Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊണ്ടി മുതലായ വ്യാജ ലോട്ടറി കോടതിയിൽ ഹാജരാക്കാതെ മുക്കിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കുടുങ്ങും; എഡിജിപിയോട് വിശദീകരണ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം; കുറ്റപത്രം സ്വീകരിക്കാൻ നോട്ടെഴുതിയ ബെഞ്ച് ക്ലാർക്കും കുടുങ്ങാൻ സാധ്യത

തൊണ്ടി മുതലായ വ്യാജ ലോട്ടറി കോടതിയിൽ ഹാജരാക്കാതെ മുക്കിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കുടുങ്ങും; എഡിജിപിയോട് വിശദീകരണ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം; കുറ്റപത്രം സ്വീകരിക്കാൻ നോട്ടെഴുതിയ ബെഞ്ച് ക്ലാർക്കും കുടുങ്ങാൻ സാധ്യത

പി നാഗരാജ്‌

തിരുവനന്തപുരം: വ്യാജ ലോട്ടറി തട്ടിപ്പ് കേസിൽ സാക്ഷികളെ കോടതിയിൽ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നൽകിയ കാരണം കാണിക്കൽ മെമോ അവഗണിച്ചതിന് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നോട്ടീസയക്കാൻ സിജെഎം : എ. എസ്. മല്ലിക ഉത്തരവിട്ടു. കോടതിയുടെ സമൻസ് ഉത്തരവ് നടപ്പിലാക്കാത്തതിന് നിലവിലെ ഡിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് 2018 ഓഗസ്റ്റ് 2 ന് മെമോ നൽകിയത്. സാക്ഷികളെ ഓഗസ്റ്റ് 13 ന് ഹാജരാക്കുന്നതിലേക്കായി മെയ് 22 നാണ് കോടതിയിൽ നിന്നും ക്രൈംബ്രാഞ്ചിന് സമൻസ് ഉത്തരവ് നൽകിയത്.

എന്നാൽ സമൻസ് ഉത്തരവ് നടപ്പിലാക്കുകയോ കാരണം രേഖപ്പെടുത്തി സമൻസ് തിരികെ കോടതിയിൽ സമർപ്പിക്കുകയോ ചെയ്യാതെ കൃത്യവിലോപം കാട്ടിയതിനാണ് കോടതി മെമോ നൽകിയത്. എന്നാൽ മെമോ കൈപ്പറ്റിയിട്ടും 2018 ഓഗസ്റ്റ് 13 , ഓഗസ്റ്റ് 29 , സെപ്റ്റംബർ 18 , ഒക്ടോബർ 31 , നവംബർ 26 , ഡിസംബർ 3 , 2019 ജനുവരി 7 , ഫെബ്രുവരി 13 എന്നീ വിചാരണ തീയതികളിൽ നിലവിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കുകയോ സാക്ഷികളെ ഹാജരാക്കുകയോ ചെയ്യാത്തതിനാലാണ് കോടതി എഡിജിപിക്ക് റിപ്പോർട്ടാക്കുന്നത്.

മാർച്ച് 13 ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ വീഴ്ചക്ക് എഡിജിപി കോടതിയിൽ മറുപടി പറയേണ്ടി വരും. കേരള പൊലീസ് മാന്വലിലെ നിബന്ധന പ്രകാരം കീഴുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെന്ന് നിരീക്ഷിച്ചാണ് കോടതി എഡിജിപിക്ക് റിപ്പോർട്ടയക്കുന്നത്. ചെന്നൈ വേപെരി ഹൈ റോഡിൽ ഫ്‌ളാറ്റ് നമ്പർ 17 ൽ താമസം ഊർമിന ബാഫ്‌ന, വിജയകുമാർ ബാഫ്‌ന എന്നിവരാണ് കേസിലെ പ്രതികൾ.

1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന സർക്കാരിന്റെ വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി 25 ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ തൊണ്ടി മുതലായ വ്യാജ ലോട്ടറി ടിക്കറ്റ് കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീധരനെ കോടതി 2009 ൽ നിശിതമായി വിമർശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ശ്രീധരനെ കോടതിയിൽ വിളിച്ചു വരുത്തിയാണ് അന്നത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രാം വിലാസ് കമ്മത്ത് ശാസിക്കുകയും വിമർശിക്കുകയും ചെയ്തത്. ശാസന കേട്ട് ശ്രീധരൻ കോടതിയിൽ നിന്ന് നിലം തൊടാതെ ഓടി. തൊണ്ടി മുക്കിയ ഡിവൈഎസ്‌പി ശ്രീധരനെ നിയമപരമായ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് സഹ പ്രവർത്തകരായ നിലവിലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അടങ്ങുന്ന സംഘം സാക്ഷികളെ ഹാജരാക്കാതെ ഒത്തു കളി നടത്തുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

തൊണ്ടിമുതലായ ലോട്ടറി ടിക്കറ്റ് ഡി വൈ എസ് പി കൈപ്പറ്റി ഒപ്പിട്ടു നൽകിയ രേഖകൾ സഹിതം മൊഴി നൽകേണ്ട സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കാത്തത്. ആ മൊഴി കോടതി മുമ്പാകെ വന്നാൽ തൊണ്ടി മുക്കി തെളിവ് നശിപ്പിച്ചതിന് ഡിവൈഎസ്‌പിക്കെതിരെ കേസ് വരുമെന്ന ഭയത്താലാണ് ക്രൈംബ്രാഞ്ച് വർഷങ്ങളായി കോടതി നടപടി ദുരുപയോഗം ചെയ്യുന്നത്. ക്രിമിനൽ നടപടി ക്രമമനുസരിച്ച് തൊണ്ടി മുതൽ കിട്ടിയാൽ മഹസറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് സ്റ്റാൻഡേഡ് റിക്വസിഷൻ ഫാറത്തിൽ ചേർത്ത് കോടതിയിൽ സമർപ്പിച്ച് ഫോറൻസിക് പരിശോധനക്ക് കോടതി മുഖേന അയക്കേണ്ടതുണ്ട്. ലോട്ടറി മാഫിയ അംഗങ്ങളായ വ്യാജ ലോട്ടറിക്കേസിലെ പ്രതികളെ നിയമപരമായ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ ക്രൈം ബ്രാഞ്ച് തൊണ്ടി മുക്കിയെന്നാണ് ആക്ഷേപം.

ഇതിനിടെ തൊണ്ടി മുതൽ ഇല്ലാത്ത 'തെളിവില്ലാ ' കേസ് എന്ന് ചൂണ്ടിക്കാട്ടി തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് കാണിച്ച് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു. ഹർജി അനുവദിച്ച് പ്രതികൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമെന്ന് പ്രസ്താവിച്ച് സിജെഎം 2 പ്രതികളെയും 2010ൽ കുറ്റവിമുക്തരാക്കി വിട്ടയച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് പ്രതികളെ സിജെഎം കോടതി വിട്ടയച്ചത്.എന്നാൽ ഈ വിടുതൽ ഉത്തരവിനെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും വിളിച്ചു വരുത്തി പുനർവിചാരണ ചെയ്യാൻ വിചാരണക്കോടതിയായ സിജെഎം കോടതിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 399 പ്രകാരം സെഷൻസ് കോടതിക്ക് നിക്ഷിപ്തമായ ക്രിമിനൽ റിവിഷൻ അധികാരം ഉപയോഗിച്ചാണ് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി പുനർവിചാരണക്ക് ഉത്തരവിട്ടത്.

ഉത്തരവ് ലഭിച്ച സിജെഎം പ്രതികളെ വിളിച്ചു വരുത്തുകയും വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുകയും ചെയ്തു. തുടർന്നാണ് സാക്ഷികളെ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കോടതി നിർദ്ദേശം നൽകിയത്.സംസ്ഥാന സർക്കാരിന്റെ ഒന്നാം സമ്മാനം തങ്ങൾക്കാണ് ലഭിച്ചതെന്നവകാശപ്പെട്ട് പ്രതികൾ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മിച്ച് അസ്സൽ പോലെ ഉപയോഗിച്ച് ചെന്നൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വഴി മാറിയെടുക്കാൻ ശ്രമിച്ച് സംസ്ഥാന സർക്കാരിനെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ലോട്ടറി വകുപ്പിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി ശ്രീധരനടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. 2003 നവംബർ 10 ന് ആണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.തൊണ്ടിയുടെ വിശദാംശങ്ങളില്ലാത്ത കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കാതെ , കോടതി ഫയലിൽ സ്വീകരിച്ച് സി.സി. നമ്പർ 76/ 2009 എന്ന നമ്പരിട്ട് കുറ്റപത്രം ഫയലിൽ സ്വീകരിക്കാൻ നോട്ടെഴുതി സി ജെ എമ്മിന് സമർപ്പിച്ച 2009 കാലയളവിലെ കോടതി ബെഞ്ച് ക്ലാർക്കിനെതിരെയും നടപടിക്ക് സാധ്യതയുള്ളതായി നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP