Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവത്സര രാത്രിയിൽ പാക് ബോട്ട് തകർത്തത് തന്റെ ഉത്തരവിനെ തുടർന്നെന്ന് കോസ്റ്റ് ഗാർഡ് ഡിഐജി; പരാമർശം പിൻവലിച്ചതിനു പിന്നാലെ വീഡിയോയും പുറത്ത്; ഡിഐജി പറഞ്ഞത് തെറ്റെന്ന് കേന്ദ്രപ്രതിരോധമന്ത്രി

പുതുവത്സര രാത്രിയിൽ പാക് ബോട്ട് തകർത്തത് തന്റെ ഉത്തരവിനെ തുടർന്നെന്ന് കോസ്റ്റ് ഗാർഡ് ഡിഐജി; പരാമർശം പിൻവലിച്ചതിനു പിന്നാലെ വീഡിയോയും പുറത്ത്; ഡിഐജി പറഞ്ഞത് തെറ്റെന്ന് കേന്ദ്രപ്രതിരോധമന്ത്രി

ന്യൂഡൽഹി: പുതുവത്സര രാത്രിയിൽ ഗുജറാത്ത് തീരത്ത് കത്തിനശിച്ച പാക്കിസ്ഥാൻ ബോട്ടുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ബോട്ട് തകർത്തത് തന്റെ ഉത്തരവ് പ്രകാരം തീര സംരക്ഷണ സേനയാണെന്ന് തീര സംരക്ഷണാ സേനയിലെ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഐജി ബികെ ലൊശാലി വെളിപ്പെടുത്തി.

കോസ്റ്റ് ഗാർഡിന്റെ പുതിയ ബോട്ടിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ, ഇതു വാർത്തയായതിനെ തുടർന്ന്, ലൊശാലി മുൻ നിലപാട് മാറ്റി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതിനു പിന്നാലെ ലൊശാലിയുടെ പ്രസംഗത്തിന്റെ വീഡിയോ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് പ്രതിരോധ മന്ത്രാലയത്തിന് തലവേദനയായിരിക്കുകയാണ്.

അതിനിടെ പാക് ബോട്ട് കത്തിച്ചത് ബോട്ടിലുള്ളവർ തന്നെയെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി മനോഹർ പരീക്കർ അറിയിച്ചു. പഴയ നിലപാട് തന്നെയാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനുള്ളത്. വിവാദ വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും പരീക്കർ വ്യക്തമാക്കി. തെളിവുകൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും കോസ്റ്റ് ഗാർഡ് ഡിഐജിയുടെ പ്രസ്താവനയെപ്പറ്റി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവർഷ ദിനത്തിലാണ് ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്റെ മൽസ്യ ബന്ധന ബോട്ട് കത്തിനശിച്ചത്. ഇന്ത്യൻ തീരത്ത് മുംബൈ മോഡൽ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിലായിരുന്നു ഈ പാക്കിസ്ഥാൻ ബോട്ട് എന്നാണ് നേരത്തെ പ്രതിരോധ മന്ത്രിയും മന്ത്രാലയവും അറിയിച്ചിരുന്നത്. ഗുജറാത്ത് തീരത്ത് കണ്ടെത്തിയ ബോട്ടിൽ ഉണ്ടായിരുന്നവർ തീവ്രവാദികളാണെന്നും മന്ത്രി മനോഹർ പരീക്കർ അറിയിച്ചിരുന്നു.

ദുരൂഹ സാഹചര്യത്തിൽ കണ്ട ബോട്ട് കോസ്റ്റ് ഗാർഡ് നിർദ്ദേശം ലംഘിച്ച് പാക്കിസ്ഥാൻ തീരത്തേക്ക് കുതിക്കുന്നതിനിടെ ബോട്ടിലെ ജീവനക്കാർ തന്നെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു എന്നാണ് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. ഒരു മണിക്കൂറോളം പിന്തുടർന്നിട്ടും ബോട്ട് നിർത്താത്തതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് ആകാശത്തേക്ക് നിറയൊഴിക്കുകയും പരിഭ്രാന്തരായ ബോട്ട് ജീവനക്കാർ സ്വയം തീ കൊളുത്തുകയുമായിരുന്നു എന്നാണ് കോസ്റ്റ് ഗാർഡ് പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധമായ നിലപാടാണ് ഇപ്പോൾ കോസ്റ്റ് ഗാർഡ് മേധാവിയിൽ നിന്നുണ്ടായത്.

ബോട്ടിൽ മയക്കു മരുന്ന് കച്ചവടക്കാരാണ് എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, തീവ്രവാദികൾ അല്ലാതെ മയക്കു മരുന്ന് കച്ചവടക്കാർ പിടിക്കപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുമോ എന്നാണ് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അന്ന് ചോദിച്ചത്. എന്നാൽ, ഇതൊന്നുമല്ല വാസ്തവം എന്നാണ് കോസ്റ്റ് ഗാർഡ് ഡി.ഐ.ജി തന്നെ ഔദ്യോഗിക പരിപാടിയിൽ അറിയിച്ചത്.

എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽനിന്ന് വ്യതിചലിച്ച് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. വടക്ക് പടിഞ്ഞാറൻ മേഖലയിലെ കോസ്റ്റ് ഗാർഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയാണ് ഡി.ഐ.ജി ലൊശാലി. സ്വകാര്യ കമ്പനിയായ എൽ ആൻഡ് ടിയുമായി ചേർന്ന് കോസ്റ്റ് ഗാർഡ് നിർമ്മിച്ച പുതിയ ബോട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ മറ്റൊരു ഡി.ഐ.ജിയായ സുധീർ സാഹ്നി, ഡെപ്യൂട്ടി കമാണ്ടന്റ് ജി സേഥി എന്നിവരും പങ്കെടുത്തിരുന്നു.

'ഒരു കാര്യം പറയട്ടെ, ഡിസംബർ 31ന് രാത്രിയിൽ കത്തിനശിച്ച പാക് ബോട്ടിന്റെ കാര്യം ഓർമ്മയുണ്ടല്ലോ. അത് കത്തിച്ചത് നമ്മളാണ്. അന്ന് ഞാൻ ഗാന്ധി നഗറിൽ ഉണ്ടായിരുന്നു. രാത്രിയിൽ ഞാനാണ് പറഞ്ഞത്, ആ കപ്പൽ കത്തിച്ചു കളയാൻ. അവർക്ക് ബിരിയാണി വിളമ്പുകയല്ലല്ലോ നമ്മൾ ചെയ്യേണ്ടത്' ഇതായിരുന്നു ഡി.ഐ.ജിയുടെ പ്രസംഗം. വാർത്ത പുറത്തു വരികയും പ്രതിരോധ മന്ത്രിയും മന്ത്രാലയവും കോസ്റ്റുഗാർഡും നേരത്തെ പറഞ്ഞതിൽനിന്ന് വിരുദ്ധമാണ് ഇതെന്ന തരത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തതോടെ നിഷേധ കുറിപ്പുമായി കോസ്റ്റ് ഗാർഡ് രംഗത്തുവന്നു. താൻ അങ്ങിനെ പറഞ്ഞിട്ടില്ല എന്നും ബോട്ടു സംബന്ധിച്ച ഓപറേഷൻ കൈകാര്യം ചെയ്തിരുന്നത് താനല്ല എന്നും ഡി.ഐ.ജി ലൊശാലി അറിയിച്ചതായി കോസ്റ്റ് ഗാർഡ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, ഇതിനു പിന്നാലെയാണ് പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP