Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോർക്ക സെന്റർ അല്ലേ .... ദുബായിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുമോ? മൃതദേഹം എത്തിക്കുന്ന ചെലവ് നിങ്ങൾ വഹിക്കണം. നാട്ടിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ എത്തിക്കാനുള്ള ചെലവ് ഞങ്ങൾ വഹിക്കുമെന്ന് മറുപടി; ഫോൺ സംഭാഷണം കേട്ട് ഞെട്ടി പ്രവാസി മലയാളികൾ; മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം വെറുംവാക്കാകുമ്പോൾ

നോർക്ക സെന്റർ അല്ലേ .... ദുബായിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുമോ? മൃതദേഹം എത്തിക്കുന്ന ചെലവ് നിങ്ങൾ വഹിക്കണം. നാട്ടിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ എത്തിക്കാനുള്ള ചെലവ് ഞങ്ങൾ വഹിക്കുമെന്ന് മറുപടി; ഫോൺ സംഭാഷണം കേട്ട് ഞെട്ടി പ്രവാസി മലയാളികൾ; മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം വെറുംവാക്കാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തില്ലെന്ന പദ്ധതിക്ക് തുടക്കമായില്ല. പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിനെ സംബന്ധിച്ച അവ്യക്തതയും അനിശ്ചിതാവസ്ഥയും പ്രവാസി മലയാളികളെ വലയ്ക്കുന്നു. പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി ദുബായിൽ നടന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി 15 നു ദുബായിൽ നോർക്ക കോൾ സെന്റർ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പ്രവാസികളിൽ ചിലർ നോർക്ക റൂട്സിൽ വിളിച്ചു ചോദിച്ചപ്പോൾ പ്രവാസികളുടെ മൃതദേഹം കേരളത്തിലെ എയർപോർട്ടിൽ എത്തിച്ചാൽ അവിടെനിന്നു നോർക്ക ഏർപ്പെടുത്തിയ ആംബുലൻസ് വഴി വീട്ടിൽ എത്തിക്കും എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഈ കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഈ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുതെയായോ എന്ന സംശയം ഉയരുകയും ചെയ്തു.

ബജറ്റ് പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ഉറപ്പും വന്നെങ്കിലും പദ്ധതിയുടെ രൂപരേഖ ഇതുവരെ അണിയറയിൽ ഒരുങ്ങിയില്ലാ എന്നാണ് നോർക്കയിൽ നിന്ന് മറുനാടൻ മലയാളിക്ക് അറിയാൻ കഴിഞ്ഞത്. ഏതുരീതിയിലാണ് മൃതദേഹം എത്തിക്കേണ്ടത് എന്നും അതിൽ നോർക്കയിലെ റോൾ എന്ത് എന്നതിനെക്കുറിച്ചും ആശയക്കുഴപ്പമുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾ എത്തിച്ചശേഷം അതിനു വരുന്ന ചെലവ് ബന്ധുക്കൾക്ക് നൽകാനാണ് നോർക്കയിൽ നിലവിലെ ആലോചന. അപ്പോൾ രേഖകൾ മുഴുവൻ ഹാജരാക്കേണ്ട ആവശ്യവും നോർക്കയിൽ പ്രവാസികൾ കയറിയിറങ്ങേണ്ട ആവശ്യവും വരും. മൃതദേഹം എത്തിക്കഴിഞ്ഞാൽ ഈ പൊല്ലാപ്പിനു ഇവർ നിൽക്കുമോ എന്ന സംശയവും ഒപ്പം ഉദിക്കുന്നുമുണ്ട്.

സർക്കാർ തലത്തിലും ഈ പദ്ധതി നിലവിൽ പ്രഖ്യാപനമായി തന്നെ നിലനിൽക്കുകയാണ്. അതിനായി വിശദമായ സർക്കാർ ഉത്തരവായി ഇറങ്ങിയിട്ടില്ല. ഉത്തരവിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം ആയതുമില്ല. ഇതിനിടയിലാണ് പാഴ്‌വാഗ്ദാനം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം കനത്തത്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പ്രവാസികൾക്കായി പ്രത്യേക പദ്ധതികളുടെ കൂട്ടത്തിൽ . പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അറിയിച്ചത്. മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്ന പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഈ ബജറ്റ് പ്രഖ്യാപനത്തോടെ പരിഹാരമായത്,

മൃതദേഹം നാട്ടിലെത്തിക്കാൻ വിമാനക്കമ്പനികൾ വലിയ തുകയാണ് ഈടാക്കുന്നത്. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരുന്നു. മൃതദേഹം തൂക്കി നോക്കിയാണ് നേരത്തെ ഇതിനുള്ള തുക വിമാനക്കമ്പനികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ നിരക്കുകൾ എയർ ഇന്ത്യ ഏകീകരിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനവും കഴിഞ്ഞ ശേഷമാണ് ദുബായിൽ നടന്ന പ്രവാസി പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രഖ്യാപനം ഒന്നുകൂടി നടത്തിയത്. ഇതിനു ശേഷമാണ് പ്രവാസി മലയാളികൾ നോർക്ക നമ്പറിൽ വിളിച്ച് ഈ കാര്യം തിരക്കിയത്. ഇതോടെ പ്രവാസി മലയാളി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന പദ്ധതി പാഴ്‌വാഗ്ദാനം എന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമായി.

നോർക്ക കോൾ സെന്ററിലേക്ക് വിളിച്ചപ്പോൾ നടന്ന സംഭാഷണ ശകലങ്ങൾ ഇങ്ങിനെ

നോർക്ക സെന്റർ അല്ലേ ....
അതെ സാർ പറഞ്ഞോളൂ ...
ദുബായിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുമോ?
എയർപോർട്ടിൽ നിന്നും എവിടെയാണ് വീട് അവിടെ എത്തിക്കും. അതിനുള്ള സൗകര്യം നോർക്ക നൽകും.
ദുബായിൽ നിന്നും നാട്ടിൽ എത്തിച്ചാൽ മൃതദേഹം നിങ്ങൾ വീട്ടിൽ എത്തിക്കും അല്ലേ?
മൃതദേഹം എത്തിക്കുന്ന ചെലവ് നിങ്ങൾ വഹിക്കണം. നാട്ടിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ എത്തിക്കാനുള്ള ചെലവ് ഞങ്ങൾ വഹിക്കും.
അപ്പോൾ ഒരാൾ മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഞങ്ങൾക്ക് ഒരു വൻതുക ഇവിടെ വേണ്ടിവരും. ആ പണം ഞങ്ങൾ തന്നെ സമാഹരിക്കണം എന്നല്ലേ പറയുന്നത്?
അതെ. നാട്ടിൽ എയർപോർട്ടിൽ എത്തിയ ശേഷമുള്ള ആംബുലൻസ് സർവീസ് ആണ് നോർക്ക സൗജന്യമായി നൽകുന്നത്.

നോർക്കയുടെ പ്രതികരണം

പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതി മാർച്ച് 31 കഴിഞ്ഞാലേ പ്രാബല്യത്തിൽ വരുന്നുള്ളൂ. ബജറ്റ് നിർദ്ദേശങ്ങൾ ഇങ്ങിനെ തന്നെയാണ് നടപ്പിലാക്കുന്നത്. നോർക്ക റൂട്സിലെ കോൾ സെന്ററിൽ ചോദിച്ചാൽ നിലവിലുള്ളതേ അവർക്ക് പറയാൻ കഴിയൂ-നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏതെല്ലാം വിഭാഗങ്ങൾക്കാണ് സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കണം. പദ്ധതി സർക്കാർ നടപ്പിലാക്കും. പക്ഷെ നോർക്കയ്ക്ക് സർക്കാരിൽ നിന്നും നിർദ്ദേശം പോകണം. അത്തരം ഒരു നിർദ്ദേശം നോർക്കയിൽ നിന്നും പോയിട്ടില്ല. നോർക്കയ്ക്ക് നിർദ്ദേശം പോകാത്തതിനാൽ അവർക്ക് കാര്യങ്ങൾ അറിയില്ല. അവർ നിലവിലെ സംവിധാനങ്ങൾ പറഞ്ഞു. എയർപോർട്ടിൽ മൃതദേഹം എത്തിച്ചാൽ നോർക്ക ആംബുലൻസിൽ വീട്ടിൽ എത്തിക്കും. ഈ പദ്ധതിയും ഇടത് സർക്കാർ ഏർപ്പെടുത്തിയതാണ്. അത് കൂടാതെയാണ് ഗൾഫിൽ നിന്നും നേരിട്ട് മൃതദേഹം സർക്കാർ ചെലവിൽ എത്തിക്കാൻ പ്രഖ്യാപനം സർക്കാർ നടത്തുന്നത്. പക്ഷെ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ.

ബജറ്റ് പ്രഖ്യാപനം നടപ്പിലായില്ല. അതിന്റെ ചട്ടങ്ങൾ വന്നില്ല. പ്രഖ്യാപനം വരുന്ന മാസം അതായത് ഏപ്രിൽ ഒന്ന് മുതൽ മാത്രമേ നടപ്പിലാവുകയുള്ളൂ. വിമാനത്താവളങ്ങളിലെത്തിക്കുന്ന പ്രവാസിയുടെ മൃതദേഹം സൗജന്യമായി അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി, അസുഖബാധിതരായി എത്തുന്നവരെ ആശുപത്രിയിലേക്കോ നാട്ടിലേക്കോ സൗജന്യമായി എത്തിക്കുന്ന എമർജൻസി ആംബുലൻസ് സർവീസ്, മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായധനം നൽകുന്ന 'കാരുണ്യം' പദ്ധതി എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ ഇപ്പോൾ നോർക്കയുടെ കോൾസെന്ററിൽ നിന്ന് ലഭ്യമാകൂ. ബജറ്റിൽ അവതരിപ്പിച്ച പദ്ധതി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് വിശദവിവരങ്ങൾ നോർക്കയുടെ കോൾസെന്ററിലും വെബ്‌സൈറ്റിലും ലഭിക്കും- വരദരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP