Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ

പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ അതിമൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പലരും ഉന്നയിച്ചൊരു ചോദ്യമുണ്ട്. എതിരാളികളെ നിശബ്ദരാക്കാൻ അവരെ അരിഞ്ഞുവീഴ്‌ത്തുന്ന സിപിഎമ്മിലെ നേതാക്കളുടെ മക്കൾക്കാണ് ഇത് സംഭവിച്ചിരുന്നതെങ്കിലോ എന്നാണ് പലരും ചോദിച്ചത്. ഇക്കാര്യമാണ് മറുനാടൻ ഈ റിപ്പോർട്ടിലൂടെ അന്വേഷിക്കുന്നത്. പാർട്ടിക്കുവേണ്ടി ഇവിടെ പാവം അണികൾ കൊന്നും ചത്തും തീരുമ്പോൾ മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും ഉൾപ്പെടെയുള്ള മിക്ക നേതാക്കളുടേയും മക്കൾ സസുഖം വാഴുന്നു. ഒരു അല്ലലുമില്ലാതെ!

കാലങ്ങളായി കേരളത്തിൽ കൊണ്ടും കൊടുത്തുമാണ് സിപിഎമ്മിന്റെ വളർച്ച. കാമ്പസ് മേഖലയിലാണെങ്കിൽ പട്ടാമ്പിയിൽ സെയ്താലി മുതൽ ഏറ്റവുമൊടുവിൽ അഭിമന്യു വരെ പാർട്ടിക്ക് ഉയർത്തിക്കാട്ടാൻ വെട്ടേറ്റുവീണ രക്തനക്ഷത്രങ്ങൾ. സമാന രീതിയിൽ തന്നെ ഓരോ ജില്ലയിലും എന്തിന് ഓരോ ഏയിരാ കമ്മിറ്റിയിലും നിരവധി രക്തസാക്ഷികൾ. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം പിന്നിട്ട ആയിരം ദിവസത്തിനകം കേരളത്തിൽ ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങൾ. അതിൽ 16ലും പ്രതിസ്ഥാനത്ത് സിപിഎമ്മും.

പാർട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്നവരും ആഹ്വാനം നെഞ്ചിലേറ്റി കൊലചെയ്യാൻ ഇറങ്ങിത്തിരിക്കുന്നവരും എല്ലാം പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ. ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കാര്യം തന്നെ എടുത്താൽ ഇത് മനസ്സിലാകും. ഇടുക്കിയിലെ ദരിദ്ര കുടുംബത്തിൽ നിന്ന് പാർട്ടി ആശയങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച് വന്ന ആ യുവാവ് പാർ്ട്ടി എതിരാളികളുടെ കത്തിക്കുമുന്നിൽ പിടഞ്ഞുവീണു മരിച്ചു. ഇതേ സ്ഥിതി തന്നെയാണ് പാർട്ടിക്കായി കൊലചെയ്യാൻ ഇറങ്ങിത്തിരിക്കുന്നവരുടേതും. മിക്കവരും വീട്ടിൽ അഷ്ടിക്കുപോലും വകയില്ലാത്തവർ. പക്ഷേ, ഇവരെയെല്ലാം പാർട്ടി സംരക്ഷിക്കും. ആ ഒരു ഉറപ്പിന്റെ പുറത്താണ് പലരും ഇതിനായി ഒരുമ്പെട്ടിറങ്ങുന്നത്. ആരെങ്കിലും കൊല്ലപ്പെട്ടാൽ ഒരു ബക്കറ്റ് പിരിവിൽ അതിനുള്ള പണം പാർട്ടി ഉണ്ടാക്കും.

പക്ഷേ, മറുവശത്തോ? കഴിഞ്ഞ ദിവസം അതിക്രൂരമായി പാർട്ടി നടപ്പാക്കിയ കൊലപാതകത്തിൽ പൊലിഞ്ഞത് ഒറ്റമുറി വീട്ടിൽ കഴിഞ്ഞ ഒരു കുടുംബത്തിന്റെ ആകെ ആശ്രയമായ യുവാവാണ്. കൃപേഷിനെ വെട്ടിവീഴ്‌ത്തിയവരെ പാർട്ടി ഇപ്പോൾ തള്ളിപ്പറഞ്ഞെങ്കിലും ഈ ചൂടെല്ലാം ആറുമ്പോൾ അവരുടെ സഹായത്തിന് പാർട്ടിയെത്തും. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇപ്പോൾ സംരക്ഷണമൊരുക്കുന്നത് കാണുക.

പാർട്ടിക്കുവേണ്ടി ജീവൻവെടിഞ്ഞ അഭിമന്യുവിന്റെ വീട്ടുകാർക്ക് വീടുവച്ചുകൊടുത്തത് കാണുക. പക്ഷേ, മറുവശത്ത് കോൺഗ്രസിന്റേയും ബിജെപിയുടേയും അണികളിലെ പാവങ്ങൾക്ക് ഇങ്ങനെ സംഭവിച്ചാൽ അവരുടെ കുടുംബം മാത്രമേ അത് സഹിക്കാനുള്ളൂ. സഹായങ്ങൾ എല്ലാ പാർട്ടികളും ചെയ്യുമ്പോഴും അതിനെല്ലാം പരിമിതികളുണ്ട്. കാരണം നഷ്ടപ്പെട്ട സഹോദരനേയോ അച്ഛനേയോ ഭർത്താവിനേയോ പിന്നെ തിരിച്ചുകിട്ടില്ലല്ലോ. മുല്ലപ്പള്ളി പറഞ്ഞതുപോലെ സിപിഎമ്മിന്റെ നരബലിയാണ് കേരളത്തിൽ നടക്കുന്നത്. അതിൽ അവർ ആനന്ദം കണ്ടെത്തുന്ന തരത്തിലാണ് ഓരോ സംഭവത്തിന് ശേഷവും പാർട്ടിയുടെ പ്രതികരണങ്ങൾ.

മുൻകാലങ്ങളിൽ പോലും അതിന് പ്രത്യേക ഫോർമുലയുണ്ട് പാർട്ടിക്ക്. കൊലപാതകം നടത്തുക, പ്രതികളെ പാർട്ടിതന്നെ കണ്ടെത്തി കൊടുക്കുക, പറ്റുമെങ്കിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുക, ജയിൽ ശിക്ഷാ കാലത്ത് അവർക്ക് വേണ്ട സൗകര്യങ്ങൾ ജയിലിൽ ഉൾപ്പെടെ ചെയ്യുക, വീട്ടുകാരിൽ ആർക്കെങ്കിലും സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകുക.. ഇങ്ങനെ എല്ലാ സൗകര്യങ്ങളും നൽകിയാണ് അക്രമത്തിന് താൽപര്യമുള്ളവരെ വാർത്തെടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളയും ചൂണ്ടിക്കാട്ടിയിരുന്നു. ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ കുടുംബത്തിനും എത്തും പാർട്ടി സംരക്ഷണം.

എന്നാൽ കഴിഞ്ഞദിവസം സിപിഎമ്മുകാരാൽ വെട്ടിയരിപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ കൃപേഷും ശരത്തും ഇല്ലാതായതോടെ ആ കുടുംബങ്ങളുടെ നെടുംതൂണുകളാണ് നഷ്ടപ്പെട്ടത്. സാമ്പത്തികമായി നന്നേ പിന്നോക്കമാണ് കൃപേഷിന്റെ കുടുംബം ഓലമേഞ്ഞ ഒറ്റമുറി വീട്. കൃപേഷിന്റെ അച്ഛനാകട്ടെ സിപിഎം അനുഭാവിയും. എന്നിട്ടും സിപിഎമ്മുകാർ കൃപേഷിനെ ഇല്ലാതാക്കി. ശരത്തിന്റെ വീട്ടിലെ സ്്ഥിതിയും വ്യത്യസ്തമല്ല. ഇതിന് മുമ്പ് കണ്ണൂരിലും സിപിഎം നടത്തിയ ക്രൂരമായ പകപോക്കലിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട്ടിലെ സ്ഥിതിയും പരിതാപകരം. ഇതെല്ലാം ചർച്ചയായപ്പോൾ ആണ് സോഷ്യൽ മീഡിയ ആ ചോദ്യം എടുത്തിട്ടത്. സിപിഎം നേതാക്കളുടെ മക്കൾക്കാണ് ഇത് സംഭവിച്ചതെങ്കിലോ?

രാഷ്ട്രീയ നേതാക്കളുടെ മക്കളെപ്പോലെ ആവാൻ സ്വപ്‌നംകാണൂ!

വെറുമൊരു സെന്റിമെന്റൽ അമ്മയുടെ, ശപിക്കപ്പെട്ട മകനായി വിസ്മൃതിയിലേക്ക് തള്ളപ്പെടാതെ രാഷ്ട്രീയക്കാരുടെ മക്കളെപ്പോലെ ആയി തീരാൻ സ്വപ്‌നം കാണൂ- ഈ സമാഗമത്തിനു ശേഷം സോഷ്യൽ മീഡിയ വികാരം കൊണ്ടു. മുൻപ് പറഞ്ഞ സ്വപ്നത്തിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ നിങ്ങൾക്കും ഈ നേതാക്കളുടെ മക്കളെ പോലെ സന്തുഷ്ടരായ അച്ഛനമ്മമാർക്കൊപ്പം അഭിമാനത്തോടെ ജീവിതത്തിൽ മുന്നേറാം. നിങ്ങൾക്കറിയാമോ, ഈ നേതാക്കന്മാരുടെ മക്കൾ ആരെങ്കിലും കൊടിപിടിക്കാനോ, കടകൾ അടപ്പിക്കാനോ, ആരുടെയെങ്കിലും തലകൊയ്യാനോ തെരുവിലേക്ക് ഇറങ്ങാറുണ്ടോ.... ഇല്ല അല്ലേ...? പിന്നെ അവരൊക്കെ എവിടെ പോയി...? സോഷ്യൽ മീഡിയ ചോദിക്കുന്നു.

കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതങ്ങൾക്ക് പിന്നിലും ഷുഹൈബ് വധത്തിനു പിന്നിലും സിപിഎം ആയിരിക്കെ സോഷ്യൽ മീഡിയ പറയുന്നത് വാസ്തവമാണോ? സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ മക്കൾ എന്ത് ചെയ്യുന്നു. എന്നാൽ അറിയുക. ഇവരൊന്നും രാഷ്ട്രീയത്തിലില്ല. സിപിഎം ഉന്നത നേതാക്കളുടെ മക്കളിൽ മിക്കവരും വിദേശരാജ്യങ്ങളിലോ വൻകിട സ്വകാര്യ കമ്പനികളിലോ ആണ് ജോലി ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു മക്കൾ: ഒരാണും പെണ്ണും. രണ്ടു പേരും രാഷ്ട്രീയത്തിലില്ല. വീണ വിജയനും വിവേക് കിരണും. ഇവരാണ് പിണറായി വിജയന്റെ മക്കൾ. വീണ സോഫ്റ്റ് വെയർ എൻജിനീയറാണ്. ബംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന വീണ എട്ടു വർഷത്തോളം ഒറക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുൻപ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്‌സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.

വിവേകിന്റെയും വീണയുടെയും വിദ്യാഭ്യാസം വിവാദത്തിൽ അകപ്പെട്ടിരുന്നു. സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെ സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ സമരം ചെയ്യുമ്പോഴാണ് ഇവർ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കുന്നത്. വീണയുടെ അമൃതാ സ്വാശ്രയ കോളേജ് പ്രവേശനത്തെക്കുറിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ വിശദമായി തന്നെ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. വിവേക് കിരണും വിവാദത്തിൽ അകപ്പെട്ടു. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് വിവേക് ഇംഗ്ലണ്ടിൽ പഠിക്കുന്നത്. ബിർമിങ്ഹാം സർവകലാശാലയിൽ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയ വിവേക് അബുദാബിയിലെ എച്ച്എസ്‌ബിസി ബാങ്കിൽ മാനേജർ ആയി ജോലി ചെയ്യുകയാണ്.

പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ: രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ സന്തത സഹചാരികൾ ആണ് കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. ഇപ്പോൾ സിനിമയാണ് ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാർ അക്‌സസറികൾ, ഫർണിച്ചർ, ഹോട്ടൽ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേൾക്കാം. ബിനോയ് കോടിയേരി്ക്ക് ഗൾഫിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗൾഫിൽ പ്രശ്‌നങ്ങളിൽ കുടുങ്ങിയിരുന്നു. ട്രാവൽ ബാൻ വരെ ഗൾഫിൽ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗൾഫിലെ വൻ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീർപ്പാക്കിയത് എന്നാണ് ലഭിച്ച വിവരം.

ഗൾഫ് ബന്ധങ്ങളുമായി ഇപി ജയരാജന്റെ മക്കൾ: ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി വ്യവസായി മന്ത്രി പദവി നഷ്ടമായ ശേഷം വീണ്ടും വ്യവസായ മന്ത്രി പദവിയിലേക്ക് തിരിച്ചു വന്ന ഇ.പി.ജയരാജന്റെ മക്കൾ. രണ്ടുപേരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ. ജയ്‌സണും, വിപിനും. ഈ രണ്ടു മക്കൾക്കും ശക്തമായ ഗൾഫ് ബന്ധങ്ങൾ. ഗൾഫിലെ പ്രമുഖ ബിസിനസുകാരനൊപ്പമാണ് ജയരാജന്റെ ഒരു മകനായ ജെയ്‌സൺ ജോലി ചെയ്യുന്നത്. മറ്റൊരു മകനായ ജിതിനും ഗൾഫിൽ ബിസിനസ് ബന്ധങ്ങളുണ്ട്.

മന്ത്രി എ.കെ.ബാലന്റെ മക്കൾ: രണ്ടുപേർക്കും വിദേശ വിദ്യാഭ്യാസവും ജോലിയും. ബാലന്റെ ഭാര്യ പികെ ജമീല മുൻ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ബാലന്റെ ഒരു മകൻ നവീൻ ബാലന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. പാരിസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറാണ് നവീൻ ബാലൻ. രണ്ടാമത്തെ മകൻ നിഖിൽ ബാലൻ നെതർലൻഡ്‌സിലാണ് പഠിച്ചത്. മാഹി ഇരട്ട കൊലപാതകങ്ങളെ കുറിച്ചുള്ള, ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കും എന്ന ബാലന്റെ പ്രസ്താവന വിവാദമായിരുന്നു. യൂറോപ്പിൽ കറങ്ങുന്ന മക്കൾ അങ്ങോട്ട് കൊടുക്കാനായി എത്തുമോ എന്നാണ് അന്ന് സോഷ്യൽ മീഡിയ അന്ന് ബാലനോട് ചോദിച്ചത്.

പി.കെ.ശ്രീമതിയുടെ മകനായ സുധീർ നമ്പ്യാർ: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി സുധീർ നമ്പ്യാരെ മന്ത്രിനിയമിച്ചത് ചർച്ചയായിരുന്നു കേരളത്തിൽ. ഇപ്പോൾ മൂന്ന് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് സുധീർ നമ്പ്യാർ എന്നാണ് വാർത്തകൾ. ധരണ ലിവ്‌ലിഹുഡ് പ്രൊജക്ട്‌സ് ലിമിറ്റഡ്, എസൻസ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, ഇഫാമ നാച്യുറൽ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ സ്ഥാപനങ്ങൾ.

മറ്റു പ്രമുഖരുടെ മക്കളിൽ പലരും വിദേശത്ത്: ധനമന്ത്രി തോമസ് ഐസക്കിന്റെ രണ്ടു പെൺമക്കളും അമേരിക്കയിലാണ്. ഇടക്കിടെ മക്കളെ കാണാൻ തോമസ് ഐസക്ക് അമേരിക്കൻ യാത്ര നടത്താറുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.ജെ.തോമസിന്റെ മകൾ ലണ്ടനിലാണ്. പക്ഷെ സിപിഎമ്മിലെ എക്കാലത്തെയും വിവാദ നേതാവ് പി.ജയരാജനെ ഈ വിവാദങ്ങൾ ബാധിച്ചതേയില്ല. പി.ജയരാജന്റെ രണ്ടു ആൺ മക്കളും ഒരു വിവാദങ്ങളിലും കടന്നുവന്നില്ല.

മക്കളെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ജയരാജൻ ചെറുവിരൽ പോലും അനക്കിയില്ല എന്നാണ് ലഭിക്കുന്ന സൂചന. രണ്ടുപേരും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിതം നയിക്കുകയാണ്. സാമ്പത്തികമായ ഒരു മേൽഗതിയും ഇവർക്ക് ഉണ്ടായതുമില്ല. പി.ജയരാജൻ ഇത്തരം വിവാദങ്ങൾക്ക് അതീതമായി സിപിഎമ്മിൽ നിലകൊള്ളുമ്പോൾ കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എ.കെ.ബാലനും ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും ഒക്കെ വ്യത്യസ്തരാണ്.

സിപിഎമ്മിലെ മക്കൾ മാഹാത്മ്യം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഉയരുന്ന മുറുമുറുപ്പും ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. പെരിയയിൽ സിപിഎം വെട്ടിക്കൊന്ന കൃപേഷിന്റെ ഓലക്കുടിൽ വീടും വീട്ടിലെ ഒറ്റമുറിയും ഈ വിവാദങ്ങൾക്ക് എരിവ് പകരുകയും ചെയ്യുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കൊടുമ്പിരി കൊള്ളുന്നത്. അതിനു എരിവ് പകർന്നാണ് സിപിമ്മിന്റെ കൊലക്കത്തിക്ക് ഇരയായി ഏക ആൺ തരികൾ നഷ്ടമായ മൂന്ന് അച്ഛന്മാരുടെ സമാഗമം കൂടി പെരിയയിൽ നടക്കുന്നത്. തീർത്തും വികാരപരമായ ഈ കൂടിക്കാഴ്ചയുടെ വാർത്തകൾ കൂടി സിപിഎമ്മിനെതിരായ പ്രചാരണമാണ് മാറുകയും ചെയ്തു.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മുകളിലുള്ളത്. ഇന്നലെയാണ് സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായ ശേഷം തുല്യ ദുഃഖിതരായ മൂന്നു അച്ഛന്മാരുടെ സമാഗമം പെരിയയിൽ നടന്നത്. പെരിയയിൽ സിപിഎമ്മിന് ഇരയായ ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ, പെരിയ കല്ല്യോട്ടെ കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ, മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ പിതാവ് എസ്‌പി. മുഹമ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസം ഒന്നിച്ചു കണ്ടത്. കൃഷ്ണനും സത്യനാരായണനും ഏക ആൺ തരികളായ കൃപേഷും, ശരത് ലാലും നഷ്ടമായതറിഞ്ഞു കഴിഞ്ഞ വർഷം സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായ ശുഹൈബിന്റെ പിതാവ് മുഹമ്മദ് ഇവരെ കാണാൻ പെരിയയിൽ എത്തുകയായിരുന്നു.

വികാര നിർഭരമായി മാറിയിരുന്നു ഈ സംഗമം. പുത്ര നഷ്ടത്തിന്റെ കനലുകൾ എരിയുന്ന മൂന്നു മനസുകൾ ആണ് പെരിയയിൽ ഒത്തുകൂടിയത്. സിപിഎമ്മിനാൽ ഏക ആൺ തരികൾ നഷ്ടമായ മൂന്നു അച്ഛന്മാരുടെ കണ്ടുമുട്ടൽ ശക്തമായ അലയൊലികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പണിക്കു പോയി അവനെ പോറ്റിയതു കൊലയ്ക്കു കൊടുക്കാനായിരുന്നില്ലല്ലോ. എന്നാണ് ശുഹൈബിന്റെ പിതാവായ മുഹമ്മദിനോട് കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞത്. ഈ വാക്കുകളും ഇവരുടെ സമാഗമവും കേരളത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങളായി രൂപപ്പെടുകയാണ്. ഈ ചലനങ്ങൾ പൊതുവിൽ സിപിഎമ്മിനെതിരായ ഒരു പൊതു വികാരമായി മാറുകയും ചെയ്യുന്നു.

കേരളത്തിലുള്ള യുവാക്കളോടുള്ള അഭ്യർത്ഥന എന്ന രീതിയിലാണ് പെരിയ കൊലപാതകത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കൈചൂണ്ടൽ ശക്തമാകുന്നത്. സോഷ്യൽ മീഡിയ പറയുന്നത് ഇപ്രകാരം: കേരളത്തിലെയുവാക്കളോടുള്ളഅഭ്യർത്ഥന- ചെറുപ്പക്കാരായ നിങ്ങൾ നേതാക്കന്മാരെ കണ്ടു ആവേശം കൊള്ളാതെ അവരുടെ മക്കളെ കണ്ടു അതുപോലേ ആയി തീരാൻ സ്വപ്നം കാണൂ... അതിനു പരിശ്രമിക്കൂ... അപ്പോൾ നിങ്ങൾക്കും ഈ നേതാക്കളുടെ മക്കളെ പോലെ സന്തുഷ്ടരായ അച്ഛനമ്മമാർക്കൊപ്പം അഭിമാനത്തോടെ ജീവിതത്തിൽ മുന്നേറാം... അല്ലേൽ... സംസ്ഥാനമാകെ ഒരു ദിവസം ഹർത്താലിന് കാരണമാകുന്ന വെറുമൊരു സെന്റിമെന്റൽ അമ്മയുടെ, ശപിക്കപ്പെട്ട മകനായി വിസ്മൃതിയിലേക്ക് തള്ളപ്പെടും..

തമ്മിൽ തല്ലി ചാവാനും അടിപിടികൂടാനും നടക്കാതെ സ്വന്തം ജീവിതത്തിൽ കുറച്ചെങ്കിലും ശ്രദ്ധിക്കു....നിങ്ങൾക്കറിയാമോ, ഈ നേതാക്കന്മാരുടെ മക്കൾ ആരെങ്കിലും കൊടിപിടിക്കാനോ, കടകൾ അടപ്പിക്കാനോ, ആരുടെയെങ്കിലും തലകൊയ്യാനോ തെരുവിലേക്ക് ഇറങ്ങാറുണ്ടോ.... ഇല്ല അല്ലേ...? പിന്നെ അവരൊക്കെ എവിടെ പോയി...? വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യഭ്യാസം നേടാനായി ഈ പറയുന്ന നേതാക്കന്മാർ പറഞ്ഞുവിട്ടിരിക്കുകയാ. നേതാക്കളുടെ മക്കളുടെ വിവാഹവും പിറന്നാളുമൊക്കെ ആഡംമ്പരമായി ആഘോഷിക്കുമ്പോൾ നിന്റെ സഹോദരിയുടെയോ മകളുടെയോ വിവാഹവും പിറന്നാളുമൊക്കെ നടത്താനായി വട്ടി പലിശക്കാരുടെയും ബാങ്കുകളുടെയും പുറകെ നടക്കുകയായിരിക്കും നീ.....ഉണരു സഹോദരാ ഉണരു....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP