Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനം മടങ്ങണമെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും തുറന്നടിച്ചു; ശബരിമല സമരത്തിൽ സത്യാഗ്രഹമിരിക്കുന്നത് ആരെന്ന് അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശിച്ചു; എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകി തിരിച്ചടിച്ച് ശ്രീധരൻ പിള്ള; ഒപ്പം അപ്രഖ്യാപിത വിലക്കും; തിരഞ്ഞെടുപ്പ് ചുമതലകൾ വിഭജിച്ച് നൽകിയപ്പോൾ കുമാറിനെ ഒഴിവാക്കി; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റേത് കണക്കുതീർക്കൽ രാഷ്ട്രീയമോ? തങ്ങളുടെ ഗുഡ് ബുക്‌സിലുള്ള നേതാവിനെതിരായ നീക്കത്തിൽ ശക്തമായ എതിർപ്പുമായി ആർഎസ്എസും

കുമ്മനം മടങ്ങണമെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും തുറന്നടിച്ചു; ശബരിമല സമരത്തിൽ സത്യാഗ്രഹമിരിക്കുന്നത് ആരെന്ന് അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശിച്ചു; എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകി തിരിച്ചടിച്ച് ശ്രീധരൻ പിള്ള; ഒപ്പം  അപ്രഖ്യാപിത വിലക്കും; തിരഞ്ഞെടുപ്പ് ചുമതലകൾ വിഭജിച്ച് നൽകിയപ്പോൾ കുമാറിനെ ഒഴിവാക്കി; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റേത് കണക്കുതീർക്കൽ രാഷ്ട്രീയമോ? തങ്ങളുടെ ഗുഡ് ബുക്‌സിലുള്ള നേതാവിനെതിരായ നീക്കത്തിൽ ശക്തമായ എതിർപ്പുമായി ആർഎസ്എസും

എം മനോജ് കുമാർ

തിരുവനന്തപുരം: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന പ്രസ്താവനയുടെ പേരിൽ ബിജെപി വക്താവ് എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകിയ സംഭവത്തിൽ ബിജെപിയിൽ വിവാദം പുകയുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള നേരിട്ടാണ് കുമാറിന് ഷോകോസ് നോട്ടീസ് നൽകിയത്. എം.എസ്.കുമാറിനെപോലുള്ള സർവ്വസമ്മതനും ശക്തനുമായ നേതാവിന് സംസ്ഥാന പ്രസിഡന്റ് ഷോകോസ് നോട്ടീസ് നൽകിയത് ബിജെപിയിലെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയിട്ടുമുണ്ട്. ഷോകോസ് നോട്ടീസ് നൽകിയ ശേഷം എം.എസ്.കുമാറിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കും പിള്ള ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചനകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും കുമാറിനെ മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ നേതാക്കൾക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയപ്പോൾ കുമാറിന് ഈ ചുമതലകൾ പിള്ള നൽകിയിട്ടില്ല.

ഷോകോസിനു ശേഷം സംസ്ഥാന ചുമതലകൾ വീതിച്ചു നൽകിയപ്പോൾ എം.എസ്.കുമാറിനെ പിള്ള അവഗണിക്കുകയും ചെയ്തു. പാർട്ടിയിൽ എം.എസ്.കുമാറിന് വരുന്ന വിലക്കിൽ വലിയ വിഭാഗം നേതാക്കൾ അസ്വസ്ഥരുമാണ്. കുമ്മനത്തിനായി ഉയർത്തിയ പ്രസ്താവനയുടെ പേരിൽ കുമാറിന് ഷോകോസ് നോട്ടീസ് നൽകിയത് പിള്ള കണക്കു തീർത്തതാണ് എന്നാണ് ബിജെപിയിൽ നിന്നും പുറത്തു വരുന്ന ആക്ഷേപം. ഷോകോസ് നോട്ടീസ് നൽകുന്നതിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അതിനിശിതമായ വിമർശനമാണ് എം.എസ്.കുമാർ പിള്ളയ്ക്ക് നേരെ തൊടുത്തുവിട്ടത്. ശബരിമല പ്രശ്‌നത്തിൽ ബിജെപി നടത്തിയ ഹർത്താലിന് നേരെ ആഞ്ഞടിച്ച കുമാർ സത്യഗ്രഹത്തേയും വെറുതെ വിട്ടില്ല. ശബരിമല പ്രശ്‌നത്തിൽ സത്യഗ്രഹം ഇരിക്കുന്നത് ആരെന്നു പാർട്ടിക്കാർ അറിയുന്നില്ലെന്നാണ് കുമാർ പറഞ്ഞത്.

ശബരിമല ബിജെപി വാർത്തകൾ പത്രങ്ങളിൽ നിന്നാണ് അറിയുന്നത്. എല്ലാം പിള്ളയുടെ ഭാഗത്ത് നിന്നും വരുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ ആണ്. ഈ തീരുമാനങ്ങൾ പാർട്ടിയിൽ അടിച്ചേൽപ്പിക്കുകയാണ്- യോഗത്തിൽ കുമാർ ആഞ്ഞടിച്ചു. കുമാറിൽ നിന്ന് പിള്ളയ്ക്ക് കനത്ത തിരിച്ചടിയേറ്റ ഈ സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷമാണ് കുമാർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് അഭികാമ്യമാകും എന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയത്. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കണമെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നു-ന്യൂസ് ചാനലിനോട് എം.എഎസ്.കുമാർ പറഞ്ഞു.

കുമാറിന്റെ വിമർശനം തന്നെ പിള്ളയെ ചൊടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വാർത്താ ചാനലിനോട് കുമ്മനം മടങ്ങിവരുന്നത് പ്രവർത്തകർ ആഗ്രഹിക്കുന്നു എന്ന രീതിയിൽ പ്രതികരണവും നടത്തിയത്. എല്ലാം തനിക്കെതിരെയുള്ള നീക്കമായി തന്നെ പിള്ള കണ്ടു. ഗവർണർമാർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന രീതിയില്ലെന്നാണ് കുമ്മനത്തിന്റെ വരവ് തടയാൻ വേണ്ടി മുൻപ് ശ്രീധരൻ പിള്ള പ്രസ്താവന നടത്തിയത്. കുമ്മനം ഉടൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നും ഇതേ പ്രസ്താവനയിൽ പിള്ള വിശദമാക്കിയിരുന്നു. ഇത് ബിജെപിയിലെ ഒരു നിലപാടായി കണ്ടു പിള്ള മുന്നോട്ടു പോകുന്ന വേളയിലാണ് എം.എസ്.കുമാറിൽ നിന്നും രണ്ടു രീതിയിൽ ഉള്ള വിമർശനം വരുന്നത്. ഇതാണ് പിള്ളയെ ചൊടിപ്പിച്ചത്. ഷോകോസ് നോട്ടീസ് പ്രയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്. ബിജെപിയിൽ ഏറ്റവും സർവ്വസമ്മതൻ എന്ന് കുമാറിനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അസ്വാഭാവികതയില്ല.

ബിജെപി നേതാക്കളിൽ മറ്റുള്ള രാഷ്ട്രീയ നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് എം.എസ്.കുമാറിനാണ്. എന്തെങ്കിലും പ്രശ്‌നമുള്ളപ്പോൾ മറ്റു രാഷ്ട്രീയ നേതാക്കളെ ബിജെപി നേതാക്കൾ ബന്ധപ്പെടുന്നത് കുമാർ വഴിയാണ്. അത്രമാത്രം വ്യക്തിബന്ധങ്ങൾ എം.എസ്.കുമാറിന് രാഷ്ട്രീയ രംഗത്തുണ്ട്. ആർഎസ്എസിന്റെ ശക്തമായ പിന്തുണയും ആർ എസ്എസ് ഗുഡ്ബുക്കിൽ ഉള്ള നേതാവ് എന്ന വിശേഷണവും കുമാറിനുണ്ട്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമായതിനാലാണ് സംസ്ഥാന കമ്മറ്റി യോഗത്തിൽ കുമാർ പിള്ളയ്ക്ക് എതിരെ ആഞ്ഞടിച്ചത്. കുമ്മനത്തിന്റെ വരവുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നോട് സംസ്ഥാന പ്രസിഡന്റ് വിശദീകരണം ചോദിച്ചു എന്ന കാര്യം കുമാർ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. വളരെ സൗഹാർദമായ അന്തരീക്ഷത്തിൽ കാര്യമെന്ത് എന്ന തിരക്കുക മാത്രമാണ് ചെയ്തതെന്നു കുമാർ പറഞ്ഞു.

കുമ്മനത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിവാദം ഷോകോസ് നോട്ടീസിൽ അവസാനിച്ചത് കടന്ന കയ്യായാണ് ബിജെപിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. കാരണം കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തണമെന്നും ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നും ചിന്തിക്കുന്ന വലിയ വിഭാഗം ബിജെപിയിലുണ്ട്. ഈ ചിന്ത തന്നെയാണ് പറയേണ്ട വേദിയിൽ ശക്തമായ വിമർശനത്തിന്റെ സ്വരത്തിൽ കുമാർ അവതരിപ്പിച്ചത്. എന്തായാലും കുമ്മനത്തിന്റെ അഭാവത്തിനു ശേഷം ബിജെപിയിൽ വിഭാഗീയത കൊഴുക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വേളയിൽ ഈ വിഭാഗീയത ശക്തിപ്രാപിച്ചാൽ ബിജെപിക്ക് അനുകൂലമായി നിൽക്കുന്നവർ പോലും എതിരായി തിരിയുമെന്നു കേന്ദ്ര നേതൃത്വം ഭയക്കുന്നുണ്ട്. നിലവിൽ ഒരു സീറ്റെങ്കിലും കേരളത്തിൽ ലഭിക്കാൻ സാധ്യതയുണ്ടോ എന്നാണ് കേന്ദ്ര നേതൃത്വം ആരായുന്നത്. ആ സാധ്യതകൾ ആണ് ഇത്തരം കടുത്ത വിഭാഗീയ പ്രവർത്തനങ്ങളിൽ തട്ടി തകരുന്നത്.

പി.കെ.കൃഷ്ണദാസ്-മുരളീധര പക്ഷങ്ങളോട് രമ്യതയിൽ പോകാനാണ് കേന്ദ്ര നേതൃത്വം സ്ഥിരമായി ആവശ്യപ്പെടുന്നത്. അപ്പോഴാണ് പുരകത്തുമ്പോൾ വാഴ വെട്ടുന്ന രീതിയിൽ തന്റേതായ വിഭാഗീയ പ്രവർത്തനങ്ങളുമായി ഒരു വശത്ത് പിള്ള കൂടി മുന്നോട്ടു പോകുന്നത്. എന്തായാലും കുമാർ പ്രശ്‌നം ബിജെപിയിൽ കത്തുക തന്നെയാണ്. അതേസമയം ഇത്തരം വിഭാഗീയത പ്രവർത്തനങ്ങൾക്ക് രമ്യമായി പരിഹാരം കണ്ടില്ലെങ്കിൽ ബിജെപിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ ആർഎസ്എസ് നേതൃത്വം കൂടി ഇടപെട്ടേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP