Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുമതി നിഷേധിച്ചെങ്കിലും പൊലീസ് വിലക്ക് മറികടന്ന് കിസാർ ലോംഗ് മാർച്ച് പ്രയാണം തുടങ്ങി; ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാറിനെതിരെ രോഷം ഇരമ്പുന്നു; ഫെബ്രുവരി 27ന് വിധാൻസഭ വളയാൻ ലക്ഷ്യമിട്ട് നീങ്ങുന്ന മാർച്ചിനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി മഹാരാഷ്ട്ര സർക്കാർ

അനുമതി നിഷേധിച്ചെങ്കിലും പൊലീസ് വിലക്ക് മറികടന്ന് കിസാർ ലോംഗ് മാർച്ച് പ്രയാണം തുടങ്ങി; ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാറിനെതിരെ രോഷം ഇരമ്പുന്നു; ഫെബ്രുവരി 27ന് വിധാൻസഭ വളയാൻ ലക്ഷ്യമിട്ട് നീങ്ങുന്ന മാർച്ചിനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി മഹാരാഷ്ട്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്നും കിസാൻ സഭയുടെ ലോംഗ് മാർച്ച് പ്രയാണം തുടങ്ങി. വിവിധ ഇടങ്ങളിൽ നിന്നായി കർഷകർ ഇപ്പോഴും മാർച്ചിലേക്ക് ഒഴുകുകയാണ്. മഹാരാഷ്ട്രാ സർക്കാർ ഇന്നലെ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളം ആയിട്ടും ഉറപ്പുകൾ നടപ്പാക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും മാർച്ച് ചെയ്യുന്നത്.

180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കർഷകരുടെ യാത്ര. മഹാരാഷ്ട്രയിലെ കർഷകർ വീണ്ടും ചുവടുവച്ചുതുടങ്ങുകയാണ്. ഇന്നലെയും ഇന്നുമായി പല രീതിയിൽ മാർച്ച് പരാജയപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി. മാർച്ച് ചെയ്യാൻ അനുമതി നൽകാതിരിക്കുക, പൊലീസിനെ ഉപയോഗിച്ച് കർഷകരെ തടയുക, നേതാക്കളെ അറസ്റ്റ് ചെയ്യാൻ ശ്രമം തുടങ്ങി സമരം അട്ടിമറിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം അതിജീവിച്ചാണ് കർഷകരുടെ മാർച്ച്.

ഇന്നലെ പ്രയാണം ആരംഭിക്കാനിരുന്ന മാർച്ചിൽ പങ്കെടുക്കാൻ എത്തിയ കർഷകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞതിനെത്തുടർന്നാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. കർഷകർ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാസികിലെത്തി. വഴിയോരങ്ങളിലും മൈതാനങ്ങളിലുമായിരുന്നു കഴിഞ്ഞ രാത്രി കർഷകർ കഴിച്ചുകൂട്ടിയത്. സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മന്ത്രി ഗിരീഷ് മഹാജൻ കർഷകരുമായി ചർച്ച നടത്തിയെങ്കിലും ഉറപ്പുകൾ നൽകാൻ സർക്കാർ തയ്യാറാകാഞ്ഞതിനെത്തുടർന്ന് ചർച്ച പരാജയമായി. അനുനയനീക്കങ്ങൾ സർക്കാർ തുടരുകയാണ്. ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കിസാൻ സഭ നിലപാട്. 50000ത്തിലേറെ കർഷകർ മാർച്ചിൽ അണിനിരക്കുന്നു.

ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും നൽകിയ ഉറപ്പുകൾ പാലിക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ തയ്യാറാകാഞ്ഞതോടെയാണ് രണ്ടാം ലോംഗ് മാർച്ച്. പഴയ മാർച്ചിന്റെ മാതൃകയിൽ തന്നെയാകും ഈ മാർച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കർഷകരുടെ തീരുമാനം.

നാല്പതിനായിരം ആളുകൾ 200 കിലോമീറ്ററിലേറെ ദൂരം കാൽനടയായി പിന്നിട്ട ലോങ്ങ് മാർച്ചിന്റെ ആവേശം ഇപ്പോഴും മങ്ങാതെ നിൽക്കുകയാണ്.ഇന്ത്യയിലെ കർഷക സമര ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു കിസാൻ ലോങ്ങ് മാർച്ച്. പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക നേതാക്കളും സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വീണ്ടുമൊരു ലോങ്ങ് മാർച് സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന രണ്ടാം ലോങ്ങ് മാർച് , 27 ന് മുംബൈ നഗരത്തിൽ പ്രവേശിച്ചു നിയമസഭാ മന്ദിരമായ വിധാൻ ഭവൻ വളയും. ഫെബ്രുവരി 25 മുതൽ ബജറ്റ് സമ്മേളനം ചേരുകയാണ്. സർക്കാർ നൽകിയ ഉറപ്പുകൾ നേടിയെടുക്കും വരെ സമരം തുടരാനാണ് കർഷക നേതാക്കളുടെ തീരുമാനം.

ഒന്നാം ലോങ്ങ് മാർച്ചിൽ നാല്പത്തിനായിരത്തോളം കർഷകരും കർഷക തൊഴിലാളികളും ഉഴുകിയെത്തിയിരുന്നു. സ്വാമിനാഥൻ റിപ്പോർട് നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പാൽഘർ, താനെ ജില്ലകളിലെ ഗോത്ര വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നദീബന്ധന നിർദ്ദേശം റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, അനുമതി കൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വാർധക്യ കാല പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പരുത്തികൃഷി വൻനാശം നേരിടുന്ന മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, മുതലായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഇന്ത്യയുടെ വാണിജ്യ കേന്ദ്രത്തിലേക്ക് കർഷക ജനസാമാന്യം നടന്നു കയറിയത്. കിസാൻ സഭയുടെ നേതൃത്വത്തിൽ നീണ്ട മൂന്ന് വർഷ കാലത്തെ പ്രവർത്തനങ്ങളും താഴെ തലത്തിൽ വിളിച്ചു ചേർത്ത യോഗങ്ങളും പരിപാടികളുമാണ് മഹത്തായ ഈ മാർച്ചിന് അടിത്തറ പാകിയത്.

വനാവകാശ നിയമം നടപ്പിലാക്കുക: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയ-നിലപാടുകൾ തിരുത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് വനഭൂമിക്കു മേലും വനവിഭവങ്ങൾക്കു മേലുമുള്ള പരമ്പരാഗത അവകാശങ്ങൾ ഉറപ്പു വരുത്തണമെന്നതാണ് ഈ ആവശ്യത്തിന്റെ കാതൽ. വനാവകാശ നിയമത്തിലെ 3 (1) a പ്രകാരം ആദിവാസി വിഭാഗങ്ങൾക്ക് വനഭൂമിയിലുള്ള അവകാശം കഴിഞ്ഞ വർഷത്തിൽ പടിപടിയായി വെട്ടിക്കുറച്ചു. നിയമമനുസരിച് ലഭിക്കേണ്ട 10 ഏക്കർ ഭൂമിയിൽ നാലിൽ ഒന്ന് മാത്രമാണ് അനുവദിച്ചത്.

താങ്ങുവില ഉത്പാദന ചെലവിന്റെ 50 % കൂടുതലായി സ്ഥിരപ്പെടുത്തുക എന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഉത്പാദന ചെലവിന്റെ പകുതിപോലും വിളകൾക്ക് കമ്പോളത്തിൽ ലഭ്യമല്ല. നാഷണൽ ക്രൈം ബ്യുറോയുടെ റിപ്പോർട്ടനുസരിച് 1995 -2015 കാലയളവിൽ ദാരിദ്രവും കടബാധ്യതയും മൂലം അറുപത്തി അയ്യായിരത്തിലധികം കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. 2015 നു ശേഷമുള്ള കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. കേന്ദ്ര സർക്കാർ താങ്ങു വില 150 % ഉയർത്തിയെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കർഷകനും അതിന്റെ ഗുണം ഇതുവരെ ലഭിച്ചിട്ടില്ല.

2015 ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ ബില്ല് റദ്ദാക്കണമെന്നതാണ് മറ്റൊരു മുഖ്യ ആവശ്യം. കേന്ദ്ര നിയമമനുസരിച് സ്വകാര്യ, വ്യവസായ സംരംഭങ്ങൾക്ക് കൃഷി ഭൂമി ഏറ്റെടുക്കുമ്പോൾ 80 % ഭൂവുടമകളുടെയും അനുമതി വേണമെന്നതായിരുന്നു ചട്ടം. ഭൂമി വിട്ടു നൽകുന്നവർക്ക് ആവശ്യമായ നഷ്ട പരിഹാരവും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഇത് മറികടക്കുന്നതിനായി മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പുതിയ നിയമം കൊണ്ട് വരികയും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. ഇത് കർഷകരുടെ ജീവിതം ദുരിതത്തിലാക്കി.

മഹാരാഷ്ട്രയിലെ മുഴുവൻ കാർഷിക വായ്‌പ്പകളും എഴുതി തള്ളണമെന്ന അടിയന്തിര ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഈ ആവശ്യം സംബന്ധിച്ച ഉറപ്പു നൽകിയെങ്കിലും ആനുകൂല്യം നൽകാൻ തയ്യാറാകുന്നില്ല. ഇക്കാര്യം അടക്കം ഉന്നയിച്ചാണ് ലോംഗ് മാർച്ച് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP