Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കൃപേഷും ശരത്ത് ലാലും ചേർന്ന് സംഘടിപ്പിച്ച ജാഥയിൽ തുടങ്ങിയ വിരോധം; ജാഥയിൽ പങ്കെടുത്ത രണ്ട് പേരെ പീതാംബരന്റെ നിർദ്ദേശ പ്രകാരം തല്ലിയ സിപിഎമ്മുകാരോട് ചോദിക്കാൻ ചെന്നതോടെ ശരത്തിനെ നോട്ടപ്പുള്ളിയാക്കി; സിപിഎമ്മുകാരെ ഭയന്ന് മാറി നിന്നെങ്കിലും പെരുങ്കളിയാട്ടത്തിന് വാദ്യോപകരണം വായിക്കാൻ എത്തിയതോടെ കൊല്ലാൻ തീരുമാനിച്ചു; ശരത്ത് ലാലിന്റെയും കൃപേഷിന്റേയും ജീവൻ സിപിഎമ്മുകാർ എടുത്തത് അയ്യപ്പഭഗവാനോടുള്ള കൂറു കണ്ട് സഹിക്കാതെ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കൃപേഷും ശരത്ത് ലാലും ചേർന്ന് സംഘടിപ്പിച്ച ജാഥയിൽ തുടങ്ങിയ വിരോധം; ജാഥയിൽ പങ്കെടുത്ത രണ്ട് പേരെ പീതാംബരന്റെ നിർദ്ദേശ പ്രകാരം തല്ലിയ സിപിഎമ്മുകാരോട് ചോദിക്കാൻ ചെന്നതോടെ ശരത്തിനെ നോട്ടപ്പുള്ളിയാക്കി; സിപിഎമ്മുകാരെ ഭയന്ന് മാറി നിന്നെങ്കിലും പെരുങ്കളിയാട്ടത്തിന് വാദ്യോപകരണം വായിക്കാൻ എത്തിയതോടെ കൊല്ലാൻ തീരുമാനിച്ചു; ശരത്ത് ലാലിന്റെയും കൃപേഷിന്റേയും ജീവൻ സിപിഎമ്മുകാർ എടുത്തത് അയ്യപ്പഭഗവാനോടുള്ള കൂറു കണ്ട് സഹിക്കാതെ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: പെരിയയിലെ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തിൽ നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് സൂചന. കല്ല്യാട്ടെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ശബരിമലയിലെ യുവതി പ്രവേശന വിധിയും ആചാര സംരക്ഷണവുമെല്ലാം ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ശബരിമലയിലെ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന കോൺഗ്രസുകാരനായിരുന്നു ശരത് ലാൽ.

നവോത്ഥാനത്തിന്റെ പേരിൽ യുവതി പ്രവേശനത്തെ ഈ മേഖലയിലെ സിപിഎമ്മും അനുകൂലിച്ചു. അതുകൊണ്ട് തന്നെ ശബരിമലയിലെ പ്രതിഷേധമുയർത്തിയവർ സിപിഎമ്മിന്റെ ശത്രുപക്ഷത്തുമായി. ഇതിലൂടെയുണ്ടായ സംഘർഷമാണ് ശരത് ലാലിനെ കൊല്ലാനുള്ള തീരുമാനം പീതാംബരനെ കൊണ്ട് എടുപ്പിച്ചത്. ശരത്തിനായി ഒരുക്കിയ കെണിയിൽ കൃപേഷും വീഴുകയായിരുന്നു. ഇതോടെ ഉറ്റസുഹൃത്തുക്കൾ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്തു.

എന്നാൽ ഇത്തരം പ്രശ്‌നങ്ങളിലേക്കൊന്നും പൊലീസ് അന്വേഷണം നീളുന്നില്ല. പീതാംബരനും ശരത് ലാലുമായുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാന കാരണം ശബരിമലയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നത തലത്തിൽ ഗൂഢാലോചന നടന്നുവെന്നുമാണ് ശരത് ലാലിന്റെ കുടുംബം വിലയിരുത്തുന്നത്. ഇതിനെ വ്യക്തികൾക്കിടയിലെ പ്രശ്‌നമായി മാറ്റാനുള്ള ശ്രമം നടക്കുന്നതിനാലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പീതാംബരനും പ്രദേശത്തെ കോൺഗ്രസുകാരുമായുള്ള സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചതും ആചാര സംരക്ഷണ വിവാദങ്ങളാണ്. ഇതിന്റെ തുടർച്ചയായാണ് പീതാംബരിന്റെ കൈ തല്ലിയൊടിച്ച കേസും ഉണ്ടാകുന്നത്. ഈ സംഘർഷങ്ങളിൽ സിപിഎമ്മിന് മുൻകൈ ലഭിച്ചിരുന്നില്ല. ഇതുകൂടി മനസ്സിലാക്കിയാണ് ശരത് ലാലിനെ വകവരുത്താൻ തീരുമാനിച്ചത്.

ശബരിമലയിലെ ആചാര സംരക്ഷണ വിഷയം ആളിക്കത്തിയത് ഒക്ടോബറിലാണ്. അന്ന് തന്നെ ശബരിമലയിലെ ആചാര സംരക്ഷണ മുദ്രാവാക്യം കല്ല്യാട്ടും ഉയർന്നു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ശരത് ലാലും കൃപേഷുംജാഥയും സംഘടിപ്പിച്ചു. ഇതിലേക്ക് രാഷ്ട്രീയം മറന്ന് ആളുകൾ പങ്കെടുക്കാനെത്തി. ഇതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. ഈ ജാഥയാണ് പീതാംബരന്റെ ശരത്തിനോടുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

ജാഥയിൽ പങ്കെടുത്ത രണ്ടു പേരെ പീതാംബരൻ സിപിഎമ്മുകാരെ വച്ചു തല്ലി. പാർട്ടി നിലപാടിന് വിരുദ്ധമായി പങ്കെടുത്തതു കൊണ്ടായിരുന്നു ഇത്. ഇതിനെ ശരത് ലാൽ ചോദ്യം ചെയ്തു. ഇതായിരുന്നു കല്ല്യാട്ടെ പ്രശ്‌നങ്ങളുടെ മൂലകാരണം. ഈ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പീതാംബരന്റെ കൈ തല്ലിയൊടിക്കലും. ഇതിന് ശേഷം ശരത് നാട്ടിൽ നിന്ന് മാറി നിന്നു. കലാകാരനായിരുന്നു ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. സിപിഎമ്മുകാരെ ഭയന്നാണ് മംഗാലപുരത്ത് പഠിച്ചിരുന്ന ശരത് പോണ്ടിച്ചേരിക്ക് മാറിയത്.

എന്നാൽ എന്ന് നാട്ടിലേക്ക് വന്നാലും ശരത്തിനെ വകവരുത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിൽ സജീവമാകാൻ വാദ്യകലാകാരനായ ശരത്ത് എത്തിയത്. ഏറെക്കാലത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞതെന്ന് ശരത്ത് ലാലിന്റെ അച്ഛൻ സത്യനാരായണനും ആരോപിച്ചിട്ടുണ്ട്. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കൊലയാളികളെ രണ്ട് ബാച്ചായി നിർത്തിയാണ് കൃത്യം നടത്തിയതെന്നും സത്യനാരായണൻ ആരോപിക്കുന്നു.

ഞങ്ങളുടെ നാട്ടിലെ പ്രധാന വ്യവസായിയായ ശാസ്താ ഗംഗാധരൻ എന്റെ സുഹൃത്താണ്. ഇയാളാണ് കൊലയാളികൾക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും ശരിയാക്കി കൊടുത്തത് . സംഭവദിവസം അഞ്ചെട്ടോളം വണ്ടികൾ ശാസ്ത ഗംഗാധരന്റെ വസ്തുവിലൂടെയുള്ള സ്വകാര്യ റോഡിലൂടെയാണ് കൊല നടത്താനായി എത്തിയത്-ശരത്തിന്റെ അച്ഛൻ ആരോപിക്കുന്നത് ഇങ്ങനെയാണ്.

ഗംഗാധരന്റെ മകനാണ് കൊലയാളികളെ സ്ഥാനത്ത് നിർത്തിയത്. കൊലയാളികളെ രണ്ടു ബാച്ചായി നിർത്തി, ഒരു വശത്ത് കൂടി ഓടിയാൽ മറ്റേ വഴി പിടിക്കാനായിരുന്നു ഇത്. കൃത്യം നടത്തിയ ശേഷം സ്വകാര്യ റോഡിലൂടെ രക്ഷപ്പെട്ട സംഘം കാഞ്ഞിരങ്ങോട്ടെ വീട്ടിൽ വച്ച് വസ്ത്രം മാറി, ഇതിന് ശേഷം കൊലയാളികൾ പടക്കം പൊട്ടിച്ച് ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തി. പീതാംബരനും ഏതാനും ആളുകളും ചേർന്ന് നടത്തിയ കൊലപാതകമല്ല, പുറത്ത് നിന്ന് ആളെകൊണ്ടു വന്നാണ് എന്റെ മകനെ കൊലപ്പെടുത്തിയത്.

ഇത് അന്വേഷിച്ച് കണ്ടെത്തണം, സിബിഐ പോലെ ഒരു സ്വതന്ത്രമായ അന്വേഷണ സംഘം വന്നാൽ മാത്രമേ ഇതിന് കഴിയൂ. നല്ല സംഘാടക പാടവമുള്ളവരായിരുന്നു കൊല്ലപ്പെട്ട രണ്ടു കുട്ടികളും. ശബരിമല വിഷയത്തിൽ ഇവർ നാട്ടിൽ സംഘടിപ്പിച്ച ജാഥയാണ് പീതാംബരന്റെ അപ്രീതിക്ക് കാരണമായത്. ജാഥയിൽ പങ്കെടുത്ത രണ്ട് കുട്ടികളെ പീതാംബരൻ സിപിഎമ്മുകാരെ വച്ചു തല്ലി. ഇതു ചോദ്യം ചെയ്യാൻ ശരത് ലാൽ പോയത് കശപിശയ്ക്ക് കാരണമായെന്ന് സത്യനാരായണൻ ആരോപിക്കുന്നു.

സിപിഎംകോൺഗ്രസ് സംഘർഷം പതിവായി നിലനിന്നിരുന്ന പ്രദേശങ്ങളാണ് പെരിയയും കല്യോട്ടും. സാഹചര്യം സാധാരണ നിലയിലേക്ക് തിരികെ വരുമ്പോഴാണ് നാടിനെ നടുക്കി 2 കൊലപാതകങ്ങൾ അരങ്ങേറുന്നത്. കല്യോട്ട് ഭഗവതി ക്ഷേത്രം കഴകത്തിൽ നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ പരിപാടികളിൽ സജീവമായി പങ്കെടുത്തു വീട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു ശരത്തിനേയും കൃപേഷിനേയും കൊന്നത്. കൃപേഷിനും ശരത് ലാൽ എന്ന ജോഷിക്കും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നു.

ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് ശേഷം മുന്നാട് കോളജിൽ കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ചത് സംഘർഷം ആളികത്തിച്ചു. ഈ സാഹചര്യത്തിലാണ് ശരത് ലാൽ നാട്ടിൽ നിന്ന് മാറിയത്. എന്നാൽ ക്ഷേത്ര ഉത്സവത്തിനായി തിരിച്ചത്തി. ഇത് മനസ്സിലാക്കിയായിരുന്നു കൊല നടത്തിയത്. കാറിലെത്തിയ മൂന്നംഗം സംഘം ഇവരെ തടഞ്ഞുനിർത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു. അതിനുശേഷം ഇരുവരെയും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത്വെച്ച് തന്നെ മരിച്ചു. ശരത് ലാൽ മംഗലാപുരത്തെ ആശുപത്രിയിലാണ് മരണമടഞ്ഞത്.

പീതാംബരൻ, കല്യോട്ടെ സുരേന്ദ്രൻ എന്നിവരെ ആക്രമിച്ച കേസിൽ കൃപേഷും ശരത് ലാലും പ്രതികളായിരുന്നു. കല്യോട്ട് ക്ഷേത്രത്തിലെ പരിപാടിക്കുശേഷം ഇതിനു പകരം വീട്ടുമെന്നു സിപിഎം ഭീഷണി മുഴക്കിയിരുന്നു. ഇതാണ് നടപ്പായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP