Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാംഗോ ഞങ്ങളും പെട്ടെടാ...! ഡീൻ കുര്യാക്കോസിന് പിന്നാലെ കർമ്മസമിതി നേതാക്കൾക്കും ഊരാക്കുടുക്ക്; ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതി നേതാക്കൾക്കെതിരെ കേസെടുക്കൻ ഹൈക്കോടതി ഉത്തരവ്; നേതാക്കളിൽ മാതാ അമൃതാന്ദമയി മുതൽ സംവിധായകൻ പ്രിയദർശൻ വരെ; 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളും നഷ്ടമായെന്ന് സർക്കാർ

ജാംഗോ ഞങ്ങളും പെട്ടെടാ...! ഡീൻ കുര്യാക്കോസിന് പിന്നാലെ കർമ്മസമിതി നേതാക്കൾക്കും ഊരാക്കുടുക്ക്; ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതി നേതാക്കൾക്കെതിരെ കേസെടുക്കൻ ഹൈക്കോടതി ഉത്തരവ്; നേതാക്കളിൽ മാതാ അമൃതാന്ദമയി മുതൽ സംവിധായകൻ പ്രിയദർശൻ വരെ; 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളും നഷ്ടമായെന്ന് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് കുടുങ്ങിയതിന് പിന്നാലെ അടപടലം വെട്ടിലായി ശബരിമല കർമസമിതി. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

മാതാ അമൃതാനന്ദമയിയാണ് ശബരിമല കർമസമിതി രക്ഷാധികാരികളിൽ ഒരാൾ. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാർ വർമ്മ, കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി , കൊളത്തൂർ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരും രക്ഷാധികാരികളാണ്. കർണാടക ഹൈക്കോടതി റിട്ട. ജസ്റ്റിസ് എൻ. കുമാറാണ് സമിതി ദേശീയ അദ്ധ്യക്ഷൻ. മുൻ ഡി.ജി.പി ടി.പി.സെൻകുമാറും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണനും ഉപാദ്ധ്യക്ഷന്മാരാണ്.

സംവിധായകൻ പ്രിയദർശൻ സമിതിയംഗമാണ്. കേരള വനിതാ കമ്മീഷൻ മുൻ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സർജൻ ഡോ. മാർത്താണ്ഡപിള്ള എന്നിവർ സമിതിയിലുണ്ട്.ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആർ.എസ്.എസ് മുൻകൈയെടുത്ത് രൂപീകരിച്ച സമര സംഘടനയാണ് ശബരിമല കർമസമിതി.

38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളുമാണ് ഹർത്താൽ അക്രമങ്ങളിൽ നശിപ്പിക്കപ്പെട്ടതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് ശബരിമല കർമസമിതി ഹർത്താൽ പ്രഖ്യാപിച്ചത്. കേരളത്തിലെമ്പാടും വലിയ അക്രമ പരമ്പരകളാണ് ഇതേതുടർന്ന് അരങ്ങേറിയത്. ഈ അക്രമങ്ങളിൽ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് കേസുകളാണ് രജ്സിറ്റർ ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാരം ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെയും ബിജെപിയുടെയും നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ് വന്നത്. ഇതോടെ ശബരിമല കർമസമിതിയുടെ മുഴുവൻ നേതാക്കളുടെ പേരിലും കേസെടുക്കേണ്ടിവരും.

ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് 223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ നേരത്തെ അറിയിച്ചിരുന്നു. കൊല്ലം റൂറൽ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 26 സംഭവങ്ങളിൽ ഏകദേശം 17,33,000 രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്. കൊല്ലം സിറ്റിയിൽ 25 സംഭവങ്ങളിൽ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിൽ ഒൻപത് സംഭവങ്ങളിൽ 12,20,000 രൂപയുടെയും നഷ്ടമുണ്ടായി.

ഓരോ ജില്ലകളിലേയും നാശനഷ്ടം: (സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം എന്ന കണക്കിൽ) തിരുവനന്തപുരം റൂറൽ - 33 ; 11,28,250, രൂപ പത്തനംതിട്ട - 30 ; 8,41,500, ആലപ്പുഴ - 12 ; 3,17,500, ഇടുക്കി - ഒന്ന് ; 2,000, കോട്ടയം - മൂന്ന് ; 45,000, കൊച്ചി സിറ്റി - നാല് ; 45,000, എറണാകുളം റൂറൽ - ആറ് ; 2,85,600, തൃശ്ശൂർ സിറ്റി - ഏഴ് ; 2,17,000, തൃശ്ശൂർ റൂറൽ - എട്ട് ; 1,46,000, പാലക്കാട് - ആറ് ; 6,91,000, മലപ്പുറം - അഞ്ച് ; 1,52,000, കോഴിക്കോട് സിറ്റി - ഒൻപത് ; 1,63,000, കോഴിക്കോട് റൂറൽ - അഞ്ച് ; 1,40,000 വയനാട് - 11 ; 2,07,000, കണ്ണൂർ - 12 ; 6,92,000, കാസർഗോഡ് - 11 ; 6,77,000.

അതേസമയം കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിൽ സംസ്ഥാനത്തുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിർദ്ദേശം. കാസർഗോഡ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചെലവ് കാസർഗോഡ് യുഡിഎഫ് ചെയർമാൻ എം.സി.കമറൂദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാവുന്ന ഹർത്താലുകൾ ജനജീവിതം ദുസഹമാക്കുന്നത് പരിഗണിച്ച് ഹർത്താൽ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹർത്താൽ നടത്തണമെങ്കിൽ മിനിമം ഏഴ് ദിവസം മുൻപ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നൽകുകയും വേണം. എന്നാൽ കാസർകോട് പെരിയയിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെ അർധരാത്രി ഒരു മണിയോടെയാണ് ഫേസ്‌ബുക്കിലൂടെ ഹർത്താൽ നടത്തുന്ന കാര്യം ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതി കർശന നടപടി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP