Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുഗ്രഹജ്വാല തെളിഞ്ഞു; പണ്ടാര അടുപ്പിൽ തീപകർന്നതോടെ അനന്തപുരിയിൽ ലക്ഷോപലക്ഷം അടുപ്പുകളെരിഞ്ഞു; ആറ്റുകാലമ്മയ്ക്ക് പ്രസാദപുണ്യവുമായി നഗരത്തെ മധുരാപുരിയാക്കി സ്ത്രീലക്ഷങ്ങൾ; കണ്ണകീചരിതംപാടി തോറ്റംപാട്ടുമായി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

അനുഗ്രഹജ്വാല തെളിഞ്ഞു; പണ്ടാര അടുപ്പിൽ തീപകർന്നതോടെ അനന്തപുരിയിൽ ലക്ഷോപലക്ഷം അടുപ്പുകളെരിഞ്ഞു; ആറ്റുകാലമ്മയ്ക്ക് പ്രസാദപുണ്യവുമായി നഗരത്തെ മധുരാപുരിയാക്കി സ്ത്രീലക്ഷങ്ങൾ; കണ്ണകീചരിതംപാടി തോറ്റംപാട്ടുമായി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ പെങ്കാലയ്ക്ക് തീ പകരുന്നതോടെ നഗരം യാഗഭൂമിയാകും. രാവിലെ 10.15നാണ് അടുപ്പ് വെട്ട്. ക്ഷേത്ര മുറ്റത്ത് തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് ശ്രീകോവിലിലെ നിലവിളക്കിൽ നിന്നുള്ള അഗ്‌നിനാളം പകർന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്ന് കഴിഞ്ഞു. 

ആറ്റുകാൽ ശ്രീകോവിലിൽ നിന്ന് ക്ഷേത്ര തിടപ്പള്ളിയിലേക്കും അവിടെ നിന്ന് പണ്ടാര അടുപ്പിലേക്കും അഗ്‌നിപകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. അമ്മേ ദേവീ.. ശരണം വിളികളോടെ കുരവയിട്ട് ആയിരങ്ങൾ ക്ഷേത്രസന്നിധിയിൽ നിറഞ്ഞുനിന്ന നിമിഷത്തിലാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ക്ഷേത്രം നിറഞ്ഞുനിന്ന് സ്ത്രീഭക്തരുടെ സാന്നിധ്യം. നഗരം നിറഞ്ഞ് പൊങ്കാല അടുപ്പുകൾ. ഒരേസമയം ലക്ഷക്കണക്കിന് അടുപ്പുകളിൽ പൊങ്കാല നിവേദ്യം ദേവിക്ക് ഒരുങ്ങിത്തുടങ്ങി.

തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പും ക്ഷേത്രത്തിനു മുൻവശത്തൊരുക്കിയ പണ്ടാര അടുപ്പും പവിത്രമായ അഗ്‌നിയാൽ ജ്വലിച്ചു. ലക്ഷക്കണക്കിനു ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്കു പകരുന്നത് ഇവിടെ നിന്നുള്ള ദീപനാളമാണ്. ഉച്ചയ്ക്ക് 2.15 നാണ് നൈവേദ്യം. ഭക്തിപൂർവം ഒരുക്കിയ വിഭവങ്ങളിന്മേൽ പുണ്യാഹമായി ആറ്റുകാലമ്മയുടെ അനുഗ്രഹം. ദേവീസവിധത്തിൽ സ്വയം പൊങ്കാലയായി എരിഞ്ഞ, തിളച്ചുതൂവിയ മനസ്സുകൾക്ക് ഇനി നിർവൃതിയോടെ മടങ്ങാം. അടുത്തയാണ്ടിനും ഈ തിരുമുറ്റത്തൊരു പൊങ്കാലയ്ക്കായി മടങ്ങിവരാനുള്ള സൗഭാഗ്യം പ്രാർത്ഥിച്ചുകൊണ്ട്. ആറ്റുകാൽ പൊങ്കാലയുടെ തൽസമയവിവരങ്ങൾ ലൈവ് അപ്‌ഡേറ്റ്‌സിൽ അറിയാം.

പൊങ്കാലയോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിനായി 3,700 പൊലീസുകാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 1,000 ജനമൈത്രി വോളണ്ടിയർമാരും സേവന സന്നദ്ധരായി രംഗത്തുണ്ടാകും.1,200 വനിതാപൊലീസുകാരും 65 വനിതാ എസ്ഐമാരും 12 വനിതാ സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ 100 വനിതാ കമാൻഡോകളും ഇക്കുറി ക്ഷേത്രപരിസരത്തുണ്ട്. 20 വനിതാ പൊലീസുകാർ അടങ്ങുന്ന കോബ്ര ടീം നഗരത്തിൽ പട്രോളിങ് നടത്തുന്നുണ്ട്.

പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ചുടുകട്ടകൾ ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീടുനിർമ്മിച്ചു നൽകുന്ന പദ്ധതി ഇത്തവണ വിപുലമാക്കാനുള്ള ശ്രമമാണ് കോർപ്പറേഷൻ നടത്തുന്നത്. കോർപ്പറേഷന്റെ ഭവനനിർമ്മാണ സഹായപദ്ധതി ഉപയോഗിച്ച് വീടു നിർമ്മിക്കുന്നവർക്കാണ് കട്ടകൾ നൽകുന്നത്. പൊങ്കാലയ്ക്കുശേഷം ഇഷ്ടികകൾ പൊട്ടിപ്പോകാതെ റോഡിൽ നിന്നുമാറ്റി ഏതെങ്കിലും ഒരു സ്ഥലത്ത് അടുക്കി സൂക്ഷിക്കണം. സന്നദ്ധപ്രവർത്തകരും റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും ഈ പരിപാടിയുമായി സഹകരിക്കണം. കഴിഞ്ഞ തവണത്തെപ്പോലെ എൻഎസ്എസ് വോളന്റിയർമാരും ഹരിതസേന പ്രവർത്തകരും നഗരത്തിലെ ചില സന്നദ്ധസംഘടനകളും ഈ പരിപാടിയിൽ അണിചേരുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP