Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്; ഈ സീറ്റിൽ അനായാസം ജയിച്ചുകയറാൻ പുതിയ സ്ഥാനാർത്ഥിയോ പി.കെ കുഞ്ഞാലിക്കുട്ടിയോ മത്സരിക്കണം; പൊന്നാനിയിൽ തള്ളിയെങ്കിലും ഇ ടി യെ പോലൊരു മതേതരവാദി തുടർന്നും പാർലമെന്റിലെത്തണമെന്ന ആശ്വാസവാക്കും പ്രമേയത്തിൽ; ഇടതുപക്ഷം പൊന്നാനി പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെ ഘടകക്ഷിയിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഭിന്നത; കഴിഞ്ഞവട്ടത്തെ പോലെ കോൺഗ്രസ്-ലീഗ് തമ്മിലടി രൂക്ഷമായാൽ പൊന്നാനി കൈവിട്ടുപോകുമെന്നും യുഡിഎഫിൽ ആശങ്ക

പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്; ഈ സീറ്റിൽ അനായാസം ജയിച്ചുകയറാൻ പുതിയ സ്ഥാനാർത്ഥിയോ പി.കെ കുഞ്ഞാലിക്കുട്ടിയോ മത്സരിക്കണം; പൊന്നാനിയിൽ തള്ളിയെങ്കിലും ഇ ടി യെ പോലൊരു മതേതരവാദി തുടർന്നും പാർലമെന്റിലെത്തണമെന്ന ആശ്വാസവാക്കും പ്രമേയത്തിൽ; ഇടതുപക്ഷം പൊന്നാനി പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെ ഘടകക്ഷിയിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഭിന്നത; കഴിഞ്ഞവട്ടത്തെ പോലെ കോൺഗ്രസ്-ലീഗ് തമ്മിലടി രൂക്ഷമായാൽ പൊന്നാനി കൈവിട്ടുപോകുമെന്നും യുഡിഎഫിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്. ഇന്ന് തിരൂരിൽ നടന്ന പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൗൺസിൽ യോഗത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ഇ ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയം യൂത്ത് കോൺഗ്രസ് പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ പറയുന്നത്. ഇ.ടി മുഹമ്മദ് ബഷീറിനെ പോലെ മികച്ച പാർലമെന്ററിയനും മതേതര വാദിയും ദളിത് ന്യൂനപക്ഷ വിഭാഗത്തിനായി പോരാടുന്ന വ്യക്തി തുടർന്നും പാർലെമെന്റിൽ എത്തേണ്ടത് ആവശ്യമാണെന്നും പൊന്നാനിയിൽ വിജയം സുനിശ്ചിതമാണെന്നും പറയുന്നതോടൊപ്പം പൊന്നാനിയിൽ അനായാസം വിജയിക്കുന്ന ഒരാളെ നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പറയുന്നു.

യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം ജയറൽ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,000 ആയി ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. 1977 മുതൽ മുസ്ലിം ലീഗ് വിജയിക്കുന്ന മണ്ഡലത്തിൽ 2009 ലും 2014ലും ഇ.ടിയാണ് പൊന്നാനിയെ പ്രതിനിധീകരിച്ചത്. മൂന്നാമതും ഇ.ടി തന്നെ പൊന്നാനിയിൽ മത്സരിക്കാതെ മറ്റൊരാളെ നിർത്തണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയതോടെ മൂന്നണിക്കുള്ളിൽ ശക്തമായ ചർച്ചക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി മുഹമ്മദ് ബഷീറിനെതരിരെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരുന്നു. അന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും ഇടിക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ശക്തമായ ലീഗ്, കോൺഗ്രസ് ചേരിപ്പോരുകൾക്കിടയിലായിരുന്നു 2014ൽ ഇ.ടി മുഹമ്മദ് ബഷീർ വിജയിക്കുന്നത്. ഇത്തവണ ഇടതുപക്ഷം പൊന്നാനി പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തവണത്തേതുപോലെ കോൺഗ്രസ ലീഗ് തമ്മിലടി വന്നാൽ മണ്ഡലം കൈവിട്ടുപോകുമെന്നും യുഡിഎഫിൽ ആശങ്കയുണ്ട്.

യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റി യാഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം ഇങ്ങനെ:

'സഹപ്രവർത്തകരെ .....രാജ്യത്തിനായ് ജീവൻ ത്യജിച്ച പട്ടാളക്കാർക്ക് പ്രണാമം അർപ്പിക്കുകയും അവരുടെ കുടുംബത്തിനും നമുക്കും ഉണ്ടായ തീരാനഷ്ടത്തിൽ ആദരാഞ്ജലികൾ അർപ്പിക്കട്ടെ ......രാഷ്ട്രം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് എന്ന് നമുക്കറിയാം ... എല്ലാ മേഖലയിലും ഫാസിസം ശക്തിപ്രാപിക്കുകയും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ജനാധിപത്യവും രാഷ്ട്ര പൈതൃകങ്ങളും ഒക്കെ ആർഎസ്എസ് ശക്തികൾ തകർത്തറിയാൻ ശ്രമിക്കുന്നു.അഴിമതിയും സ്വജനപക്ഷപാതവും ശതകോടീശ്വരന്മാർക്ക് വേണ്ടിയുള്ള സഹായങ്ങളും തുടർന്ന് കൊണ്ടെ ഇരിക്കുന്നു. രാഷ്ടസുരക്ഷ പോലും കൃത്യമായി നിർവ്വഹിക്കാൻ കഴിയാത്തതിന്റെ ഉദാഹരണവും രാഷ്ട്രസുരക്ഷയുടെ വീഴ്‌ച്ചയുമാണ് ഇപ്പോഴുണ്ടായ ആക്രമണം. അതുകൊണ്ട് തന്നെ 2019 ലെ തിരെഞ്ഞെടുപ്പ് വിധി നിർണ്ണായകവും പ്രധാനപ്പെട്ടതുമാണ്.

രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ ഒരു മതേതര ഗവണ്മെന്റ് നിലവിൽ വരാനായി നടത്തുന്ന പോരാട്ടങ്ങളെ പിൻതുണക്കുന്നതിനോടൊപ്പം അതിന് വേണ്ട പ്രവർത്തനങ്ങൾക്ക് കയ്യും മെയ്യും മറന്ന് പ്രവർത്തിക്കണം എന്ന് ഓർമപ്പെടുത്തുന്നു .... കേരളത്തിൽ 1000 ദിവസം പൂർത്തീകരിക്കുന്ന പിണറായി ഗവർമെന്റിന്റെ ഭരണം സമസ്ത മേഖലയും തകർത്തു ... ഇത്തവണത്തെ ബജറ്റ് പോലും ജനങ്ങൾക്ക് മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ്.

ലോക്‌സഭാ തെരെഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ വലിയ വിജയം കോൺഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നു. പക്ഷെ യുഡിഎഫ് സീറ്റ് വിഭജനം വലിയ പ്രതിസന്ധിയാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുണ്ട് അത് ശരിയായ ഒന്നല്ല കാരണം വിധി നിർണ്ണായകമായ തെരെഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ മതേതര ഗവ: ന് നേതൃത്ത്വം നൽകാൻ പരമാവധി സീറ്റുകൾ കോൺഗ്രസിന് ലഭിക്കേണ്ടതുണ്ട് ആയതിനാൽ സീറ്റ് വിഭജനം ഒരു കീറാമുട്ടി പ്രശ്‌നമാക്കി മുന്നണിയുടെ വിജയ സാധ്യത കുറക്കരുതെന്ന് ഘടകകക്ഷികളെ ഓർമിപ്പിക്കട്ടെ.
ഇ ടി മുഹമ്മദ് ബഷീറിനെ പോലെ മികച്ച പാർലമെന്ററിയനും മതേതര വാദിയും ദളിത് ന്യൂനപക്ഷ വിഭാഗത്തിനായി പോരാടുന്ന വ്യക്തി തുടർന്നും പാർലെമെന്റിൽ എത്തേണ്ടത് ആവിശ്യം തന്നെയാണ്. അതോടൊപ്പം പൊന്നാനി ലോക്‌സഭാ സീറ്റിൽ വിജയം സുനിശ്ചിതമാണെങ്കിലും അനായാസം വിജയം നേടുകയും വേണം. അതിന് വേണ്ടി പൊന്നാനിയിൽ പുതിയ ഒരാളെയോ അല്ലങ്കിൽ പികെ കുഞ്ഞാലിക്കുട്ടി സാഹിബോ മത്സര രംഗത്ത് ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് ആഗ്രഹിക്കുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിനായ് യൂത്ത് കോൺഗ്രസ് സംസ്ഥാന ദേശീയ നേത്യത്വം ആവിഷ്‌കരിച്ച പരിപാടികൾ സമയബന്ധിതമായി ചെയ്ത് തീർക്കണം. 'വീട് വീടാന്തരം കോൺഗ്രസ്' എന്ന ക്യാംപയിനും 'യുവശക്തിയും' നമുക്ക് വിജയകരമായി പൂർത്തീകരിക്കണം... അതോടൊപ്പം ലോക്‌സഭാ തെരെഞ്ഞടുപ്പിന് മുൻപ് മുഴുവൻ മണ്ഡലം കമ്മിറ്റികളിലും എത്തുന്ന'വാഹന പ്രചാരണ ജാഥ നടത്താൻ ആഗ്രഹിക്കുന്നുണ്ട് . അതോടൊപ്പം കേന്ദ്ര സംസ്ഥാന ഗവ: കൾക്ക് എതിരെ പ്രചരണ പരിപാടികളും അവിശ്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. കമ്മിറ്റി ചുമതല ഏറ്റടുത്തത് മുതൽ നടത്തിയ പരിപാടികൾ വലിയ വിജയം നേടാനായത് നമ്മുടെ ഒറ്റകെട്ടായ പ്രവർത്തനം കൊണ്ട് മാത്രമാണ് .. ഭാവിയിലും നാം ഏറ്റടുക്കുന്ന പ്രവർത്തനങ്ങളുടെ വിജയത്തിനായ് ഏവരുടെയും പിന്തുണ ആവശ്യപെടുകയാണ്.

ധീര ശുഹൈബിന്റെ ഉൾപ്പെടെ ജീവൻ എടുത്ത സിപിഎമ്മു മായി ഒരു സഖ്യവും വേണ്ടന്ന് പറയാൻ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നു. ആ നിലപാടിനായാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കാതോർക്കുന്നത് ...ഹിന്ദി ഹൃദയ ഭൂമിയിൽ നേടിയ പോലെ മിന്നുന്ന വിജയം നേടിയെടുക്കാൻ നമുക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്തത്തിൽ കഴിയും. എന്നുറപ്പാണ് .... ശ്രീമതി പ്രിയങ്കാ ഗാന്ധിയുടെ സജീവരാഷ്ട്രീയ പ്രവേശനം കൃത്യസമയത്ത് തന്നെയാണെന്നും അതിനായി പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു ......സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് വിശ്വസിക്കുന്നു .....
ഇനിയുള്ള സമയം പ്രവർത്തന സജ്ജരായി യുദ്ദസമാന സാഹചര്യത്തോടെ പോരാടാനുള്ള സമയമാണെന്നും പൊന്നാനി സീറ്റിൽ മുസ്ലിം ലീഗ് നേതൃത്യം പ്രഖ്യാപിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് നമുക്ക് ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകണമെന്ന് അറിയിക്കുന്നു.സംഘടനാ പ്രവർത്തന കാലയളവിൽ നമുക്കിടയിൽ നിന്ന് വിട്ട് പിരിഞ ഒപി നൗഷാദ് , സുജിത്ത് കോടിയേരി ഉൾപ്പെടെ മുഴുവൻ പേരെയും ഈ സമ്മേളനം സ്മരിക്കുന്നു.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP