Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മറുനാടൻ പോൾ സൂചിപ്പിക്കുന്നത് ശബരിമലയിലെ ഉറച്ച നിലപാട് മലബാറിൽ സിപിഎമ്മിന് തുണയാകുമെന്ന് തന്നെ; സിപിഎമ്മിനെ തുണച്ചത് ദലിത്- ഈഴവ -ന്യൂനപക്ഷ ഐക്യം; ദേശീയ തലത്തിൽ കോൺഗ്രസ് അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടും കേരളത്തിൽ പിന്നോട്ടടിക്കുന്നത് സംഘപരിവാറിനെ നേരിടാൻ കൂടുതൽ ശക്തർ സിപിഎം ആണെന്ന തിരിച്ചറിവ്: മലബാറിലെ മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേയിലെ സൂചനകൾ ഇങ്ങനെ

മറുനാടൻ പോൾ സൂചിപ്പിക്കുന്നത് ശബരിമലയിലെ ഉറച്ച നിലപാട് മലബാറിൽ സിപിഎമ്മിന് തുണയാകുമെന്ന് തന്നെ; സിപിഎമ്മിനെ തുണച്ചത് ദലിത്- ഈഴവ -ന്യൂനപക്ഷ ഐക്യം; ദേശീയ തലത്തിൽ കോൺഗ്രസ് അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടും കേരളത്തിൽ പിന്നോട്ടടിക്കുന്നത് സംഘപരിവാറിനെ നേരിടാൻ കൂടുതൽ ശക്തർ സിപിഎം ആണെന്ന തിരിച്ചറിവ്: മലബാറിലെ മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേയിലെ സൂചനകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അതീവ രാഷ്ട്രീയ പ്രധാനമുള്ള മേഖലയാണ് കണ്ണൂരും കോഴിക്കോടും മലപ്പുറവും അടങ്ങുന്ന വടക്കൻ മലബാർ. ഈ വടക്കൻ മലബാറിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് മറുനാടൻ പരിശോധിച്ചപ്പോൾ വ്യക്തമാകുന്നത് ഇവിടം ഇടതു മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളും ബിജെപിയുടെ വളർച്ചയും അടക്കം മലബാറിൽ ചർച്ചയാകും. മറുനാടൻ പോളിലെ റിസൽട്ട് വ്യക്തമാക്കുന്നത് ശബരിമലയിലെ ഉറച്ച നിലപാട് മലബാറിൽ സിപിഎമ്മിനാണ് തുണയാകുക എന്നാണ്.

മലബാറിൽ എപ്പോഴൊക്കെ ശക്തമായ രാഷ്ട്രീയ തരംഗം ഉണ്ടായിട്ടോ അപ്പോഴൊക്കെ അവിടെ ന്യൂനപക്ഷ ധ്രുവീകരണവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടുകൾ എങ്ങോട്ട് ചായുമെന്ന ആശങ്കയിലാണ് മുന്നണികൾക്കുണ്ട്. ശബരിമല വിഷയം വടക്കൻ മലബാറിലെ ഹിന്ദുക്കൾക്കിടയിൽ ഒരു വൈകാരിക വിഷയമായി മാറിയിട്ടില്ലെന്ന സർവേ വ്യക്തമാക്കുന്നത്. ഇവിടെ ഉറച്ച രാഷ്ടീയ വോട്ടുകളുള്ള മേഖളയാണ്. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ കൈക്കൊണ്ട ഉറച്ച നിലപാട് സിപിഎമ്മിന് തുണയാകുമെന്നാണ് വിലയിരുത്തൽ.

മറുനാടൻ സർവേയുടെ ഭാഗമായി കണ്ട രാഷ്ട്രീയ നേതാക്കളും അനുഭാവികളും ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. ശബരിമല സമരം സംബന്ധിച്ച് ആദ്യ സമയത്ത് സിപിഎമ്മിന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ഉർവശീശാപംപോലെ ഉപകാരമായതായണ് സിപിഎം കരുതുന്നത്. മറുനാടൻ സർവേയിലും ശബരിമല സമരം മലബാറിൽ ബാധിക്കുന്നില്ലെന്ന സൂചനയാണ് കിട്ടിയത്. സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്യില്ല എന്നാണ് അഭിപ്രായപ്പെട്ടത്.

പക്ഷേ ശബരിമല സമരത്തെ നേരിടാനായി വനിതാ മതിൽ അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കിയത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. ശബരിമല സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നിലപാടുകളും മറ്റും ദലിത- ഈഴവ - ന്യൂനപക്ഷ ഐക്യം ഉണ്ടാക്കിയെന്ന് അവർ കരുതുന്നു. ആദ്യഘട്ടത്തിൽ ശബരിമല സമരത്തെ അനുകൂലിച്ച മുസ്ലിം ലീഗിനെപ്പോലുള്ള സംഘടനകൾ പിന്നീട് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. രാമജന്മഭൂമിയും ഒരു വിശ്വാസ പ്രശ്‌നമല്ലേയെന്ന് സിപിഎം ചോദിച്ചതോടെ ഇവർ മിണ്ടാതാവുകയായിരുന്നു. മുസ്ലിം ന്യൂനപക്ഷ മേഖലകളിൽ പിണറായി വിജയനോടുള്ള ആഭിമുഖ്യവും പ്രകടമാണ്.

ലിംഗ നീതിയും പുരോഗമനവും അഭിസംബോധന ചെയ്യാൻ കഴിയുന്നതോടെ, വിദ്യാർത്ഥികൾ അടക്കമുള്ള പുതിയ തലമുറയുടെ വോട്ട് തങ്ങൾക്ക് കിട്ടുമെന്നാണ് സിപിഎം ഇതുവഴി കരുതുന്നത്. എൻഎസ്എസിനെപ്പോലുള്ള സംഘടനകളുടെ വോട്ട് ഒരു കാലത്തും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. ദലിതരും ഈഴവരും അടങ്ങുന്ന വലിയ വിഭാഗം പിന്നോക്കക്കാരുടെ വർധിച്ച പിന്തുണ ഇത്തവണ തങ്ങൾക്ക് കിട്ടുമെന്നും, ശബരിമല സമരം ഫലത്തിൽ ഗുണം ചെയ്യുമെന്നുമാണ് ചില സിപിഎം നേതാക്കൾ വിലയിരുത്തുന്നത്.

അതേസമയം മുഖ്യമന്ത്രിയെ ചോവനെന്ന് വിളിച്ച് അപമാനിച്ചതുപോലുള്ള വിഷയങ്ങൾ മലബാറിലെ ഈഴവർക്കിടയിലും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തിയ്യ വിഭാഗങ്ങൾ നിർണായകമായ മണ്ഡലങ്ങളാണ് വടക്കൻ മലബാറിലേത്. സിപിഎമ്മിനൊപ്പം നിൽക്കുന്ന ഈ വോട്ടുകൾ ഇത്തവണയും സിപിഎമ്മിന് രക്ഷിക്കാനെത്തുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ബിഡിജെഎസ് ഒക്കെ എന്ത് നിലപാട് എടുത്താലും, എസ്എൻഡിപിക്കാരുടെ വോട്ടിന്റെ വലിയൊരു ഭാഗം ഇടത്തേക്ക് ചായുമെന്നും ഉറപ്പാണ്. തിരുവിതാംകൂറിലേതു പോലെ എസ്എൻഡിപിയുടെ സ്വാധീനം മലബാറിൽ ഇല്ലാത്തതും ഇടതുപക്ഷത്തിന് തുണയാകും.

എന്നാൽ മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങൾ എന്നും കോൺഗ്രസിനെ കൈവിടാത്തവരാണെന്നും, ദേശീയതലത്തിൽ കോൺഗ്രസ് ഉയർത്തെഴുേന്നറ്റത് ഇവരിൽ വലിയ ആശ്വാസമാണ് ഉണ്ടാക്കിയതെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. എക്കാലവും ലോകസ്ഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു മേൽക്കൈയുണ്ടാകുന്നത് ഇതേ കാരണത്താലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു ശക്തായ നേതൃത്വം ഉയർന്നുവരുമ്പോൾ നേരത്തെ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനേക്കാൾ നല്ലത് തങ്ങളാണെന്ന് സിപിഎം പ്രചരിപ്പിച്ചിരുന്നു.

ഇപ്പോൾ ബംഗാളും ത്രിപുരയും നഷ്ടമായി ദേശീയ തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ, ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് കൂട്ടമായി ഒഴുകുമെന്നാണ് നേതാക്കൾ കരുതുന്നത്. മുസ്ലീലീഗിന്റെ ഉറച്ച പിന്തുണയും ഇക്കാര്യത്തിൽ കോൺഗ്രസിന് കരുത്തേകുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസലിയാർ അടക്കമുള്ളവരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മുൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുകയെന്ന നിലപാടണ് ഇവർ സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം ബിജെപിയെ നേരിടാൻ സിപിഎമ്മാണ് കേരളത്തിൽ നല്ലതെന്ന വികാരം ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമാണ്. ഇത് ലോക്‌സഭയിൽ ഗുണകരമാകുമോ എന്നും കണ്ടറിയണം.

ഈ രണ്ട് വിശകലനങ്ങളിൽ ഏതാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിലെന്ന് ഇനിയും വ്യക്തമായിട്ടില്ല. മലബാറിൽ തെക്കൻ ജില്ലകളെപ്പോലെ എൻഎസ്എസ് അത്ര ശക്തമല്ലെങ്കിലും, അവഗണിക്കാവുന്ന ശക്തിയുമല്ല. ഇവരുടെ വോട്ടിൽ ഒരു നല്ല പങ്ക് യുഡിഎഫും ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. എതായാലും ഈ സമവാക്യങ്ങൾ ആർക്ക് അനുകൂലമാവും എന്നതിനെ അനുകരിച്ചാവും മലബാറിന്റെ അന്തിമ ഫലങ്ങൾ എന്നതും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP