Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീതാംബരന്റെ ബാല്യകാല സുഹൃത്ത്; സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന സ്വഭാവം; പീതാംബരന് നൊന്താൽ ഉറക്കം വരാത്ത പ്രകൃതം; എന്ത് പറഞ്ഞാലും അത് ശിരസ്സിലേറ്റി നിറവേറ്റും; പേരിള്ളത് അഞ്ച് രാഷ്ട്രീയ അക്രമ കേസുകൾ; പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ ഓടിച്ചതല്ലാതെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന മൊഴി അവശ്വസനീയമെന്ന് പൊലീസും; കൃപേഷിനേയും ശരത്തിനേയും വകവരുത്തിയതിന് പിന്നിലെ ബുദ്ധി കേന്ദ്രം സജി ജോർജ്ജ് തന്നെ

പീതാംബരന്റെ ബാല്യകാല സുഹൃത്ത്; സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന സ്വഭാവം; പീതാംബരന് നൊന്താൽ ഉറക്കം വരാത്ത പ്രകൃതം; എന്ത് പറഞ്ഞാലും അത് ശിരസ്സിലേറ്റി നിറവേറ്റും; പേരിള്ളത് അഞ്ച് രാഷ്ട്രീയ അക്രമ കേസുകൾ; പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ ഓടിച്ചതല്ലാതെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന മൊഴി അവശ്വസനീയമെന്ന് പൊലീസും; കൃപേഷിനേയും ശരത്തിനേയും വകവരുത്തിയതിന് പിന്നിലെ ബുദ്ധി കേന്ദ്രം സജി ജോർജ്ജ് തന്നെ

രഞ്ജിത്ത് ബാബു

കാസർഗോഡ്: പെരിയ ഇരട്ട കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സജി ജോർജ്ജ് സുഹൃത്തുക്കൾക്കു വേണ്ടി എന്തും ചെയ്യുന്ന സ്വഭാവക്കാരൻ. പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനുമായുള്ള സൗഹൃദം ബാല്യത്തിൽ തന്നെ തുടങ്ങിയതായിരുന്നു. അതുകൊണ്ടു തന്നെ പീതാംബരന് നൊന്താൽ സജിക്ക് പിന്നെ ഉറക്കമില്ല. അത്രകണ്ട് ബന്ധമാണ് പീതാംബരനും സജിയും തമ്മിൽ. പീതാംബരൻ എന്ത് പറഞ്ഞാലും സജി വർഗ്ഗീസ് അത് ശിരസ്സാ വഹിക്കും.ഇക്കാരണങ്ങളെല്ലാം കൊണ്ട് അഞ്ച് രാഷ്ട്രീയ അക്രമ കേസുകളിൽ പ്രതി കൂടിയാണ് സജി ജോർജ്ജ്. പീതാംബരന് പ്രതിരോധം തീർക്കാൻ എന്നും സജി കൂടെയുണ്ടായിരുന്നു. പീതാംബരന് നേരെ പാർട്ടിക്ക് അകത്തും നിന്നും പുറത്തു നിന്നും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ സജി ഇടപെടുന്നതും പതിവായിരുന്നു. പീതാംബരന് യൂത്ത് കോൺഗ്രസ്സുകാരിൽ നിന്നും അക്രമം നേരിട്ടതോടെ നൊന്തത് സജിക്കായിരുന്നു. അതിന്റെ അനന്തിരഫലമാണ് കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കൊലപാതകം.

പീതാംബരനും സജിയും പറയുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് ഒരുമിച്ച് നിർത്തി പൊലീസ് ചോദ്യം ചെയ്യുന്നത്. ടൈൽ വ്യാപാരി കൂടിയായ സജിക്ക് കച്ചവടകാര്യത്തിലും പീതാംബരന്റെ സഹായം ലഭിക്കാറുണ്ട്. അതുകൊണ്ടു തന്നെ പീതാംബരനു വേണ്ടി മറ്റ് പ്രതികളെ സംഘടിപ്പിക്കുന്നതിലും സജി ജോർജ്ജ് മുന്നിട്ടിറങ്ങിയെന്നാണ് വിവരം. മുഖ്യമായും കണ്ണൂർ-തളിപ്പറമ്പിനടുത്ത കൊടുവള്ളി കാവുങ്കൽ സ്വദേശി കെ.എം. സുരേഷ് ഉൾപ്പെടെയുള്ളവരെ കൃത്യത്തിന് ഒരുക്കി നിർത്തുന്നതിലും വാഹനം സജ്ജീകരിക്കുന്നതിലും സജി ജോർജ്ജിന്റെ ബുദ്ധിയായിരുന്നു. കൊല നടത്തിയ ശേഷം പാർട്ടിയുടെ ഉന്നതങ്ങളിൽ നിന്നുള്ള സഹായം പീതാംബരൻ സജിക്ക് വാഗ്ദാനം ചെയ്തിരുന്നതായും വിവരമുണ്ട്.

കൃപേഷിനേയും ശരത്ത് ലാലിനേയും കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ ബന്ധം പൂർണ്ണമായും വ്യക്തമാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു മോട്ടോർ ബൈക്കും മറ്റൊരു ജീപ്പും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കൊല നടത്തിയ പ്രതികൾ ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചിലർ മദ്യപിച്ചിരുന്നതായി പറയുന്നുമുണ്ട്. കണ്ണൂർ മോഡൽ അക്രമം നടന്നാൽ കൃത്യം നടത്തിയ പ്രതികൾക്ക് വിജനമായ സ്ഥലത്തുകൊണ്ടു പോയി മദ്യം പകർന്ന് നൽകുന്ന ശീലം മുൻകാലങ്ങളിൽ ഉണ്ടാവാറുണ്ട്. പുഴയോരങ്ങളിലെ കണ്ടൽ കാടുകൾക്കിടയിലാണ് ഇത്തരം സൽക്കാരം നടത്തുക. ക്രൂര കൃത്യം നടത്തിയവർക്ക് മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മോചനത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

പിന്നീടാണ് ഒളിത്താവളങ്ങളിൽ എത്തിക്കുക. മദ്യ ലഹരിയിൽ മലയോരങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കും. എന്നാൽ പെരിയ കൊലക്കേസിലെ പ്രതികൾക്ക് ഇത് നൽകിയിട്ടുണ്ടോ എന്ന വിവരമില്ല. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ ഓടിച്ചതല്ലാതെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് സജി ജോർജ്ജ് പറയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വസിക്കുന്നില്ല. സജിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്റെ മൊഴിയിലും പൊലീസിന് വിശ്വാസമില്ല. നാല് തവണ പീതാംബരൻ മൊഴി മാറ്റി പറഞ്ഞതാണ് അവിശ്വാസത്തിനിടയാക്കിയത്. കൃപേഷിനെ കൊലപ്പെടുത്തിയത് കല്ലെടുത്ത് തലക്കിടിച്ചെന്നാണ് പീതാംബരന്റെ ആദ്യ മൊഴി. രണ്ടാമത് പറഞ്ഞത് കുത്തി കൊലപ്പെടുത്തി എന്നാണ്. വീണ്ടും മൊഴി മാറ്റി വെട്ടിയത് കൂടെയുള്ളവരാണെന്നായിരുന്നു. ഇതെല്ലാം പുറത്തു നിന്നുള്ള ആരേയോ പീതാംബരൻ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആവർത്തിക്കുകയാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബംങ്ങൾ. ഇതോടെയാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചത്. അപ്പോഴും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ഇരു കുടുംബങ്ങളും. കൊലപാതകം വ്യക്തി വൈര്യാഗത്തിന്റെ ഭാഗമായി മാത്രം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം. കേസിൽ മുതിർന്ന സിപിഎം നേതാക്കൾക്കും പങ്കുണ്ട്. ഇവരടക്കമുള്ള മുഴുവൻ പ്രതികളേയും പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് ശരത്‌ലാലിന്റെ അച്ഛൻ വ്യക്തമാക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന ഗുരുതരമായ ആരോപണവും സത്യ നാരയണൻ ഉന്നയിക്കുന്നുണ്ട്.

ആസൂത്രണത്തിന് ശേഷം ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞത്. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണണം. ഇയാളാണ് കൊലയാളികൾക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും തയ്യാറാക്കി കൊടുത്തതെന്നും സത്യൻ ആരോപിക്കുന്നു. രണ്ട് ബാച്ചായി പ്രതികൾ കൊലനടത്താനായി എത്തിയ വണ്ടികൾ ശാസ്ത ഗംഗാധരന്റെ സ്ഥലത്ത് കൂടിയുള്ള സ്വകാര്യ റോഡിലൂടെയാണ് എത്തിയത്. രണ്ട് ബാച്ചായി കൊലയാളികളെ സ്ഥാനത്ത് നിർത്തിയത് ഗംഗാധരന്റെ മകനാണ്. ഒരു ഭാഗത്ത് നിന്ന് ഓടിയാൽ മറു വശത്ത് നിന്ന് പിടിക്കാനായിരുന്നു ഇത്. പടക്കം പൊട്ടിച്ചു കൊലപാതകം നടത്തിയ ശേഷം വന്ന വഴിയിലൂടെ തന്നെ മടങ്ങിയ സംഘം കാഞ്ഞിരോട്ടുള്ള വീട്ടിൽ എത്തിയാണ് വസ്ത്രം മാറിയത്. ഇതിന് ശേഷം കൊലയാളികൾ പടക്കം പൊട്ടിക്കുകയും ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തുകയും ചെയ്തുവെന്ന് സത്യ നാരായണൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP