Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഞ്ച് ദിവസം മിണ്ടാതിരുന്ന പാക്കിസ്ഥാൻ പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാതെ ഒടുവിൽ തെളിവ് ചോദിച്ച് രംഗത്ത്; പാർലമെന്റ് ആക്രമണം മുതൽ പത്താൻകോട്ടു വരെ നൽകിയ തെളിവുകൾ എവിടെയെന്ന് ചോദിച്ച് ഇന്ത്യ; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം എന്ന ആരോപണത്തെ ഖണ്ഡിച്ചത് ഇന്ത്യൻ ജനാധിപത്യത്തെ മനസിലാക്കാൻ പാക്കിസ്ഥാൻ ഒരിക്കൽ കൂടി ജനിക്കണമെന്ന് തിരിച്ചടിച്ച്; ഇമ്രാൻ ഖാന്റെ മുടന്തൻ ന്യായങ്ങളും ഭീഷണിയും തള്ളി നെഞ്ചുറപ്പോടെ ഇന്ത്യ

അഞ്ച് ദിവസം മിണ്ടാതിരുന്ന പാക്കിസ്ഥാൻ പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാതെ ഒടുവിൽ തെളിവ് ചോദിച്ച് രംഗത്ത്; പാർലമെന്റ് ആക്രമണം മുതൽ പത്താൻകോട്ടു വരെ നൽകിയ തെളിവുകൾ എവിടെയെന്ന് ചോദിച്ച് ഇന്ത്യ; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം എന്ന ആരോപണത്തെ ഖണ്ഡിച്ചത് ഇന്ത്യൻ ജനാധിപത്യത്തെ മനസിലാക്കാൻ പാക്കിസ്ഥാൻ ഒരിക്കൽ കൂടി ജനിക്കണമെന്ന് തിരിച്ചടിച്ച്; ഇമ്രാൻ ഖാന്റെ മുടന്തൻ ന്യായങ്ങളും ഭീഷണിയും തള്ളി നെഞ്ചുറപ്പോടെ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരനെയും കൂട്ടാളിയെയും സൈന്യം വധിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി കമ്രാൻ എന്ന ഖാസി റഷീദിനെയും കൂട്ടാളി ഹിലാൽ അഹമ്മദിനെയുമാണ് തിങ്കളാഴ്ച 12 മണിക്കൂറോളം നീണ്ട എറ്റുമുട്ടലിൽ വധിച്ചത്. പാക് പൗരനാണ് കമ്രാൻ. കമ്രാന്റെ ഗോഡ് ഫാദർ പാക് സൈനികരുടെ കാവലിൽ ചികിൽസയിലാണ്. ഇന്ത്യയെ തകർക്കാൻ മസൂദ് അസ്ഹർ നൽകിയ ആഹ്വാനത്തിന്റെ ശബ്ദ സന്ദേശവും സൈന്യത്തിന് കിട്ടിക്കഴിഞ്ഞു. എന്നിട്ടും പാക്കിസ്ഥാന് തെളിവ് വേണം. മുടന്തൻ ന്യായങ്ങളുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എത്തുകയാണ്. പുൽവാമയിൽ അക്രമം നടന്ന് ദിവസങ്ങൾ മിണ്ടാതിരുന്ന ശേഷമുള്ള ഇടപെടൽ.പാക്കിസ്ഥാൻ ദീർഘകാലമായി ഭീകരസംഘടനകളുടെ താവളമാണെന്ന വസ്തുത അംഗീകരിക്കാൻ ഇമ്രാൻ തയാറല്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തത് അറിഞ്ഞില്ലെന്ന മട്ടിലാണ്, തക്കതായ തെളിവു തന്നാൽ നടപടിയെടുക്കാമെന്ന ഇമ്രാന്റെ നിലപാട്.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ നൽകാമെങ്കിൽ നടപടിയെടുക്കാമെന്നും ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പറയുന്നു ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെയും തലവൻ മസൂദ് അസ്ഹറിന്റെയും താവളം പാക്കിസ്ഥാനാണെന്നതു തന്നെ അനിഷേധ്യ തെളിവാണെന്ന് ഇന്ത്യ ഇതിന് മറുപടിയും നൽകി. അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തിൽ ചർച്ചയാവാമെന്നും ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തിന് ഇന്ത്യ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും യുദ്ധം തുടങ്ങാൻ എളുപ്പവും അവസാനിപ്പിക്കാൻ പ്രയാസവുമാണെന്നും ഇമ്രാൻ പറഞ്ഞു. പുൽവാമ ചാവേർ സ്‌ഫോടനം നടന്ന് 5 ദിവസത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ പക്ഷേ, ഭീകരാക്രമണത്തെ അപലപിക്കാൻ പാക്ക് പ്രധാനമന്ത്രി തയാറായില്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിന്റെയും നിക്ഷേപക സമ്മേളനത്തിന്റെയും തിരക്കിലായിരുന്നുവെന്നതാണു പ്രതികരണം വൈകിയതെന്നാണ് ഇതിനുള്ള വിശദീകരണം. ഭീകരാക്രമണവുമായി ബന്ധമില്ലെന്നു വാദിക്കുന്നതു പാക്കിസ്ഥാന്റെ പതിവുരീതിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു തെളിവു നൽകി 10 വർഷം കഴിഞ്ഞിട്ടും അന്വേഷണം പുരോഗമിച്ചിട്ടില്ല. പത്താൻകോട്ട് വ്യോമത്താവള ആക്രമണക്കേസിലും പുരോഗതിയില്ല. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമാണ്. ഇന്ത്യയുടെ ജനാധിപത്യം ലോകത്തിനു മാതൃകയാണെന്നും അതു പാക്കിസ്ഥാന് ഒരിക്കലും മനസിലാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒഴിഞ്ഞുമാറലും ന്യായീകരണവും വെല്ലുവിളിയും ചേർന്നതാണ് പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രതികരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ന്യായവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ ഇന്ത്യ, യുദ്ധത്തിനുള്ള വെല്ലുവിളിയോടു പ്രതികരിക്കാൻ തയാറായില്ല. കശ്മീരിലെ സ്ഥിതിയെക്കുറിച്ച് ഇമ്രാൻ ഉന്നയിച്ച വിമർശനത്തോടും ഇന്ത്യ പ്രതികരിച്ചില്ല. പാക്കിസ്ഥാനും ഭീകരവാദത്തിന്റെ വലിയ ഇരയാണെന്നതിന്റെ കണക്കു നിരത്താനാണ് ഇമ്രാൻ ശ്രമിക്കുന്നത്. ഇന്ത്യയുടേത് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം എന്ന ഇമ്രാന്റെ ആരോപണത്തെ ഖണ്ഡിച്ചത് ഇന്ത്യൻ ജനാധിപത്യം മനസിലാക്കാൻ പാക്കിസ്ഥാൻ ഒരിക്കൽ കൂടി ജനിക്കണമെന്ന് തിരിച്ചടിച്ചാണ്.

ഒരുവശത്തു ഭീകരാക്രമണവും മറുവശത്തു ചർച്ചയുമെന്നതു നടപ്പുള്ള കാര്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. സമാധാനത്തിന്റെ അന്തരീക്ഷത്തിൽ മാത്രം മതി ചർച്ച. അതായത്, ഭീകരസംഘടനകളെ നിർവീര്യമാക്കാൻ പാക്കിസ്ഥാൻ തയാറാകുംവരെ ചർച്ചയിലേക്കു മടങ്ങില്ലെന്നതാണ് ഇന്ത്യൻ നിലപാട്. അടിച്ചാൽ തിരിച്ചടിക്കുമെന്ന വെല്ലുവിളി പാക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ പതിവില്ലാത്ത ശൈലിയാണ്. ആ രാജ്യത്തെ സൈനിക നേതൃത്വമാണു കടുത്ത വാക്കുകൾ പ്രയോഗിക്കാറുള്ളത്. വെല്ലുവിളിയോട് ഇന്ത്യ പരസ്യമായി പ്രതികരിക്കില്ല. എന്നാൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിട്ട് പോലും ഇന്ത്യയോട് തിരിച്ചടിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. കാർഗിലിലേയും മറ്റും തോൽവിയുടെ പാഠമാണ് ഇതിന് കാരണം. കശ്മീരിൽ തോക്കെടുക്കുന്നവരെ തുടച്ചുനീക്കുമെന്ന് ഭീകരർക്ക് സൈന്യത്തിന്റെ അന്ത്യശാസനം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും സൈന്യം വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം കശ്മീരിലെ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ വധിച്ചുവെന്നും സൈന്യം അറിയിച്ചു.

ജമ്മു കശ്മീരിൽ ഭീകരെ ഇല്ലാതാക്കാനുള്ള വൻനീക്കവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതാണ് സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പൊലീസും നടത്തിയ സംയുക്ത വാർത്താസമ്മേളനം. പുൽവാമ ആക്രമണം നടന്ന് നൂറ് മണിക്കൂറിനുള്ളിൽ ജയ്ഷ് ഭീകരരായ കമ്രാൻ, ഫർഹാദ്, ഹിലാൽ അഹമ്മദ് എന്നിവരെയാണ് ഏറ്റുമുട്ടിലിൽ വധിച്ചത്. ഇവരിൽ രണ്ടുപേർ പാക്കിസ്ഥാനികളും ഒരാൾ കശ്മീരിയുമാണെന്ന് സൈന്യം വ്യക്തമാക്കി. പുൽവാമ ആക്രമണത്തിന് പിന്നിൽ പാക് സൈന്യവും പാക് ചാരസംഘടനയായ െഎ.എസ് ഐയുമാണെന്ന് സൈന്യം പറഞ്ഞു. കശ്മീരിലെ യുവാക്കൾ ഭീകരസംഘടനകളിൽ ചേരുന്നത് സമീപകാലത്ത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 58 ജയ്‌ഷെ ഭീകരരെയും ഈവർഷം ഇതുവരെ 12 ഭീകരരെയും കൊലപ്പെടുത്തി. ആയുധംവച്ച് കീഴടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസാന അവസരമാണിത്. സൈന്യം അന്തശാസന നൽകി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇമ്രാൻ എത്തിയതും. പുൽവാമ സ്‌ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവകൾ ഇന്ത്യ യുഎന്നിന് അടക്കം നൽകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP