Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുരുതുരെ വെട്ടി മാംസം ചിതറിച്ച് നടത്തിയ അരുംകൊലയിൽ കണ്ടെടുത്ത വാളിൽ രക്തക്കറ രണ്ടിഞ്ചിൽ മാത്രം; തുരുമ്പിച്ച വാൾ അല്ല ആക്രമണത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപം ഉയർന്നതോടെ പിന്നെയും കാട്ടിക്കൊടുത്തത് മറ്റ് രണ്ട് വാളുകളും ഇരുമ്പു ദണ്ഡുകളും; തൊണ്ടിയായി കിട്ടിയ വാളിൽ ഏതാനും രക്തത്തുള്ളികൾ മാത്രം കണ്ടതും സംശയകരം; സിപിഎം നേതാവിന്റെ മകനുനേരെ വരെ ആക്ഷേപം ഉയർന്ന പോൾ മുത്തൂറ്റ് വധക്കേസിലെ എസ് കത്തി വിവാദംപോലെ ആയുധം ഒളിപ്പിച്ച് കേസ് അട്ടിമറിക്കാൻ കാസർകോട്ടെ ഇരട്ടക്കൊലയിലും നീക്കം

തുരുതുരെ വെട്ടി മാംസം ചിതറിച്ച് നടത്തിയ അരുംകൊലയിൽ കണ്ടെടുത്ത വാളിൽ രക്തക്കറ രണ്ടിഞ്ചിൽ മാത്രം; തുരുമ്പിച്ച വാൾ അല്ല ആക്രമണത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപം ഉയർന്നതോടെ പിന്നെയും കാട്ടിക്കൊടുത്തത് മറ്റ് രണ്ട് വാളുകളും ഇരുമ്പു ദണ്ഡുകളും; തൊണ്ടിയായി കിട്ടിയ വാളിൽ ഏതാനും രക്തത്തുള്ളികൾ മാത്രം കണ്ടതും സംശയകരം; സിപിഎം നേതാവിന്റെ മകനുനേരെ വരെ ആക്ഷേപം ഉയർന്ന പോൾ മുത്തൂറ്റ് വധക്കേസിലെ എസ് കത്തി വിവാദംപോലെ ആയുധം ഒളിപ്പിച്ച് കേസ് അട്ടിമറിക്കാൻ കാസർകോട്ടെ ഇരട്ടക്കൊലയിലും നീക്കം

രഞ്ജിത്ത് ബാബു

കാസർഗോഡ്: ആദ്യം കണ്ടെത്തിയ വാൾ തുരുമ്പിച്ചതെന്നും രക്തക്കറയില്ലെന്നും ചർച്ചയായതോടെ പിന്നീടും വാൾ കണ്ടെത്തി അന്വേഷണ സംഘം നടത്തുന്നത് നാടകമോ? പഴയ എസ് കത്തി വിവാദംപോലെ പേരിയ ഇരട്ടക്കൊലപാതക കേസിലും പുറത്തുവരുന്നത് സിപിഎമ്മിന്റെ ആയുധം ഒളിപ്പിക്കൽ കളികൾ തന്നെയെന്ന ആക്ഷേപം ശക്തമാകുന്നു.

കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ് ഇപ്പോൾ. ഇതുതന്നെ അട്ടിമറിക്കാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടുകാരും ആക്ഷേപിച്ചുകഴിഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.

ഇത്തരത്തിൽ കേസ് അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്ന് ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പ്രതികൾ കാട്ടിക്കൊടുത്ത ആയുധങ്ങൾ യഥാർത്ഥമല്ലെന്ന സൂചനകളും വരുന്നത്. യഥാർത്ഥ പ്രതികളേയും യഥാർത്ഥ ആയുധവുമെല്ലാം ഒളിപ്പിച്ച് ഒടുവിൽ കേസ് കോടതിയിൽ എത്തുമ്പോൾ പ്രൊസിക്യൂഷൻ വാദങ്ങൾ പൊളിച്ചുകൊണ്ട് സിപിഎം അഭിഭാഷകർ വാദിക്കും. പ്രതികളായി അറസ്റ്റിലായവർ രക്ഷപ്പെടും. ഇത്തരത്തിൽ പഴുതുണ്ടാക്കാനാണ് തുടക്കത്തിലെ അന്വേഷണം വഴിതിരിക്കാൻ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.

പോൾ മുത്തൂറ്റ് വധക്കേസിൽ എസ് കത്തിയുമായി പൊലീസ് രംഗത്തെത്തിയത് മുമ്പ് കേരളത്തിൽ വലിയ ചർച്ചയായിരുന്നു. സിപിഎം നേതാവിന്റെ മകനുനേരെ വരെ ആക്ഷേപം ഉയർന്ന കേസിൽ ഈ കത്തി കണ്ടെത്തിയതിന് പിന്നാലെ അത് പ്രതിയുടെ വീട്ടിൽ പൊലീസ് തന്നെ കട്ടിലിന് അടിയിൽ ഒളിപ്പിച്ചതെന്ന ആക്ഷേപമാണ് ഉയർന്നത്. കേസ് അട്ടിമറിക്കാനായി ഇത്തരമൊരു നീക്കം അന്ന് ഭരണത്തിലിരുന്ന പാർട്ടിതന്നെ നടത്തിയെന്ന ആക്ഷേപവും ഉയർന്നു. സമാന രീതിയിലാണ് സിപിഎം പ്രതിസ്ഥാനത്തുള്ള കാസർകോട് കേസിലും ആക്ഷേപം ഉയരുന്നത്.

പെരിയ ഇരട്ട കൊലപാതകത്തിൽ പുതുതായി കണ്ടെത്തിയ വാളുകൾ കൃത്യം നിർവ്വഹിക്കാൻ ഉപയോഗിച്ചതു തന്നെയോ എന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ മാറ്റുന്നത് സ്വാഭാവികമാണ്. അത്തരം നീക്കങ്ങൾ പെരിയ കൊലപാതകത്തിൽ സ്വീകരിച്ചിട്ടുണ്ടോ എന്ന സംശയം ശക്തമാവുകയാണ്.

കൊലപാതകം നടത്തി മടങ്ങുമ്പോൾ ഉപേക്ഷിക്കപ്പെട്ട വാളുകളാണ് പ്രതിയുമായെത്തി തെളിവെടുപ്പിൽ കണ്ടെത്തിയത്. ആദ്യം ഒരു വാൾ കണ്ടെത്തിയതിന് പിന്നാലെ അതല്ല, ആയുധമെന്ന ആക്ഷേപം ഉയർന്നതോടെയാണ് മറ്റ് രണ്ട് വാളുകൾ കൂടി കണ്ടെത്തുന്നത്. എന്നാൽ ഇതും കൊലയ്ക്ക് ഉപയോഗിച്ചതല്ലെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.

പ്രതികളിലൊരാളായ എ. അശ്വിൻ അന്വേഷണ സംഘത്തിന് തെളിവെടുപ്പിൽ കാണിച്ചു കൊടുത്ത വാളിന്റെ അറ്റത്ത് ചെറിയ തോതിൽ മാത്രമേ രക്തക്കറ കാണുന്നുള്ളൂ. ഇത് കൃത്യത്തിന് ഉപയോഗിച്ചതാണോ എന്ന് ഉറപ്പിക്കാനുമാവുന്നില്ല. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ ശരത്ത ലാലിന് 20 വെട്ടുകളാണ് ഏറ്റത്. കൃപേഷിന്റെ തലയിൽ ആഴത്തിലുള്ള ഒരു വെട്ടും. എന്നാൽ രണ്ടിഞ്ച് നീളത്തിൽ മാത്രമേ തെളിവെടുപ്പിൽ ലഭിച്ച വാളിൽ രക്തക്കറ പുരണ്ടിട്ടുള്ളൂ.

കാലുകളിലും ദേഹത്തുമുൾപ്പെടെ നിരവധി തവണ ശരത്‌ലാലിനെ വെട്ടിയിട്ടുണ്ട്. മാസം ചിതറിത്തെറിക്കുന്ന തരത്തിൽ അതിക്രൂരമായ ആക്രമണമാണ് ഉണ്ടായത്. ശരത് ലാലിനെ ഇത്രയധികം വെട്ട് വെട്ടിയാൽ വാളിന്റെ മൂർച്ചയുള്ള ഭാഗങ്ങളിൽ പലയിടത്തും രക്തക്കറ ഇതിലും എത്രയോ കൂടുതൽ വേണം. വാൾ കഴുകിയെങ്കിൽ പോലും രക്തക്കറ നിലനിൽക്കും. എന്നാൽ ഇവിടെ അതു കാണുന്നില്ല. ഇതോടെയാണ് ആയുധം മാറ്റിയോ എന്ന സംശയം ബലപ്പെടുന്നത്. കൊലപാതകം നടത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ മറ്റേതെങ്കിലും ജീവിയെ വെട്ടി രക്തക്കറ ഉണ്ടാക്കിയതാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു.

കൊലപാതകം നടന്ന സ്ഥലത്തു നിന്നും 400 മീറ്റർ അകലെയുള്ള സ്വകാര്യ റബ്ബർ തോട്ടത്തിൽ നിന്ന് നാല് ഇരുമ്പ് ദണ്ഡുകളും തുരുമ്പിച്ച വാളും ആണ് ആദ്യം കണ്ടെത്തിയത്. ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി സിപിഎം. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അയാൾ കാട്ടിക്കൊടുത്താണിത്. വെള്ളമില്ലാത്ത ഉപയോഗ ശൂന്യമായ കിണറ്റിൽ നിന്നും കണ്ടെത്തിയ തുരുമ്പിച്ച വാളും ദണ്ഡുകളും കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് വിശ്വസിക്കാനാകില്ല.

ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ശരീരത്തിലെ ആഴത്തിലുള്ള മുറിവുകൾ തുരുമ്പിച്ച വാളുകൾ കൊണ്ടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നില്ല. ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടാകണമെങ്കിൽ മൂർച്ചയും കാഠിന്യവുമുള്ള ആയുധങ്ങൾ വെണമെന്ന് ഫോറൻസിക് വിദഗ്ദരും അഭിപ്രായപ്പെടുന്നു. കൊല്ലപ്പെട്ട ശരത് ലാലിന്റെ ശരീരത്തിലെ മുറിപ്പാടുകൾ 13 സെന്റീ മീറ്റർ നീളത്തിൽ വരെയുണ്ട്. പിടിച്ചെടുത്ത ആയുധങ്ങൾക്കപ്പുറം ആയുധങ്ങൾ വേറെയുണ്ടെന്ന് ഇതിലൂടെ സംശയിക്കപ്പെടുന്നു.

പീതാംബരനുമായി അടുത്ത ബന്ധമുള്ള ശാസ്താ ഗംഗാധരന്റെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ വച്ചാണ് ആദ്യത്തെ ആയുധം കണ്ടെത്തിയത്. ഇതും ദുരൂഹമാണ്. പ്രതികൾ കാട്ടിക്കൊടുത്ത ആയുധങ്ങൾ തന്നെയാണോ കുറ്റ കൃത്യത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന് തീർത്ത് പറയാൻ ഫോറൻസിക് ഫലം കാത്തിരിക്കണം. കണ്ണൂരിലെ പ്രൊഫഷണൽ ക്വട്ടേഷൻ ടീമിലെ ആസൂത്രണത്തിലാണ് അക്രമത്തിന് കോപ്പു കൂട്ടിയതെന്ന് കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ പ്രതികൾ ഇനിയും പുറത്തുണ്ടാവാനാണ് സാധ്യത.

കണ്ണൂരിൽ നിന്നും എത്തിയ ഒരു ജീപ്പ് കല്യോട് ഭഗവതീ ക്ഷേത്രപെരുങ്കളിയാട്ട സംഘാടക സമിതി യോഗം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. അവിടെ വെച്ചു തന്നെ ശരത്തിനേയും കൃപേഷിനേയും അവരുടെ നീക്കങ്ങളേയും ജീപ്പിലുള്ളവർ നിരീക്ഷിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ കൊലപാതകം നടക്കുകയും ചെയ്തു.

സംഭവ ശേഷം ഈ ജീപ്പ് അമിത വേഗതയിൽ ചെറുവത്തൂർ ഭാഗത്തേക്ക് പോയതായും പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് തുടരന്വേഷണം ഒന്നും നടക്കുന്നില്ല. കൊലപാതകം നടന്ന സ്ഥലത്തു നിന്നും മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തിരുന്നു. ഇതിൽ രണ്ടെണ്ണം കൊല ചെയ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കാരുടേതാണ്. എന്നാൽ മൂന്നാമത്തെ ഫോണിന്റെ ഉടമസ്ഥരെ ഇതു വരെ കണ്ടെത്താനായിട്ടില്ല.

അതേ ക്കുറിച്ചും ഗൗരവമായ അന്വേഷണം നടക്കുന്നില്ല. കൊലക്കേസിലെ ഏഴാം പ്രതി ജിഗിന്റെ പിതാവാണ് ക്രഷർ ഉടമയായ ശാസ്താ ഗംഗാധരൻ. അഞ്ചാം പ്രതി അശ്വിൻ മരുമകനുമാണ്. ഈ ക്രഷർ ഉടമയുടേയും ടൈൽ ഉടമയായ പ്രതി സജി ജോർജ്ജിന്റേയും പീതാംബരന്റേയും കൂട്ടുകെട്ടാണ് കൊലക്കു വേണ്ടുന്ന സാമ്പത്തിക സഹായവും ആസൂത്രണവും നടത്തിയതെന്നാണ് പെരിയയിലെ സംസാര വിഷയം.

ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങൾ ഇപ്രകാരം:

പൊലീസ് കണ്ടെടുത്തുവെന്നു പറയുന്ന ആയുധങ്ങൾ അല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്നാണ് പ്രധാന ആക്ഷേപം. കനമുള്ളതും മൂർച്ചയേറിയതുമായ ആയുധം കൊണ്ടുള്ള മുറിവെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറയുമ്പോൾ പൊലീസ് കണ്ടെടുത്തതു കനമില്ലാത്ത 3 വാളുകളും 4 ചെറിയ ഇരുമ്പുദണ്ഡുകളുമാണ്. കൃപേഷിന്റെ തലയ്ക്കു വെട്ടിയെന്നു പൊലീസ് പറയുന്നതു തുരുമ്പെടുത്തു പിടി നഷ്ടപ്പെട്ട വാൾ കൊണ്ട്. തലയോട്ടി പിളരുന്ന വിധത്തിൽ ഈ വാളുകൊണ്ട് വെട്ടാൻ കഴിയില്ല. പ്രതികൾ രക്ഷപ്പെടുന്നതിനിടെ വാൾ ഉപേക്ഷിച്ചു എന്നു പറയുന്നുണ്ടെങ്കിലും കണ്ടെത്തിയ വാളിൽ ഏതാനും തുള്ളി രക്തത്തുള്ളികൾ മാത്രം. അതും മൂർച്ചയുള്ള ഭാഗത്തല്ല.

ജനുവരി 5ലെ മർദനത്തിനു പകരമാണു തിരിച്ചടിയെന്നു പ്രതികൾ പറയുമ്പോഴും അതിനു മുൻപു തന്നെ അഞ്ചാം പ്രതി അശ്വിനും സംഘവും കൃപേഷിനെ കൊലപ്പെടുത്തുമെന്നു ഫേസ്‌ബുക് പോസ്റ്റ് ഇട്ടിരുന്നു. 'ഓൻ ചാവാൻ റെഡിയായി, ഇവിടെ എല്ലാവരും സെറ്റ് ആയി' എന്നായിരുന്നു പോസ്റ്റ്. ഇതിന്മേൽ അന്വേഷണം നടക്കുന്നില്ല. ബൈക്കിൽ വാഹനം ഇടിപ്പിച്ചു വീഴ്‌ത്തി കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞെങ്കിലും പിന്നീട്, ഇടിച്ചില്ല എന്നു തിരുത്തി. കൃപേഷും ശരത്ലാലും വരുന്നതു വരെ സമീപത്തെ തോട്ടത്തിൽ ഒളിഞ്ഞിരുന്ന അക്രമിസംഘം ഇവർ അടുത്തെത്തിയപ്പോൾ റോഡിൽ ചാടിവീണു ബൈക്ക് തടഞ്ഞു ചവിട്ടി വീഴ്‌ത്തി എന്നാക്കി മാറ്റി മൊഴികൾ.

7.45ന് ഇരുട്ടു നിറഞ്ഞ സമയത്തു വരുന്നത് ഇവരുടെ ബൈക്ക് തന്നെയാണെന്നു ഒളിഞ്ഞിരുന്നവർ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും ശരത്‌ലാലും കൃപേഷും പെരുങ്കളിയാട്ട ക്ഷേത്രത്തിൽനിന്ന് ഇറങ്ങിയതായി പീതാംബരനെ വിവരം അറിയിച്ചത് ആരാണെന്നുമെല്ലാം ചോദ്യം വന്നാൽ കോടതിയിൽ പൊലീസ് ബബ്ബബ്ബ പറയുന്ന സ്ഥിതിയാകും.

സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതല്ല, മറിച്ചു പൊലീസിനു മുൻപിൽ ഹാജരാക്കിയതാണ് എന്നതും അന്വേഷണം ഭൂരിഭാഗം പൂർത്തിയായെന്നു പറയുമ്പോഴും സംഭവത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കുന്നില്ല എന്നതുമെല്ലാം കേസ് അട്ടിമറിക്കാൻ വേണ്ട എല്ലാ ചേരുവകളും അണിയറയിൽ ഒരുങ്ങുന്നതിന് തെളിവാകുന്നു.

അറസ്റ്റിലായവർ മാത്രം പ്രതികളെന്നു പൊലീസ് പറയുമ്പോൾ ക്വട്ടേഷൻ സംഘം ഉണ്ടെന്നും പാർട്ടി ഉന്നതങ്ങളിലെ ആസൂത്രണം ഉണ്ടെന്നും നാ്ട്ടുകാരും പറയുന്നു. ക്ഷേത്രത്തിലെ സ്വാഗതസംഘം രൂപീകരണം കഴിഞ്ഞ ശേഷവും ഒരു സംഘം വീണ്ടും പരിസരത്തു തങ്ങിയിരുന്നെന്നും ഇവരിൽ ഒരാൾ ചെഗുവേര ചിത്രം പതിച്ച ടീഷർട്ട് ധരിച്ചിരുന്നതായും ശരത്‌ലാലിന്റെ സുഹൃത്ത് വെളിപ്പെടുത്തി. മനഃപൂർവം പ്രകോപനമുണ്ടാക്കാൻ ഇവർ ശ്രമിക്കുന്നുവെന്നു തോന്നിയപ്പോൾ ശരത്‌ലാലിന്റെ കൂടെയുള്ള സുഹൃത്തുക്കൾ ചേർന്ന് ഇവരോടു പോകാൻ ആവശ്യപ്പെട്ടുവെന്നും ഇവർ പറയുന്നു.

ഇതേത്തുടർന്നു സംഘം ക്ഷേത്രത്തിനു വെളിയിലേക്കു മാറി നിന്നു. ഇക്കാര്യം പിന്നീട് പൊലീസിനെ അറിയിച്ചെങ്കിലും കേസുമായി ബന്ധപ്പെടുത്തി ഇക്കാര്യം അന്വേഷിക്കാനേ പൊലീസ് തയ്യാറായിട്ടില്ല. അതിന് പകരം സ്വയം കുറ്റമേറ്റെടുത്തു കീഴടങ്ങിയവരെ കേസുകളിൽ പ്രതികൾ ആക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP