Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ സുരക്ഷ തേടി രണ്ടു യുവതികൾ സുപ്രീംകോടതിയെ സമീപിക്കും എന്നായിരുന്നു കിംവദന്തി; എട്ടാം നമ്പർ കോടതിയിലെ പത്താമത്തെ കേസെടുത്തു; ഹർജി നടപടികൾ പൂർത്തിയായപ്പോൾ അഭിഭാഷകൻ ശബരിമല എന്നുപറഞ്ഞു; ശബരിമല എന്ന് കേട്ടപ്പോൾ ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖത്തെ ചിരി ഇന്ന് മാഞ്ഞു.. പിന്നെ സംഭവിച്ചത്: മാധ്യമ പ്രവർത്തകൻ ബാലഗോപാൽ.ബി.നായർ എഴുതുന്നു

ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ സുരക്ഷ തേടി രണ്ടു യുവതികൾ സുപ്രീംകോടതിയെ സമീപിക്കും എന്നായിരുന്നു കിംവദന്തി;  എട്ടാം നമ്പർ കോടതിയിലെ പത്താമത്തെ കേസെടുത്തു; ഹർജി നടപടികൾ പൂർത്തിയായപ്പോൾ അഭിഭാഷകൻ ശബരിമല എന്നുപറഞ്ഞു; ശബരിമല എന്ന് കേട്ടപ്പോൾ ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖത്തെ ചിരി ഇന്ന് മാഞ്ഞു.. പിന്നെ സംഭവിച്ചത്: മാധ്യമ പ്രവർത്തകൻ ബാലഗോപാൽ.ബി.നായർ എഴുതുന്നു

ബാലഗോപാൽ.ബി.നായർ

ശബരിമല എന്ന് കേട്ടപ്പോൾ ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖത്തെ ചിരി ഇന്ന് മാഞ്ഞു. പിന്നെ സംഭവിച്ചത് 

കുംഭ മാസ പൂജകൾക്ക് ആയി നാളെ ശബരിമല നട തുറക്കാൻ ഇരിക്കെ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ ആയിരുന്നു രാവിലെ ശ്രദ്ധ. ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ കേരള പൊലീസിനോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികൾ സുപ്രീം കോടതിയെ സമീപിക്കും എന്ന കിംവദന്തി രാവിലെ പ്രചരിച്ചിരുന്നു. യുവതികൾ ആരാണെന്നോ, അവരുടെ അഭിഭാഷകർ ആരാണെന്നോ ഒരു ധാരണയും ഇല്ലാത്തതിനാൽ മെൻഷനിങ് സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് ആയിരുന്നു ശ്രദ്ധ.

മെൻഷനിങ് കഴിഞ്ഞു. ആരും ചീഫ് ജസ്റ്റിസ് കോടതിയെ സമീപിച്ചില്ല. ഇന്ന് ശബരിമല സംബന്ധിച്ച് ഒന്നും നടന്നില്ലെല്ലോ എന്ന് ആശ്വസിച്ച് നിൽക്കെ ആണ് എട്ടാം നമ്പർ കോടതിയിൽ നിന്ന് ഒരു ശബരിമല 'വർത്തമാനം' വരുന്നത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് എട്ടാം നമ്പർ കോടതിയിൽ ഇന്ന് ഹർജികൾ കേട്ടിരുന്നത്. ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗം കൂടി ആണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ. ചിരിക്കുന്ന മുഖം. അതാണ് ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖമുദ്ര. ഹർജികൾ തള്ളുമ്പോൾ പോലും ആ മുഖത്ത് നിന്ന് ചിരി മായാറില്ല. എന്നാൽ ഇന്ന് ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖത്ത് നിന്ന് അൽപ്പ സമയം ആ ചിരി മാഞ്ഞു.

എട്ടാം നമ്പർ കോടതിയിലെ ഇന്നത്തെ പത്താമത്തെ കേസ്. കേരളത്തിൽ നിന്നുള്ള വാണിജ്യ നിയമവും ആയി ബന്ധപ്പെട്ടത്ത് ആയിരുന്നു ഹർജി. ഹർജിയുടെ നടപടികൾ കഴിഞ്ഞ ഉടനെ അഭിഭാഷകൻ ജസ്റ്റിസ് ഖാൻവിൽക്കറിന് നേരെ കൈ കൂപ്പി ഒരു അഭ്യർത്ഥന. 'ശബരിമല കേസിലെ പുനഃ പരിശോധന ഹർജിയിൽ ഞാൻ വിശദമായി സബ്മിഷൻ എഴുതി ഫയൽ ചെയ്തിട്ടുണ്ട്. അത് ദയവ് ചെയ്ത് വായിച്ച് നോക്കണം'.

ഒരു നിമിഷം ജസ്റ്റിസ് ഖാൻവിൽക്കറിന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. ആ മുഖത്ത് നിന്ന് ചിരി മാഞ്ഞു. പതിവിന് വിപരീതമായി അൽപ്പം ദേഷ്യത്തിൽ ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു 'ഇങ്ങനെ അല്ല കേസ്സുകളിൽ ആവശ്യം പറയേണ്ടത്. നിങ്ങൾ ഈ ബെഞ്ചിന് മുമ്പാകെ മറ്റൊരു കേസിന് ആണ് ഹാജർ ആയത്. ഇവിടെ പറയേണ്ടത് അല്ല ഇത്. ഇത് ശരി ആയ നടപടി അല്ല'. ഇത്ര ക്ഷുഭിതൻ ആയി ജസ്റ്റിസ് ഖാൻവിൽക്കർ ഇങ്ങനെ പ്രതികരിക്കുന്നത് കോടതിയിൽ ഒരു പക്ഷേ ഇത് ആദ്യമായിട്ട് ആയിരിക്കും. പ്രതികരണം അപ്രതീക്ഷിതം ആയതിനാൽ ആകും തൊഴു കൈയോടെ തന്നെ ആ അഭിഭാഷകൻ തിരിഞ്ഞു നടന്നു. അഭിഭാഷകൻ ആരാണ് എന്ന് എല്ലേ ? മാത്യൂസ് നെടുമ്പാറ.

ജസ്റ്റിസ് ഖാൻവിൽക്കർ പെട്ടെന്ന് തന്നെ പഴയ രൂപത്തിൽ ആയി. മുഖത്ത് ചിരി തിരിച്ച് എത്തി. ജസ്റ്റിസ് രസ്‌തോഗിയോട് പിന്നീട് പല തവണ ചിരിച്ച് സംസാരിക്കുന്നതും കണ്ടു.

എട്ടാം നമ്പർ കോടതിയിൽ നിന്ന് പല കോടതി മുറികൾ കയറി ഇറങ്ങി ഒന്നാം നമ്പർ കോടതിയിൽ തന്നെ ഉച്ചക്ക് വീണ്ടും എത്തി. കുംഭ മാസ പൂജക്ക് നട തുറക്കുമ്പോൾ സുരക്ഷ നൽകാൻ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ സൂചിപ്പിച്ച യുവതികളോ / അവരുടെ അഭിഭാഷകരോ കോടതിയിൽ ഉണ്ടാകുമോ എന്ന് അറിയാൻ. യുവതികളും വന്നില്ല, അവരുടെ അഭിഭാഷകരും വന്നില്ല. പുനഃപരിശോധന ഹർജികൾ പരിഗണിച്ച അഞ്ച് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ രേഷ്മ നിഷാന്ത്, ഷാനില എന്നീ യുവതികളുടെ അഭിഭാഷക ഇന്ദിര ജയ് സിങ് ഇരുവർക്കും കുംഭ മാസ പൂജ സമയത്ത് ശബരിമല സന്ദർശനത്തിന് സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസിനോട് നിര്‌ദേശിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന അഞ്ച് അംഗ ബെഞ്ച് ഉത്തരവ് പുറപ്പടിവിക്കാൻ വിസമ്മതിച്ചു.

അഞ്ച് അംഗ ബെഞ്ച് പുറപ്പടിവിക്കാൻ വിസമ്മതിച്ച ഉത്തരവ് ഇനി ഏതെങ്കിലും യുവതികൾ സമീപിച്ചാൽ രണ്ട് അംഗ ബെഞ്ച് പുറപ്പടിക്കുമോ എന്ന സംശയം ഇല്ലാതില്ല. പക്ഷേ വിഷയം ശബരിമല ആയതിനാൽ ഒരു 'റിസ്‌ക്' എടുക്കാൻ വയ്യ. മിസ് ആയാൽ അത് ഒരു ഒന്ന് ഒന്നര മിസ് ആയിരിക്കും. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP