Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്‌ളയിങ് കിസ് നൽകിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചിൽ കുളിർ വാരിയെറിഞ്ഞ് പ്രിയങ്കയുടെ ജൈത്രയാത്ര; കണ്ണീരോടും കൈയടിയോടെയും ഇന്ദിരയെന്ന് വിളിച്ച് പ്രവർത്തകർ; മധുരിക്കുന്ന ചിരി പട്ടിണിക്കാരെ പോലും എല്ലാം മറന്ന് ചിരിക്കാൻ പ്രേരിപ്പിച്ചു; കോൺഗ്രസ് നാമവിശേഷമായ ഹിന്ദി ഹൃദയ ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ആദ്യം തെരുവിൽ ഇറങ്ങിയ പ്രിയങ്കയെ ജനങ്ങൾ ഏറ്റുവാങ്ങിയത് ഡയാനാ രാജാകുമാരിയെ പോലെ

തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്‌ളയിങ് കിസ് നൽകിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചിൽ കുളിർ വാരിയെറിഞ്ഞ് പ്രിയങ്കയുടെ ജൈത്രയാത്ര; കണ്ണീരോടും കൈയടിയോടെയും ഇന്ദിരയെന്ന് വിളിച്ച് പ്രവർത്തകർ; മധുരിക്കുന്ന ചിരി പട്ടിണിക്കാരെ പോലും എല്ലാം മറന്ന് ചിരിക്കാൻ പ്രേരിപ്പിച്ചു; കോൺഗ്രസ് നാമവിശേഷമായ ഹിന്ദി ഹൃദയ ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ആദ്യം തെരുവിൽ ഇറങ്ങിയ പ്രിയങ്കയെ ജനങ്ങൾ ഏറ്റുവാങ്ങിയത് ഡയാനാ രാജാകുമാരിയെ പോലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആകർഷക സൗന്ദര്യത്തിന്റെ ഉടമയും സ്വഭാവ ലാളിത്യം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന ഡയാനാ രാജകുമാരി. ലോകമെങ്ങും ആരാധകർ കൗതുകത്തോടെയും പ്രതീക്ഷയോടെയും കണ്ട ബ്രിട്ടണിലെ രാജകുമാരി. അപ്രതീക്ഷിത മരണം അവരെ കൊണ്ടു പോയി. ഭരണത്തിന്റെ കരുത്തുമായി ഇന്ത്യയെ ഭരിച്ച ഇന്ദിരാ ഗാന്ധി. പാവങ്ങളുടെ മനസ്സ് അറിഞ്ഞായിരുന്നു കോൺഗ്രസിനെ ജനകീയ പാർട്ടിയായി മാറ്റി ഇന്ദിര മുന്നോട്ട് പോയത്. ഇന്ദിരയുടേയും ഡയാനയുടേയും പ്രത്യേകതകളുമായി ഇതാ ഒരു പുതിയ രാഷ്ട്രീയ നക്ഷത്രം. ഉത്തർപ്രദേശിൽ ഇന്നലെ കണ്ടത് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമാണ്. ഉത്തർപ്രദേശിൽ തരംഗമുയർത്തി പ്രിയങ്കാ ഗാന്ധി വാധ്രയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കും മറ്റു നേതാക്കൾക്കുമൊപ്പം പ്രിയങ്ക നടത്തിയ റോഡ്ഷോയിൽ തലസ്ഥാന നഗരമിളകി.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ്, പ്രിയങ്കയെ അവിടെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭാവിയിൽ ഉയർത്തിക്കാട്ടുമെന്നാണ് സൂചന. യുപിയിലെ തങ്ങളുടെ പുതിയ നേതാവിനു കരുത്തു പകരാൻ പ്രിയങ്ക സേനയ്ക്കു രൂപം നൽകി പാർട്ടിയുടെ സംസ്ഥാന ഘടകവും പുതു വഴിയിലൂടെ നീങ്ങുകയാണ്. പ്രിയങ്കയ്ക്കായി ജീവൻ വരെ നൽകാൻ തയ്യാർ എന്ന പ്രതിജ്ഞയെഴുതിയ പിങ്ക് ടീഷർട്ട് ധരിച്ച യുവാക്കളാണു സേനയിലെ അംഗങ്ങൾ. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം പ്രവർത്തകരിൽ ആവേശമുയർത്താൻ അവരെത്തും. പ്രിയങ്കയെ സേന പിന്തുടരും. ഇതെല്ലാം വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അത് വാനോളം ഉയർത്തുന്നതാണ് ഇന്നലെ യുപിയിൽ കണ്ട കാഴ്ചകൾ. പ്രിയങ്കയെ കാണാനെത്തിയവരെല്ലാം ഇന്ദിര പുനരവതരിച്ചതിന്റെ ആവേശത്തിലായിരുന്നു. പ്രിയങ്കയുടെ പുഞ്ചിരി പ്രവർത്തകരുടെ കണ്ണിൽ കണ്ണീരാണ് നിറച്ചത്. കണ്ണു നീർ തുടച്ചും അവർ ഭാവി ഇന്ദിരയ്ക്കായി മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരെ തന്നിലേക്ക് അടുപ്പിക്കാനുള്ള മാസ്മരികത പ്രിയങ്കയ്ക്കുണ്ടെന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ റോഡ് ഷോ.

ഇന്ദിരാ ഗാന്ധിയുടെ തലയെടുപ്പോടെ 20 കിലോമീറ്ററോളം നീണ്ട യുപിയിലെ റോഡ് ഷോയിൽ അവർക്ക് എങ്ങും വൻ വരവേൽപ്പാണു ലഭിച്ചത്. ഉച്ചത്തിൽ മുദ്രാവാക്യം വിളികളും ചെണ്ടമേളവും മുഴക്കി പിന്തുടർന്ന പ്രവർത്തകരിൽ കൈകൂപ്പിയും വീശിയും അവർ ആവേശമുയർത്തി. ചിലപ്പോൾ കൈയുയർത്തി വിജയചിഹ്നം കാട്ടി. യാത്രയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രക്കിലായിരുന്നു നേതാക്കൾ നീങ്ങിയത്. തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്‌ളയിങ് കിസ് നൽകിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചിൽ കുളിർ വാരിയെറിഞ്ഞാണ് പ്രിയങ്കയുടെ രാഷ്ട്രീയ യാത്ര തുടങ്ങിയത്. കോൺഗ്രസുകാർക്ക് ഇതൊരു പുതിയ പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ കണ്ണീരണിഞ്ഞ കണ്ണുകൾക്കിടയിലും കൈയടിയോടെ ഇന്ദിരയെന്ന് വിളിച്ച് പ്രവർത്തകർ പ്രിയങ്കയെ തങ്ങളുടെ ഭാവി നേതാവാണ് അവരെന്ന് അറിയിച്ചു. ഇതെല്ലാം പ്രിയങ്കയുടെ മുഖത്തും പ്രതിഫലിച്ചു. മുഖത്തെ മധുരിക്കുന്ന ചിരി പട്ടിണിക്കാരെ പോലും എല്ലാം മറന്ന് ചിരിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. കോൺഗ്രസ് നാമവിശേഷമായ ഹിന്ദി ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി തെരുവിൽ ഇറങ്ങിയ പ്രിയങ്ക പുതിയ പ്രതീക്ഷയാണ് പ്രവർത്തകർക്ക് നൽകുന്നത്. കോൺഗ്രസ് നാമാവശേഷമായ മണ്ണിൽ നെഹ്റുകുടുംബത്തിന്റെ താരം വൻ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളിൽ തട്ടാതിരിക്കാൻ ഇടയ്ക്ക് എസ്യുവി വാഹനത്തിലക്കു നേതാക്കൾ മാറിയിരുന്നു. വാഹനത്തിനു മുകളിൽ അവർ ചമ്രംപടിഞ്ഞിരുന്നു. ഇടയ്ക്ക് ചൂടുചായയ്ക്കായി നിർത്തി. അൽപ്പനേരം കുശലം പറയാനും സമയം കണ്ടെത്തി. വഴിനീളെ ആയിരക്കണക്കിനു പോസ്റ്ററുകളും പതാകകളും കമാനങ്ങളും നിറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയായി ചിത്രീകരിച്ചുള്ള കൂറ്റൻബോർഡുകളും സ്ഥാനംപിടിച്ചിരുന്നു. ഇതിനു മുമ്പും പ്രിയങ്ക റോഡ്ഷോ നടത്തിയിട്ടുണ്ടെങ്കിലും സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളിൽ അത് ഒതുങ്ങി. ഇതാദ്യമായാണ് ഈ മണ്ഡലങ്ങൾക്കു പുറത്തു വീഥികൾ കീഴടക്കി മുന്നേറിയത്. പാർട്ടി അവസാന തുറുപ്പുചീട്ടായാണ് യു.പി. പിടിക്കാൻ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കേവലം രണ്ടു സീറ്റിലൊതുങ്ങിയ കോൺഗ്രസിന്റെ പഴയപ്രതാപം വീണ്ടെടുക്കാൺ പ്രിയങ്കയിലൂടെ കഴിയുമെന്നാണഅ പ്രതീക്ഷ.

കിഴക്കൻ യു.പിയിൽ ചുമതലയുള്ള 40 മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കാര്യങ്ങളുമായി ബന്ധപ്പെട്ടു മൂന്നുദിവസം പാർട്ടിഓഫീസിൽ പ്രിയങ്ക ചർച്ച നടത്തും. തുടർന്നു മണ്ഡലങ്ങളിൽ പര്യടനം നടത്തിയശേഷമായിരിക്കും ഡൽഹിയിലേക്കു മടങ്ങുക. 'നാം കൈകോർത്താൽ പുതിയൊരു രാഷ്ട്രീയം കൊണ്ടുവരാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഗുണം എല്ലാവർക്കും കിട്ടും'-പാർട്ടിയുടെ 'ശക്തി' ആപ്പിലൂടെ ഞായറാഴ്ച പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപിയെ ഇളക്കിമറിച്ചുള്ള റോഡ് ഷോ. 'മാറ്റത്തിലേക്കുള്ള കൊടുങ്കാറ്റ് ഇതാ വന്നെത്തി' എന്ന് ആയിരങ്ങൾ തൊണ്ടകീറി വിളിച്ച പ്രവർത്തകരാണ് പ്രിയങ്കയ്ക്കും പ്രതീക്ഷയാകുന്നത്. റോഡ് ഷോയ്ക്കിടെ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാനും കോൺഗ്രസ് പോരാടുമെന്നു പ്രഖ്യാപിച്ച രാഹുൽ, താൻ പ്രിയങ്കയിലർപ്പിച്ചിട്ടുള്ള വലിയ ദൗത്യം വെളിപ്പെടുത്തി.

ഉച്ചയ്ക്ക് 12.30നു ലക്‌നൗവിൽ വിമാനമിറങ്ങിയ പ്രിയങ്കയും രാഹുലും സിന്ധ്യയും അവിടെ നിന്ന് യുപി കോൺഗ്രസ് ആസ്ഥാനം വരെ റോഡ് ഷോ നടത്തുകയായിരുന്നു. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ബസിന്റെ മുകളിൽ കയറിനിന്ന പ്രിയങ്കയെ നോക്കി പ്രവർത്തകർ വിളിച്ചു പറഞ്ഞു: 'ഇതാ ഇന്ദിര!' സുരക്ഷാവലം ഭേദിച്ച് എത്തിയവരെ ചേർത്തുപിടിച്ച് പ്രിയങ്ക കുശലം ചോദിച്ചു. ഒപ്പമുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഹസ്രത്ത്ഗഞ്ചിലെ പ്രശസ്തമായ ചായക്കടയ്ക്കു മുന്നിലെത്തിയപ്പോൾ, വാഹനം നിന്നു. മൺപാത്രത്തിൽ നിറച്ച 3 കപ്പ് ചായ എത്തി. സിന്ധ്യയ്ക്കും രാഹുലിനും സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ രാജ് ബബ്ബറിനും പ്രിയങ്ക അതു കൈമാറി. ഇതെല്ലാം പ്രവർത്തകർക്കും പുതിയ കാഴ്ചകളായി. സാധാരണക്കാർക്കൊപ്പം താനുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ പ്രിയങ്ക നൽകിയത്. പ്രവർത്തകർ എറിഞ്ഞ പൂമാലകൾ അവർക്കു തിരികെ നൽകി. ജനക്കൂട്ടത്തിനിടയിൽ നിന്ന പ്രവർത്തകന്റെ കുഞ്ഞിനെ മടിയിലിരുത്തി മുത്തം നൽകി.

'മോദിയുടെ ഉരുക്കു കോട്ടയിളക്കാൻ ഇതാ എത്തി പ്രിയങ്ക; ഇവളിലുണ്ട് ഇന്ദിര' എന്നായിരുന്നു ഉയർന്ന് കേട്ട മുദ്രാവാക്യങ്ങൾ. റോഡ് ഷോ വൈകിട്ട് അഞ്ചരയോടെ പാർട്ടി ആസ്ഥാനത്തെത്തി. വാഹനത്തിൽ നിന്നിറങ്ങിയ പ്രിയങ്ക ജനങ്ങളുടെ കൈപിടിച്ചു നീങ്ങി. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ അടിത്തറയിളക്കലാണ്. കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കുന്നതിനുള്ള ഫലപ്രദ മാർഗം യുപിയിലൂടെയാണെന്ന കോൺഗ്രസ് തിരിച്ചറിഞ്ഞ് കഴിഞ്ഞു. എസ്‌പി - ബിഎസ്‌പി കക്ഷികളുമായി രഹസ്യ ചർച്ചകൾക്കു പ്രിയങ്ക അണിയറ നീക്കങ്ങൾ നടത്തും. ഒന്നിച്ചു നിന്ന് ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന കോൺഗ്രസ് സന്ദേശവുമായി അഖിലേഷ് യാദവിനെയും (എസ്‌പി), മായാവതിയെയും (ബിഎസ്‌പി) സമീപിക്കും.

ബിജെപിയുടെ കരുത്തായ ബ്രാഹ്മണ - സവർണ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്‌ത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയിലൂടെ കരുത്തറിയിക്കാൻ കോൺഗ്രസിനു സാധിച്ച സാഹചര്യത്തിൽ, 12 സീറ്റുകളിലെങ്കിലും ധാരണയ്ക്കുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് എസ്‌പി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയുമായുള്ള സഖ്യത്തിന് അഖിലേഷുമായി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ചർച്ചകൾ നടത്തിയത് പ്രിയങ്കയായിരുന്നു. ഇത് വിജയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP