Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്ട്രിയയിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ചരിത്ര നിമിഷം; ഇനി സീറോ മലബാർ സഭ പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയാത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ

ഓസ്ട്രിയയിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ചരിത്ര നിമിഷം; ഇനി സീറോ മലബാർ സഭ പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയാത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ

ജോബി ആന്റണി

വിയന്ന: സീറോ മലബാർ സഭാംഗങ്ങളെ ഓസ്ട്രിയയിൽ ജോലിക്കു വന്നിരിക്കുന്നവരുടെ ഒരു ഭാഷാസമൂഹം എന്നനിലയിൽ നിന്നും ഒരു വ്യക്തിഗത സഭയുടെ അംഗങ്ങളായി അംഗീകരിച്ചു. ഇതോടെ സീറോ മലബാർ സഭ ഓസ്ട്രിയയിൽ പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയാത്തിന്റെ (ഓറിയന്റൽ ചർച്ചുകൾക്കായി മാർപാപ്പ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം) നേരിട്ടുള്ള ഭരണത്തിന് കീഴിലായി.

മാർച്ച് മൂന്നാം തിയതി വിയന്നയിലെ മൈഡ് ലിങ് ദേവാലയത്തിൽ നടന്ന ചടങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനം നടന്നത്. ഓസ്ട്രിയയിലെ ഓർഡിനരിയാത്തിന്റെ മെത്രാൻ വിയന്ന അതിരൂപതയുടെ മെത്രാപ്പൊലീത്ത കർദ്ദിനാൾ ഷോൺ ബോൺ ആയിരിക്കും ഇനിമുതൽ രാജ്യത്തെ സീറോ മലബാർ സഭാ അംഗങ്ങളുടെ മേൽ കാനോനികമായി അധികാരമുള്ള വ്യക്തി. ഓർഡിനറിയാത്തിന്റെ വികാരി ജനറാൾ ഫാ. യുറീ കൊളാസ ഭരണ നിർവ്വഹണം നടത്തും.

നിലവിലുള്ള സഭാസംവിധാനമനുസരിച്ച് യൂറോപ്പിലെ സീറോ മലബാർ സഭയ്ക്കുവേണ്ടി മാർപാപ്പ നിയമിച്ചിരിക്കുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് വിശ്വാസികളുടെ സഭാപരവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങൾ ഓർഡിനറിയാത്തിന്റെ മെത്രാനെ സമയാസമയങ്ങളിൽ അറിയിക്കുയും സന്ദർശനങ്ങൾ നടത്തുകയും, വിയന്നയിലെ സീറോ മലബാർ വിശ്വാസികളുടെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. വികാരി ഫാ. വിൽസൺ മേച്ചേരിൽ എം.സി.ബി.എസ് എന്നിവരുടെ സഹകരണത്തോടെ തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യും.

മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികനായ വി. കുർബാനയിൽ വിയന്ന സഹായ മെത്രാൻ ബിഷപ്പ് ഫ്രാൻസ് ഷാറ്ൽ, ഓർഡിനറിയാത്തിന്റെ വികാരി ജനറാൾ ഫാ. യുറീ കൊളാസ, അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോഓർഡിനേറ്റർ ജനറൽ ഫാ. ഡോ.ചെറിയാൻ വാരികാട്ട്, വിയന്നയിലെ സീറോ മലബാർ വിശ്വാസികളുടെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈൻ വിൽസൺ മേച്ചേരിൽ എം.സി.ബി.എസ് എന്നിവർക്കൊപ്പം, ചാൻസലർ ആൻഡ്രെയാസ് ലോട്ട്സ്, ആർഗെ ആഗിന്റെ ജനറൽ സെക്രട്ടറി ഡോ. അലക്സാണ്ടർ ക്റാജിക്ക് എന്നിവരും, നിരവധി വൈദികരും വിശ്വാസികളും പങ്കു ചേർന്നു.

വി. കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഓർഡിനറിയാത്തിന്റെ വികാരി ജനറാൾ ഫാ. യുറീ കൊളാസ പുതിയ സംവിധാനത്തെകുറിച്ച് വിശദികരിച്ചു. ഓർഡിനറിയാത്തിന്റെ മെത്രാനായി കർദ്ദിനാൾ ഷോൺ ബോൺ പിതാവിനെയും, യൂറോപ്പിലെ സീറോ മലബാറുകാർക്കു അപ്പസ്‌തോലിക് വിസിറ്റേറായി മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനെയും ഫ്രാൻസിസ് മാർപാപ്പയാണ് നിയമിച്ചിരിക്കുന്നതെന്നും പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങൾക്കും സഭാനിയമങ്ങൾക്കും അനുസരിച്ച് ഓസ്ട്രിയയിലെ എല്ലാ പൗരസ്ത്യ സഭകളെയും വളർത്തിയെടുക്കാൻ കർദ്ദിനാൾ ഷോൺ ബോൺ പ്രതിജ്ഞാബദ്ധനാണെന്നു അദ്ദേഹം പറഞ്ഞു.

സീറോ മലബാർ സഭയ്ക്ക് ഓസ്ട്രിയയിൽ കൈവന്ന മാറ്റം ആന്തരീകമാണെന്നും, ഒരു മത സാമൂഹിക സംഘന എന്നതിൽ നിന്നും ഒരു വ്യക്തിഗത സഭാസമൂഹമായി രൂപപ്പെടാൻ സഭയ്ക്ക് കഴിഞ്ഞുവെന്നത് 1966ൽ ഓസ്ട്രിയയിൽ ആരംഭിച്ച മലയാളി കത്തോലിക്കരുടെ കുടിയേറ്റ ചരിത്രത്തിലെ നിർണ്ണായക സംഭവമാണെന്ന് മുഖ്യ സന്ദേശം നൽകിയ മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു. കുടിയേറ്റത്തെക്കുറിച്ചും പൗരസ്ത്യ സഭകളെക്കുറിച്ചും ഉള്ള ദൈവശാസ്ത്ര വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മാർ സ്റ്റീഫൻ വ്യക്തമാക്കി. വിയന്ന സഹായ മെത്രാൻ ബിഷപ്പ് ഫ്രാൻസ് ഷാറ്ൽ, ആഫ്രോ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെക്രട്ടറി അലക്സാണ്ടർ ക്റാജിക്ക് എന്നിവരും സംസാരിച്ചു.

ഉടനെ സ്വന്തമായി ഒരു പള്ളികെട്ടിടം ഉണ്ടാക്കണം, അതിനായി പിരിവു വേണ്ടിവരും എന്നു തുടങ്ങിയുള്ള അഭ്യൂഹങ്ങൾക്ക് പിറകെ പോകുകയല്ല പകരം വിശ്വാസി സമൂഹത്തെ സ്നേഹത്തിലും ഐക്യത്തിലും ഒരുമിച്ചുചേർക്കുകകയാണ് സഭയുടെ ലക്ഷ്യമെന്ന് അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോഓർഡിനേറ്റർ ജനറൽ ഫാ. ഡോ. ചെറിയാൻ വാരികാട്ട് ചൂണ്ടികാണിച്ചു. എകികരണത്തിന്റെയും ആഗിരണത്തിന്റെയും ഉദാഹരണങ്ങൾ എടുത്ത് പറഞ്ഞ ഫാ. ചെറിയാൻ കത്തോലിക്കാ സഭ 23 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണെന്നും അതിൽ ഒരു സഭയും മറ്റൊന്നിൽ ലയിച്ച് ഇല്ലാതാകാൻ പാടില്ലെന്നും കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുന്നെണ്ടെന്നും ഓർമിപ്പിച്ചു.

ഓസ്ട്രിയയിലെ സീറോമലബാർ സമൂഹത്തിന്റെ തുടർസംവിധാനങ്ങളും, പ്രവർത്തനരീതിയും വിശ്വാസികളുമായി നേരിട്ട് ചർച്ച ചെയ്യാനും, ആവശ്യങ്ങൾ മനസിലാക്കാനുമായി അപ്പസ്‌തോലിക് വിസിറ്റേഷന്റെ മെത്രാൻ വിയന്നയിൽ വീണ്ടും സന്ദർശനം നടത്തുമെന്ന് ഫാ. ചെറിയാൻ വാരികാട്ട് അറിയിച്ചു. അസി. വികാരി ഫാ. വിൽസൺ മേച്ചേരിൽ എം.സി.ബി.എസ് നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP