Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുഞ്ഞനന്തൻ ജയിലിൽ നല്ലപുള്ളി; ഒരിക്കൽ പോലും മോശം പെരുമാറ്റത്തിന് അച്ചടക്ക നടപടി നേരിട്ടിട്ടില്ല; രാഷ്ട്രീയ പരിഗണന ഇല്ലേയില്ല; പരോൾ നൽകിയതിന് എതിരെയുള്ള കെ.കെ.രമയുടെ ഹർജി അനാവശ്യം: ടിപി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് പരോൾ അനുവദിച്ചത് നിയമാനുസൃതമെന്ന് സർക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

കുഞ്ഞനന്തൻ ജയിലിൽ നല്ലപുള്ളി; ഒരിക്കൽ പോലും മോശം പെരുമാറ്റത്തിന് അച്ചടക്ക നടപടി നേരിട്ടിട്ടില്ല; രാഷ്ട്രീയ പരിഗണന ഇല്ലേയില്ല; പരോൾ നൽകിയതിന് എതിരെയുള്ള കെ.കെ.രമയുടെ ഹർജി അനാവശ്യം: ടിപി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് പരോൾ അനുവദിച്ചത് നിയമാനുസൃതമെന്ന് സർക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പി.കെ.കുഞ്ഞനന് ജയിൽ ചട്ടപ്രകാരമാണ് പരോൾ അനുവദിച്ചതെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര വകുപ്പാണ് നിലപാട് അറിയിച്ചത്. കുഞ്ഞനന്തൻ ജയിലിലെ നല്ല നടപ്പുകാരനാണെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമ നൽകിയ ഹർജി പരിഗണിക്കവെയാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം അറിയിച്ചത്.

കെ.കെ.രമയുടെ ഹർജി നിയമാനുസൃതം നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. കുഞ്ഞനന്തന്റെ ആദ്യ പരോൾ അപേക്ഷ കിട്ടിയത് 2014 ജനുവരി 28നാണ്. അതു പരിശോധിച്ച ജില്ലാ പൊലീസ് സൂപ്രണ്ടും പ്രൊബേഷൻ ഓഫിസറും പരോൾ നിഷേധിച്ചിരുന്നു. ജയിലിൽ നല്ല നടപ്പും അച്ചടക്കവും പാലിക്കുന്ന കുഞ്ഞനനന്തൻ ഒരിക്കൽ പോലും മോശം പെരുമാറ്റത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ടിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് പിന്നീട് കുഞ്ഞനന്തന്റെ പരോൾ അപേക്ഷകൾ പരിഗണിച്ചത്.

2014 മുതൽ 2017 വരെയുള്ള കാലയളവിൽ 60 ദിവസത്തെ അടിയന്തര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണു നൽകിയിട്ടുള്ളത്. മാത്രമല്ല ഒരുവർഷം 60 ദിവസത്തിന് മുകളിൽ സാധാരണ പരോൾ അനുവദിച്ചിട്ടുമില്ല. അടിയന്തര പരോൾ നിയമാനുസൃതം സർക്കാരിന്റെ അനുമതി മുൻകൂട്ടി തേടിയാണു നൽകിയിട്ടുള്ളത്. പരോൾ നൽകിയതിൽ രാഷ്ട്രീയം സ്വാധീനം ഉണ്ടായിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ വിവരിക്കുന്നു. കേസിലെ നാലാം പ്രതിയും സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗവുമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

രമായുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത് ഇക്കാര്യങ്ങളാണ്: പരോൾ നൽകുന്നതിന്റെ ഉപാധികൾ എന്തൊക്കെയാണ്, പരോൾ അനുവദിക്കുന്നതിൽ വിവേചനം ഉണ്ടോ? വിവേചനം ഒഴിവാക്കാൻ ചടങ്ങളുണ്ടോ എന്നീ ചോദ്യങ്ങളും കോടതി ഉയർത്തി. ഹർജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരണം നൽകണം.കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോൾ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടർന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം അഭിഭാഷകൻ വാദിച്ചു. സർക്കാരും സമാനമായ റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. സാധാരണ ഗതിയിൽ എല്ലാവർക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP