Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിക്ക് വേണ്ടിയുള്ള വിജേഷിന്റെ പോരാട്ടത്തിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; വിജേഷിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; ഹൈക്കോടതിയിൽ സമ്മതം അറിയിച്ച് വ്യവസായി; വീഗാലാൻഡിലെ ബക്കറ്റ് ഷവർ റൈഡിൽ നിന്ന് വീണ് ശരീരം തളർന്ന യുവാവിന് അമ്പതിനായിരം രൂപയും ഫോട്ടോസ്റ്റാറ്റ് മെഷീനും ഓഫർ ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ച വഞ്ചനക്ക് തിരിച്ചടി ലഭിച്ചത് വർഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ

നീതിക്ക് വേണ്ടിയുള്ള വിജേഷിന്റെ പോരാട്ടത്തിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; വിജേഷിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; ഹൈക്കോടതിയിൽ സമ്മതം അറിയിച്ച് വ്യവസായി; വീഗാലാൻഡിലെ ബക്കറ്റ് ഷവർ റൈഡിൽ നിന്ന് വീണ് ശരീരം തളർന്ന യുവാവിന് അമ്പതിനായിരം രൂപയും ഫോട്ടോസ്റ്റാറ്റ് മെഷീനും ഓഫർ ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ച വഞ്ചനക്ക് തിരിച്ചടി ലഭിച്ചത് വർഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വിജേഷിന് നീതി കിട്ടി. പണവും പ്രതാപവമുള്ള വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കെതിരെ നിയമയുദ്ധം നയിച്ചാണ് നീതി തേടിയത് എന്നതിനാൽ വിജേഷിന്റെ നേട്ടത്തിന്റെ മാറ്റു കൂടുന്നു. വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവാണ് വിജേഷ്. വിജേഷ് വിജയന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയിൽ. വിജേഷിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹൈക്കോടതിയിൽ ഹാജരാക്കണം. കോടതിയിൽ നിന്നും കർശനമായ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ഘട്ടത്തിലാണ് വിജേഷിന് നഷ്ടപരിഹാരം നൽകാൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി തയ്യാറായിത്.

2002-ലാണ് വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽനിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷ് വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ നിയമ പോരാട്ടം വിജയിച്ചത് വർഷങ്ങൾ നീണ്ട പോരാട്ടത്തിലാണ്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചെലവാക്കേണ്ടി വന്നു.

ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു.

തൃശ്ശൂർ സ്വദേശിയായ യുവാവ് വിജേഷ് വിജയൻ വീഗാ ലാൻഡിലെ റൈഡിൽ നിന്നും വീണ് പരിക്കേറ്റ് തളർന്നുപോയ അവസ്ഥയിലും തിരിഞ്ഞു നോക്കാത്ത സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പപെട്ടുള്ള ഹർജിയിലാണ് ചിറ്റിലപ്പള്ളിക്ക് വിമർശനം കേൾക്കേണ്ടി വന്നത്. വിജേഷിന്റെ ദുരവസ്ഥയെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളി ആയിരുന്നു.

വീഗാലാൻഡിലെ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ആയ വിജേഷ് വിജയൻ പിന്നീട് ഫിസിയോതെറാപ്പി വഴിയും മറ്റും ജീവിതം തിരികെ പിടിച്ചു കൊണ്ടിരിക്കയാണ്. നിശ്ചയദാർഡ്യവും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇപ്പോഴും വിജേഷ് വിജയിക്കുന്നത്. വീഗാലാന്റിലെ ഉയരത്തിൽ നിന്ന് താഴ്‌ച്ചയിലേക്ക് പതിച്ചിട്ടും, നട്ടെല്ലിന് ഗുരുതരപരിക്കേറ്റ് ശരീരം തളർന്നിട്ടും വിജേഷ് തന്റെയുള്ളിലെ സംഗീതം വിട്ടിരുന്നില്ല. ഈ സംഗീതത്തോടുള്ള ആരാധനയും ഉപാസനയുമാക്കി ഗുരുവായൂർ സംഗീതോത്സവത്തിൽ അടക്കം അദ്ദേഹം പാടുകയുണ്ടായി.

2002ലാണ് വിജേഷ് വിജയന് വീഗാലാൻഡിൽ(ഇപ്പോഴത്തെ വണ്ടർലാ) വെച്ച് അപകടം ഉണ്ടാകുന്നത്. അമ്മയും സഹോദരനുമടങ്ങുന്ന കുടുംബവും യുവാവിന് ഒപ്പം നിന്നും. അപകടത്തിന് ശേഷം എഴുന്നേറ്റിരിക്കാൻ പോലും കഴിയാതായിരുന്നു വിജേഷിന്. ഇപ്പോൾ ചെറുതായി നടക്കാൻ സാധിക്കും. 2002ലാണ് തൃശ്ശൂരിൽ നിന്നും വീഗാലാന്റിലേക്ക് വിനോദയാത്രപോയ വിജേഷിന് വീണ് പരിക്കേൽക്കുന്നത് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച ഇദ്ദേഹത്തിന് യഥാസമയം ചികിത്സ ലഭിക്കാത്തതാണ് ശരീരം തളർന്നുപോകാൻ കാരണമെന്ന് പറയപ്പെടുന്നു. ഈ വീഴ്‌ച്ച മറയ്ക്കാൻ വേണ്ടി വീഗാലാൻഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പല തരത്തിലും ശ്രമങ്ങൾ നടത്തി. തുടക്കത്തിൽ ചികിത്സക്കായി നൽകിയ 50000 രൂപ മാത്രമാണ് സഹായം ലഭിച്ചത്.

പിന്നീട് തിരുവനന്തപുരത്ത് സി പി എം സമരത്തിനെതിരെ ആഞ്ഞടിച്ച വീട്ടമ്മ സന്ധ്യക്ക് ചിറ്റിലപ്പള്ളി 5 ലക്ഷം വാഗ്ദാനം ചെയ്തതോടെ വിജേഷിന്റെ പ്രശ്‌നം മുഖ്യധാരയിലെത്തിയിരുന്നു തുടർന്ന് വിഷയം മാധ്യമങ്ങളിലും ചർച്ചയായി. ഇതോടെ ചിറ്റിലപ്പള്ളി ഓർക്കുന്നുണ്ടോ ഈ യുവാവിനെ എന്ന ചോദ്യം ഉയർത്തക്കൊണ്ടുമിരുന്നു. വിഷയത്തിൽ സിപിഎം ഇടപെട്ട് എട്ട് ലക്ഷത്തോളം രൂപ വിജേഷിനും കുടുംബത്തിനും സ്വരൂപിച്ചുനൽകിയിരുന്നു.

സംഭവം പരാതിയും കേസുമായപ്പോൾ ചിറ്റിലപ്പള്ളി സ്വയം കൈകഴുകാനാണ് ശ്രമം നടത്തിയത്. മദ്യപിച്ച് രണ്ടടി വെള്ളത്തിലേക്ക് എടുത്തുചാടിയാണ് വിജേഷ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വിശദീകരിച്ചത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് വിജേഷും പറഞ്ഞു. അന്ന് വീഗാലാൻഡിൽ അപകടത്തിൽപെട്ട തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ അവിടെ ഡോക്ടർമാരോ ഒരു നഴ്‌സോ പോലും ഉണ്ടായിരുന്നില്ലെന്നും വിജേഷ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. സ്വന്തം സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ച്ച മറച്ചുവെക്കാനാണ് വീഗാലാന്റിന്റെ ഉടമസ്ഥൻ ഇല്ലാക്കഥകൾ പറയുന്നതെന്നും യുവാവ് മറുപടി നൽകി.

2002 ഡിസംബർ 22ലെ ആ വിനോദയാത്രയിൽ അപകടത്തിൽ പെടുമ്പോൾ വിജേഷിന് 17 വയസ് മാത്രമായിരുന്നു പ്രായം. തൃശ്ശൂരിലെ മഹാരാജാ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കുമ്പോഴായിന്നു ആ വിനോദയാത്ര. ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാർ എല്ലാവരും കൂടിയാണ് വീഗാലന്റിൽ പോയത്. ബക്കറ്റ് ഷവർ എന്ന റെയ്ഡിന്റെ പ്ലാറ്റ്‌ഫോമിൽ നിന്നും തെന്നിയ ഞാൻ 15 അടിയോളം താഴ്ചയുള്ള പൂളിലേക്ക് വീണു. പിന്നെയൊന്നും ഓർമ്മയില്ല. ആകെ ഒരു മരവിപ്പായിയിരുന്നു. കഴുത്തിന് താഴെ ശരീരമുണ്ടോ എന്നുപോലും അറിയാനാവാത്ത അവസ്ഥയായിരുന്നു എന്നാണ് വിജേഷ് വിജയൻ പറഞ്ഞത്.

സുഹൃത്തുക്കളും ലൈഫ് ഗാർഡും ചേർന്നാണ് എന്നെ അവിടെ നിന്നും എടുത്തത്. ഫസ്റ്റ് എയ്ഡ് കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടറോ, നഴ്‌സോ ഉണ്ടായിരുന്നില്ല. അപ്പോഴും തനിക്ക് എഴുനേൽക്കാൻ സാധിക്കാത്ത നിലയായിരുന്നുവെന്നും വിജേഷ് വ്യക്തമാക്കുന്നു. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുകയാണുണ്ടായത്. സുഹൃത്തുക്കൾ പൊക്കിയെടുത്താണ് എന്നെ വണ്ടിയിൽ കയറ്റിയത്. പിന്നീട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

തൃശ്ശൂർ ആശുപത്രിയിൽ എത്തിയപ്പോഴാണോ അപകടത്തിന്റെ ഗൗരവത്തെ കുറിച്ച് അറിയുന്നത്? എന്നെ പരിശോധിച്ച ഡോക്ടർക്ക് ഉടൻ തന്നെ കാര്യം മനസ്സിലായി. സ്‌പൈനൽകോഡ് ഇഞ്ച്വറി ആണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ നാലുമണിക്കൂറിനുള്ളിൽ ഒരു ഇഞ്ചക്ഷൻ വേണമായിന്നു. പിന്നീട് വിജേഷിന്റെ സുഹൃത്തുക്കൾ വഴി ചിറ്റിലപ്പള്ളിയുമായി ബന്ധപ്പെട്ടു. ആശുപത്രിയിൽ വന്ന് 50,000 രൂപ തന്നു. തൽക്കാലം ഇതിരിക്കട്ടെ ചികിത്സക്ക് വേണ്ട ചിലവെല്ലാം ഞങ്ങൾ നോക്കാം എന്നായിരുന്നു വീഗാലാന്റിന്റെ വാഗ്ദാനം. പിന്നീട് ആശുപത്രിയിൽ ഐ.സി.യുവിൽ വന്ന് തളർന്ന് കിടന്നപ്പോൾ കൈവിരൽ വൈറ്റ് പേപ്പറിൽ പതിപ്പിച്ചു അച്ഛനോടും അമ്മയോടും തന്ന പൈസക്കുള്ള രേഖയാണെന്നാണ് ധരിപ്പിച്ചത്. പിന്നീട് കോടതിയിൽ എത്തിയപ്പോഴാണ് തനിക്ക് പരാതിയില്ലെന്ന് ആ പേപ്പറിൽ അവർ എഴുതിയതെന്ന് മനസ്സിലായതെന്നും വിജേഷ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ പിന്നീട് വക്കീൽ മുഖാന്തിരം മധ്യസ്ഥതക്ക് ശ്രമിച്ചപ്പോൾ ഒരു ഓഫറും കിട്ടി. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ എനിക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങിത്തരാമെന്ന്. അതുകൊണ്ട് ജീവിക്കാമെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വാദം. എന്നാൽ അതും കിട്ടിയിരുന്നില്ല. അപകടത്തെ തുടർന്ന് ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ഇതുവരെ ചികിത്സക്ക് ചെലവായിരുന്നു. അലോപ്പതിയിൽ പല ചികിത്സകൾ കഴിഞ്ഞു. മൂന്ന് വർഷത്തോളം കോട്ടയത്ത് ഇഞ്ചക്ഷൻ തെറാപ്പി എന്ന ട്രീറ്റ്‌മെന്റിന് പോയിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് അവസാനവർഷത്തിലാണ് വിജേഷ് അപകടത്തിൽ പെടുന്നത്. കിടപ്പിലാണെങ്കിലും കൂട്ടുകാരുടെ എല്ലാം സഹായത്തോടെ പോയി പരീക്ഷ എഴുതി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൈവറ്റ് ആയി ബി.കോം എടുത്തു. പിന്നീട് സംഗീതത്തിലും കൈവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP