Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിന്ധുമോളെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ ചരട് വലിക്കുന്നത് മോൻസ് ജോസഫ് എംഎൽഎ; വിഎൻ വാസവനെ ആക്കാൻ ശ്രമിക്കുന്നത് ജോസ് കെ മാണിയും; കേരളാ കോൺഗ്രസിൽ സീറ്റ് തർക്കം തുടരുമ്പോഴും ഇപ്പോഴത്തെ ശ്രദ്ധ ഇടത് മുന്നണി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ; വാസവൻ സ്ഥാനാർത്ഥിയായാൽ ആരെ നിർത്തിയാലും വിജയം ഉറപ്പെന്ന് മാണിയും സിന്ധുമോളെ നിർത്തിയാൽ മാണിക്ക് ഭീഷണിയാകുമെന്ന് ജോസഫും കണക്ക് കൂട്ടുമ്പോൾ കോട്ടയത്ത് സംഭവിക്കുന്നത്

സിന്ധുമോളെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ ചരട് വലിക്കുന്നത് മോൻസ് ജോസഫ് എംഎൽഎ; വിഎൻ വാസവനെ ആക്കാൻ ശ്രമിക്കുന്നത് ജോസ് കെ മാണിയും; കേരളാ കോൺഗ്രസിൽ സീറ്റ് തർക്കം തുടരുമ്പോഴും ഇപ്പോഴത്തെ ശ്രദ്ധ ഇടത് മുന്നണി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ; വാസവൻ സ്ഥാനാർത്ഥിയായാൽ ആരെ നിർത്തിയാലും വിജയം ഉറപ്പെന്ന് മാണിയും സിന്ധുമോളെ നിർത്തിയാൽ മാണിക്ക് ഭീഷണിയാകുമെന്ന് ജോസഫും കണക്ക് കൂട്ടുമ്പോൾ കോട്ടയത്ത് സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് ക്രിസ്റ്റി ഫെർണാണ്ടസായിരുന്നു. കോൺഗ്രസിനായി ജയിച്ചു കയറിയ പ്രൊഫ കെവി തോമസിന്റെ അടുത്ത സുഹൃത്തായിരുന്നു ക്രിസ്റ്റി. അതുകൊണ്ട് തന്നെ എറണാകുളത്തെ എതിരാളിയെ നിശ്ചയിച്ചതും തോമസ് മാഷായിരുന്നുവെന്ന ആരോപണവും വിമർശനവും സിപിഎമ്മിനെ പിടിച്ചുലച്ചിരുന്നു. അത്തരത്തിലൊരു ചർച്ച ഇപ്പോൾ ഉയരുന്നത് കോട്ടയത്ത് നിന്നാണ്. കോട്ടയത്ത് സിപിഎം സ്ഥാനാർത്ഥി പട്ടികയിലുള്ളത് വിഎൻ വാസവനും സിന്ധുമോൾ ജേക്കബുമാണ്. ഇവരെ സ്ഥാനാർത്ഥിയാക്കാൻ ചരട് വലികൾ നടത്തുന്നത് കേരളാ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളാണെന്നതാണ് വസ്തുത. കേരളാ കോൺഗ്രസിലെ മാണിജോസഫ് വിഭാഗങ്ങൾ ഇടത് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ തന്ത്രങ്ങളും മറു തന്ത്രങ്ങളും ഒരുക്കുകയാണ്. അതിന് ശേഷം മാത്രമേ സ്വന്തം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പോലും തുടങ്ങൂ.

ഉഴവൂരിലെ പഞ്ചായത്ത് അംഗമാണ് സിന്ദുമോൾ ജേക്കബ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ഭാഗം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്‌നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം സിന്ധുമോൾക്ക് കോട്ടയത്ത് മികച്ച സാധ്യത നൽകുന്നു. ഇത് മനസിലാക്കി കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും ഉയർന്നു. വിഎൻ വാസവന്റെ പേര് ചർച്ചയാക്കിയത് ജോസ് കെ മാണിയായിരുന്നു.

സിപിഎം അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് വാസവൻ. എന്നാൽ വാസവന് പാർട്ടി വോട്ടുകൾക്ക് അപ്പുറം നേടാനാകില്ല. ജാതി സമവാക്യങ്ങൾ പാർട്ടിക്ക് ഒപ്പമാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വാസവൻ സിപിഎമ്മിന് മികച്ച രാഷ്ട്രീയ സ്ഥാനാർത്ഥിയാണെങ്കിലും കേരളാ കോൺഗ്രസിന് പ്രശ്‌നമേ അല്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് വാസവനെ ഇറക്കി സിന്ധുമോൾ ജേക്കബിനെ വെട്ടാൻ ജോസ് കെ മാണിയും കരുക്കൾ നീക്കുന്നത്. എങ്ങനേയും വാസവനെ മത്സരിപ്പിക്കാനാണ് നീക്കം. വാസവൻ നിന്നാൽ കേരളാ കോൺഗ്രസ് ആരെ നിർത്തിയാലും ജയിക്കും. ശബരിമല വിഷയത്തിലും സിപിഎമ്മിനെതിരെ വികാരം ആളിക്കത്തിക്കാമെന്നും ജോസ് കെ മാണി കണക്കു കൂട്ടുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തെ കൊണ്ട് വാസവന് അനുകൂലമായ തീരുമാനം എടുപ്പിക്കാനുള്ള രഹസ്യ ചരട് വലികൾ ജോസ് കെ മാണി നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ മോൻസ് ജോസഫും ആകുന്നതെല്ലാം ചെയ്യുന്നുണ്ട. കേരളാ കോൺഗ്രസിലെ ഭിന്നതയാണ് ഇത്തരത്തിലെ നീക്കങ്ങൾക്ക് പോലും കാരണമാകുന്നത്.

കേരളാ കോൺഗ്രസിന് രണ്ട് സീറ്റുകൾ വേണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. അതിൽ ഒന്നിൽ താൻ മത്സരിക്കുമെന്ന് ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കേരളാ കോൺഗ്രസിന് കോൺഗ്രസ് അധിക സീറ്റ് നൽകിയില്ല. ഇതോടെ കോട്ടയത്ത് താൻ മത്സരിക്കാമെന്ന് ജോസഫ് പ്രഖ്യാപിച്ചു. പക്ഷേ മാണി സമ്മതിച്ചില്ല. കേരളാ കോൺഗ്രസിൽ മാണി വിഭാഗത്തിന് അർഹതപ്പെട്ടതാണ് സീറ്റെന്നും അതിൽ സ്ഥാനാർത്ഥിയെ താൻ നിശ്ചയിക്കുമെന്നും നിലപാട് എടുത്തു. ജോസ് കെ മാണി രാജ്യസഭാ അംഗമായതും കേരളാ കോൺഗ്രസ് മാണിയുടെ സീറ്റിലാണ്. അതുകൊണ്ട് തന്നെ ജോസഫിന് സീറ്റില്ലെന്ന് പ്രഖ്യാപിച്ചു. ജോസഫിനെ ലോക്‌സഭയിലേക്ക് അയക്കാനും ജോസഫിന്റെ മകനെ തൊടുപുഴയിൽ നിർത്തി ജയിപ്പിക്കാനും ചരട വലികൾ നടത്തിയത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ ഡൽഹിയിൽ അയച്ച് കേരളത്തിൽ മന്ത്രിയാവുകയായിരുന്നു മോൻസിന്റെ ലക്ഷ്യം. ഇതാണ് മാണിയുടെ കടുംപിടിത്തത്തിലൂടെ പൊളിഞ്ഞത്. ഇതോടെയാണ് സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥിയാക്കി മാണിക്ക് പരാജയമൊരുക്കാൻ മോൻസ് കരുക്കൾ നീക്കിയത്.

ഇത് വേഗത്തിൽ ജോസ് കെ മാണി തിരിച്ചറിഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ സ്ഥാനാർത്ഥിയാണ് സിപിഎമ്മിന നല്ലതെന്ന ചർച്ച ഇടതുപക്ഷത്ത് ഉയർന്നത്. കോട്ടയം മണ്ഡലം കമ്മറ്റിയിൽ നിന്ന് വാസവന്റെ പേരും ഉയർന്നു. മത്സരിക്കാൻ സമ്മതം ഇല്ലാതിരുന്ന വാസവൻ പാതി സമ്മതവും മൂളി. ഇനി ആരാണ് സ്ഥാനാർത്ഥിയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. സിന്ധുമോൾ ജേക്കബിന്റെ ജനകീയ പശ്ചാത്തലം സിപിഎം തിരിച്ചറിയുന്നുണ്ട്. കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനും സിന്ധുമോൾക്ക് അനുകൂലവുമാണ്. ഭാഗ്യം കൊണ്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായ സിന്ധുമോൾ ജേക്കബ് ഇന്ന് നാട്ടുകാരുടെ പ്രിയങ്കരിയാണ്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാഡകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. ഈ ഇമേജ് കോട്ടയത്ത് വിജയമുറക്കുമെന്ന് സിപിഎം വിലയിരുത്തുന്നു.

ഉഴവൂർ നഗരഹൃദയത്തോടുചേർന്ന് പൊന്നുംവിലയുള്ള 40 സെന്റുസ്ഥലം 16 ഭൂരഹിതർക്ക് വീടൊരുക്കാനായി തികച്ചും സൗജന്യമായി അരീക്കരയിലെ കപ്പടക്കുന്നേൽ കുടുംബം നൽകുമ്പോൾ ചർച്ചയായത് പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് നടത്തിയ ജനകീയ ഇടപെടലുകളാണ്. ഇത് മൂലം നിർധനരായ 16 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം യാഥാർഥ്യമായി. ഉഴവൂരിലെ ആദ്യകാല പഞ്ചായത്തംഗമായിരുന്ന കെ കെ മാത്യുവിന്റെ സ്മരണാർഥമാണ് മൂന്ന് മക്കൾ ചേർന്ന് 12 കുടുംബങ്ങൾക്ക് സ്ഥലം സൗജന്യമായി നൽകിയത്. ഉഴവൂർ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ കരുനെച്ചിയിലാണ് വഴിയും വെള്ളവുമെല്ലാം സമൃദ്ധമായുള്ള സ്ഥലം. ഭൂരഹിതർക്ക് സ്ഥലം നൽകുന്നതിന് മുന്നോടിയായി ഇവരുടെ പുരയിടത്തിലെ വലിയ കുളം പഞ്ചായത്തിന് കൈമാറിയിരുന്നു. തുടർന്ന് എല്ലാവീടുകൾക്കും വഴി സൗകര്യം ഉറപ്പാക്കി 40 സെന്റ് സ്ഥലവും. അങ്ങനെ ആരും പ്രതീക്ഷിക്കാത്തതൊക്കെ സ്വന്തം നാട്ടിൽ ചെയ്ത മിടുമിടുക്കിയാണ് സിന്ധുമോൾ ജേക്കബ്.

രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയം ലോക്സഭയിലേക്ക് സിന്ധുമോളെ സിപിഎം പരിഗണിക്കുന്നത്. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഉഴവൂർ പഞ്ചായത്തിലെ നാലാം വാർഡായ അരീക്കരയിലെ മെമ്പർ കൂടിയായ സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്.

ജനകീയ പങ്കാളിത്തതോടെ അരീക്കരയിൽ നിരവധി പ്രവർത്തനങ്ങൾ സിന്ധു ചെയ്തു. അഞ്ച് വർഷം കൊണ്ട് 15 കിലോ മീറ്റർ പുതിയ റോഡ് തന്റെ വാർഡിൽ മാത്രമം ഉണ്ടാക്കി. സ്ഥലം വാങ്ങി വഴി തുറന്നാൽ കോടികൾ ചെലാകുന്നിടത്താണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയത്. പയസ്മൗണ്ട് പള്ളി, കുരിശു പള്ളി, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ടാക്കാനുള്ള കർമ്മ പദ്ധതിയും സിന്ധു നടപ്പാക്കിയിരുന്നു. പണം നൽകാതെ ഭൂവുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം ഏറ്റെടുക്കുന്ന സിന്ധുവിന്റെ വികസന മാത-ക കോട്ടയത്തുടനീളം ചർച്ചയായിരുന്നു. ടൂറിസം സാധ്യതകൾ മനസ്സിലാക്കി അരീക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയും ഉണ്ടാക്കി. രണ്ട് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് ഇത് അവസാനമുണ്ടാക്കിയത്. കടുത്തുരുത്തി എംഎൽഎയുമായി ഏറെ അടുത്തും സിന്ധുമോൾ പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP