Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസഫുമായി ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് തീരുമാനിച്ച് മാണി; മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു; മാണി മത്സരിച്ചാൽ പാല കൈവിടുമെന്ന ഭീതിയിൽ തട്ടി തീരുമാനം വൈകുന്നു; പലവട്ടം നിഷേധിച്ചിട്ടും മരുമകളെ മത്സരിപ്പിക്കണമെന്നാണ് മാണിയുടെ ആലോചനയെന്ന ആരോപണവുമായി ജോസഫ് വിഭാഗം; മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പിജെ ജോസഫ്; ഏറ്റവും ഉറപ്പായ കോട്ടയം സീറ്റ് കൈമോശം സംഭവിക്കുമോ എന്ന് ഭയന്ന് കോൺഗ്രസും

ജോസഫുമായി ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് തീരുമാനിച്ച് മാണി; മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു; മാണി മത്സരിച്ചാൽ പാല കൈവിടുമെന്ന ഭീതിയിൽ തട്ടി തീരുമാനം വൈകുന്നു; പലവട്ടം നിഷേധിച്ചിട്ടും മരുമകളെ മത്സരിപ്പിക്കണമെന്നാണ് മാണിയുടെ ആലോചനയെന്ന ആരോപണവുമായി ജോസഫ് വിഭാഗം; മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പിജെ ജോസഫ്; ഏറ്റവും ഉറപ്പായ കോട്ടയം സീറ്റ് കൈമോശം സംഭവിക്കുമോ എന്ന് ഭയന്ന് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭാ സീറ്റിൽ രണ്ട് സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പിജെ ജോസഫിന്റെ ആവശ്യം. അത് വീണ്ടും വിശദീകരിക്കുകയാണ് ജോസഫ്. തനിക്ക് മത്സരിക്കാൻ താൽപ്പര്യമെന്ന് തുറന്ന് പറയുകയും ചെയ്തു. ഇതോടെ കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഒരു സീറ്റേ കിട്ടുന്നുള്ളൂവെങ്കിൽ അത് തനിക്ക് വേണമെന്നും ജോസഫ് പറയുന്നു. കോട്ടയത്ത് മത്സരിക്കാനും ജോസഫ് തയ്യാറാണ്. മാണി വിഭാഗത്തിന് സ്വന്തമായ കോട്ടയം സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രം. ഇത് മനസ്സിലാക്കി കോട്ടയത്ത് മാണിയെ തന്നെ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കാനാണ് കേരളാ കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. ജോസഫിനെ വെട്ടാനും പാർട്ടി പിളരാതിരിക്കാനുമുള്ള തന്ത്രമാണ് മാണി വിഭാഗം അണിയറയിൽ ഒരുക്കുന്നത്.

ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നൽകി മാണി ഗ്രൂപ്പിൽ സ്ഥാനാർത്ഥി ചർച്ചകൾ തുടരുന്നു. ജോസഫ് വിഭാഗം പാർട്ടിവിട്ടു പോകണമെന്ന നിലപാടിലേക്ക് മാണി വിഭാഗവും മാറുന്നതായാണു സൂചന. കേരള കോൺഗ്രസിലെ സീറ്റ് തർക്കം പരിഹരിക്കാൻ ചൊവ്വാഴ്ചയാണ് കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച. എന്നാൽ കോട്ടയത്ത് സീറ്റ് ജോസഫിന് നൽകിയുള്ള ഒത്തുതീർപ്പിന് കേരളാ കോൺഗ്രസ് തയ്യാറല്ല. സ്റ്റീഫൻ മാത്യു, തോമസ് ചാഴിക്കാടൻ എന്നിവരെ സ്ഥാനാർത്ഥികളാക്കാനായിരുന്നു മാണി ആദ്യം ആലോചിച്ചത്. ഇതിനിടെയാണ് ഏറ്റവും നല്ല സ്ഥാനാർത്ഥി താനാണെന്ന പ്രഖ്യാപനവുമായി ജോസഫ് എത്തിയത്. ഇതോടെ കളികൾ കരുതലോടെയായി. സുപ്രീംകോടതിയിലെ മുൻ ജഡ്ജി ജോസഫ് കുര്യനെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണിച്ചു. എന്നാൽ ജോസഫ് ഉറച്ച നിലപാടുമായി മുന്നോട്ട് പോയി. കോട്ടയത്ത് വോട്ട് അഭ്യർത്ഥനയും തുടങ്ങി. ഇതോടെയാണ് കരുത്തരിൽ കരുത്തനായ മാണിയെ തന്നെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചത്.

സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി നിർത്തുന്നതിലൂടെ കോട്ടയം സീറ്റു പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ പാഴ്‌വേലയാണെന്ന സന്ദേശമാണ് മാണി ഗ്രൂപ്പ് നൽകുന്നത്. ജോസഫിനെ വെല്ലുന്ന സ്ഥാനാർത്ഥിയെ സ്വന്തം പാളയത്തിൽ നിന്നു കണ്ടെത്താനാണ് ഇപ്പോൾ മാണിയുടെ ശ്രമം. മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തിൽ കോട്ടയം സീറ്റിലേക്കു പരിഗണിച്ചത്. ഇതിനിടെ മധ്യസ്ഥനായി പികെ കുഞ്ഞാലിക്കുട്ടി എത്തി. മികച്ചത് താനാണെന്ന പിജെ ജോസഫിന്റെ വാദത്തിന് മുന്നിൽ കുഞ്ഞാലിക്കുട്ടിയും തോറ്റു. ഈ സന്ദേശം മാണിക്കും കുഞ്ഞാലിക്കുട്ടി കൈമാറി. ഇതോടെയാണ് മാണി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന വാദം ജോസ് കെ മാണിയും കുട്ടരും മുന്നോട്ട് വച്ചത്. മാണി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരും. മാണിയുടെ കുത്തക സീറ്റായ പാലായിൽ ജയം ഉറപ്പിക്കുകയും വേണം. മാണി മാറിയാൽ പാലായിൽ കേരളാ കോൺഗ്രസ് തോൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മാണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകുന്നത്.

പി.ജെ.ജോസഫ് കോട്ടയം സീറ്റിനായി പിടിമുറുക്കിയതോടെ മാണിയുടെ പദ്ധതികൾ പാളുകയായിരുന്നു. ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണമെന്നു ഘടകകക്ഷികളും ശാഠ്യം പിടിച്ചതോടെ മാണി സമ്മർദത്തിലായി. തുടർന്നാണു മാണി തന്നെ മത്സിക്കാൻ തയ്യാറാകുന്നത്. അതിനിടെ ആശയക്കുഴപ്പമുണ്ടാക്കാനായി മാണിയുടെ മരുമകളും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന് മാണി വിഭാഗം പറയുന്നു. നിഷ ഒരു സാഹചര്യത്തിലും ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കി പാർട്ടി പിളർത്താനുള്ള ഈ തന്ത്രത്തെ ചെറുക്കാൻ കൂടിയാണ് മാണി തന്നെ മത്സരിക്കാനെത്തുന്നതും. മത്സരിക്കാൻ പി ജെ ജോസഫ് തയ്യാറെടുക്കുന്നതോടെ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി.

ജോസഫിന് സീറ്റ് ഉറപ്പാക്കി മുന്നണിയിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് കൂടി മുൻകൈ എടുക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ നേരിട്ട് അറിയിക്കാനും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. രണ്ട് സീറ്റ് എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ലോക്‌സഭാ സീറ്റിലേക്ക് പിജെ ജോസഫ് മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കോട്ടയമോ ഇടുക്കിയോ ആണെങ്കിലും മത്സരിക്കാൻ പി ജെ ജോസഫ് തയ്യാറാണ്. പാർട്ടിയിലും മുന്നണിയിലും പൊട്ടിത്തെറി ഒഴിവാക്കാൻ കോൺഗ്രസ് കൂടി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. പിജെ ജോസഫിന് സീറ്റ് ലഭിച്ചില്ലെങ്കിൽ പിളർപ്പ് അനിവാര്യമായ സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്. 1989-ൽ മൂവാറ്റുപുഴ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുന്നണി വിട്ട് തനിച്ച് മത്സരിച്ചയാളാണ് പി ജെ ജോസഫ്. മുന്നണി വിടാൻ ആലോചനയില്ലാത്തതിനാൽ അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. പക്ഷെ തെരഞ്ഞെടുപ്പ് സമയത്ത് മുന്നണിയിൽ പൊട്ടിത്തെറി ഉണ്ടാകാതെ നോക്കേണ്ട ബാധ്യത കോൺഗ്രസിനാണെന്ന് ജോസഫ് പറയുന്നു.

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് ലഭിച്ചതോടെ ലോക്സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് വേണമെന്നും മൽസരിക്കാൻ തയാറാണെന്നുമാണ് പി.ജെ. ജോസഫിന്റെ നിലപാട്. യുഡിഎഫിലെ സീറ്റ് ചർച്ച 26നാണ്. അതിനു മുൻപ് കെ. എം. മാണിയും പി.ജെ. ജോസഫുമായി വീണ്ടും ചർച്ച നടത്താനാണു മധ്യസ്ഥന്റെ റോൾ വഹിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. കേരള കോൺഗ്രസിൽ ഏകദേശ ധാരണയായ ശേഷം യുഡി എഫിൽ ചർച്ച നടത്തും. സീറ്റ് വിവാദത്തിൽ ജോസഫ് തെറ്റി പിരിയുമെന്നും മുന്നണി വിട്ടു പോകുമെന്നും സൂചനകളുണ്ട്. ഇടുക്കിയിൽ ഇടതു സ്ഥാനാർത്ഥിയായി പിജെ ജോസഫ് മത്സരിക്കുമെന്ന വിലയിരുത്തലുമുണ്ട്. തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ജോസഫ് ഇതിലൂടെ നടത്തുന്നത്. മോൻസ് ജോസഫ് അടക്കമുള്ള എംഎൽഎമാരും ജോസഫിന് പിന്തുണയുമായുണ്ട്. ജോസഫിനെ ഡൽഹിക്ക് അയച്ച് കേരളത്തിൽ മന്ത്രിയാകാനുള്ള സാധ്യതയാണ് മോൻസ് ജോസഫ് തേടുന്നത്.

ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് പിജെ ജോസഫ് തയ്യാറല്ല. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് ചോദിച്ചു വാങ്ങണമെന്നാണ് ആവശ്യം. എന്നാൽ പാർട്ടി ചെയർമാൻ കെ എം മാണിക്ക് ഇതിനോട് താൽപ്പര്യമില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടാനാണ് മാണിയുടെ തീരുമാനം. അതും കോട്ടയം സീറ്റ്. എന്നാൽ പിജെ ജോസഫ് വിട്ടു വീഴ്ചയ്ക്കില്ല. തനിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നും അതിന് സീറ്റ് കിട്ടിയേ തീരൂ എന്നുമാണ് ജോസഫ് പറയുന്നത്. മാണി ഗ്രൂപ്പിലെ നിരവധി പേർ ജോസഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെയാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഉയരുന്നത്.

കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ കേരള യാത്രയിൽ പങ്കെടുക്കാതെ ലോക കേരള സഭയിൽ പങ്കെടുക്കാൻ ജോസഫ് ദുബായിലേക്ക് പോയി. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

ജോസഫ് ജയിച്ച് ലോക്‌സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്. എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്.

ജോസ് കെ മാണിയെ നേതാവാക്കാനുള്ള മാണിയുടെ കരുനീക്കവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നിൽ. സി എഫ് തോമസിനൊപ്പം ജനപക്ഷം നേതാവായ പിസി ജോർജും പതിയെ ജോസഫിനോട് അടുക്കുന്നുണ്ട്. ഇതെല്ലാം കോട്ടയത്ത് ബദൽ കേരളാ കോൺഗ്രസ് ഉണ്ടാകാനുള്ള കാരണമായി മാറുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP