തട്ടുകടയുടെ വലുപ്പം മാത്രം ഉണ്ടായിരുന്ന പല റെയിൽവേ സ്റ്റേഷനുകളും ഇന്ന് വൻസ്റ്റേഷനുകൾ ആയി മാറി. ഉദാഹരണത്തിന് കോട്ടയത്തിനും എറണാകുളത്തിനും ഇടയിലുള്ള കുറഞ്ഞത് അഞ്ചു സ്റ്റേഷനുകൾ എങ്കിലും. നല്ല ഒരു പ്ലാറ്റ്‌ഫോറം പോലും ഇല്ലാതിരുന്ന ഫ്ളാഗ് സ്റ്റേഷനുകൾ വരെ രണ്ടും മൂണും നല്ല പ്ലാറ്റഫോറങ്ങൾ വന്നു കഴിഞ്ഞു. റൂഫിങ് ഇല്ലാതിരുന്നവിടങ്ങൾ വരെ നല്ല റൂഫും ഒപ്പം ഫുട്ഓവർ ബ്രിഡ്ജുകളും ഒക്കെ വന്നു കഴിഞ്ഞു. സ്റ്റേഷനുകൾ കുറെയെണ്ണം ഒക്കെ നല്ല വൃത്തിയുള്ള സ്റ്റേഷനുകൾ ആയി കഴിഞ്ഞു. കൂടാതെ ഇരട്ടപാതകൾ വന്നിടങ്ങളിൽ ഒക്കെ പുതിയ റെയിൽവേ വർബ്രിഡ്ജുകളും വന്നു കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ കാർ പാർക്കിങ് ഏരിയ ഉള്ള സ്റ്റേഷനായി ചങ്ങനാശേരി മാറി. പിന്നെ എങ്ങനെ കേരളത്തെ അവഗണിക്കുന്നു എന്ന് നമ്മുടെ എം പിമാർക്ക് പറയാൻ കഴിയും.

അതുപോലെ തന്നെ പുതിയ യാത്ര വണ്ടികൾ അനുവദിക്കുന്നതിലും റെയിൽവേ യാതൊരു പിശുക്കും കാണിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇരട്ടപാതകളുടെ പണികൾ ഇത്രയേറെ നടന്നുകൊണ്ടിരിക്കുന്ന സമയത്തു ആണ് ഇവയൊക്കെ വന്നത് എന്നതും ശ്രദ്ധേയമാണ്. രാത്രികാലത്തു ലോക്കോ പൈലറ്റും ഗാർഡും അല്ലാതെ ഒരു യാത്രക്കാരൻ പോലും ഇല്ലാത്ത ഒരു യാത്ര വണ്ടി' രണ്ടു മൂന്ന് വർഷത്തിന് മീതെയായി പാതി രാത്രിയിൽ കൊല്ലം മുതൽ എറണാകുളം വരെ ഓടുന്നുണ്ടന്നുള്ളതും കുറെ റെയിൽവേ യാത്രക്കാർക്കെങ്കിലും അറിയാം. ഇതൊക്കെ തങ്ങളുടെ ഭസ്വന്തം വൻ നേട്ടങ്ങൾ' ആയി പലരും കാണാതെ ഇരിക്കില്ല.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലയളവിൽ കേരളത്തിൽ വന്നു എന്നുള്ളതാണ് സത്യം. പാലക്കാട് ഐഎടി, കോട്ടയം ജില്ലയിൽ് കുറിച്ചിയിൽ് കേന്ദ്ര ആയുഷ് മിനിസ്ട്രിയുടെ കീഴിലുള്ള പുതിയ സെൻട്രൽ ഹോമിയോ ഹയർ റിസർച്ച് സെന്റര്, പാലായിൽ പണിനടന്നു കൊണ്ടിരിക്കുന്ന 'ട്രിപ്പിൾ ഐഐഐ' കൊല്ലം പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളേജ് ഇതൊക്കെ വന്നു കഴിഞ്ഞിട്ട് അധികം നാൾ ആയിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ കുത്തുപാള എടുത്തുകൊണ്ടിരിക്കുന്ന റബ്ബർ കർഷന്റെ ഉന്നമനത്തിനു വേണ്ടി തങ്ങൾ നേടിയെടുത്ത' കാര്യങ്ങൾ വരെ നോട്ടിസ് അടിച്ചായിരിക്കും പല എംപിമാരും വീണ്ടും മത്സരത്തിനിറങ്ങുക.

എന്നാൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുവാൻ ഒരു ശശി തരൂരും ഒരു പരിധിവരെ പാലക്കാട് എം പി എം ബി രാജേഷും അല്ലാതെ മറ്റാരും ഒരു വാക്ക് പോലും പറഞ്ഞതായി കേട്ടിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷത്തിന് ഇടയിൽ തൊഴിൽ രഹിതകർക്കായി നമ്മുടെ സംസ്ഥാനത്തു എത്ര കേന്ദ്ര പദ്ധതികൾ വന്നു എന്ന് ഒരു എം പി എങ്കിലും പറയുമോ. കുറഞ്ഞ പക്ഷം കേന്ദ്രമന്ത്രി ആയ അൽഫോൻസ് കണ്ണന്താനം എങ്കിലും ഇതിനു ഒരു മറുപടി തരണം.

(പതിനാറു വർഷത്തിൽ ഏറെ ദോഹയിലെ ഗൾഫ് ടൈംസ് പത്രത്തിൽ സീനിയർ ജേർണലിസ്റ്റ് ആയിരുന്ന ലേഖകൻ. 1991...മുതൽ 2002 കാലഘട്ടത്തിൽ ഇന്ത്യൻ എക്സ്‌പ്രസ്സ് പത്രത്തിന്റെ അഹമ്മദാബാദ്, ഡൽഹി, കൊച്ചി എഡിഷനുകളിൽ സ്പോർട്സ് ലേഖകൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP