Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുറിവേൽക്കുന്ന പട്ടാളക്കാരെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ കാൽഭാഗത്തോളം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സന്ദേശം; സംഘം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കാനും ബങ്കറുകൾ ഒരുക്കാനും രാത്രി ലൈറ്റുകൾ പരമാവധി കെടുത്താനും പാക് അധീന കാശ്മീരിലെ ജനങ്ങൾക്കും നിർദ്ദേശം; എന്ത് ആക്രമണം നേരിടാനും തയ്യാറായിരിക്കാൻ സൈന്യത്തിനും ഉത്തരവ് നൽകി ഇമ്രാൻഖാൻ; ഇന്ത്യ ഏതുനിമിഷവും ആക്രമിച്ചേക്കുമെന്ന ഭീതിയിൽ 'ഹൈ അലർട്ട്' പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

മുറിവേൽക്കുന്ന പട്ടാളക്കാരെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ കാൽഭാഗത്തോളം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സന്ദേശം; സംഘം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കാനും ബങ്കറുകൾ ഒരുക്കാനും രാത്രി ലൈറ്റുകൾ പരമാവധി കെടുത്താനും പാക് അധീന കാശ്മീരിലെ ജനങ്ങൾക്കും നിർദ്ദേശം; എന്ത് ആക്രമണം നേരിടാനും തയ്യാറായിരിക്കാൻ സൈന്യത്തിനും ഉത്തരവ് നൽകി ഇമ്രാൻഖാൻ; ഇന്ത്യ ഏതുനിമിഷവും ആക്രമിച്ചേക്കുമെന്ന ഭീതിയിൽ 'ഹൈ അലർട്ട്' പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുൽവാമയിൽ ജയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഏതുനിമിഷവും ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് യുദ്ധത്തെ നേരിടാനുള്ള ക്രമീകരണങ്ങൾ അതിവേഗം നടപ്പാക്കിത്തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ സൈനിക ആശുപത്രികൾക്ക് ഉൾപ്പെടെ യുദ്ധം ഉണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പാക് ഗവൺമെന്റ്.

ശക്തമായി തിരിച്ചടിക്കാൻ പാക് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെയാണ് ഇമ്രാൻഖാന്റെ നിർദ്ദേശ പ്രകാരം ഇത്തരമൊരു സന്ദേശം എല്ലാ സൈനിക ആശുപത്രികൾക്കും മറ്റ് പ്രധാന ആശുപത്രികൾക്കും എത്തിയിട്ടുള്ളത്. ഇതിന് പുറമെ അതിർത്തി ഗ്രാമങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്കും നിർദ്ദേശമുണ്ട്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിന്റെ പാതയിലേക്കാണ് പോകുന്നതെന്ന സൂചന വരുന്നതിനൊപ്പം പാക്കിസ്ഥാന് ഇന്ത്യ ഏർപ്പെടുത്തുന്ന ഉപരോധങ്ങളും വലിയ തലവേദനയായിട്ടുണ്ട്.

മറ്റൊരു സമാന സംഭവത്തിൽ അന്താരാഷ്ട്ര തലത്തിലും പാക്കിസ്ഥാന് വലിയൊരു സാമ്പത്തിക തിരിച്ചടി ഇന്നുണ്ടായി. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നു എന്ന് ബോധ്യമായ സാഹചര്യത്തിൽ അന്തർദേശീയ സംവിധാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ് എ ടി എഫ്) പാക്കിസ്ഥാനെ ഇക്കുറിയും ഗ്രേലിസ്റ്റിൽ തന്നെ നിർത്തി. ഇതോടെ മറ്റു രാജ്യങ്ങളിൽ നിന്ന് വായ്പയെടുക്കുന്നകാര്യത്തിൽ പാക്കിസ്ഥാന് കടുത്ത നിയന്ത്രണം തുടരും.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പാരീസിൽ ടാസ്‌ക്‌ഫോഴ്‌സ് യോഗത്തിനു ശേഷം ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ആദ്യം സൗഹൃദരാഷ്ട്ര പദവി പിൻവലിച്ചും അതിന് പിന്നാലെ ഇറക്കുമതിചുങ്കം 200 ശതമാനമാക്കിയും ഇന്ത്യ പാക്കിസ്ഥാന് പ്രഹരമേൽപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവിടുമെന്നും ഒരു തുള്ളി വെള്ളംപോലും നൽകില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഇന്ത്യ തന്നെ ശക്തമായ വ്യാപാര ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനിടെയാണ് സാമ്പത്തിക രംഗത്ത് തിരിച്ചടിയായി ഫിനാൽഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നിലപാടും വന്നിട്ടുള്ളത്.

ആശുപത്രികൾ 25 ശതമാനം ഒഴിച്ചിടാൻ നിർദ്ദേശം

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ പാക് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയായിരുന്നു പാക് പ്രധാനമന്ത്രി. ഇത്തരത്തിൽ ഇമ്രാൻ ഖാൻ പ്രസ്താവനയിറക്കി മണിക്കൂറുകൾക്കകം തന്നെ ആശുപത്രികളോടും അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറാവാൻ നിർദ്ദേശമെത്തി. അടിയന്തരമായി പാക് കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാൻ ഖാന്റെ നിർദ്ദേശം. ഇന്ത്യയുമായി യുദ്ധം ഏതുനിമിഷവും ഉണ്ടാകാമെന്നും പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങണമെന്നും ആണ് ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകിയത്.

ആക്രമണത്തിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് പാക് കരസേന ആശുപത്രികൾക്ക് കത്ത് നൽകികഴിഞ്ഞു. യുദ്ധമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ഉൾക്കൊള്ളാൻ എല്ലാ ആശുപത്രികളും സജ്ജമാകണമെന്നും സൈനികർക്കായി കുറഞ്ഞത് 25 ശതമാനം സ്ഥലമെങ്കിലും ഓരോ ആശുപത്രിയും മാറ്റിവെക്കണെമന്നും കത്തിൽ നിർദ്ദേശിക്കുന്നു.

ഇന്ത്യയുടെ സിആർപിഎഫ് ജവാന്മാർക്ക് നേരെ നടന്ന ചാവേറാക്രമണത്തിൽ ശക്തമായി തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാശ്മീരിൽ വൻതോതിൽ സേനാ വിന്യാസം നടക്കുന്നുണ്ട്. ഹ്രസ്വദൂര മിസൈലായ ആകാശും അതിർത്തിയിൽ വിന്യസിച്ചുകഴിഞ്ഞു. യുദ്ധവിമാനങ്ങൾ തയ്യാറാക്കാൻ വ്യോമസേനയ്ക്കും തയ്യാറായിരിക്കാൻ കപ്പലുകൾക്കും നിർദ്ദേശം നേരത്തേ പോയി. കടലിൽ അഭ്യാസം നടത്തിവന്ന കപ്പലുകൾ പോർമുഖങ്ങൾ സജ്ജമാകാൻ നിർദ്ദേശിച്ച് മടക്കിവിളിച്ചിരുന്നു. കൂടുതൽ ആയുധങ്ങളും സൈനികവാഹനങ്ങളും കാശ്മീരിലും മറ്റ് അതിർത്തികളിലും വിന്യസിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യം കൂടെ കണക്കിലെടുത്താണ് പാക്കിസ്ഥാനും യുദ്ധഭീതിയിൽ ക്രമീകരണങ്ങൾ തുടങ്ങിയിട്ടുള്ളത്.

ഏതായാലും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളോടും ജാഗ്രതപാലിക്കാനും പാക്കിസ്ഥാൻ നിർദ്ദേശിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് അധീന കാശ്മീരിലെ ജനങ്ങളോടാണ് നിർദ്ദേശം. രാത്രി ലൈറ്റുകൾ പരമാവധി ഓൺ ചെയ്യാതിരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും ആക്രമണം ഉണ്ടായാൽ രക്ഷപ്പെട്ട് ഒളിക്കാൻ താൽക്കാലിക ബങ്കറുകൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന് പുൽവാമ ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാവാം എ്ന്ന് പാക്കിസ്ഥാൻ ഭയക്കുന്നു.

ഇന്നലെയാണ് പാക് അധീന കാശ്മീരിലെ സിവിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ സന്ദേശം എത്തിയത്. ഭിംബെർ, നീലം, റാവൽകോട്ട്, ഹവേലി, കോട്‌ലി, ഝലം എന്നീ മേഖലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ ആർമി എന്തെങ്കിലും അക്രമം കാണിക്കും എന്ന തരത്തിലാണ് സന്ദേശം. 2016ൽ ഉറി സംഭവം ഉണ്ടായതിന് പിന്നാലെ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം പാക്കിസ്ഥാനെ വിറപ്പിച്ചിരുന്നു. സമാനമായ രീതിയിലോ മറ്റേതെങ്കിലും തരത്തിലോ ഒരു ആക്രമണം ഉടൻ പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. ്ഇതിന്റെ പ്രതിഫലനമെന്നോണമാണ് മുന്നൊരുക്കങ്ങൾ.

അതേസമയം, പാക്കിസ്ഥാന് വ്യാപാര ഉപരോധവും ജല ഉപരോധവും പ്രഖ്യാപിച്ചതിന് പിന്നാലെ കാശ്മീരിൽ ഭീകരർക്കായി തിരച്ചിലും വേട്ടയും സിആർപിഎഫും ബിഎസ്എഫും തുടങ്ങിക്കഴിഞ്ഞു. ഇന്നും ചില ലഷ്‌കർ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഏറ്റുമുട്ടൽ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ സൈനികർ വധിച്ച മൂന്ന് തീവ്രവാദികളുടേത് ഇന്ത്യയുടെ തിരിച്ചടിയുടെ ആദ്യഘട്ടമാണെന്നായിരുന്നു സൈന്യം പറഞ്ഞത്. കശ്മീരിലെ എല്ലാ തീവ്രവാദികളും കീഴടങ്ങണം അല്ലെങ്കിൽ മരിക്കാൻ തയ്യാറാവണം എന്ന് അന്ത്യശാസനം നൽകിയതിന് പി്ന്നാലെയാണ് ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ നടപ്പാക്കുന്നത്.

പാക്കിസ്ഥാൻ ഗ്രേലിസ്റ്റിൽ തന്നെ; വിദേശ വായ്പകൾ സ്വാഹ

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തതിന്റെ പേരിൽ പാക്കിസ്ഥാന് ഇനി വിദേശ ലോണുകളും കിട്ടാൻ സാധ്യതയില്ലെന്ന് സൂചന. ഇത്തരത്തിൽ അന്താരാഷ്ട്ര തലത്തിൽ ലോണുകൾ ലഭിക്കാൻ രാജ്യങ്ങളുടെ യോഗ്യത നിശ്ചയിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ ഇക്കുറിയും ഗ്രേലിസ്റ്റിൽ തന്നെ (ചാര ലിസ്റ്റ്) നിർത്താൻ തീരമാനിച്ചിരിക്കുകയാണ്.

നാൽപതു സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്എടിഎഫിന്റെ തീരുമാനം. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പാരീസിൽ ചേർന്ന ടാസ്‌ക് ഫോഴ്‌സ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിന് പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഇക്കാര്യത്തിലുള്ള പാക്കിസ്ഥാന്റെ തുടർപ്രവർത്തനങ്ങൾ ഈ വർഷം ജൂൺ, ഒക്ടോബർ മാസങ്ങളിൽ വീണ്ടും വിലയിരുത്തും. അപ്പോഴും ഇതേ സ്ഥിതിയാണെങ്കിൽ പാക്കിസ്ഥാൻ ഇനി കയറുക ബ്‌ളാക്ക് ലിസ്റ്റിലാകുമെന്നും എഫ്എടിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങൾക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്എടിഎഫ്. 38 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയുടെ യോഗം പാരീസിൽ നടക്കുന്നതിനിടെയാണ് ഇന്ന് പുതിയ തീരുമാനം വന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ അടക്കമുള്ള ഫയൽ എഫ്എടിഎഫിന് സമർപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലെ ചില ഏജൻസികൾ വഴി പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദിന് പണം ലഭിച്ചിട്ടുണ്ടെന്ന കാര്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ഇതെല്ലാം പരിശോധിച്ചാണ് ടാസ്‌ക് ഫോഴ്‌സിന്റെ നടപടി. ഇതോടെ പുൽവാമ സംഭവത്തിൽ ശേഖരിച്ച തെളിവുകൾക്ക് അന്താരാഷ്ട്ര അംഗീകാരവുമായി എന്നതും പാക് പങ്ക് വ്യക്തമായി എന്നതും ഇന്ത്യയുടെ തുടർ നീക്കങ്ങൾക്കും സഹായകരമാണ്. കഴിഞ്ഞ വർഷം പാരീസിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യത്തിന് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽനിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP