Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ കേസ്; ഈ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം; പി ജയരാജനെയും രാജേഷിനെയും കൊലക്കേസിൽ പ്രതിയാക്കാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടി; നിർഭാഗ്യകരമായ കൊലപാതകത്തെ 'പാർട്ടി കോടതി വിധി' എന്ന് വാദം ശരിയല്ല; കണ്ണൂരിലെ കരുത്തനെ കൈവിടില്ലെന്ന് വ്യക്തമാക്കി സിപിഎം

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ കേസ്; ഈ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം; പി ജയരാജനെയും രാജേഷിനെയും കൊലക്കേസിൽ പ്രതിയാക്കാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടി; നിർഭാഗ്യകരമായ കൊലപാതകത്തെ 'പാർട്ടി കോടതി വിധി' എന്ന് വാദം ശരിയല്ല; കണ്ണൂരിലെ കരുത്തനെ കൈവിടില്ലെന്ന് വ്യക്തമാക്കി സിപിഎം

രഞ്ജിത്ത് ബാബു

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സിബിഐ നടപടിയെ രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങി സിപിഎം. ജയരാജനെ വേട്ടയാടാനുള്ള രാഷ്ട്രീയക്കളിക്കെതിരെ പ്രതിഷേധ ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റും വ്യക്തമാക്കി.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്. എംഎ‍ൽഎ എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സമർപ്പിച്ച അനുബന്ധ കുറ്റപത്രമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സിബിഐ നടത്തിയ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം നടത്തിയ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ പാർട്ടി നേതാക്കളെ, പട്ടുവം പഞ്ചായത്തിലെ അരിയിൽ വെച്ച് മുസ്ലിം ലീഗ് ക്രിമിനൽ സംഘം അപായപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണപുരം പഞ്ചായത്തിലാണ് നിർഭാഗ്യകരമായ ഒരു കൊലപാതകം നടന്നത്. ഇതിന്റെ പേരിൽ 'പാർട്ടി കോടതി വിധി' എന്ന് കുറ്റപ്പെടുത്തി. ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പാർട്ടി നേതാക്കളെ കൊലക്കേസിൽ പ്രതിയാക്കാൻ ഉമ്മൻ ചാണ്ടി തന്നെ പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു. 2 ലീഗ് പ്രവർത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118-ാം വകുപ്പ് ഉൾപ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷൻസ് കോടതിയിൽ കേരള പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ ഈ സാക്ഷികൾ പിന്നീട് തളിപ്പറമ്പ് കോടതിയിൽ കൊടുത്ത സത്യവാങ്ങ്മൂലത്തിൽ, തങ്ങൾ നേതാക്കൾ പരിക്കേറ്റ് കിടക്കുന്ന ആശുപത്രിയിലോ, പരിസരത്തോ പോയില്ലെന്നാണ് മൊഴി കൊടുത്തത്. ഇതേ സാക്ഷികളെ കൂടി ഉപയോഗപ്പെടുത്തിയാണ് സിബിഐ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുള്ളത്. പുതിയ തെളിവുകളില്ലാതെയാണ് സിബിഐ ഇത്തരം നീക്കം നടത്തിയത്. സിബിഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസി അതുവഴി രാഷ്ട്രീയ കളിക്ക് കൂട്ട് നിന്നിരിക്കുകയാണ്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുമെന്ന് സെക്രട്ടറിയേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

അനുബന്ധ കുറ്റപത്രം സമർപ്പിച്ച സി ബി ഐ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബിജെപിയുടേയും കോൺഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന് കോടിയേരിയും പറഞ്ഞു. 2012 ൽ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ 73 സാക്ഷി പട്ടികയടക്കം 33 പ്രതികൾ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കൽ പൊലീസ് സമർപ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ലോക്കൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഒരിടത്തും പി.ജയരാജനും, ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ലെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

കണ്ണൂരിലെ കരുത്തനെ കൈവിടില്ലെന്ന സൂചനയാണ് സിപിഎം നൽകുന്നത്. ഈ കേസിന്റെ തുടക്കം മുതൽ പി ജയരാജനെ പ്രതിരോധിച്ചു കൊണ്ട് സിപിഎം രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ ഗൂഢാലോചന ആരോപണം അടക്ക ഉന്നയിച്ചുകൊണ്ടാണ് കേസിൽ സിപിഎം പ്രതിരോധം തീർത്തിരുന്നത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം കണ്ണപുരത്ത് വച്ച് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

2012 ഫെബ്രുവരി 20 നാണ് സംഭവം. ഷുക്കൂറിനെ കൊലപ്പെടുത്താൻ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തി. സിപിഎം അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണുവടക്കം കേസിൽ 33 പ്രതികളാണുള്ളത്. കേസ് ആദ്യം അന്വേഷിച്ച പൊലീസ് ജയരാജനെ അറസ്റ്റ് ചെയ്തു. പിന്നീട് ജയരാജൻ ജാമ്യത്തിലിറങ്ങി. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP