Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിലിലെ സുഖവാസത്തിന് പുറമേ പരോളിൽ ഇറങ്ങിയാലും ആട്ടവും പാട്ടുമായി അടിച്ചുപൊളി ജീവിതം; ടി പി വധക്കേസ് പ്രതികൾക്ക് എല്ലാം പരമാനന്ദം; യുവതികൾക്കൊപ്പം ആടിപ്പാടുന്ന മുഹമ്മദ് ഷാഫിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുന്നു; എ എൻ ഷംസീർ എംഎൽഎ നേരിട്ടെത്തി കല്യാണം നടത്തിക്കൊടുത്ത ഷാഫിക്ക് ഡിസംബറിൽ മാത്രം പരോൾ നീട്ടിക്കൊടുത്തത് മൂന്ന് തവണ; പരോളിൽ ഇറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടി സുനിക്കും സർക്കാർ ഒത്താശ

ജയിലിലെ സുഖവാസത്തിന് പുറമേ പരോളിൽ ഇറങ്ങിയാലും ആട്ടവും പാട്ടുമായി അടിച്ചുപൊളി ജീവിതം; ടി പി വധക്കേസ് പ്രതികൾക്ക് എല്ലാം പരമാനന്ദം; യുവതികൾക്കൊപ്പം ആടിപ്പാടുന്ന മുഹമ്മദ് ഷാഫിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുന്നു; എ എൻ ഷംസീർ എംഎൽഎ നേരിട്ടെത്തി കല്യാണം നടത്തിക്കൊടുത്ത ഷാഫിക്ക് ഡിസംബറിൽ മാത്രം പരോൾ നീട്ടിക്കൊടുത്തത് മൂന്ന് തവണ; പരോളിൽ ഇറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടി സുനിക്കും സർക്കാർ ഒത്താശ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തോടെ സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുന്നു എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചു പറയുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാറിന് ലോക്‌സഭാ തെരഞ്ഞടുപ്പിന് മുമ്പേറ്റ ഇരട്ടപ്രഹരമായിരുന്നു ഇത്. അതുകൊണ്ടാണ് പതിവുപോലെ കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞത്. എന്നാൽ, രഹസ്യമായി പ്രതികളായവരുടെ കുടുംബത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഇതിനിടെ കൊലപാതക കേസ് പ്രതികളെ തള്ളിപ്പറയുന്ന കോടിയേരിയും ഇടതു സർക്കാറും ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് സുഖവാസം ഒരുക്കുന്നു എന്ന വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. ഇതിന് തെളിവാകുന്നതാണ് ടിപിയുടെ ഘാതകർക്ക് മറ്റു ജയിൽപുള്ളികൾക്ക് ഇല്ലാത്ത വിധത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ.

ടിപി വധക്കേസ് പ്രതികൾക്ക് ജയിലിൽ മറ്റ് തടവുകാർക്ക് ലഭിക്കാത്ത വിധം സൗകര്യങ്ങൾ ലഭിക്കുന്നുണ്ട് എന്ന ആക്ഷേപങ്ങൾക്കിടയാണ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നത്. ഒടു ചടങ്ങിൽ യുവതികൾക്കൊപ്പം ഷാഫിയും സംഘവും ആടിപ്പാടുന്ന വീഡിയോയാണ് പുറത്തുവന്നത്. എവിടെ നിന്നാണ് ഈ വീഡിയോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. സ്റ്റേജ് പ്രോഗ്രാമിൽ പാട്ടിനൊപ്പം യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കല്യാണ ചടങ്ങാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്. എന്തായാലും ടിപി വധക്കേസ് പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും പരമസുഖം എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിക്കുന്നത്. ബിജെപി കേന്ദ്രങ്ങളിൽ അടക്കം ഈ വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

ടിപി വധക്കേസിലെ അഞ്ചാം പ്രതിയാണ് മുഹമ്മദ് ഷാഫി. പെരിയയിലെ യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം സജീവ ചർച്ചയായ സാഹചര്യത്തിൽ സിപിഎം ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന വിധത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് മുഹമ്മദ് ഷാഫി. ഇയാൾക്ക് ഈ ഡിസംബറിൽ മാത്രം പരോൾ നീട്ടിക്കൊടുത്തത് മൂന്ന് തവണയായിരുന്നു. ഒരു തടവുകാരന് പരമാവധി ലഭിക്കാവുന്ന ആനുകൂല്യമാണ് ഈ കൊലയാളിക്ക് ഇടതു സർക്കാർ നൽകിയത്. മൂന്ന് ദിവസത്തെ അടിയന്തര പരോൾ എന്ന നിലയ്ക്കാണ് ഡിംസബറിൽ ഷാഫിക്ക് പരോൾ അനുവദിച്ചത്. ഈ പരോൾ 15 ദിവസത്തേക്കായി മൂന്ന് തവണ നീട്ടി. ഒടുവിൽ ഒരാഴ്‌ച്ച മുമ്പാണ് പരോൾ പൂർത്തിയാക്കി ജയിലിൽ തിരിച്ചെത്തിയത്.

ഈ പരോൾ കാലാവധിയിലുള്ള ആഘോഷ വീഡിയോകളാണ് പുറത്തുവന്നതെന്നാണ് അറിയുന്നത്. എന്തായാലും ടിപി വധക്കേസ് പ്രതികൾക്ക് എല്ലാ സൗകര്യങ്ങളും നൽകുന്ന പാർട്ടിയുടെ നടപടികളാണ് കൊലപാതകങ്ങൾക്ക് പ്രോത്സാഹനമാകുന്നത് എന്നാണ് വിലയിരുത്തൽ. നേരത്തെ കേസിലെ മറ്റൊരു പ്രതി കിർമാണി മനോജ് പരോളിലിറങ്ങി ഭർതൃമതിയെ വിവാഹം ചെയ്തതു വാർത്തയായിരുന്നു. രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തതോടെ, ഭർത്താവ് നിയമനടപടിയുമായെത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ നൃത്തച്ചുവടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നേരത്തേ, ഷാഫിയുടെ വിവാഹ ചടങ്ങിൽ സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീർ പങ്കെടുത്തത് വിവാദമായിരുന്നു.

ടി പി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ ഇറങ്ങിയാണ് ഷാഫി വിവാഹിതനായത്. കൊയിലാണ്ടിയിൽ നടന്ന വിവാഹത്തിൽ 2000ത്തോളം പേർ പങ്കെടുക്കുകയും ഷാഫിയെ തുറന്ന കാറിൽ ആനയിക്കുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു. പ്രതികളുടെ സിപിഎം ബന്ധം പാർട്ടി നിഷേധിക്കുമ്പോൾ തന്നെ മുതിർന്ന നേതാക്കൾ ഇവരുടെ വിവാഹത്തിനുൾപ്പെടെ എത്തിയത് വിവാദമായപ്പോൾ, മണ്ഡലത്തിലെ ഒരു വോട്ടറുടെ ക്ഷണപ്രകാരമാണ് വിവാഹത്തിനെത്തിയതെന്നായിരുന്നു ഷംസീറിന്റെ മറുപടി. ഇതിനെല്ലാം അപ്പുറത്താണ്, ടിപി കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂർ ഏരിയാ കമ്മിറ്റി മുൻ അംഗം കുഞ്ഞനന്തൻ വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും പരോളിലാണെന്ന വിവരം പുറത്തുവന്നത്.

കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. അതിനിടെ നിരന്തര പരോൾ നൽകുന്നതിനെതിരെ കെ കെ രമ ഹൈക്കോടതിയെ സമീപിക്കുകയുമുണ്ടായി. കോടതിയിൽ സർക്കാർ അഭിഭാഷകൻ പോലും കുഞ്ഞനന്തന് അനുകൂല നിലപാട് കൈക്കൊണ്ടത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, കുഞ്ഞനന്തൻ ടിപി കേസിൽ തെറ്റുകാരനല്ലെന്ന നിലപാടായിരുന്നു കോടിയേരി സ്വീകരിച്ചത്. അസുഖബാധിതനെന്നു പറഞ്ഞ് ശിക്ഷാകാലാവധിയുടെ മുക്കാൽ ഭാഗം ദിവസങ്ങളിലും കുഞ്ഞനന്തന് പരോൾ അനുവദിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ വരെ നിയമപോരാട്ടം നടക്കുകയാണ്. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

അതേസമയം പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടി സുനി അറസ്റ്റിലായിരുന്നു. കൂത്തുപറമ്പ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്. കൈതേരി സ്വദേശി മുഹമ്മദ് റിക്സനെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മർദനത്തിന് കാരണമായിരുന്നത്. പരോളിൽ ഇറങ്ങിയ വേളയിൽ കൊടിസുനിയും സുഖവാസത്തിലായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഫസൽവധക്കേസിലും പ്രതിയായ കൊടി സുനി സാമ്പത്തിക പ്രശ്നം ജയിലിൽ നിന്നു ക്വട്ടേഷനെടുത്ത് പരിഹരിച്ചതിൽ ആകൃഷ്ടയായി മംഗലാപുരത്തെ ഒരു മലയാളി ഡോക്ടർ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും അഭ്യൂഹമുണ്ടായിരുന്നു. നേരത്തേ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ പ്രതികൾ ഫേസ്‌ബുക്കിൽ സജീവമായതും മൊബൈൽ ഫോൺ നിരന്തരം ഉപയോഗിക്കുന്നതും വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP