Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻവൈരാഗ്യം ഇല്ല...രാഷ്ട്രീയ കാരണങ്ങൾ ഇല്ല...തറപ്പിച്ച് പറഞ്ഞ് പൊലീസ്; കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും തീർത്ത് പറഞ്ഞു ഇതിൽ രാഷ്ട്രീയമില്ല...എന്നിട്ടും സിപിഎമ്മിന് മാത്രം വിശ്വാസം പോരാ; പെരിയ കൊലപാതകത്തിന്റെ ക്ഷീണം മാറ്റാൻ ഏത് വിധേയനേയും കപ്പയുടെ പേരിൽ കൊല്ലപ്പെട്ട ബഷീറിനെ രക്തസാക്ഷിയാക്കിയേ പറ്റൂ എന്നുറപ്പിച്ച് ഭരണകക്ഷി; ഹർത്താൽ വിരുദ്ധത പ്രഖ്യാപിക്കുന്ന സിപിഎം രാഷ്ട്രീയവത്കരിക്കാൻ ഹർത്താലും നടത്തി

മുൻവൈരാഗ്യം ഇല്ല...രാഷ്ട്രീയ കാരണങ്ങൾ ഇല്ല...തറപ്പിച്ച് പറഞ്ഞ് പൊലീസ്; കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും തീർത്ത് പറഞ്ഞു ഇതിൽ രാഷ്ട്രീയമില്ല...എന്നിട്ടും സിപിഎമ്മിന് മാത്രം വിശ്വാസം പോരാ; പെരിയ കൊലപാതകത്തിന്റെ ക്ഷീണം മാറ്റാൻ ഏത് വിധേയനേയും കപ്പയുടെ പേരിൽ കൊല്ലപ്പെട്ട ബഷീറിനെ രക്തസാക്ഷിയാക്കിയേ പറ്റൂ എന്നുറപ്പിച്ച് ഭരണകക്ഷി; ഹർത്താൽ വിരുദ്ധത പ്രഖ്യാപിക്കുന്ന സിപിഎം രാഷ്ട്രീയവത്കരിക്കാൻ ഹർത്താലും നടത്തി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : ചിതറയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന വിവാദം കടുക്കുന്നു. സംഭവത്തിൽ മുൻവൈരാഗ്യമില്ലെന്നും രാഷ്ട്രീയ കാര്യങ്ങൾ ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്ന അവസരത്തിലും ചിതറയിൽ കൊല്ലപ്പെട്ട ബഷീറിനെ രക്തസാക്ഷിയാക്കിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.

മാത്രമല്ല പെരിയ കൊലപാതകത്തിന് പിന്നാലെ നടന്നതിനാൽ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഡ നീക്കങ്ങൾ നടക്കുന്നുണ്ടോ എന്നും സംശയമുയരുന്നുണ്ട്. ചിതറയിൽ കൊല്ലപ്പെട്ട ബഷീറും പ്രതിയായ ഷാജഹാനും തമ്മിൽ മുൻപും തർക്കങ്ങൾ നടന്നിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. മാത്രമല്ല മരണത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്ന് ബഷീറിന്റെ ബന്ധുക്കൾ പറയുന്നുമുണ്ട്. എന്നിരുന്നാലും സംഭവത്തിൽ രാഷ്ട്രീയബന്ധമുണ്ടോ എന്നും അന്വേഷിക്കും.

'കപ്പ എനിക്ക് തരില്ലേ' എന്ന് പറഞ്ഞ് നടന്ന ആക്രമണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമില്ലെന്നും ബഷീറിന്റെ സഹോദരി അഫ്താ ബീവിയും വ്യക്തമാക്കിയിരുന്നു. രണ്ടു പേർക്കും മുൻ വൈരാഗ്യമില്ലെന്നു ബന്ധു റജീനയും വ്യക്തമാക്കി.പ്രതി ഷാജഹാൻ ബഷീറിന്റെ അയൽവാസി കൂടിയാണ്.

കടയ്ക്കൽ ചന്തയിലെ മരച്ചീനി കച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീർ. സഹോദരനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലടക്കം പ്രതിയായ ഷാജഹാൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു ചിതറ പഞ്ചായത്തിൽ സിപിഎം ഹർത്താൽ ആചരിച്ചു. ഹർത്താൽ വിരുദ്ധരെന്ന് പറയുമ്പോഴും കൊലപാതകത്തിന്റെ പേരിൽ ഹർത്താൽ നടത്തിയതിന് സിപിഎമ്മിന്റെ നേർക്ക് വിമർശന ശരങ്ങളും ഉയരുകയാണ്.

പെരിയ വധത്തിനുള്ള കോൺഗ്രസ് തിരിച്ചടിയെന്ന് കോടിയേരി: അല്ലെന്ന് ബന്ധുക്കൾ

ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലയ്ക്കു കോൺഗ്രസ് നൽകിയ തിരിച്ചടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പെരിയ ഇരട്ടക്കൊലയ്ക്കു തിരിച്ചടി നൽകുമെന്നു കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ ചിതറ കൊലപാതകത്തിനു സിപിഎം തിരിച്ചടി നൽകില്ല. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ കോൺഗ്രസ് തയാറാകണമെന്നും കോടിയേരി പറഞ്ഞു.

എന്നാൽ ബഷീറിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും മരച്ചീനി വിൽപന സംബന്ധിച്ച തർക്കം മൂലമാണെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന കോടിയേരിയുടെ വാദം ബന്ധുക്കൾ തള്ളി. പെരിയ സംഭവത്തെ സിപിഎം തള്ളിക്കളഞ്ഞിരുന്നുവെന്നും അതിലെ ആരോപണവിധേയനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് കൊല്ലം വളവുപച്ച മഹാദേവർകുന്ന് സജീന മൻസിലിൽ ബഷീർ (72) മരിക്കുന്നത്. വാക്ക് തർക്കത്തെ തുടർന്ന് ഇയാൾക്കു കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രതി മുദീന മൻസിലിൽ ഷാജഹാനെ (63) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നേരത്തേ സഹോദരനെ കുത്തിപ്പരുക്കേൽപിച്ച കേസിലെ പ്രതികൂടിയാണ് ഷാജഹാൻ.

പൊലീസ് പറയുന്നത് ഇങ്ങനെ: ഇരട്ടപ്പേരു വിളിച്ച് ഷാജഹാൻ കളിയാക്കിയതു ബഷീർ ചോദ്യം ചെയ്തു. ഇതു പിന്നീട് അസഭ്യം വിളിയിലെത്തി. ഇതിനിടെ, ഷാജഹാനെ ബഷീർ കല്ലെറിഞ്ഞു. ഇവിടെനിന്നു പോയ ബഷീറിനെ പിന്നാലെയെത്തിയ ഷാജഹാൻ കത്തി കൊണ്ടു കുത്തുകയായിരുന്നു. 9 തവണ കുത്തേറ്റ ബഷീർ താലൂക്ക് ആശുപത്രിയിൽവച്ചു മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ.

ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി കാനൂർ പള്ളിയിൽ കബറടക്കും. അവിവാഹിതനായ ബഷീർ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. സിഐ വി എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എഴുപതുകാരനായ ബഷീറിന്റെ ശരീരത്തിൽ ഒമ്പത് കുത്തുകൾ ഏറ്റുവെന്നാണ് വിവരം.

കൊല നടത്തിയ ഷാജഹാൻ പ്രദേശത്തെ പ്രധാനഗുണ്ടയാണെന്നാണ് സിപിഎം ആരോപിക്കുന്നു.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP