Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മിറാഷുകൾ ചീറിപ്പാഞ്ഞുവന്ന് 21 മിനിറ്റുകൊണ്ട് സൃഷ്ടിച്ചത് ജയ്‌ഷെ ഭീകരരുടെ ശവക്കൂമ്പാരം തന്നെ; ഓരോ കെട്ടിടത്തിലും അട്ടിയായി കിടന്ന ചാവേറുകളും ജയ്‌ഷെ ഭീകരരും ഉറക്കത്തിൽ തന്നെ ചാമ്പലായി; റഡാറിൽ ഇന്ത്യൻ വിമാനങ്ങൾ ഇരമ്പുന്നത് അറിഞ്ഞെങ്കിലും തിരിച്ചടിക്കാൻ ഭയന്ന് പാക് വ്യോമസേന; കരസേനയെ അയച്ച് നാട്ടുകാർ എത്തുംമുമ്പ് മൃതദേഹങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കി ശത്രുരാജ്യം; സർജിക്കൽ-2 പരാജയമെന്ന് വരുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന തെളിവുകൾ ഇങ്ങനെ

ഇന്ത്യൻ മിറാഷുകൾ ചീറിപ്പാഞ്ഞുവന്ന് 21 മിനിറ്റുകൊണ്ട് സൃഷ്ടിച്ചത് ജയ്‌ഷെ ഭീകരരുടെ ശവക്കൂമ്പാരം തന്നെ; ഓരോ കെട്ടിടത്തിലും അട്ടിയായി കിടന്ന ചാവേറുകളും ജയ്‌ഷെ ഭീകരരും ഉറക്കത്തിൽ തന്നെ ചാമ്പലായി; റഡാറിൽ ഇന്ത്യൻ വിമാനങ്ങൾ ഇരമ്പുന്നത് അറിഞ്ഞെങ്കിലും തിരിച്ചടിക്കാൻ ഭയന്ന് പാക് വ്യോമസേന; കരസേനയെ അയച്ച് നാട്ടുകാർ എത്തുംമുമ്പ് മൃതദേഹങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കി ശത്രുരാജ്യം; സർജിക്കൽ-2 പരാജയമെന്ന് വരുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന തെളിവുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ സംഘർഷം കത്തിനിൽക്കുന്നതിനിടെ വന്ന ചോദ്യം ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്‌ട്രൈക്കിൽ എത്ര ഭീകരന്മാർ കൊല്ലപ്പെട്ടുവെന്നും ആരെല്ലാമാണ് മരിച്ചതെന്നുമെല്ലാമാണ്. ഇതുവരെ പാക്കിസ്ഥാൻ പ്രചരിപ്പിച്ചത്് മറ്റൊന്നാണ്. വെറും പൈന്മരക്കാടുകൾ ആണ് നശിച്ചതെന്നും ജയ്‌ഷെ ഭീകരർക്ക് ഒരു പോറലും ഏൽപിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് ആയില്ലെന്നും ആയിരുന്നു പാക്കിസ്ഥാൻ പ്രചരിപ്പിച്ചതും ലോകമാധ്യമങ്ങൾ ഉൾപ്പെടെ അത് ഏറ്റെടുത്തതും.

എന്നാൽ ഇതുവരെ ഇന്ത്യ ഒന്നും മിണ്ടിയിട്ടില്ല. ഒരു തെളിവും ഇന്ത്യ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഏതാണ്ട് 200-300 ഭീകരർ കൊല്ലപ്പെട്ടുവെന്നുമാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി രണ്ടാം സർജിക്കൽ സ്‌ട്രൈക്ക് എന്ന് വിളിക്കുന്ന ചൊവ്വാഴ്ചത്തെ ഇന്ത്യൻ മിറാഷ് വിമാനങ്ങളുടെ ആക്രമണത്തെ വിശേഷിപ്പിച്ചത്

അപ്പോൾ മുതൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കാര്യമാണ് ഇന്ത്യ തെളിവു പുറത്തുവിടാൻ. എന്നാൽ തിരികെ പിറ്റേന്ന് ബുധനാഴ്ച തന്നെ പാക്കിസ്ഥാൻ ഇന്ത്യൻ മണ്ണിൽ ആക്രമണവുമായി എത്തി. ഇന്ത്യ തിരിച്ചടിക്കുന്നതിനിടെ ഇന്ത്യൻ പൈലറ്റ് പാക് പിടിയിലുമായി. ഇന്ത്യൻ ധീരയോദ്ധാവ് ഇന്നെലയാണ് മോചിപ്പിക്കപ്പെട്ടത്. അതിന് കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ എന്നുവേണം കരുതാൻ. ഇന്ന് ഇന്ത്യ നടത്തിയ ആ സർജിക്കൽ സ്‌ട്രൈക്കിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. പാക്കിസ്ഥാൻ മണ്ണിൽ ഐഎസ്‌ഐയും പാക് സൈന്യവും ഇന്ത്യക്കെതിരെ വളർത്തിക്കൊണ്ടുവന്ന ഭീകരന്മാരിൽ മുന്നൂറിലേറെപ്പേർ മരിച്ചുവെന്നതിന് സ്ഥിരീകരണം എന്നോണം പുതിയ വാർത്ത പുറത്തുവരുന്നു.

പാക്കിസ്ഥാനിലെ ബലാകോട്ടിലെ ജയ്‌ഷെ താവളം ഇന്ത്യ തകർത്തെന്നും അവിടെ കെട്ടിടങ്ങൾ തന്നെ നാമാവശേഷമായി എന്നുമാണ് പുതിയ വിവരങ്ങൾ. മാത്രമല്ല, രാത്രിക്കുരാത്രി, നാണക്കേട് മാറ്റാൻ പാക്കിസ്ഥാൻ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കെട്ടിട ഭാഗങ്ങളുമെല്ലാം മാറ്റിയെന്നും വലിയ തോതിൽ സൈന്യത്തെ വിന്യസിച്ച് നേരം പുലരും മുമ്പേ ജനങ്ങളറിയാതെ ആംബുലൻസുകൾ വരുത്തി എല്ലാം ചെയ്‌തെന്നുമാണ് വിവരം. ലോക്കൽ പൊലീസ് സംഭവം അറിഞ്ഞ് എത്തിയെങ്കിലും മിലിട്ടറി ഏരിയയായി പ്രഖ്യാപിച്ചായിരുന്നു നീക്കം.

ഇത്തരത്തിൽ ഇന്ത്യൻ ആക്രമണം നടന്നില്ലെന്ന് വരുത്താൻ ശ്രമം നടന്നുവെങ്കിലും ഇന്ത്യൻ മിസൈലുകൾ വന്നുവീണു എന്ന് വരുത്തുന്ന തെളിവുകളും അവിടെ ബാക്കിവച്ചു. ഇന്ത്യ ആളില്ലാത്ത സ്ഥലത്ത് ആക്രമണം നടത്തിയെന്നും ഒരു സിവിലിയന് പരിക്കേറ്റുവെന്നും വരുത്താനായിരുന്നു ശ്രമം. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാൻ സേനയുടെ ഭാഗത്തുനിന്നും ഇന്ത്യ ആക്രമിച്ചു എന്ന പ്രതികരണം വന്നത്.

അതിൽ പറഞ്ഞതാകട്ടെ, ഇന്ത്യ ആക്രമണം നടത്തിയെന്നും എന്നാൽ പാക്കിസ്ഥാൻ വിമാനങ്ങൾ പറന്നുയർന്നതോടെ ബോംബുകൾ ഉപേക്ഷിച്ച് കടന്നുവെന്നുമാണ്. പക്ഷേ, ലോകത്താരും അത് വിശ്വസിച്ചില്ല. പക്ഷേ, ഇന്ത്യ വിശ്വസനീയ തെളിവുകൾ നൽകാത്തതും ചർച്ചയായി. പക്ഷേ, ഇതാ ഇപ്പോൾ തെളിവുകൾ പുറത്തുവരുന്നു.

പാക്കിസ്ഥാനിലെ തന്നെ തദ്ദേശവാസികൾ ഇതിന് സാക്ഷിയാണ്. പാക്കിസ്ഥാൻ ആർമിതന്നെ പ്രദേശം വളയുന്നതിനും ആംബുലൻസുകളിലും മറ്റുമായി മൃതദേഹങ്ങളും മറ്റും നീക്കം ചെയ്യുന്നതിനും. ഇന്ത്യ ഇതുവരെ ഇക്കാര്യം വിശദീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഭീകരതയ്ക്ക് എതിരായ ഇന്ത്യൻ സർജിക്കൽ സ്‌ട്രൈക്ക് വെറും തട്ടിപ്പാണെന്ന മട്ടിൽ പാക്കിസ്ഥാൻ അനുകൂലികൾ പ്രചരണം നടത്തി.

പൊളിയുന്നത് പാക്കിസ്ഥാന്റെ നുണകളോ?

ഇന്ത്യ ഇക്കാര്യം പുറത്തുവിടാതിരുന്നതിന് മറ്റൊരു കാരണവുമുണ്ടെന്നാണ് നിഗമനങ്ങൾ. ഇന്നലെവരെ ഇന്ത്യയുടെ പൈലറ്റ് അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ കൈവശമായിരുന്നു. അഭിനന്ദനെ വിട്ടുകിട്ടുന്ന നയതന്ത്ര നീക്കങ്ങൾ വരുന്നതിനിടെ സർജിക്കൽ സ്‌ട്രൈക്കിന്റെ വിവരങ്ങൾ പുറത്തുവന്നാൽ അത് പാക്കിസ്ഥാന് ക്ഷീണമാകും. അപ്പോൾ അവർ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകിയേക്കില്ലെന്ന വിലയിരുത്തലുകളും വന്നു. ഇതോടെയാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നാണ് സൂചന.

ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിന്റെ വിവരങ്ങൾ പുറത്തുവിടാതിരുന്നപ്പോൾ പാക്കിസ്ഥാൻ പുറത്തുവിട്ടത് മറ്റു ചില കാര്യങ്ങളാണ്. ഇന്ത്യ ആക്രമിച്ചു എന്ന് പറയുന്ന മേഖലയുടെ ചിത്രങ്ങളും ചില മിസൈലിന്റെ ഭാഗങ്ങളുമെല്ലാം പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ ഇന്ത്യ കൊന്നുതള്ളിയെന്ന് ആരോപിച്ച ഭീകരരുടെ ഒരു ദൃശ്യവും വീഡിയോയും മറുപടിയായി പുറത്തുവന്നില്ല. ജയ്‌ഷെയുടെ തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചൽ നടത്തിയ സംഭവത്തിൽ അസറിന്റെ മോചനത്തിന് ചുക്കാൻ പിടിച്ചയാളുമായ യൂസഫ് അസർ ഉൾപ്പെടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വന്നത്.

പക്ഷേ, ഇക്കാര്യത്തിൽ യൂസഫ് അസർ എവിടെയെന്നോ ജീവനോടെ ഉണ്ടോ എന്നോ വെളിപ്പെടുത്താൻ പാക്കിസ്ഥാൻ തയ്യാറായില്ല. ഇന്ത്യൻ ആക്രമണം വ്യാജമെങ്കിൽ അത് പൊളിക്കാൻ ഒരു തെളിവ് മാത്രം മതിയായിരുന്നു. യൂസഫ് അസർ ജീവനോടെ ഇരിക്കുന്നു എന്ന ഒരു ചിത്രമോ വീഡിയോയോ ജയ്‌ഷെയെ കൊണ്ടെങ്കിലും പുറത്തുവിടാൻ പാക്കിസ്ഥാന് കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ ആക്രമണം വ്യാജമെന്ന് തെളിയിക്കാൻ അതുമാത്രം മതിയായിരുന്നു. പക്ഷേ, പാക്കിസ്ഥാന് അതിന് കഴിഞ്ഞില്ല.

പുൽവാമ ആക്രമണം നടന്ന് മിനിറ്റുകൾക്കകം പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ആഘോഷിച്ച വീഡിയോ ആയിരുന്നു അക്കാര്യം ജയ്‌ഷെ ഏറ്റെടുത്തത്. എന്നാൽ ഇന്ത്യ ജയ്‌ഷെയുടെ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ക്യാമ്പ് തകർത്തുവെന്ന വിവരം തെറ്റാണെന്ന് സ്ഥാപിക്കാൻ പറ്റിയ ഒരുതെളിവും ജയ്‌ഷെ ഇതുവരെ പുറത്തുവിട്ടില്ല. പ്രത്യേകിച്ചും മസൂദ് അസറിന്റെ ഉറ്റബന്ധുവുൾപ്പെടെ കമാൻഡമാരും മറ്റുമെല്ലാം ഇന്ത്യൻ വ്യോമാക്രമണത്തിൽ തീർന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയാണ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. എന്നിട്ടും ഇതിനെ ചെറുക്കാൻ ഒരു വീഡിയോയോ ദൃശ്യമോ പാക്കിസ്ഥാൻ അനുകൂല മാധ്യമങ്ങളോ ജയ്‌ഷെ മേധാവികളോ പുറത്തുവിട്ടില്ല.

ഇന്ത്യ തെളിവ് പുറത്തുവിട്ടില്ല എന്ന് പറയുന്നവർ ഇക്കാര്യം കൂടെ പരിശോധിക്കണമെന്ന വാദമാണ് ഉയരുന്നത്. ഏതായാലും സിഎൻഎൻ ഇന്ത്യൻ വിഭാഗമായ ന്യൂസ് 18 ഇന്ത്യൻ ആക്രമണം സംബന്ധിച്ച സ്ഥിരീകരണവും നിരവധി പേർ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്തുവിടുന്നതോടെ വിഷയം വലിയ ചർച്ചയാവുകയാണ് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ.

തകർന്നത് മൂന്ന് ക്യാമ്പുകൾ; വീണത് മസൂദിന്റെ 'കൈകാലുകൾ'

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക് ഭീകരരുടെ മൂന്ന് പരിശീലന ക്യാമ്പുകളാണ് ഇന്ത്യ തകർത്തത്. ഇന്ത്യ തങ്ങളുടെ നീക്കത്തിലൂടെ ലക്ഷ്യം വെച്ചത് 5 ഭീകരരെയാണ്. ഇതിൽ ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനും ഭാര്യാ സഹോദരനും ഉൾപ്പെടുന്നു.

മസൂദ് അസറിന്റെ സഹോദരൻ തൽഹ സെയിഫ് ഭീകരാക്രമണങ്ങളുടെ ആസൂത്രണ വിഭാഗം ചുമതലയുള്ള ഭീകരനാണ്. മസൂദ് അസറിന്റെ ഭാര്യാ സഹോദരനായ യൂസഫ് അസറാണ് സൈന്യം ലക്ഷ്യം വെച്ച രണ്ടാമത്തെ ഭീകരൻ. ഇന്ത്യയുടെ ഐ.സി-814 എന്ന വിമാനം റാഞ്ചിയ കേസിൽ ഇന്ത്യ തിരയുന്ന ഭീകരനാണ് യൂസഫ് അസർ. ബലാകോട്ടിലെ ഭീകരക്യാമ്ബിന്റെ നേതൃത്വം യൂസഫ് അസറിന്റെ പക്കലായിരുന്നു. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസും യൂസഫ് അസറിനെതിരെയുണ്ട്.

നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ദക്ഷിണ അഫ്ഗാാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് പൊയക്കൊണ്ടിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനമായിരുന്നു യൂസഫ് അസറും കൂട്ടരും ചേർന്ന് ഹൈജാക്ക് ചെയ്തത്. 1999 ഡിസംബർ 24നായിരുന്നു സംഭവം. സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു യൂസഫ് അസറിനെതിരെയും മറ്റ് 6 പേരുടെയും പേരിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈജാക്ക് ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ പക്കലുണ്ടായിരുന്ന മസൂദ് അസറിനെയും മറ്റ് രണ്ട് ഭീകരരെയും മോചന ദ്രവ്യമായി ഇന്ത്യ വിട്ട് നൽകുകയായിരുന്നു.

അഫ്ഗാനിസ്ഥാന്റെയും കശ്മീരിന്റെയും ചുമതലയുള്ള മൗലാന അമ്മറാണ് ഇന്ത്യ ലക്ഷ്യം വെച്ച മൂന്നാമത്തെ ഭീകരൻ. കൂടാതെ ഭീകരാക്രമണങ്ങളുടെ കശ്മീരിലെ ആസൂത്രണ വിഭാഗം തലവൻ മുഫ്തി അസർ ഖാൻ കശ്മീരിയെയും സൈന്യം ലക്ഷ്യമിട്ടിരുന്നു. ഇതിന് പുറമെ മസൂദ് അസറിന്റെ മുതിർന്ന സഹോദരൻ ഇബ്രാഹിം അസറെയും ഇന്ത്യ ലക്ഷ്യമിട്ടു.

ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ വധിക്കാൻ സാധിച്ചുവോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാലും 300ലധികം ഭീകരരെ വധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് ഇന്ത്യ നടത്തിയ അവകാശവാദം. ഇതിനെ സാധൂകരിക്കുന്ന പുതിയ വിവരങ്ങളാണ ഇപ്പോൾ പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP